സപ്തതാളങ്ങൾ

(സപ്തതാള അലങ്കാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതത്തിൽ സപ്തതാളങ്ങൾ എന്നറിയപ്പെടുന്ന ഏഴ്‌ അടിസ്ഥാന താളങ്ങളാണുള്ളത്‌. സപ്തതാളങ്ങൾ താഴെപ്പറയുന്നവയാണ്‌.

  1. ധ്രുവതാളം
  2. മഠ്യതാളം
  3. ഝംപതാളം
  4. ത്രിപുടതാളം
  5. അടതാളം
  6. രൂപകതാളം
  7. ഏകതാളം

അംഗങ്ങൾ

തിരുത്തുക

താളത്തിന്റെ ഒരു ഭാഗം (unit) ആണ്‌ അംഗം. വിവിധ അംഗങ്ങൾ ചേർന്നാണ്‌ ഒരു താളം രൂപപ്പെടുന്നത്‌. ഷഡംഗങ്ങൾ എന്നു വിളിക്കപ്പെടുന്ന 6 അംഗങ്ങൾ ആണ്‌ പ്രധാനമായും കർണ്ണാടക സംഗീതത്തിൽ ഉള്ളതെങ്കിലും ആദ്യ 3 അംഗങ്ങൾ മാത്രമേ സപ്തതാളങ്ങളിൽ ഉപയോഗിക്കുന്നുള്ളൂ.

അംഗങ്ങളുടെ പേർ സംജ്ഞ അക്ഷരകാലം മാത്രകൾ
അനുദ്രുതം U 1 1/4
ദ്രുതം O 2 1/2
ലഘു | 3,4,5,7,9 1
ഗുരു 8 8 2
പ്ലുതം 8| 12 3
കാകപാദം + 16 4

(ശ്രീ മുത്തയ്യാ ഭാഗവതരുടെ സംഗീതലക്ഷണ സാഗരത്തിൽ ഷഡംഗങ്ങൾക്കു പുറമേ ദ്രുതശേഖരം എന്ന ഒരംഗം കൂടി ചേർത്തു 'സപ്താംഗചക്രം' എന്ന ഒരു രീതി പ്രതിപാദിച്ചിട്ടുണ്ട്‌)

ഓരോ താളത്തിന്റെയും അംഗങ്ങൾ താഴെപ്പറയും വിധമാണ്‌.

താളത്തിന്റെ പേര്‌ അംഗങ്ങൾ
ധ്രുവതാളം | O | | (ലഘു,ദ്രുതം, ലഘു, ലഘു)
മഠ്യതാളം | O | (ലഘു, ദ്രുതം, ലഘു)
ഝംപതാളം | U O (ലഘു,അനുദ്രുതം,ദ്രുതം)
ത്രിപുട താളം | O O (ലഘു, ദ്രുതം, ദ്രുതം)
അടതാളം | | O O (ലഘു,ലഘു,ദ്രുതം,ദ്രുതം)
രൂപക താളം O | (ദ്രുതം, ലഘു)
ഏകതാളം | (ലഘു)

താളങ്ങളിൽ ലഘുവിന്‌ എത്ര അക്ഷരകാലങ്ങളാണുള്ളത്‌ എന്നു നിർണ്ണയിക്കുന്നത്‌ ജാതികളാണ്‌. തിസ്രം(3), ചതുരശ്രം(4), മിസ്രം(7), ഖണ്ഡം(5) സങ്കീർണ്ണം(9) എന്നിങ്ങനെ അഞ്ചു ജാതികളാണ്‌ കർണ്ണാടക സംഗീതത്തിൽ ഉള്ളത്‌.


തിസ്രത്തിന്‌ 3 അക്ഷരകാലവും, ചതുരശ്രത്തിന്‌ 4 അക്ഷരകാലവുമാണുള്ളത്‌. തിസ്രവും, ചതുരശ്രവും ചേർന്ന്‌ മിശ്രവും (7 അക്ഷരകാലം), മിശ്രവും, തിശ്രവും ചേർന്നതിനെ രണ്ടായി ഖണ്ഡിച്ചത്‌ (5 അക്ഷരകാലം) ഖണ്ഡവും, ചതുരശ്രവും, ഖണ്ഡവും ചേർന്നത്‌ (9 അക്ഷരകാലം) സങ്കീർണ്ണവുമാണ്‌. ജാതികൾ താളങ്ങളിലെ ലഘുവിന്റെ അക്ഷരകാലങ്ങൾക്ക് മാറ്റം വരുത്തുന്നതിനാൽ ഓരോജാതിയിലും താളങ്ങളുടെ മൊത്തം അക്ഷരകാലങ്ങൾക്ക്‌ വ്യത്യാസം വരും


ഉദാഹരണത്തിന്‌ ധ്രുവതാളത്തിന്റെ അംഗങ്ങൾ എല്ലാ ജാതിയിലും |O|| (ലഘു, ദ്രുതം, ലഘു, ലഘു) എന്നിവയാണെങ്കിലും ഓരോ ജാതികൾക്കും അനുസരിച്ച് താളങ്ങളുടെ മൊത്തം അക്ഷരകാലങ്ങൾക്ക് വ്യത്യാസം സംഭവിക്കും. ദ്രുതത്തിന് എല്ലാ ജാതികളിലും രണ്ട് അക്ഷര കാലമാണുള്ളത്‌. എന്നാൽ ലഘുവിന്റെ അക്ഷരകാലങ്ങൾ താഴെക്കാണും വിധം വ്യത്യാസപ്പെട്ടിരിക്കും.


തിശ്രജാതി ധ്രുവതാളം |O|| - 3+2+3+3 = 11 അക്ഷരകാലങ്ങൾ

ചതുരശ്രജാതി ധ്രുവതാളം |O|| - 4+2+4+4 = 14 അക്ഷരകാലങ്ങൾ

മിശ്രജാതി ധ്രുവതാളം - |O|| - 7+2+7+7 = 23 അക്ഷരകാലങ്ങൾ

ഖണ്ഡജാതി ധ്രുവതാളം - |O|| - 5+2+5+5+ = 17 അക്ഷരകാലങ്ങൾ

സങ്കീർണ്ണജാതി ധ്രുവതാളം - |O|| - 9+2+9+9 = 29 അക്ഷരകാലങ്ങൾ


ഇങ്ങനെ ഏഴു താളങ്ങൾക്കും തിസ്രം(3), ചതുരശ്രം(4), മിസ്രം(7), ഖണ്ഡം(5) സങ്കീർണ്ണം(9) എന്നിങ്ങനെ അയ്യഞ്ചു വകഭേദങ്ങളടക്കം 35 താളവിധങ്ങളുണ്ട്‌.


സപ്ത താളങ്ങളും, അവയുടെ വിഭാഗങ്ങളും, അക്ഷരകാലങ്ങളും

തിരുത്തുക
താളത്തിന്റെ പേര്‌ അംഗം തിസ്രം ചതുരശ്രം മിശ്രം ഖണ്ഡം സങ്കീർണ്ണം‍
ധ്രുവതാളം | O | | (ലഘു,ദ്രുതം, ലഘു, ലഘു) 11 14 23 17 29
മഠ്യതാളം | O | (ലഘു, ദ്രുതം, ലഘു) 8 10 16 12 20
ഝംപതാളം | U O (ലഘു,അനുദ്രുതം,ദ്രുതം) 6 7 10 8 12
ത്രിപുട താളം | O O (ലഘു, ദ്രുതം, ദ്രുതം) 7 8 11 9 13
അടതാളം | | O O (ലഘു,ലഘു,ദ്രുതം,ദ്രുതം) 10 12 18 14 22
രൂപക താളം O | (ദ്രുതം, ലഘു) 5 6 9 7 11
ഏകതാളം | (ലഘു) 3 4 7 5 9


സപ്ത താളങ്ങളിൽ ധ്രുവം, മഠ്യം, രൂപകം, ഏകം എന്നീ താളങ്ങൾ ചതുരശ്ര ജാതിയിലുള്ളവയാണ്. ത്രിപുടതാളം തിശ്രജാതിയിലും, ഝംപതാളം മിശ്രജാതിയിലും, അടതാളം ഖണ്ഡജാതിയിലും പെടുന്നു. അതായത് രൂപകതാളം എന്നു മാത്രം പറഞ്ഞാൽ അത്‌ ചതുരശ്രജാതി രൂപകതാളവും, ത്രിപുടതാളം എന്നു പറയുന്നത് തിശ്രജാതി ത്രിപുടതാളത്തെയും സൂചിപ്പിക്കുന്നു.

കർണ്ണാടക സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന താളമാണ് ചതുരശ്രജാതി ത്രിപുടതാളം. ഈ താളം ആദിതാളം എന്നാണ് അറിയപ്പെടുന്നത്. കർണ്ണാടക സംഗീതത്തിൽ ആദ്യം പഠിച്ചുതുടങ്ങുന്ന താളം എന്ന അർത്ഥത്തിലാണ് ഇതിന് ആദിതാളം എന്ന പേരുവന്നത്.

"https://ml.wikipedia.org/w/index.php?title=സപ്തതാളങ്ങൾ&oldid=3992262" എന്ന താളിൽനിന്ന് ശേഖരിച്ചത്