സാന്റോ കൃഷ്ണൻ
ഒരു ഇന്ത്യൻ ചലച്ചിത്രനടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്നു സാന്റോ കൃഷ്ണൻ എന്ന കൃഷ്ണൻ നായർ (കണ്ണിയംപുറം കോണിക്കൽ കൃഷ്ണൻ നായർ). സമ്പൂർണ രാമായണത്തിൽ ഭക്ത ഹനുമാന്റെ വേഷം അവതരിപ്പിച്ചാണ് ഇദ്ദേഹം ഈ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, സിംഹള ഭാഷകളിലായി രണ്ടായിരത്തോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.[1] അറുപത് വർഷത്തോളം ഇദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചു. ചെട്ടിനാടുകാരുടെ ഉത്സവത്തിൽ പുതുകോട്ടൈ രാജാവ് നൽകിയ ബഹുമതിയിലൂടെയാണ് ഇദ്ദേഹം സാന്റോ കൃഷ്ണൻ എന്നറിയപ്പെട്ടത്.
1934-ലെ ബാലിസുഗ്രീവനായിരുന്നു ആദ്യ ചിത്രം. 1935 ൽ മഹാവീര ഭീമൻ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. എൻ.ടി.ആർ അഭിനയിച്ച സതി സുലോചന (തെലുങ്ക്), ലവകുശ (തമിഴ്/തെലുങ്ക്), ഭക്തവേവണ്ണ (കന്നഡ) എന്നിവയിൽ ഹനുമാന്റെ വേഷം അവതരിപ്പിച്ചു. ശ്രീരാമ പട്ടാഭിഷേകത്തിലും (മലയാളം) ഹനുമാന്റെ വേഷം അവതരിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ഒറ്റപ്പാലം സന്ദർശനത്തിൽ ജാതി വിവേചനത്തിനെതിരെ ആശയപ്രചരണം നടത്തിയതിന്റെ പേരിൽ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. അതേതുടർന്ന് ശീർകാഴി സത്യഗ്രഹത്തിലും ഉപ്പു സത്യഗ്രഹത്തിലും പങ്കെടുത്തു. പൊലീസ് മർദനവും ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.[2]
പുതിയ ആകാശം പുതിയ ഭൂമി മുതൽ മീശ മാധവൻ വരെ നിരവധി മലയാളചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഭാര്യ ദാക്ഷായണിയുടെ മരണത്തോടെ 1994-ൽ നാട്ടിൽ തിരിച്ചെത്തി സ്ഥിര താമസമാക്കി. നൊട്ടിയത്ത് കൊച്ചുകുട്ടിയമ്മയെ പിന്നീട് വിവാഹം കഴിച്ചു. താരസംഘടനയായ അമ്മയുടെ സംഭാവന കൊണ്ടാണ് ഇദ്ദേഹം അവസാനകാലത്ത് കഴിഞ്ഞിരുന്നത്. ലക്കിടിയിലെ മിത്രാനന്ദപുരത്ത് നൊട്ടിയത്തുവീട്ടിൽ വച്ച് 2013 ജൂലൈ 6-ന് ഉച്ചയ്ക്ക് അന്തരിച്ചു. 7-ന് പാമ്പാടി ശ്മശാനത്തിൽ സംസ്കരിച്ചു. സുകുമാരൻ ഏകമകൻ.
അവലംബം
തിരുത്തുക- ↑ സാന്റോ കൃഷ്ണൻ നിര്യാതനായി, Story Dated: Saturday, July 6, 2013 16:8 hrs IST
- ↑ മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, പേജ് 11, 2013 ജൂലൈ 5