സ്വീഡിഷ് ശാസ്ത്രജ്ഞയും, അധ്യാപികയുമാണ് സിഗ്നെ ബ്രൺസ്റ്റ്രോം. പക്ഷാഘാതം ബാധിച്ച വ്യക്തികളുടെ കൈകാലുകളുടെ പുനഃപ്രവർത്തനക്ഷമതയെ സംബന്ധിച്ച 'ബ്രൺസ്ട്രോം അപ്രോച്ച്' [1] ഇദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടിത്തമാണ്.

ജീവിതരേഖ

തിരുത്തുക

സിഗ്നെ ബ്രൺസ്റ്റ്രോം 1898 ജനവരി 1 ന് സ്റ്റോക്ക്ഹോമിലെ മിലിട്ടറി കോട്ടയിലാണ് ജനിച്ചത്. പിതാവിന്റെ പേര് ക്യാപ്റ്റൻ എഡ്വിൻ ബ്രൺസ്റ്റ്രോം എന്നും മാതാവിന്റെ പേര് ഹെഡ്വിഗ് എന്നുമായിരുന്നു. പതിനാറാം വയസ്സിൽ ശാസ്ത്രവും, ചരിത്രവും, ഭൂമിശാസ്ത്രവും പഠിക്കാനായി ഉപ്പസാള യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1917-ൽ പഠനം പൂർത്തിയാക്കി, റോയൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ജിമ്നാസ്റ്റിക്സിൽ ചേർന്നു. ഈ സ്ഥാപനത്തിൽ നിന്നും സിഗ്നെ വൈദ്യശാസ്ത്ര കായികവിനോദങ്ങൾ പഠിച്ചു. 1919-ൽ 'ജിമ്നാസ്റ്റിക്സ് ഡയരക്ടർ' എന്ന ബഹുമതിയോടുകൂടി സിഗ്നെ ഇവിടെനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. 1920-ൽ സിഗ്നെ സ്വിറ്റ്സർലാന്റിലെ ബെർണിലേക്ക് പോയി, അവിടെ ഫിസിയോതെറപ്പിസ്റ്റായി സേവനമനുഷ്ഠിച്ചു. ഒരു വർഷത്തിനു ശേഷം സ്വിറ്റ്സർലാന്റിലെ ലുസേണിൽ 'ഷുക്യിമ്നാസ്റ്റിക് ഇൻസ്റ്റിറ്റ്യുവെറ്റ്' (രോഗികൾക്കുള്ള ജിമ്നാസ്റ്റിക്സ് സംരംഭം) സ്ഥാപിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള സായാഹ്ന വ്യായാമപദ്ധതിയും സിഗ്നെ നടത്തിക്കൊണ്ടുപോന്നു. 1927-ൽ ന്യൂ യോർക്കിലേക്ക് പോയ സിഗ്നെ അവിടത്തെ 'സ്പെഷ്യൽ സർജറി' ആശുപത്രിയിൽ എക്സസൈസ് ഫിസിയോതെറപ്പിസ്റ്റായി ജോലിചെയ്തു. 1931-ൽ ബെർണാഡ് കോളേജിൽ തുടർപഠനത്തിനു ചേർന്ന സിഗ്നെ, രസതന്ത്രവും, ഇംഗ്ലിഷും പഠിച്ചു. പിന്നീട് അധ്യാപനത്തിലും, കായിക പഠനത്തിലും ഉന്നതബിരുദവും നേടി. 1934-ൽ, 36 വയസ്സിൽ സിഗ്നെ അമേരിക്കൻ പൗരത്വം കൈവരിച്ചു. 1988-ൽ 91 വയസ്സിൽ സിഗ്നെ മരണമടഞ്ഞു.[2]

അമേരിക്കയിലെ ഗവേഷണത്തിനിടയിൽ സിഗ്നെ, കാലുകളിലെ പിഴവുള്ള ഭാരോധ്വാഹന രീതിയെക്കുറിച്ച് ആദ്യ ഗവേഷണപ്രബന്ധമെഴുതി. അതിനു ശേഷം, മൂന്ന് പുസ്തകങ്ങളും, നിരവധി പ്രബന്ധങ്ങളുമെഴുതി. പല പ്രധാന നാഡീശാസ്ത്ര ഗവേഷണങ്ങളും സ്വീഡിഷ്, ഇംഗ്ലിഷ് ഭാഷകളിലേക്ക് തർജ്ജമ ചെയ്തു. പക്ഷാഘാതം ബാധിച്ച വ്യക്തികളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച സിഗ്നെ, ഇവരുടെ കൈകാലുകളുടെ ചലനക്ഷമതയെപ്പറ്റി അനവധി പ്രബന്ധങ്ങൾ എഴുതികയും, മനുഷ്യ-ചലനശാസ്ത്രത്തെക്കുറിച്ച് ഒരു പുസ്തകമെഴുതുകയും ചെയ്തു. പിൽക്കാലത്തെ പക്ഷാഘാതത്തിലെ പല പ്രധാന ഗവേഷണങ്ങളും സിഗ്നെയുടെ നിരീക്ഷണങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു.

  1. ബ്രൺസ്റ്റ്രോം അപ്രോച്ച്, https://www.saebo.com/the-stages-of-stroke-recovery/
  2. ബ്രൺസ്റ്റ്രോം ക്ലിനിക്കൽ കൈനസിയോളജി, പെഗ്ഗി ഹോഗ്ലം & ഡൊളോറസ് ബെർടോട്ടി, 2010
"https://ml.wikipedia.org/w/index.php?title=സിഗ്നെ_ബ്രൺസ്റ്റ്രോം&oldid=3106393" എന്ന താളിൽനിന്ന് ശേഖരിച്ചത്