ഹൈന്ദവ ധർമ്മത്തിലെ ബ്രാഹ്മണർ അനുഷ്ഠിച്ചുപോന്ന ഒരു ഈശ്വരാരാധനാവിധിയാണ് സന്ധ്യാവന്ദനം .

സന്ധ്യാ സമയത്താണ് ഇത് അനുഷ്ഠിക്കുന്നത് . ജപം , ആചമനം , തർപ്പണം എന്നിവ ഓരോന്നായോ ഒരുമിച്ചായോ ചെയ്തു ഇത് പൂർത്തീകരിക്കുന്നു . വ്യത്യസ്ത സ്ഥലങ്ങളിലും ഗോത്രങ്ങളിലുമായി അസംഖ്യം രീതികളിൽ ഇത് ചെയ്യുന്നുണ്ട് . പ്രഭാതസന്ധ്യ , പ്രദോഷ സന്ധ്യ ഇങ്ങനെ രണ്ടു സന്ധ്യകളിലായി ചെയ്യുന്നതാണ് സാമാന്യ രീതി . എന്നാൽ വാസിഷ്ഠം , വിഷ്ണു ഗോത്രങ്ങളിലും ഗണായന മതങ്ങളിലും ചില അവാന്തര ഗോത്രങ്ങളിലും ത്രിസന്ധ്യകളിലും ഇത് ചെയ്യുന്ന രീതിയുണ്ട് . ഉച്ചയ്ക്കുള്ള അഭിജിത്ത് മുഹൂർത്തത്തിലെ മധ്യഭാഗത്തുള്ള രണ്ടു വിനാഴികകളെ മദ്ധ്യാഹ്ന സന്ധ്യ എന്ന് കണക്കാക്കുന്നു . അതും കൂടി ചേർത്താണ് ത്രിസന്ധ്യയായി ഉപാസിക്കുന്നത് . ഈ മൂന്നു സന്ധ്യകളിലും വിധിപ്രകാരം ജപം ആചമനം തർപ്പണം എന്നിവ നടത്താറുണ്ട് .

ത്രിസന്ധ്യകൾ

തിരുത്തുക

പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതിനു ഏകദേശം അഞ്ചു നാഴിക മുൻപുള്ള സമയത്തു ബ്രാഹ്മം എന്ന ഒരു മുഹൂർത്തമുണ്ട് . ആ സമയം മുതൽ സൂര്യൻ ഉദിക്കുന്നതും ഉദയശേഷവുമുള്ള ഒരു നാഴികയും ചേർന്ന ആറു നാഴികയാണ് പ്രഭാത സന്ധ്യ .

ഉച്ചയ്ക്ക് സൂര്യൻ തലയ്ക്കു മുകളിൽ വരുന്ന സമയമാണ് അഭിജിത്ത് മുഹൂർത്തം . ഈ സമയത്തെ വൈഷ്ണവ മുഹൂർത്തം എന്ന് പറയുന്നു . ഈ വൈഷ്ണവ മുഹൂർത്തത്തിലെ കൃത്യം മധ്യ ഭാഗത്തായി വരുന്ന ആറു നാഴികകൾ ആണ് മധ്യാഹ്‌ന സന്ധ്യ

സൂര്യന്റെ അസ്തമയത്തിനു തൊട്ടു മുൻപുള്ള അഞ്ചു നാഴികയാണ് രുദ്രമുഹൂർത്തം . സൂര്യന്റെ അസ്തമയ വേളയിലെ 5 നാഴിക മുൻപും അസ്തമയ ശേഷമുള്ള ഒരു നാഴികയും ചേർന്ന ആറു നാഴികയെ പ്രദോഷസന്ധ്യ എന്ന് പറയുന്നു .

പൂർവ്വ സന്ധ്യ അഥവാ പ്രഭാത സന്ധ്യയിൽ സൂര്യദര്ശനം വരെ നിന്നുകൊണ്ട് ഗായത്രി ജപിക്കേണ്ടതാണ് . സായം സന്ധ്യയിൽ അഥവാ പ്രദോഷ സന്ധ്യയിൽ ശെരിയായി നക്ഷത്രങ്ങളെ കാണുന്നത് വരെ ഇരുന്നുകൊണ്ട് ഗായത്രി ജപിക്കണം . [ മനുസ്മൃതി , അദ്ധ്യായം 2 , ശ്ലോകം 101 ]

പൂർവ്വാം സന്ധ്യാം ജപംസ്തിഷ്ഠേത് സാവിത്രീമാർക്കദർശനാത്

പശ്ചിമാം തു സമാസീന സമ്യഗ് ഋക്ഷവിഭാവനാത്. [ മനുസ്മൃതി , അദ്ധ്യായം 2 , ശ്ലോകം 101 ]

ഏതൊരുവൻ പൂർവ്വ സന്ധ്യയിലും പശ്ചിമ സന്ധ്യയിലും വേണ്ട അനുഷ്ഠാനങ്ങൾ ചെയ്യുന്നില്ലയോ ആ ബ്രാഹ്മണൻ സകല ദ്വിജകർമ്മങ്ങളിൽ നിന്നും ബഹിഷ്കൃതനായി ശൂദ്രത്വം പ്രാപിക്കുമെന്നു[1]പറയുന്നു .

NB: ഒരു നാഴിക = 24 മിനിറ്റ്

  1. മനുസ്മൃതി അദ്ധ്യായം 2 ,ശ്ലോകം 103
"https://ml.wikipedia.org/w/index.php?title=സന്ധ്യാവന്ദനം&oldid=3415676" എന്ന താളിൽനിന്ന് ശേഖരിച്ചത്