സാമൂഹ്യ ഉടമ്പടി റുസ്സോയുടെ വിശ്വപ്രസിദ്ധ രാഷ്ട്രീയ-സാമൂഹ്യ രചനയാണ്. സ്വതന്ത്രനായി പിറന്നു വീഴുന്ന മനുഷ്യൻ എല്ലായിടത്തും ചങ്ങലകളാൽ തളയ്ക്കപ്പെട്ടിരിക്കുന്നു എന്ന പ്രഥമവാചകം തന്നെ ദാർശനിക-രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര മണ്ഡലങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. മനുഷ്യൻ സമൂഹജീവിയാണ്. സുഗമമായ സാമൂഹ്യജീവിതത്തിന് ആവശ്യമായ സംവിധാനങ്ങളെപ്പറ്റി റുസ്സോ ഈ കൃതിയിൽ വിശകലനം നടത്തുന്നു. സമൂഹജീവിയായ മനുഷ്യന് വ്യക്തിപരമായ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായിട്ടുണ്ട് എന്ന് റുസ്സോ വാദിക്കുന്നു. വ്യക്തിഹിതം(personal will) പലപ്പോഴും പൊതു ഹിതത്തിന് (General Will) വഴി മാറിക്കൊടുക്കേണ്ടി വരും[1].സമൂഹജീവിതത്തിന്റെ അടിത്തറ സ്വാതന്ത്ര്യത്തിലും സമത്വത്തിലുമാണ്[2]. ഭരണാധികാരം ദൈവദത്തമോ പരമ്പരാവകാശമോ അല്ലെന്നും പ്രജകളുടെ സമ്മതിയില്ലാത്ത ഭരണവ്യവസ്ഥ അധാർമികമാണെന്നുമുള്ള പ്രസ്താവനകൾ അന്നത്തെ യൂറോപ്യൻ ഭരണാധികാരികളെ ക്രുദ്ധരാക്കി. ഈ കൃതി പ്രസിദ്ധീകരിച്ച് ഏതാനും ആഴ്ച കൾക്കകം തന്നെ ഫ്രാൻസിൽ നിരോധിക്കപ്പെട്ടു. ഒരു മാസം തികയുംമുമ്പ് റുസ്സോ ഫ്രാൻസിൽ നിന്ന് രാജ്യഭൃഷ്ടനാക്കപ്പെട്ടു[3].

Of the Social Contract, or Principles of Political Right
Title page of the first octavo edition
കർത്താവ്Jean-Jacques Rousseau
യഥാർത്ഥ പേര്Du contrat social ou Principes du droit politique
രാജ്യംFrance
ഭാഷFrench
പ്രസിദ്ധീകരിച്ച തിയതി
1762

ആശയങ്ങൾ

തിരുത്തുക

നാല് ഖണ്ഡങ്ങളിലായി റൂസ്സോ തന്റെ ചിന്തകൾ പങ്കു വെക്കുന്നു. സമൂഹം, അടിമത്തം, പരമാധികാര രാഷ്ട്രം, ഭരണവ്യവസ്ഥകൾ, മാതൃകാഭരണവ്യവസ്ഥയുടെ ലക്ഷണങ്ങൾ, അധികാരദുർവിനിയോഗം, അധഃപതന പ്രവണതകൾ, തെരഞ്ഞെടുപ്പ്, വോട്ടിംഗ്, സെൻസർഷിപ്, മതം ഇവയൊക്കെ വിശകലനം ചെയ്യപ്പെടുന്നു.

സ്വതന്ത്രനായി ജനിച്ച മനുഷ്യൻ വിവിധതരം അടിമത്തത്തിനു വിധേയനാകുന്നതെങ്ങനെ എന്ന് ആരായുന്നതിനോടൊപ്പം കുടുംബത്തെ മൂലമാതൃകയാക്കി സമൂഹത്തെ, പടിപ്പടിയായി അപഗ്രഥിക്കാൻ ശ്രമിക്കുന്നു[4]. വ്യക്തിയുടെ സഹജവാസന(instinct ) സമൂഹജീവിയുടെ നൈതികതക്ക്( justice/morality) വഴിമാറുന്നു[5].അത്തരമൊരു സമൂഹത്തിൽ വ്യക്തിക്ക് നഷ്ടപ്പെടുന്നത് അവന്റെ സ്വാഭാവികമായ സ്വാതന്ത്ര്യമാണ്, എന്തും ചെയ്യാനും നേടിയെടുക്കാനുമുള്ള സ്വാതന്ത്ര്യം; അതിനു പകരമായി ലഭിക്കുന്നതോ പൗരാവകാശങ്ങളും സ്വത്തുടമസ്ഥതയുമാണ്[6]. അധികാരത്തെ അവകാശമായും അനുസരണയെ കർതവ്യബോധമായും മാറ്റിയെടുക്കേണ്ടത് അധികാരിയുടെ ആവശ്യമാണ്[7]. എന്നാൽ ഒരു വശത്ത് സമഗ്രാധികാരവും മറുവശത്ത് നിസ്സീമമായ അനുസരണയും എന്ന വ്യവസ്ഥ അർഥശൂന്യമാണ്.[8].

സ്വത്തു സമ്പാദനം അനുവദനീയമാണെന്നിരിക്കെ സമൂഹത്തിൽ ഉണ്ടായേക്കാനിടയുള്ള അസമത്വത്തെപ്പറ്റി റുസ്സോ ഇങ്ങനെ പറയുന്നു മറ്റൊരാളെ വിലക്കുവാങ്ങാൻ മാത്രം സമ്പത്ത് ആർക്കും ഉണ്ടാവരുത്; അതേപോലെ സ്വയം വില്ക്കാൻ തയ്യാറാവാൻ മാത്രം ദാരിദ്ര്യവും ഒരുത്തനും ഉണ്ടാവരുത്. സാഹചര്യങ്ങൾ സമത്വത്തെ നിരന്തരം നശിപ്പിക്കാൻ ശ്രമിക്കുന്നു, അതുകൊണ്ട് സമത്വം നിലനിർത്താനുള്ള നിയമങ്ങൾ ആവശ്യമാണ്[9]. ദുഷിച്ച ഭരണവ്യവസ്ഥയിൽ സഥിതിസമത്വം വെറും മിഥ്യയാണ്.കാരണം അവിടെ സമ്പന്നൻ സമ്പന്നനായും ദരിദ്രൻ ദരിദ്രനായും തുടരുന്നു. ഒന്നുമില്ലാത്തവന്റെ അവസ്ഥയാണ് ഉള്ളവന്റെ അവസ്ഥയേക്കാൾ ശോചനീയം.[10].

കുറ്റവാളികൾ സാമൂഹ്യവിരോധികളാണ്. കുറ്റങ്ങൾക്ക് ആനുപാതികമായ ശിക്ഷ നല്കേണ്ടതുണ്ട്. ഗുരുതരമായ കുറ്റങ്ങൾക്ക് മരണശിക്ഷയേ നാടു കടത്തലോ ആവാം. പക്ഷെ അവരെ മനസാന്തരപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കുറ്റങ്ങൾ പെരുകുന്നത് ഭരണകൂടത്തിന്റെ ദുർബലതകൊണ്ടാണ്. [11].

പരമാധികാരം പൊതുഹിതത്തിൽ നിക്ഷിപ്തമാണ്. പൊതുഹിതം പൊതു നന്മയെ മാത്രം ലക്ഷ്യമാക്കിയുള്ളതിനാൽ അലംഘനീയതയും അപ്രമാദിത്വവും (infallible) അതിന്റെ സവിശേഷതകളാണ്[12]. ജനാധിപത്യം(Democracy)[13], വരേണ്യരുടെ കൂട്ടായ്മ( Aristocracy/Oligarchy)[14],രാജവാഴ്ടയോ സ്വേച്ഛാധിപത്യമോ പോലുള്ള ഏകശാസനരീതികൾ(Monarchy)[15], എന്നിങ്ങനെയുള്ള ഭരണസംവിധാനങ്ങളെ വിലയിരുത്തുകയും വിവിധതരം വ്യവസ്ഥകൾ വ്യക്തി ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിവരിക്കുകയും ചെയ്യുന്നു. പൗരസമൂഹം എതിർപ്പു പ്രകടിപ്പിച്ചില്ലെങ്കിൽ ഭരണാധികാരി സ്വാർഥതാത്പര്യം പൊതുഹിതമായി നടത്തിയെടുത്തെന്നു വരും [16]. ഇത്തരത്തിൽ അധികാരം തട്ടിയെടുത്തശേഷം ഭരണാധികാരി പൗരസമൂഹത്തെ നിശ്ശബ്ദമാക്കുന്നു.ശബ്ദിച്ചവർ ശിക്ഷകൾക്ക് ഇരയാവുന്നു; അതിനാൽ ഭൂരിപക്ഷം ഭയഭീതരായി നിശ്ശബ്ദത പാലിക്കുന്നു, [17].

പ്രബുദ്ധരായ പൗരന്മാർ വസിക്കുന്ന ആദർശരാഷ്ട്രത്തിൽ നിയമങ്ങൾ വളരെ കുറവായിരിക്കും.പുതുതായി നിയമങ്ങൾ ഉണ്ടാക്കേണ്ട ആവശ്യവും വരുന്നില്ല. ഇത് കാല്പനികമല്ലെന്നും പ്രായോഗികമാണെന്നും റുസ്സോ വാദിക്കുന്നു[18]. അത്തരമൊരു സമൂഹത്തിൽ,എല്ലാവരും തുല്യനിലയിലുള്ളവരാണെന്നിരിക്കേ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പു നടത്തുകയുമാവാം [19]. എന്നാൽ സാമൂഹ്യബന്ധത്തിന് ഉലച്ചിൽ തട്ടുമ്പോൾ, ഭരണവ്യവസ്ഥ ദുർബലമാകുമ്പോൾ, സ്വാർഥതാത്പര്യങ്ങൾ പൊതുതാതാത്പര്യങ്ങൾ എന്ന പേരിൽ വെളിപ്പെടുമ്പോൾ, വാദങ്ങളും എതിർവാദങ്ങളും സമൂഹവ്യവസ്ഥയെ ശിഥിലമാക്കുന്നു. ഇതിൽ തെറ്റ് പൗരന്റേതാണ്. കാരണം തന്റെ വോട്ട് രാഷ്ട്രത്തിന്റെ നന്മക്കു വേണ്ടിയാണ് എന്നതിനു പകരം അത് ഒരു പ്രത്യേക വ്യക്തിയുടേയോ കക്ഷിയുടേയോ വീക്ഷണത്തിനായിട്ടാണ് പൗരൻ നല്കുന്നത്[20].

രാഷ്ട്രം മതനിരപേക്ഷത പാലിക്കണം. അതല്ലെങ്കിൽ അന്യമതങ്ങളോട് അസഹിഷ്ണുതയുണ്ടാവും.അത് ആപൽക്കരമാണ്.[21].

വൈരുദ്ധ്യങ്ങൾ; വിമർശനങ്ങൾ

തിരുത്തുക

പല ചിന്തകരും റൂസ്സോയുടെ ആശയങ്ങളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[3], [22],

  • പൊതുഹിതത്തിനു വിധേയനാകുന്നതിലൂടെ പൗരൻ സ്വതന്ത്രനായിത്തീരുന്നു, കാരണം അവന് അന്യവ്യക്തികളോട് കടപ്പാടുകൾ ഇല്ലാതാവുന്നു, സമൂഹത്തോടു മാത്രമാണ് അവന്റെ പ്രതിബന്ധത[5]. ഈ പ്രസ്താവന ഒട്ടനേകം വിശകലനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
  • പൊതുഹിതം ഭൂരിപക്ഷഹിതമാണ്[12]- ഈ നിലപാട് ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കയോ അവഗണിക്കുകയോ ചെയ്യുന്നതിലൂടെ സമൂഹത്തെ വിഭജിക്കുന്നു, അസമത്വത്തിനു കാരണമാകുന്നു.
  • ഏകശാസനഭരണം (monarchy)ആണ് ഏറ്റവും സുശക്തവും കാര്യക്ഷമവുമായ ഭരണവ്യവസ്ഥ. ജനാധിപത്യം ഏറ്റവും ദുർബലമായ വ്യവസ്ഥയും. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ജനാധിപത്യത്തിൽ ഉദ്യോഗസ്ഥരുടെ (bureaucracy) എണ്ണം പെരുകുന്നതും അവരുടെയൊക്കെ സ്വാർഥതാത്പര്യങ്ങൾ ജനഹിതത്തേക്കാൾ ശക്തമാകുന്നതുമാണ് [23].
  • വലിയ സമ്പന്ന രാഷ്ട്രങ്ങൾക്ക് അനുയോജ്യമായ ഭരണവ്യവസ്ഥയാണ് ഏകശാസനം, ചെറിയ ദരിദ്രരാജ്യങ്ങൾക്ക് പറ്റിയ വ്യവസ്ഥ ജനാധിപത്യമാണ്.[24].

സ്വാധീനം

തിരുത്തുക

പുസ്തകത്തിലെ ആശയങ്ങൾ ഫ്രഞ്ചു വിപ്ലവത്തിന് ഉത്തേജനം നല്കി. വിപ്ലവ സമിതി എഴുതിയുണ്ടാക്കിയ മനുഷ്യാവകാശ പൗരാവകാശ പ്രഖ്യാപനത്തേയും നെപോളിയന്റെ നിയമാവലിയേയും ഏറെ സ്വാധീനിച്ചു.

  1. Rousseau, p. 14-15.
  2. Rousseau, p. 28.
  3. 3.0 3.1 Britannica.
  4. Rousseau, p. 6.
  5. 5.0 5.1 Rousseau, p. 18.
  6. Rousseau, p. 19.
  7. Rousseau, p. 8.
  8. Rousseau, p. 10.
  9. Rousseau, p. 45-46.
  10. Rousseau, p. 22, (footnote).
  11. Rousseau, p. 31.
  12. 12.0 12.1 Rousseau, p. 25-30.
  13. Rousseau, p. 56-59.
  14. Rousseau, p. 59-61.
  15. Rousseau, p. 62-67.
  16. Rousseau, p. 23.
  17. Rousseau, p. 88-89.
  18. Rousseau, p. 90.
  19. Rousseau, p. 96.
  20. Rousseau, p. 90-92.
  21. Rousseau, p. 122.
  22. David Lay Williams (2014). Rousseau's Social Contract: An Introduction,Cambridge Introductions to Key Philosophical Texts. Cambridge University Press. ISBN 9781107511606.
  23. Rousseau, p. 54-56.
  24. Rousseau, p. 69.