സാറാ ബെനോലിയൽ പോർച്ചുഗലിലെ ആദ്യത്തെ വനിതാ ശിശുരോഗ വിദഗ്ധയും ഒരു സജീവ ഫെമിനിസ്റ്റുമായിരുന്നു. ശിശുമരണനിരക്ക് ഉയർന്നുനിന്നിരുന്ന സമയത്ത് രാജ്യത്ത് ശിശുരോഗചികിത്സയുടെയും ശിശു സംരക്ഷണത്തിന്റെയും വികസനത്തിൽ അവർ ഒരു സുപ്രധാനമായ പങ്ക് വഹിച്ചു. പീഡിയാട്രിക്സിനെക്കുറിച്ചുള്ള നിരവധി പ്രസിദ്ധീകരണങ്ങളുടെ രചയിതാവുകൂടിയാണ് അവർ.[1]

സാറാ ബെനോലിയൽ
പ്രമാണം:SaraBenoliel1.jpg
ജനനം
സാറ ബാർചിലോൺ ബെനോലിയൽ

(1898-04-12)12 ഏപ്രിൽ 1898
മരണം20 ഡിസംബർ 1970(1970-12-20) (പ്രായം 72)
ദേശീയതസ്വാഭാവിക പോർച്ചുഗീസ് പൌരത്വം
തൊഴിൽശിശുരോഗവിദഗ്ദ്ധ
സജീവ കാലം45
അറിയപ്പെടുന്നത്പോർച്ചുഗലിലെ പീഡിയാട്രിക്സ് വികസനത്തിലെ പങ്ക്.

ജീവിതരേഖ

തിരുത്തുക

1898 ഏപ്രിൽ 12 ന് ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തിലെ മനാസിന്റെ തെക്ക് ഭാഗത്തുള്ള ബോർബയിലാണ് സാറ ബാർചിലോൺ ബെനോലിയൽ ജനിച്ചത്. മൊറോക്കോയിൽ താമസിച്ചിരുന്ന സെഫാർഡി വിഭാഗത്തിൽപ്പെട്ട ജൂത വംശജരായിരുന്നു അവളുടെ കുടുംബം. ഏഴാമത്തെ വയസ്സിൽ പോളിയോ പിടിപെട്ട അവർ, അതിൽ നിന്ന് പൂർണമായി മുക്തയായില്ല. പീഡിയാട്രീഷ്യൻ ആകാനുള്ള അവളുടെ തീരുമാനത്തെ ഇത് സ്വാധീനിച്ചിരുന്നു. ചെറുപ്പകാലത്തുതന്നെ അവൾ കുടുംബത്തോടൊപ്പം പോർച്ചുഗലിലേക്ക് താമസം മാറി. 1925-ൽ ലിസ്ബൺ സർവ്വകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടിയ സാറാ ബെനോലിയൽ, അടുത്ത വർഷം ക്ഷയരോഗ മസ്തിഷ്ക ജ്വരത്തെക്കുറിച്ചുള്ള ഒരു പ്രബന്ധത്തോടെ ഡോക്ടറേറ്റ് നേടി. തുടർന്ന് ജർമ്മനി, ഓസ്ട്രിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ പീഡിയാട്രിക്സിൽ വിവിധ കോഴ്സുകളിൽ ഗ്രാഹ്യം നേടി. 1928-ൽ അവൾ പോർച്ചുഗീസ് പൗരത്വം സ്വീകരിച്ചു.[2]

പോർച്ചുഗലിൽ ശിശുരോഗ മേഖലയിൽ വൈദഗ്ധ്യം നേടിയ ആദ്യത്തെ വനിതാ ശിശുരോഗ വൈദ്യനായിരുന്നു ബെനോലിയൽ. അവൾ യോഗ്യത നേടുന്നതിന് മുമ്പുതന്നെ, ലിസ്ബണിലെ ഡോണ എസ്റ്റെഫാനിയ ആശുപത്രിയിൽ രോഗികളായ കുട്ടികൾക്കായി അവർ ഒരു നഴ്സറി സ്ഥാപിച്ചിരുന്നു. 1930-ൽ, സ്‌കൂളുകളിൽ അമ്മമാർക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ശിശുപരിപാലന കോഴ്‌സുകൾ സംഘടിപ്പിച്ച അവർ, ഒരു വർഷത്തിനുശേഷം സിവിൽ ആശുപത്രികളിലെ വനിതാ ജീവനക്കാർക്കായി ഒരു ക്രെഷ് സ്ഥാപിക്കുകയും, ലിസ്ബണിൽ ഹോസ്പിറ്റൽ ഡി സാന്റോ അന്റോണിയോ ഡോസ് കപുച്ചോസിലെ ഒരു മാതൃകാ ഡേ-കെയർ സെന്ററിന്റെ ഡയറക്ടറായി ചുമതലയേൽക്കുകയും ചെയ്തു. 1935-ൽ, പോർച്ചുഗലിൽ പീഡിയാട്രിക്സിന്റെ സ്പെഷ്യാലിറ്റി പരിചയപ്പെടുത്തിയ പ്രൊഫ. ജെയിം സലാസർ ഡി സൂസയുടെ സഹായിയായി മുമ്പ് അവിടെ ജോലി ചെയ്തിരുന്ന അവർക്ക്, ഫാക്കൽറ്റി ഓഫ് മെഡിസിനിൽ പീഡിയാട്രിക്സിന്റെ ചുമതല നൽകി. ജോവോ ഡി ഡ്യൂസിന്റെയും[1] മറ്റ് ആശുപത്രികളിലെയും നഴ്സറി സ്കൂളുകളിലെ ഡോക്ടർ കൂടിയായിരുന്നു അവർ.[3][4][5]

  1. "A ciência no feminino antes da Revolução dos Cravos". Universidade Lusófono de Portugal. Retrieved 11 October 2020.
  2. "Sara Barchilon Benoliel (1898-1970)". Debate Graph. Retrieved 11 October 2020.
  3. "Sara Barchilon Benoliel (1898-1970)". Debate Graph. Retrieved 11 October 2020.
  4. "A Rua da primeira pediatra portuguesa, Drª Sara Benoliel". Toponímia de Lisboa. Retrieved 11 October 2020.
  5. "Homenagem a Sara Benoliel". e-cultura. Retrieved 11 October 2020.
"https://ml.wikipedia.org/w/index.php?title=സാറാ_ബെനോലിയൽ&oldid=3847260" എന്ന താളിൽനിന്ന് ശേഖരിച്ചത്