ഫിൻലൻഡിലെ ലാപ്ലാൻഡ് പ്രദേശത്തുള്ള റൊവാനിമിയിൽ സ്ഥിതി ചെയ്യുന്ന ഒരു അമ്യൂസ്മെന്റ് പാർക്കാണ് സാന്താക്ലോസ് ഗ്രാമം (Santa Claus Village). റോവാനിമിയിൽ നിന്ന് ഏതാണ്ട് 8 കിലോമീറ്റർ‍ ദൂരം അകലെയായി ആർട്ടിക് വൃത്തത്തിനുള്ളിലായാണ് സാന്താക്ലോസ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സാന്താക്ലോസ് ഗ്രാമം
Arctic circle santa village.jpg
സാന്താക്ലോസിന്റെ കാര്യാലയം
Locationറൊവാനിമി, ഫിൻലൻഡ്
Coordinates66°32′36″N 25°50′51″E / 66.54333°N 25.84750°E / 66.54333; 25.84750
Opened1985

സാംസ്കാരിക പശ്ചാത്തലം

തിരുത്തുക

ലാപ്‌ലാൻഡ് പ്രദേശം, 'സാന്താക്ലോസിന്റെ ഉത്തര ധ്രുവത്തിലെ വീട്' എന്ന് പുരാവൃത്തപരമായ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിന്നിഷ് നാടോടിക്കഥകൾ പ്രകാരം ലാപ്‌ലാൻഡിലെ Korvatunturi മലമടക്കാണ് സാന്താക്ലോസിന്റെ വാസസ്ഥലം എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് റോവനേമിയെ സാന്തയുടെ ഭവനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി 'സാന്താക്ലോസ് ഗ്രാമം' പണികഴിപ്പിക്കുകയും ചെയ്തു.[1]

സാന്താക്ലോസ് ഗ്രാമത്തിലെ ആകർഷണങ്ങൾ

തിരുത്തുക
 
ആർട്ടിക് വൃത്തം സൂചിപ്പിക്കുന്ന രേഖ
  • ആർട്ടിക് വൃത്തം: സാന്താക്ലോസ് ഗ്രാമത്തിന്റെ പ്രധാന കവാടത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആർട്ടിക് വൃത്തത്തിന്റെ തുടക്കം സൂചിപ്പിച്ച് ‘620 32’ Welcome to Article Circle’ എന്നെഴുതിയ ഒരു വലിയ രേഖ തറയിൽ കാണാം.[2]
  • സാന്താക്ലോസിന്റെ ഓഫീസ്: ഈ ഗ്രാമത്തിലെ പ്രധാന കെട്ടിടത്തിനുള്ളിലാണ് സാന്താക്ലോസിന്റെ ഓഫീസ്. ഇവിടെ 'സാന്താക്ലോസ്' സന്ദർശകരെ സ്വീകരിക്കുന്നതിനും ക്രിസ്തുമസ് സന്ദേശം കൈമാറുന്നതിനും കാത്തിരിക്കുന്നു. പൂർണമായും തടിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടമാണിത്.[2] വളഞ്ഞു തിരിഞ്ഞു പോകുന്ന അരണ്ട വഴികളും ഇടയ്ക്കിടെ തിളക്കമുള്ള വൈദ്യുതവിളക്കുകളും വഴി നീളെ ഒട്ടേറെ സമ്മാന പൊതികളും നിറയുന്ന ഇടനാഴികൾ. അതിലൂടെ നടന്നു വലിയ തടികൊണ്ടുള്ള പടികൾ കയറി മുകളിലോട്ടു പോയാൽ സാന്റാക്ലോസ് ഓഫിസിലെത്താം. അവിടെ ചുവന്ന വസ്ത്രവും തൊപ്പിയും അരയിൽ ഒരു ബെൽറ്റും വലിയ ബൂട്ടുമിട്ട് ആറടിയിലേറെ പൊക്കവും നീളൻ താടിയും വലിയ വയറുമൊക്കെയായി സമ്മാനപ്പൊതികളുടെ ഇടയിൽ ഇരിക്കുന്ന സാന്റാക്ലോസിനെ കാണാം.[2] സന്ദർശകർക്ക് അദ്ദേഹത്തോടൊപ്പം അവിടെ അല്പം സമയം ചെലവഴിക്കാനും സംഭാഷണം നടത്തുവാനും ഉള്ള അവസരമുണ്ട്.
  • സാന്തയുടെ 'ഹൗസ് ഓഫ് സ്നോമൊബൈൽസ്' : സ്നോമൊബൈൽ, സ്കി-ഡൂ, മോട്ടോർ സ്ലെജ് എന്നൊക്കെ അറിയപ്പെടുന്ന ഹിമപാളികളിൽ കൂടി ഓടിക്കാവുന്ന ധ്രുവപ്രദേശവാഹനത്തിന്റെ ചരിത്രവും പരിണാമവും വിശദമാക്കുന്ന പ്രദർശനാലയമാണിത്.
  • സാന്താക്ലോസ് പോസ്റ്റ് ഓഫീസ്: ഇവിടെ നിന്നു സാന്താക്ലോസിന്റെ പേരിൽ എല്ലാ സമയത്തും ലോകത്തിലെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും ക്രിസ്മസ് കാർഡുകളും സമ്മാനങ്ങളും അയക്കാം. സാന്താക്ലോസിന്റെയും ആർട്ടിക് വൃത്തത്തിന്റെയും പ്രത്യേകതകൾ വ്യക്തമാക്കുന്ന മനോഹരമായ സ്‌റ്റാംപും സീലുമാണ് ഇവിടെ നിന്ന് അയയ്ക്കുന്ന ക്രിസ്മസ് കാർഡുകളിൽ ഉണ്ടാകുക.[2] കാർഡുകൾ പോസ്റ്റു ചെയ്യാൻ രണ്ട് തപാൽ പെട്ടികളും ഇവിടെ കാണാം, അതിൽ ഒരു പെട്ടിയിൽ പോസ്‌റ്റ് ചെയ്യുന്ന കത്തുകളും സമ്മാനങ്ങളും സാധാരണ രീതിയിൽ അയക്കുന്നതുപോലെ ക്രിസ്മസ് സമയത്ത് ആ മേൽവിലാസത്തിൽ ലഭിക്കും. എന്നാൽ മറ്റേ തപാൽപെട്ടിയിൽ ഇടുന്നവ ഉടനടി മേൽവിലാസക്കാരന് എത്തിക്കും.[2]
  • നോർത്തേൺ ലൈറ്റ്സ്: നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ബോറാലിസ് (ധ്രുവദീപ്തി) എന്നത് ധ്രുവപ്രദേശങ്ങളിൽ കാണാവുന്ന ദീപ്തിപ്രസരമാണ്. സാന്താക്ലോസ് ഗ്രാമത്തിന് സമീപമുള്ള Arctic Garden-നും Ounasvaara മലമടക്കുകളുടെ മുകൾ ഭാഗവും ധ്രുവദീപ്തി വീക്ഷിക്കാൻ പറ്റിയ മികച്ച ഇടങ്ങളാണ്. ഓഗസ്റ്റ് മധ്യം മുതൽ ഏപ്രിൽ ആദ്യം വരെയുള്ള 150 രാത്രികളിലാണ് ഇവിടെ ഈ പ്രതിഭാസം കാണാനാവുക.

അവലംബങ്ങൾ

തിരുത്തുക
  1. Geiling, Natasha (24 ഡിസംബർ 2014). "Where Does Santa Live? The North Pole Isn't Always the Answer". smithsonianmag.com. Retrieved 11 ജൂൺ 2022.
  2. 2.0 2.1 2.2 2.3 2.4 "സാന്റാക്ലോസിന്റെ വീട്ടിൽ". vanitha.in. 24 ഡിസംബർ 2020. Retrieved 11 ജൂൺ 2022.
"https://ml.wikipedia.org/w/index.php?title=സാന്താക്ലോസ്_ഗ്രാമം&oldid=3748089" എന്ന താളിൽനിന്ന് ശേഖരിച്ചത്