സാമുവൽ ഹാനിമാൻ ജീവചരിത്ര സംഗ്രഹം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഹോമിയോപ്പതി ചികിത്സാസമ്പ്രദായത്തിൻറെ ഉപജ്ഞാതാവ് ആയ ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ ജനിച്ചത് ജർമ്മനിയിലെ കിഴക്കൻ സംസ്ഥാനമായ സാക്സണിയിലെ എൽബ് നദിക്ക് സമീപമുള്ള മീസ്സെൻ എന്ന ചെറുഗ്രാമത്തിലാണ്. 1755 ഏപ്രിൽ പത്താം തിയതി രാതി 11.55 നോടെയാണ് ഹാനിമാൻറെ ജനനം.
പിതാവ് ക്രിസ്ത്യൻ ഗോട്ട്രിഫ്രൈഡിന് പിഞ്ഞാണപാത്രങ്ങളിൽ ചിത്ര പണി ചെയ്യുന്ന ജോലി ആയിരുന്നു. പരമ്പരാഗതമായി ചെയ്തുപോരുന്ന ജോലിയായിരുന്നു അത്. അദ്ദേഹത്തിന് ആദ്യഭാര്യയിൽ ഒരു മകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ അന്തരിച്ച് ഒൻപതുമാസം കഴിഞ്ഞപ്പോൾ ആ മകളും മരിച്ചു. രണ്ടാമത് വിവാഹം കഴിച്ച Johanna Christiana Spiessin ആണ് സാമുവൽ ഹാനിമാൻറെ മാതാവ്. സഹോദരങ്ങളായി ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു അനുജത്തിയും ഉണ്ടായിരുന്നു. 1784 ഡിസംബർ പതിനഞ്ചിന് ക്രിസ്ത്യൻ ഗോട്ട്രിഫ്രൈഡ് അന്തരിച്ചു. ഹാനിമാൻറെ സഹോദരിമാരോടൊപ്പം താമസിച്ചുപോന്നിരുന്ന അമ്മ 1790 മേയ് മാസത്തിൽ അന്തരിച്ചു.
മീസ്സെൻ ഗ്രാമത്തിലെ സെൻറ് ആഫ്രാ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ വിദ്യാഭാസം ഒരു കൊല്ലം മുടങ്ങി. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ബാല്യത്തിൽ തന്നെ കരസ്ഥമാക്കി. “Wonderful construction of human hand” എന്നതായിരുന്നു ഹൈസ്കൂൾ പരീക്ഷയ്ക്ക് സമർപ്പിച്ച പ്രബന്ധവിഷയം. ലാറ്റിൻ ഭാഷയിലാണ് അത് തയ്യാറാക്കിയത്. സാക്സണി ജില്ലയിലെ പ്രമുഖ നഗരമായ Leipsic ലെ സ്വാശ്രയ മെഡിക്കൽ കോളേജിൽ 1775 ൽ എം.ഡി പഠനത്തിന് ചേർന്നു. രണ്ടുവർഷം പിന്നിട്ടപ്പോൾ മെച്ചപ്പെട്ട പരിശീലനം നേടുന്നതിന് ആസ്ട്രിയയിലെ വിയന്നയിലോട്ട് വൈദ്യപഠനം മാറ്റി. 1778ൽ Hermannstadt ലെ ഗവർണറുടെ സ്വകാര്യവൈദ്യനായും ലൈബ്രേറിയനായും പാർട്ട്ടൈം ജോലിനോക്കി. അവിടത്തെ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. വിദേശഭാഷകളിൽ പരിജ്ഞാനം നേടാനും പുരാതന വൈദ്യസമ്പ്രദായങ്ങളെ കുറിച്ചും നിഗൂഡവൈദ്യരീതികളെ കുറിച്ചും കൂടുതൽ പഠിക്കാൻ അത് അവസരമായി.
1779ൽ Erlangen യൂണിവേർസിറ്റിയിൽ എം.ഡി ബിരുദത്തിന് രജിസ്റ്റർ ചെയ്തു. അദ്ദേഹം സമർപ്പിച്ച "A consideration of the Etiology and Therapeutics of Spasmodic affections" എന്ന പ്രബന്ധത്തെ വിലയിരുത്തി 1779 ഓഗസ്റ്റ് പത്തിന് എം.ഡി ബിരുദം അനുവദിച്ചുകിട്ടി. ഇന്നത്തെ എം.ബി,ബി.എസ് ബിരുദത്തിന് തുല്യമായ ഒന്നാണ് അന്നത്തെ നാലുവർഷം ദൈർഘ്യമുള്ള എം.ഡി.
Mansfield ലെ ചെമ്പ് ഖനി തൊഴിലാളികളിൽ രക്തം ഊറ്റികളയേണ്ട ജോലിയിലാണ് ഹാനിമാൻ ആദ്യം പ്രവേശിച്ചത്. മൂലക്കുരു, കാലിലെ സിരകളിലെ തടസ്സം തുടങ്ങിയ രോഗത്തിന് അന്നത്തെ മുഖ്യചികിത്സ രക്തം ഊറ്റികളയൽ ആയിരുന്നു. 1781ൽ Dessau ദേശത്ത് തങ്ങി മരുന്നുകളുടെ ശേഖരണം, നിർമ്മാണം എന്നിവ സംബന്ധമായ കാര്യങ്ങളിൽ അറിവ് നേടി.
Gommern ഗ്രാമത്തിൽ സ്ഥിരമായുള്ള ഒരു ക്ലിനിക്ക് ഏർപ്പാടാക്കി മെഡിക്കൽ പ്രാക്ടീസ് തുടങ്ങി. വിരേചനത്തിനുള്ള മരുന്നുകളുടെ പ്രയോഗമാണ് അക്കാലത്തെ ചികിത്സയിലെ മുഖ്യയിനം. ആമാശയത്തിൻറെ ബലം വർദ്ധിച്ചത് (Tonicity) മൂലമോ, ബലം കുറഞ്ഞത് (Paralysis) മൂലമോ ഉള്ള മാറ്റങ്ങളാണ് രോഗങ്ങൾക്ക് എല്ലാം കാരണം എന്നുള്ള ഒരു വിശ്വാസം പണ്ടുകാലം മുതൽ നിലവിലുണ്ടായിരുന്നു. ബലം കിട്ടാൻ സിങ്കോണ, കാഞ്ഞിരം തുടങ്ങിയവയെ spasmodic ആയും, സങ്കോചപ്രയാസം കുറയാൻ Belladonna, Hyoscyamus തുടങ്ങിയവ Anti-spasmodic ആയും ചികിത്സയിൽ ഉപയോഗിച്ചുപോന്നിരുന്നു. മൂലക്കുരു, ജ്വരം എന്നിവ പിടിപെട്ടാൽ കാലിൽ നിന്ന് രക്തത്തെ ഊറ്റി കളയും. സാധാരണയായി കഴിക്കേണ്ട മരുന്നിൻറെ അളവ് അര ഗ്ലാസ് അല്ലെങ്കിൽ രണ്ട് ഗ്ലാസ് വരെ ആയിരുന്നു. കറുപ്പ്, കറുകപ്പട്ട, ഏലം, ഉലുവ, ചുക്ക്, കരയാമ്പു, കൂൺ, ആവണക്ക്, കുങ്കുമപൂവ്, മിറ, ജാതിക്ക, ഹൈപ്പറിക്കം, തിപ്പലി, കുരുമുളക്, ജെൻറിയാന, ഇരട്ടിമധുരം. റുബാർബ്, വലേറിയാന, റോസ്, ലവാണ്ടർ, തേൻ, പാമ്പിൻ മാംസം എന്നിവയെല്ലാം ഉൾപ്പെട്ട ‘Venice Treacle 64’ എന്ന കഷായകൂട്ട് എല്ലാ രോഗങ്ങൾക്കുമുള്ള ഒരു സിദ്ധൌഷധം എന്ന നിലയിൽ അക്കാലത്ത് ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്നു.
ഇരുപത്തിയേഴാമത്തെ വയസ്സിൽ ആയിരുന്നു വിവാഹം. കുച്ച്ലർ അപ്പോത്തികരിയുടെ മകൾ Johanna Leopoldine Henriette Kuchler ആയിരുന്നു വധു. 1783 ൽ ആദ്യ സന്താനം Henrietta ജനിച്ചു.
1784ൽ Treatment of scrofulous sore പ്രസ്സിദ്ധീകരിച്ചു. അതായിരുന്നു ആദ്യ കൃതി. വൈദ്യജോലിയിലെ മടുപ്പ് മൂലം രസതന്ത്ര പഠനത്തിലും പുസ്തക പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. താമസം Dresden എന്ന പ്രദേശത്തോട്ട് മാറ്റി. മുൻകാലങ്ങളിൽ അറിവ് കിട്ടാനായി ആളുകൾ തുള്ളിയിരുന്നു. ആഗ്രഹിച്ചാലും തുള്ളിയാലും അറിവ് വരില്ല എന്ന് ഗേഥെ (ജർമ്മനി 1749-1832) പറഞ്ഞ കാലം കൂടിയായിരുന്നു അത്. രസതന്ത്രവിഷയത്തിൽ നിരവധി പ്രബന്ധങ്ങൾ പ്രസ്സിദ്ധീകരിച്ചു. മുന്തിരി വൈനിൽ അടങ്ങിയ ഇയ്യത്തിൻറെ അംശം അളക്കാൻ പുതിയ ചില രസതന്ത്ര മാർഗ്ഗം ഹാനിമാൻ കണ്ടെത്തി. ഔഷധങ്ങളിൽ കലർന്നിരുന്ന വിഷഘടകങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങളും പ്രസിദ്ധീകരിച്ചു.
തർജ്ജമയിൽ മുഴുവൻ സമയവും വ്യാപൃതനായി. 1786-ൽ മകൻ Frederich ജനിച്ചു. രണ്ടാമത്തെ മകൾ Wilhelmina ഉം Dresden-ൽ വെച്ചാണ് ജനിച്ചത്. "Poisoning by Arsenic” എന്ന പുസ്തകം പ്രസ്സിദ്ധീകരിച്ചു. രസതന്തവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായി. ലവോസിയറുമായി കത്തിടപാട് നടത്താനും അത് സഹായകമായി.
1789-ൽ മഹാനഗരമായ Leipzig ലോട്ട് താമസം മാറ്റി. രസത്തിൻറെ ദ്രവത്വം സംബന്ധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. സ്കോട്ട്ലാൻറ് ചികിത്സകൻ ആയിരുന്ന വില്ല്യം കുള്ളൻ (1712-1790) 1789ൽ പ്രസിദ്ധീകരിച്ച “A Treatise on the Materia Medica എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാനിമാൻ 1790 ൽ അതിൻറെ തർജ്ജമയിൽ ഏർപ്പെട്ടു.
മലേറിയ പോലുള്ള പനിയെ മാറ്റാനുള്ള സിങ്കോണയുടെ കഴിവിൻറെ കാരണം സിങ്കോണ പട്ടയുടെ പ്രത്യേക രുചി, ആമാശയ പേശികളെ സങ്കോചിപ്പിക്കാനുള്ള ശേഷി എന്നിവയാണ് എന്നുള്ള പരാമർശത്തിൽ ഹാനിമാൻറെ ശ്രദ്ധ ആകർഷിച്ചു. വിഷമരുന്നുകൾ മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് വിയന്നയിലെ Anton Von Storck (1731-1803) പഠനം നടത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ട സന്ദർഭം കൂടിയായിരുന്നു അത്. രസതന്ത്രപരീക്ഷണത്തിൽ നിരന്തരം ഏർപ്പെട്ടുള്ള ശീലം ഉണ്ടായിരുന്നതിനാൽ അദ്ദേഹം സിങ്കോണതൊലിയുടെ സത്ത് തയ്യാറാക്കി കുറേശ്ശെയായി ഏകദേശം നാല് ഡ്രാം കുടിച്ചു പരീക്ഷിച്ചുനോക്കി. പനി സമാനമായ ലക്ഷണങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇപ്രകാരം നിരവധി ഔഷധങ്ങൾ പരീക്ഷിച്ചു.
രസതന്ത്ര ശാഖയ്ക്കും തർജ്ജമ മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തി 1791-ൽ രണ്ട് ശാസ്ത്ര സംഘടനകൾ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. Leipzig നഗരത്തിലെ ജീവിത ചെലവ് താങ്ങാൻ കഴിയാതെ വന്നത് മൂലം താമസം ഗ്രാമപ്രദേശമായ Stotteritz ലോട്ട് മാറ്റി.
പല രോഗങ്ങളുടെയും മൂലകാരണം രാഗം, വിഷം, സാരാംഗ്നികളുടെ കുറവ് എന്നിവയെല്ലാമാണ് എന്നും സന്തോഷകരമായ സാഹചര്യം ഉണ്ടായാൽ, മനോനിയന്ത്രണം ഉണ്ടായാൽ പല രോഗങ്ങളും ഭേദമാകും എന്നും അദ്ദേഹം മനസ്സിലാക്കി. മനോരോഗികൾ കനിവ് അർഹിക്കുന്നവരാണ് എന്നും ഹാനിമാൻ നിരീക്ഷിച്ചു. 1792ൽ മനോരോഗചികിത്സയിൽ നടത്തേണ്ട പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ഒരു ലേഖനം പ്രസ്സിദ്ധീകരിച്ചു. അഭ്യന്തര മന്ത്രി F. A. Klockenbring മനോരോഗം ബാധിച്ച് Georgenthal ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സന്ദർഭമായിരുന്നു അത്. പ്രസ്തുത ലേഖനം അദ്ദേഹത്തിൻറെ പത്നിയുടെ ശ്രദ്ധയിൽപ്പെട്ടത് അനുസരിച്ച് അദ്ദേഹത്തെ ചികിത്സിക്കാൻ ഉതകുംവിധം ഭ്രാന്താശുപത്രിയുടെ ചുമതല ഹാനിമാന് നൽകി. 1793 ൽ മന്ത്രിയുടെ ഭ്രാന്ത് ഭേദമായി.
ഹാനിമാൻ താമസം Molschleben എന്ന സ്ഥലത്തോട്ട് മാറ്റി. "Friend to Health", "Pharmaceutical Lexicon"എന്നീ രണ്ടു ഗ്രന്ഥങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത് ഇവിടെ വെച്ചാണ്. രോഗികൾക്ക് ലക്ഷണസമാന ആശയത്തിൽ മരുന്ന് പ്രയോഗിച്ച് കൊണ്ട് വൈദ്യവൃത്തി പുനരാരംഭിച്ചു. പരീക്ഷിച്ചറിഞ്ഞ പുതിയ മരുന്നുകൾ രോഗികൾക്ക് സൌജന്യമായാണ് നൽകിയത്. മുത്തുച്ചിപ്പിയുടെ പുറംതോട്, ഗന്ധകം എന്നിവ ചേർത്ത് തയ്യാറാക്കിയ Hepar sulphuris calcareum എന്ന ഔഷധം കൊണ്ട് നിരവധി കുട്ടികളുടെ പാലുണ്ണി അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി. Pyrmont, Wolfenbuttel എന്നീ പ്രദേശങ്ങളിൽ താമസിച്ചശേഷം 1795 ൽ Konigslutter ലോട്ട് താമസം മാറ്റി. “Friend to health", "Pharmaceutical lexicon"എന്നീ രണ്ട് ഗ്രന്ഥങ്ങൾ പൂർത്തീകരിച്ചു. ഈ രണ്ടു കൃതികൾ അദ്ദേഹത്തെ വൈദ്യരംഗത്ത് ഏറെ ശ്രദ്ധേയനും സ്വീകാര്യനും ആക്കി.
രോഗപരിഹാരത്തിന് കാര്യകാരണ ബന്ധം, പ്രയോജന ബന്ധം, വിപരീത ബന്ധം എന്നിവയാണ് പൊതുവേ ആധാരമാക്കി പോന്നിരുന്നത്. ആറ് വർഷത്തെ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സയിൽ “സാദൃശ്യ ബന്ധ“ ത്തിൻറെ പ്രായോഗികത സംബന്ധിച്ച് " Essay on a New Principle for Ascertaining the Curative Powers of Drugs, and Some Examinations of the Previous Principles" എന്ന പ്രബന്ധം 1796 ൽ പ്രസിദ്ധീകരിച്ചു. സാദൃശ്യബന്ധത്തിൽ ഒറ്റപ്പെട്ട നിലയിൽ രോഗം ഭേദമാകാറുണ്ട് എന്ന് അറിയാമായിരുന്നത് കൊണ്ട് മറ്റ് ചികിൽസകർ അത് വലിയ കാര്യമായി എടുത്തില്ല. 1797ൽ ഒരു രോഗിയിൽ വയറിൻറെ ഇടത് ഭാഗത്ത് കലശമായി അനുഭവപ്പെട്ട വയറുവേദനയിൽ Veratrum album സമാന ആശയത്തിൽ നൽകിയത് പ്രയോജനപ്പെട്ടത് സംബന്ധിച്ച് ഒരു ലേഖനം പ്രസ്സിദ്ധീകരിച്ചു. ഇതേ വർഷം Konigslutter ൽ ചുവപ്പ് ദീനം (Scarlet fever) പടർന്നുപിടിച്ചു. രോഗിയുടെ ദേഹഘടന ഒന്നും നോക്കാതെ സമാന ഔഷധം എന്ന നിലയിൽ Belladonna ഹാനിമാൻ നിരവധി രോഗികൾക്ക് നൽകി. ഏകദേശം ഇപ്പോഴത്തെ 6x ആകും വിധം നേർപ്പിച്ച അളവിലാണ് നൽകിയത്. ഔഷധപ്രയോഗം വിജയം കണ്ടു. പുതിയ ചികിത്സാരീതിക്ക് പ്രചാരം വർദ്ധിച്ചു. ഹാനിമാൻ സ്വന്തം നിലയിൽ നേർപ്പിച്ച് തയ്യാറാക്കിയ മരുന്ന് അങ്ങാടിയിൽ പൊതുവായി വിൽക്കുന്നതിനെ സ്ഥലത്തെ അങ്ങാടിമരുന്ന് കച്ചവടക്കാർ എതിർത്തു. എതിർപ്പ് പ്രായോഗികമായപ്പോൾ ചികിത്സയും മരുന്നുവിതരണവും സാദ്ധ്യമല്ലാതായി.
1798ൽ Konigslutter വിട്ട് മുപ്പത്തിയാറ് കിലോമീറ്റർ അകലെയുള്ള Hamburg പട്ടണത്തിലോട്ട് താമസം മാറ്റി. സാധന സാമഗ്രികൾ എല്ലാം കെട്ടി പെറുക്കിയുള്ള ആ യാത്രയിൽ വാഗൻ മറിഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള മകൻ ഏണസ്റ്റിൻറെ തല പൊട്ടി. മകളുടെ കാൽ ഒടിഞ്ഞു. അതുമൂലം യാത്ര മുടങ്ങി. അപകടത്തിൽപ്പെട്ട ഏണസ്റ്റ് മരിച്ചു. ആറ്ആഴ്ച Altona എന്ന സ്ഥലത്ത് തങ്ങിയ ശേഷമാണ് Hamburg ലോട്ട് പോയത്.
1801-ൽ ചുവപ്പ് ദീനം സംബന്ധിച്ച് “Cure and prevention of scarlet fever" എന്ന ലേഖനം പ്രസിദ്ധീകരിച്ചു. സാഹചര്യം ചികിത്സയ്ക്കും മരുന്ന് വിൽപനയ്ക്കും പ്രതികൂലമായതിനാൽ 1802 ൽ തന്നെ നാല് സ്ഥലങ്ങളിൽ മാറിമാറി താമസിക്കേണ്ടതായി വന്നു. 1803 ൽ മനുഷ്യശരീരത്തിൽ “കാപ്പിയുടെ ദൂഷ്യങ്ങൾ” സംബന്ധിച്ച പുസ്തകം പ്രസ്സിദ്ധീകരിച്ചു.
1805ൽ Torgau എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. നവമരുന്നുകൾ വിൽക്കുന്നതിന് എതിരെ സർക്കാറിൻറെ നിയന്ത്രണം കൂടി ആയപ്പോൾ ചികിത്സ നിർത്തി പരീക്ഷണത്തിലും പുസ്തക തർജ്ജമയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മനുഷ്യശരീരത്തിൽ ഔഷധങ്ങൾ പരീക്ഷിച്ചപ്പോൾ നിരീക്ഷിച്ച മാറ്റങ്ങൾ രേഖപ്പെടുത്തിയ Fragmenta de viribus medicamentorum അടക്കം നിരവധി ലഘുകൃതികൾ ഈ ഘട്ടത്തിൽ പ്രസിദ്ധീകരിച്ചു. 1805ൽ ശ്രദ്ധേയ ലേഖനം ആയ The Medicine of Experience പ്രസിദ്ധീകരിച്ചു. 1806ൽ Albrecht von Haller (1708-1777) ലാറ്റിൻ ഭാഷയിൽ എഴുതിയ Materia medica ജർമ്മൻ ഭാഷയിലോട്ട് തർജ്ജമ ചെയ്തു. മനുഷ്യരിൽ മരുന്നുകൾ പരീക്ഷിച്ച് ഔഷധഗുണം തീർച്ചപ്പെടുത്തിയ ശേഷമാകണം രോഗികളിൽ പ്രയോഗിക്കേണ്ടത് എന്ന നിർദ്ദേശം യുറോപ്പിൽ ആദ്യം മുന്നോട്ട് വെച്ചത് Haller ആയിരുന്നു.
1807ൽ Hufeland ജേർണലിൽ പ്രസിദ്ധീകരിച്ച Indications of the homeopathic employment of medicines in ordinary practice” എന്ന ലേഖനത്തിലാണ് ആദ്യമായി ‘ഹോമിയോ’ എന്ന വാക്ക് അവതരിപ്പിച്ചത്. ഗ്രീക്ക് ഭാഷയിൽ ഹോമിയോ എന്ന വാക്കിന് സമാനം, സാദൃശ്യം, ഇണക്കം, ചേർച്ച, ഹിതം എന്നെല്ലാമാണ് അർത്ഥം. ഹാനിമാൻ പല പ്രബന്ധങ്ങളും തയ്യാറാക്കിയിരുന്നത് ലാറ്റിൻ ഭാഷയിലായിരുന്നു. ലാറ്റിൻ ഭാഷയിൽ ഹോമോ എന്നാൽ മനുഷ്യൻ എന്നാണ് അർത്ഥം. സാദൃശ്യമാർഗ്ഗത്തിലുള്ള പ്രയോഗം എന്നതായിരിക്കണം അദ്ദേഹം വിവക്ഷിച്ചത്. പൌരസ്ത്യഭാഷകളിൽ യോഗ എന്ന പദം മാർഗ്ഗം, യോജിപ്പ്, ഹിതം എന്നെല്ലാമുള്ള അർത്ഥത്തിൽ പൊതുവായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. മാന്ത്രിക ചികിത്സകരും ഈ പദം വ്യാപകമായി ഉപയോഗിച്ചിരുന്നു. പതി എന്നതിന് രോഗം, ദയ എന്നെല്ലാമാണ് അർത്ഥം.
“The Medicine of Experience” ഉപന്യാസത്തെ വിപുലപ്പെടുത്തി ഹിപ്പോക്രാറ്റസ് കാലത്തെ രചനാരീതി പോലെ “അഫോറിസം” രീതിയിൽ അക്കമിട്ട് തയ്യാറാക്കിയ “Organon of healing art” എന്ന കൃതി 1810 ൽ പ്രസ്സിദ്ധീകരിച്ചു. Organon എന്ന പദത്തിൻറെ അർത്ഥം വേദം, അറിവ്, ബ്രഹ്മം എന്നെല്ലാമാണ്. യുദ്ധം നടക്കുന്ന കാലമായതിനാൽ കാര്യമായ രീതിയിലുള്ള പ്രചാരം പുസ്തകത്തിന് ലഭിച്ചില്ല.
1811ൽ Torgau ൽ നിന്ന് പരിഷ്കൃതനഗരമായ Leipzig ലോട്ട് വീണ്ടും താമസം മാറ്റി. ഹോമിയോ ചികിത്സാസമ്പ്രദായത്തിന് കൂടുതൽ പ്രചാരം കൊടുക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശം. മരുന്ന് കച്ചവടക്കാരുടെ വിമർശനങ്ങളെ അതിജീവിക്കാൻ നല്ലത് യുവ ഡോക്ടർമാരിൽ നവ ആശയങ്ങളെ എത്തിച്ച് അവരുടെ സഹകരണം ഉറപ്പാക്കുക ആയിരിക്കും നല്ലത് എന്ന് അദ്ദേഹം അനുമാനിച്ചു. അതിന് ഉതകുംവിധം ആറുമാസം കാലദൈർഘ്യമുള്ള കോഴ്സ് നടത്താൻ പറ്റിയ കോളേജ് തുടങ്ങാൻ ചില പരിശ്രമങ്ങൾ നടത്തി. പഠിപ്പിക്കാൻ സഹായികളായി അദ്ധ്യാപകരെ കിട്ടിയില്ല. അക്കാലത്ത് കോളേജിൽ ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നതിനുള്ള അനുമതി ലഭിക്കണമെങ്കിൽ ഒരു തീസിസ് സർവ്വകലാശാലയിൽ സമർപ്പിച്ച് അവതരിപ്പിക്കണം. പുരാതന കാലത്ത് ഭ്രാന്ത്, പക്ഷാഘാതം, പേപ്പട്ടി വിഷം എന്നിവയുടെ ചികിത്സയ്ക്കും വിരേചനം, വമനം എന്നീ ശോധന ക്രിയകൾക്കും ഉപയോഗിച്ചിരുന്ന മരുന്നാണ് Helleborus niger. ഈ സസ്യവും പതിനെട്ടാം നൂറ്റാണ്ടിൽ യുറോപ്പിൽ ഉപയോഗിച്ചു പോന്നിരുന്ന Veratrum album ഉം തമ്മിലുള്ള പ്രവർത്തന സാമ്യം താരതമ്യം ചെയ്തുകൊണ്ട് 86 പേജുള്ള ഒരു ഉപന്യാസം 1812 ജൂൺ 26ന് ഒരു ശാസ്ത്രസദസ്സിന് മുൻപാകെ അവതരിപ്പിച്ചു. സദസ്സ്യരുടെ ചോദ്യങ്ങളോടുള്ള ഹാനിമാൻറെ യുക്തിപൂർവ്വമായുള്ള വിവരണം ഏറെ മതിപ്പ് ഉളവാക്കി. മകൻ ഫ്രെഡറിക് ആയിരുന്നു മോഡറേറ്റർ. തുടർന്ന് ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 2നും 3നും മദ്ധ്യേ സമയങ്ങളിൽ സ്വന്തം നിലയിൽ ഹാനിമാൻ അധ്യാപനം നടത്തി പോന്നു. 1821 വരെ ഇത് തുടർന്നു.
തൻറെ ശിഷ്യഗണങ്ങളിൽപ്പെട്ട പത്ത് പേരെ ഉൾപ്പെടുത്തി “Provers union” എന്ന പേരിൽ സമാജം ഉണ്ടാക്കി പ്രൂവിംഗ് നടപടികൾ വിപുലപ്പെടുത്തി. പ്രൂവിംഗ് നടത്തിയിരുന്നത് മാതൃസത്ത്, 2x എന്നിവ ഉപയോഗിച്ച് ആയിരുന്നു. ലക്ഷണം കിട്ടുന്നതുവരെ മരുന്നിൻറെ അളവ് കൂട്ടി നൽകിയിരുന്നു. മരുന്നുകൾ ആരോഗ്യവാന്മാരിൽ പരീക്ഷിച്ചുകിട്ടിയ ലക്ഷണങ്ങൾ രേഖപ്പെടുത്തിയത് കാലാനുക്രമത്തിൽ ആയിരുന്നില്ല. തല, കഴുത്ത്, ഉടൽ, കാൽ എന്നീ ക്രമത്തിൽ പിന്നീട് സൌകര്യപൂർവ്വം എഴുതി രേഖപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്. “Provers” നെ ബിയർ അടക്കമുള്ള ക്ഷാരപാനീയങ്ങൾ കുടിക്കാൻ അനുവദിച്ചിരുന്നു. ബിയർ സൃഷ്ടിച്ച ലക്ഷണങ്ങളെ അവഗണിച്ചു. കറുത്ത വർഗ്ഗക്കാർ, വിവിധ പ്രായത്തിൽ ഉള്ളവർ, സ്ത്രീകൾ, കുട്ടികൾ, വിവിധ ജനസമൂഹത്തിൽ ഉള്ളവർ എന്നിവരിൽ എല്ലാം പരീക്ഷണം നടത്തി സമ്പൂർണഫലം തയ്യാറാക്കുക ആ ഘട്ടത്തിൽ പ്രയാസകരമായിരുന്നു.
1811ൽ Materia medica pura യുടെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചു. ആറാമത്തെ വാള്യം 1821ലും പ്രസിദ്ധീകരിച്ചു. പിന്നീട് ഇവയെല്ലാം ഉൾപ്പെടുത്തി രണ്ട് വാള്യം ആക്കി യഥാക്രമം 1830 ലും 1833 ലും ആയി പുറത്തിറക്കി. തൊണ്ണൂറ്റി ഒൻപത് മരുന്നുകൾ ഹാനിമാൻ പ്രൂവ് ചെയ്യുകയുണ്ടായി.
1813-ൽ ജർമ്മനിയിൽ Typhus പടർന്നുപിടിച്ചു. 180 രോഗികളെ അദ്ദേഹം ചികിത്സിച്ചു. ചികിൽസയ്ക്കായി ഉപയോഗിച്ചത് Bryonia, Rhus tox എന്നീ മരുന്നുകളാണ്. അത് ഫലംകണ്ടു. സമകാലീന വൈദ്യത്തിൻറെ പോരായ്മകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിമർശനം കനപ്പിച്ചപ്പോൽ മരുന്ന് വിൽപനക്കാരുടെ എതിർപ്പും ശക്തമായി. പഠിപ്പിക്കുന്ന ക്ലാസ്സിൽ വൈദ്യവിദ്യാർത്ഥികളുടെ എണ്ണം വളരെ കുറഞ്ഞു. 1819 ൽ ഹാനിമാന് എതിരെ നഗരത്തിലെ മരുന്ന് കച്ചവടക്കാർ കോടതിയിൽ കേസ് ഫയൽചെയ്തു. 1920ൽ വിചാരണ കോടതിയിൽ ഹാജറായി. ഈ ഘട്ടത്തിൽ ചികിത്സയും വരുമാനവും തടസ്സപ്പെട്ടു.
1820-ൽ Austria യിലെ Field Marshal ആയ Prince Schwartzenberg ന് stroke വന്നത് മൂലം വലതുവശം തളർന്നു കിടപ്പിലായി. മറ്റ് രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു. ഔദോഗിക ചികിത്സകർ പല രീതിയിൽ പരിശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. ഹാനിമാൻ തയ്യാറാക്കിയ മരുന്ന് നൽകുന്നതിന് നിയമ തടസ്സവും ഉണ്ടായിരുന്നു. ഹാനിമാൻ നേരിട്ട് നൽകിയ മരുന്ന് മൂലം ആശ്വാസം ലഭിച്ചുവെങ്കിലും Prince താമസിയാതെ മരിച്ചു. ഈ ഘട്ടത്തിൽ തന്നെ മരുന്ന് വിൽപനക്കാർ കൊടുത്ത പരാതി പ്രകാരം ഹാനിമാൻ സ്വയം തയ്യാറാക്കിയ മരുന്ന് വിൽപന നടത്തുന്നതും പ്രയോഗിക്കുന്നതും താൽക്കാലികമായി കോടതി നിരോധിച്ചു. Leipzig നഗരത്തിലെ ജീവിതം ഹാനിമാന് എല്ലാംകൊണ്ടും പ്രയാസകരമായി. ഹാനിമാൻറെ സ്വന്തം യുക്തിയിൽ വൈദ്യവൃത്തി നടത്തുന്നതിന് Koethen ലെ Duke Ferdinand അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിച്ചു.
1821 മെയ് മാസത്തിൽ Koethen ലോട്ട് താമസം മാറ്റി. ഹാനിമാന് പ്രായം അറുപത്തിയാറ് ആയി. രണ്ട് ഡസനോളം സ്ഥലങ്ങളിൽ താമസിക്കേണ്ടി വന്ന ഹാനിമാൻറെ കുടുംബത്തിന് ഒരു സ്ഥിര ഗൃഹം ലഭിച്ചത് ഏറെ ആശ്വാസവുമായി. ചികിത്സയില്ലാതെ, അതിനേക്കാൾ ഉപരിയായി തർജ്ജമയും എഴുത്തും ഇല്ലാതെ, വെറുതെ വിശ്രമിക്കുന്ന ഒരു അവസ്ഥാവിശേഷം പോലെയായി ആ വലിയ വീട്ടിലെ ജീവിതം. 1835-ൽ പാരിസിലോട്ട് താമസം മാറ്റുന്നത് വരെ Koethen-ൽ തന്നെയാണ് താമസിച്ചത്. Leipzig ലെ കോടതി അദ്ദേഹത്തിനെതിരെ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് 1821-ൽ ഡിസംബറിൽ റദ്ദാക്കി. Dr. Stapf ആദ്യ ഹോമിയോ മാഗസിൻ തുടങ്ങി. വർഷത്തിൽ മൂന്ന് കോപ്പി എന്ന തോതിലാണ് അത് പ്രസിദ്ധീകരിച്ചത്.
1828-ൽ “The Chronic Diseases, Their Peculiar Nature and Their Homoeopathic Cure” (മൂന്ന് വാള്യം) പ്രസ്സിദ്ധീകരിച്ചു. Miasm തിയറി അവതരിപ്പിച്ചു. 1829ൽ മയാസം, ജീവശക്തി എന്നിവ സംബന്ധിച്ച ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് “Organon of healing art” നാലാം പതിപ്പ് പുറത്തിറക്കി.
Leipzig-ൽ അദ്ദേഹം പഠിപ്പിച്ച ശിഷ്യഗണങ്ങൾ 1829 ആഗസ്റ്റ് പത്തിന് ഹാനിമാൻറെ അടുത്ത് ഒത്തുകൂടി ബിരുദം കരസ്ഥമാക്കിയതിൻറെ അൻപതാം വാർഷികം എന്ന നിലയിൽ വിപുലമായ ഒരു ആഘോഷം സംഘടിപ്പിച്ചു. Duke ഭാര്യസമേതം ചടങ്ങിൽ സംബന്ധിച്ച് സമ്മാനങ്ങൾ നൽകി. Central Homoeopathic Union എന്നൊരു സംഘടന അപ്പോൾ രൂപീകരിച്ചു. സാമുവൽ ഹാനിമാനെ അതിൻറെ ആദ്യ പ്രസിഡൻറ് ആയി അവരോധിച്ചു.
“The Chronic Diseases, Their Peculiar Nature and Their Homoeopathic Cure” കൃതിയുടെ നാലാമത്തെ വാള്യം 1830ൽ പ്രസിദ്ധീകരിച്ചു. മാർച്ച് 31ന് ഭാര്യ Johana Henriette Leopoldine Kuchler അന്തരിച്ചു. 1831ൽ റഷ്യയിൽ നിന്ന് പൊട്ടിപുറപ്പെട്ട കോളറ ജർമ്മനിയിൽ വ്യാപകമായ നിലയിൽ ആൾനാശം വരുത്തി. ഉഷ്ണരോഗമായ കോളറ ലഘൂകരിക്കുന്നതിൽCamphor, Cuprum, Veratrum എന്നീ മരുന്നുകൾ ലഘുരൂപത്തിൽ പ്രയോഗിച്ചത് ഫലം കാണിച്ചു.
ശരീരത്തിലെ കാർബൺ സംയുക്തങ്ങൾ രൂപം കൊള്ളുന്നതിന് സഹായകമായ ഒരു ചൈതന്യം ജീവജാലങ്ങളിൽ നിലകൊള്ളുന്നുണ്ട് എന്ന ആശയം 1810-ൽ സ്വീഡിഷ് രസതന്ത്രജ്ഞൻ ആയ Jons Jacob Berzelius (1779-1840) മുന്നോട്ട് വെച്ചിരുന്നു. മനുഷ്യനിലെ എല്ലാ ധർമ്മങ്ങളേയും നിയന്ത്രിക്കുന്നത് സൂക്ഷ്മമായ ഒരു ചൈതന്യം (Vital force) ആണ് എന്ന വാദഗതി Organon of healing art, അഞ്ചാം പതിപ്പിൽ (1833) ഹാനിമാനും സജീവമായി അവതരിപ്പിച്ചു. പ്രത്യേക രീതിയിൽ കുലുക്കിയും ഉരസിയും സംസ്ക്കരിച്ചാൽ ഔഷധങ്ങളിൽ ഉറങ്ങി കിടക്കുന്ന സൂക്ഷ്മ ശക്തിയെ ഉണർത്തിയെടുക്കാം എന്ന ആശയവും അഞ്ചാംപതിപ്പിൽ ഹാനിമാൻ ഉൾപ്പെടുത്തി.
ഫ്രഞ്ച് ചികിത്സകനായ Paul Joseph Barthez (1734-1806) 1778 ൽ പ്രസിദ്ധീകരിച്ച Nouveaux elemens de la science de l’homme എന്ന വിഖ്യാതമായ കൃതിയിൽ മനുഷ്യശരീരത്തിൻറെ ധർമ്മങ്ങൾക്ക് ആധാരമായി പ്രവർത്തിക്കുന്ന ശക്തി വിശേഷത്തെ Vital principle (ആത്മബോധം) എന്നാണ് അഭിസംബോധന ചെയ്തത്. ഈ പദം ഫ്രാൻസിൽ ഏറെ സുപരിചിതവും ആയിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ ഒർഗനോൺൻറെ ആറാമത്തെ പതിപ്പ് (1842) തയ്യാറാക്കിയപ്പോൾ ഹാനിമാൻ Vital force എന്ന പദത്തെ Vital principle എന്ന് തിരുത്തി. ജീവശക്തി സിദ്ധാന്തം ഹോമിയോപ്പതിയുടെ കേന്ദ്ര ആശയം ഒന്നും ആയിരുന്നില്ല. ഹോമിയോ ആശയം കൊണ്ടുവന്ന് നാൽപത്തിരണ്ട് കൊല്ലം കഴിഞ്ഞ ശേഷം ഉൾപ്പെടുത്തിയ ഒന്നാണ് vital force സിദ്ധാന്തം. ഹോമിയോ ചികിൽസ വിഭാഗം വിപുലീകരിക്കുന്നതിൻറെ ഭാഗമെന്നോണം സമകാലീനമായിരുന്ന ഒരു ആശയത്തെ സന്ദർഭോചിതമായി കൂട്ടി ചേർക്കുകയാണ് ഉണ്ടായത്.
1833 ൽ Central Homoeopathic Union ൻറെ മേൽനോട്ടത്തിൽ ആദ്യ ആശുപത്രി Leipzig ൽ തുടങ്ങി. Muller ആയിരുന്നു അതിൻറെ ഉടമസ്ഥൻ. ഹാനിമാൻ ഈ സ്ഥാപനം 1834-ൽ സന്ദർശിച്ചു.
മുപ്പത്തിയഞ്ച് വയസ് പ്രായമുള്ള ചിത്രകാരിയായ Marie Melanie D' Hervilly Gohier നെ 1835 ജനുവരി പതിനെട്ടിന് വിവാഹം കഴിച്ചു. അപ്പോൾ ഹാനിമാന് പ്രായം എൺപത് വയസ് ആയിരുന്നു. കൂടെ താമസിച്ചുപോന്നിരുന്ന രണ്ടു പെൺമക്കളിൽ ഒരാൾ ഈ വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സ്വത്തുക്കൾ പെൺമക്കൾക്കും പേരകുട്ടികൾക്കും ക്രമപ്രകാരം വീതംവെച്ചു കൊടുത്തു. മെലാനിയുമായുണ്ടാക്കിയ കരാർ പ്രകാരം 1835 ജൂൺ പതിനാലിന് ഹാനിമാൻ പാരിസിലോട്ട് താമസം മാറ്റി.
പാരീസിൽ എത്തി ഒരു വർഷത്തിനകം തന്നെ പുതിയ രീതിയിൽ ഉള്ള മെഡിക്കൽ പ്രാക്ടീസ് തുടങ്ങാനുള്ള അനുമതി ഹാനിമാന് ലഭിച്ചു. ഒറ്റ മരുന്ന് നൽകുന്ന രീതി ഉപേക്ഷിച്ചു. നിരവധി തുള്ളി മരുന്നുകൾ ഒരേ സമയം നൽകുന്ന സമ്പ്രദായം അവലംബിച്ച് വരുമാനം വർദ്ധിപ്പിച്ചു. ചികിത്സയിൽ മെലാനി ഡി ഹെർവില്ലി മുഴുവൻ സമയ സഹായിയായി പ്രവർത്തിച്ചു.
1843 മാർച്ച് ഇരുപത്തിനാലിന് പിടിപ്പെട്ട ചുമയും ശ്വാസപ്രയാസവും വയറിളക്കവും ആറ് ആഴ്ചയോളം തുടർന്നു. 1843 July രണ്ടിന് വെളുപ്പിന് അഞ്ചുമണിക്ക് ഹാനിമാൻ അന്തരിച്ചു. മൃതദേഹം ഇരുപത് ദിവസം സൂക്ഷിക്കുന്നതിനുള്ള അനുമതിപത്രം മെലാനി ഡി ഹാർവില്ലി സംഘടിപ്പിച്ചിരുന്നു. ജൂലൈ പതിനൊന്നിന് Montmartre സെമിത്തേരിയിൽ ‘കലാകാരന്മാർക്കുള്ള കേന്ദ്രം’ എന്നറിയപ്പെടുന്ന മെലാനി ഡി ഹെർവില്ലിയുടെ അധീനതയിലുള്ള സ്ഥലത്ത് ഭാഗം 8-ൽ മറവുചെയ്തു.
ഹാനിമാൻറെ മകൾ അമിലി, അവരുടെ മകൻ Suss Leopold, ഹെർവില്ലിയുടെ വളർത്തച്ചൻറെ പേരക്കുട്ടിയും അപ്പോത്തിക്കിരിയുമായ Lethiere, സഹായികളായ ഏതാനുംപേരും മാത്രമാണ് ശവമഞ്ചത്തെ ഭാര്യയെ കൂടാതെ അനുഗമിച്ചത്. അൻപത്തിമൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1898 മെയ് ഇരുപത്തിനാലിന് പ്രശസ്തരെ മാത്രം അടക്കം ചെയ്തുപോരുന്ന Pere Lachaise സെമിത്തേരിയിലോട്ട് ഭൌതിക ശരീരം മാറ്റി. ഈ സന്ദർഭത്തിലും സാക്ഷിയാകാൻ Suss Leopold ന് ഭാഗ്യമുണ്ടായി. ശവ പേടകം പുറത്തെടുത്തപ്പോൾ മെലാനി ഡി ഹാർവില്ലിയുടെ മുടി കഴുത്തിൽ ചുറ്റിയ നിലയിൽ കാണപ്പെട്ടിരുന്നു.
സാമുവൽ ഹാനിമാനോടുള്ള ആദരസൂചകമായി 1851ൽ Leipzig ലും, 1855ൽ Koethen ലും അദ്ദേഹത്തിൻറെ പ്രതിമ സ്ഥാപിച്ചു. സാമുവൽ ഹാനിമാൻറെ ജന്മദിന (ഏപ്രിൽ 10) മാണ് ഓരോ വർഷവും “ലോക ഹോമിയോപ്പതിക് ദിനം” ആയി ആചരിച്ചുപോരുന്നത്.
ഡോ. സാമുവൽ ഹാനിമാൻ തൊണ്ണൂറിൽ അധികം കൃതികൾ തർജ്ജമ ചെയ്തിട്ടുണ്ട്. “Organon of the healing art” ആണ് മുഖ്യ കൃതി. Dr. Richard Haehl ആണ് ആറാമത്തെ “Organon of medicine” ൻറെ കയ്യെഴുത്ത് പ്രതി ഹാനിമാൻ കുടുംബത്തിൽ നിന്ന് വിലയ്ക്ക് വാങ്ങി 1921 ൽ പ്രസിദ്ധീകരിച്ചത്. Fragmenta de Viribus Medicamentorum Positivis, The Friend of health, The Effects of Coffee, Materia medica Pura, Chronic diseases, Hahnemann’s Therapeutic Hints എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങൾ.