ഒരു കരീബിയൻ സാഹിത്യകാരനാണ് സിറിൽ ഡേബിഡീൻ. 1945-ൽ ഗയാനയിലെ ബെർബി സിൽ ജനിച്ചു. സാഹിത്യകാരനായ ഡേവിഡ് ഡേബിഡീൻ ഇദ്ദേഹത്തിന്റെ ഭ്രാതുലനാണ്. 1970-ൽ കാനഡയിലേക്കു കുടിയേറി. ദ് വിസാർഡ് സ്വാമി (1985) എന്ന നോവലും കോസ്റ്റ്ലാൻഡ്:ന്യൂ ആൻഡ് സെല ക്ടഡ് പോയംസ് 1973-87 (1989) എന്ന കവിതാസമാഹാരവുമാണ് പ്രധാന കൃതികൾ. കരീബിയയിലെത്തിയ ആദ്യകാല ഇന്ത്യക്കാരുടെ ജീവിതസമരത്തിന്റെ കഥയാണ് ദ് വിസാർഡ് സ്വാമിയിലെ പ്രതിപാദ്യം. പില്ക്കാല കുടിയേറ്റക്കാർക്ക് അപരിചിതദേശത്തുണ്ടാകുന്ന സവിശേഷമായ അനുഭവങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും കവിതകളിൽ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.


കുടിയേറ്റക്കാരുടെ ദേശീയതാബോധമെന്ന വിഷയം കൈകാര്യം ചെയ്യുന്നതിൽ നേരിയ വ്യതിയാനം ഡേബിഡീന്റെ പില്ക്കാല കവിതകളിൽ ദൃശ്യമാണ്. ദേശീയമായ അതിർവരമ്പുകൾ മറികടന്ന് പുതുമയെ പുണരാനുള്ള പഴയ കുടിയേറ്റക്കാരുടെ വെമ്പൽ ഈ കവിതകളിൽ കാണാം. 'ഡൂബിയസ് ഫോറിനർ', 'കോജിറ്റേറ്റിങ്' എന്നീ കവിതകൾ ഉദാഹരണമായിപ്പറയാം. കരീബിയൻ കവിയായ സാം സെൽവന്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ 'കോജിറ്റേറ്റിങി'ലെ ചില വരികൾ താഴെക്കൊടുക്കുന്നു:


'ഞാനെന്റെ സ്വന്തം ചരമക്കുറിപ്പുകൾ എഴുതുന്നു. ചരിത്ര ത്തിന്റെ ചിത്രലിഖിതമാകാം അത്; ക്രിയോളിന്റെ ശബ്ദം അതിൽ കേൾക്കാം; അത് ഒരു ഈസ്റ്റിന്ത്യന്റെയോ ആഫ്രിക്കക്കാരന്റെയോ ശബ്ദമാകണമെന്നില്ല അതിർവരമ്പുകൾ ലംഘിച്ച് ക്രമാനുഗത മായി രൂപംപ്രാപിച്ചതാണ് ആ ശബ്ദം' എന്നു സാരം.



"https://ml.wikipedia.org/w/index.php?title=സിറിൽ_ഡേബിഡീൻ&oldid=2785445" എന്ന താളിൽനിന്ന് ശേഖരിച്ചത്