സിംബാങ്ങ് ഗബി
ഫിലിപ്പീൻസിലെ കത്തോലിക്കാ, ആഗ്ലിപ്പേയൻ ക്രിസ്തീയതകളിൽ ക്രിസ്മസിനു തൊട്ടുമുൻപുള്ള കാലത്ത് വിശുദ്ധമറിയത്തിന്റെ വണക്കത്തിനായി ആഘോഷപൂർവം നടത്തപ്പെടുന്ന ഒരു ഒരു നവനാൾ ഭക്ത്യഭ്യാസമാണ് സിംബാങ്ങ് ഗബി (Simbang Gabi). ടാഗലോഗ് ഭാഷയിൽ "സിംബാങ്ങ് ഗബി" എന്ന പേരിന് രാത്രി-ആരാധന എന്നാണർത്ഥം. ഡിസംബർ 16 മുതൽ 24 വരെയുള്ള 9 ദിവസം സൂര്യോദയത്തിനു മുൻപാണ് ഇതു നടത്താറുള്ളത്. ഈ അനുഷ്ഠാനപരമ്പരയെ പൊതുവേയോ അവസാനദിവസത്തെ ചടങ്ങിനെ മാത്രമായോ "മിസാ ദി ഗാലോ" (Misa de Gallo) അഥവാ "പൂങ്കോഴിയുടെ കുർബ്ബാന" (Rooster's Mass) എന്നും വിളിക്കാറുണ്ട്.[1][2]
ഫിലിപ്പീൻസിലെ സ്പാനിഷ് ഭരണത്തിന്റെ തുടക്കത്തിലാണ് ഈ അനുഷ്ഠാനം രൂപപ്പെട്ടത്. വെയിൽ മൂക്കുന്നതിനു മുൻപ് കൃഷിപ്പണിക്കു പോകേണ്ടിയിരുന്ന കർഷകരായ വിശ്വാസികൾക്കുള്ള ഒരു വിട്ടുവീഴ്ച എന്ന നിലയിൽ അവർക്ക് സംബന്ധിക്കാനാവും വിധം സൂര്യോദയത്തിനു മുൻപ് കുർബ്ബാന ചൊല്ലാൻ പുരോഹിതന്മാർ അക്കാലത്തു തയ്യാറായി. കാലക്രമേണ ഈ പാരമ്പര്യം, ഫിലിപ്പീൻ ക്രിസ്തീയത ഏറെ വിലമതിക്കുന്ന ഒരാഘോഷവും ഫിലിപ്പീൻ ദ്വീപുകളിലെ സംസ്കാരത്തിന്റെ വ്യതിരിക്ത ഘടകങ്ങളിലൊന്നുമായി മാറി.[3] ഫിലിപ്പീൻസിനു പുറമേ, ലോകമൊട്ടാകെയുള്ള ഫിലിപ്പീൻ പ്രവാസി സമൂഹങ്ങളിലും "സിംബാങ്ങ് ഗബി" വേരോടിയിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ "Simbang Gabi': A cherished Christmas tradition, 2011 ഡിസംബർ 15-ലെ മനിലാ ബുള്ളറ്റിൻ ദിനപത്രം
- ↑ Thomas D. Andres & Pilar B. Ilanda-Andres, "Understanding the Filipino" (പുറം 165)
- ↑ Simbang Gabi’ ushers in Pinoy Christmas, PhilStar.com
- ↑ Simbang Gabi, Diocese of Arlington, VA