ആന തിരുത്തുക

ആനയുടെ മദപ്പാട്...

കേരളത്തിൽ എവിടെയെങ്കിലും ആനയിടഞ്ഞാൽ പൊതുവെ ആളുകൾ പറയുന്ന വാക്കാണ് ആനക്ക് മദമിളകി എന്ന്, എന്നാൽ എന്താണ് ആനയുടെ മദപ്പാട് എന്ന് നോക്കാം...

ആദ്യം തന്നെ പറയട്ടെ ആനകളുടെ മദപ്പാട് ഉണ്ടാകാൻ കാരണം എന്താണ് എന്ന് ലോകത്ത് ഇന്നുവരെ ഒരാൾക്കും ഒരു ശാസ്ത്രത്തിനും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ഇതിൽ ഞാൻ പറയുന്നത് ഏഷ്യൻ ആനകളെ പറ്റിയാണ്.. ആൺ ആനകളിൽ ആണ് പൊതുവെ മദപ്പാട് ഉണ്ടാകുക, അപൂർവ്വം ചില പെണ്ണാനകളിലും മദപ്പാട് ഉണ്ടാകുന്നു പെണ്ണാനകൾക്ക് പൊതുവെ മൊട ആണ് ഉണ്ടാകുന്നത്. മദപ്പാട് ഒരു രോഗം ആണോ എന്ന് സംശയിക്കുന്നവരും ഉണ്ട് എന്നാൽ മദപ്പാട് ഒരു രോഗമല്ല മറിച്ച് പൂർണ്ണ ആരോഗ്യവാൻ ആയ ഒരു ആനക്ക് വർഷാ വർഷം ഉണ്ടാകുന്ന ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് മദം, സ്ത്രീകളിൽ എല്ലാ മാസവും ഉണ്ടാകുന്ന ആർത്തവം പോലെ എല്ലാ വർഷവും കൃത്യമായി ഒരു സമയത്ത് ആനക്ക് മദപ്പാട് ഉണ്ടാകുന്നു, ഉദാഹരണം ജനുവരി ഒന്നിന് മദം ഒലിക്കാൻ തുടങ്ങുന്ന ആന ആണ് എങ്കിൽ കാലാവസ്ഥ വ്യതിയാനം കാരണം പരമാവധി ഒരു 20 ദിവസം വരെ നേരത്തെയോ അല്ലെങ്കിൽ 20 ദിവസം വരെ താമസിച്ചോ ആനക്ക് മദക്കോള് തുടങ്ങാം. മദപ്പാട് എല്ലാ വർഷവും കൃത്യമായി ഉണ്ടാകുന്നില്ല എങ്കിൽ അതിനർത്ഥം ആനക്ക് ആരോഗ്യ പ്രശ്നങ്ങളോ, മാനസിക സംഘർഷങ്ങളോ, മുറിവുകളോ മറ്റു ആനക്ക് ദോഷകരമായ കാരണങ്ങളോ ഉണ്ട് എന്നത് തന്നെ ആണ്. ചില ഉടമകളും പാപ്പാന്മാരും നാട്ടാനകളുടെ മദപ്പാട് നിയന്ത്രിക്കാൻ ആനക്ക് മദപ്പാട് തുടങ്ങുന്നതിനു കുറച്ചു നാൾ ആനക്ക് ഭക്ഷണവും വെള്ളവും കുറച്ചു ആനകളെ ഒന്ന് വാട്ടി എടുക്കാൻ അഥവാ ഷീണിപ്പിച്ചു എടുക്കാൻ നോക്കും, എങ്കിലും പൂർണ്ണ ആരോഗ്യവാൻ ആയ ആന ആണ് എങ്കിൽ ഒരു 20 ദിവസത്തിൽ കൂടുതൽ വത്യാസം വരുത്താൻ കഴിയില്ല. കാട്ടാനകൾക്കും നാട്ടാനകൾക്കും ഒരുപോലെ മദപ്പാട് ഉണ്ടാകും, അത് മാത്രമല്ല ആനയുടെ മദത്തിനെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട തെറ്റിദ്ധാരണ ആണ് ആനയുടെ മദപ്പാട് ഇണചേരൽ കാലം ആണ് എന്നത്, ഇത് 100% തെറ്റാണ് കാരണം ആനക്ക് മദപ്പാട് ഉണ്ടാകുന്നത് ഇണ ചേരൽ ആയി ബന്ധപ്പെട്ടത് അല്ല, അതിനു ഒരുപാട് ഉദാഹരണം ഉണ്ട് അതിലൊന്ന് മദക്കാലത് കൊമ്പനാനകൾ പിടിയാനകളെ കൊന്ന ചരിത്രം ഒരുപാട് ഉണ്ട്. എന്നാൽ മദപ്പാട് ആനക്ക് ഇണ ചേരാൻ പറ്റിയ സമയം ആണ് ഇത് സത്യമാണ് കാരണം മദപ്പാട് സമയത്ത് ആനയുടെ ശരീരത്തിൽ ടെസ്റ്റോസിറോൺ എന്ന ഹോർമോൺ സാധാരണയിലും 60% കൂടുതൽ ആയി ഉൽപ്പാതിക്കപ്പെടുന്നു ഇതിലൂടെ ആനക്ക് ലൈംഗികമായും ശരീരികമാകും മാനസികമായും ഉത്തേജനം കൂടുന്നു അതിനാൽ ഈ സമയത്ത് ആനകൾ ഇണചേർന്നാൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ് അതും നല്ല ആരോഗ്യമുള്ള കുട്ടികൾ. മദപ്പാട് കാലത്ത് ശരീരികമായും മാനസികമായും ഉത്തേജനം കൂടുതലാണ് അതിനാൽ ഈ സമയത്ത് ആനകൾ കൂടുതൽ അപകടകാരികൾ ആകുന്നു, നാട്ടാനകൾ ആണെങ്കിൽ സ്വന്തം പാപ്പാനെ പോലും മറന്ന് എപ്പോളും അക്രമ സ്വഭാവം കാണിക്കുന്നു. എന്നാൽ മദപ്പാടിൽ ശാന്തനായ ആനകളും ഉണ്ട്. ആഫ്രിക്കൻ ആനകളിൽ പിടിയാനകളിലും മദപ്പാട് ഉണ്ടാകുന്നു എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഏഷ്യൻ ആനകളിൽ പിടിയാനകൾക്ക് അപൂർവ്വമായി മാത്രമാണ് ഇത് കാണപ്പെടുന്നത്, പിടിയാനകൾക്ക് പൊതുവെ മൊട ആണ് ഉണ്ടാകുന്നത് അതിനാൽ പിടിയാനകൾക്ക് വാശി പൊതുവെ കൂടുതൽ ആയിരിക്കും. ചില ആനകൾക്ക് വർഷത്തിൽ രണ്ടു തവണ മദപ്പാട് ഉണ്ടാകുന്നു അത് ആനയുടെ ആരോഗ്യം കാലാവസ്ഥ ഒക്കെ കണക്കിലെടുത്താണ്, അതിൽ അപൂർവ്വം ആനകൾക്ക് മാത്രമേ നന്നായി മദജലം ഒലിക്കൂ, അല്ലാത്ത ആനകൾക്ക് ചെറുതായ് കന്നക്കുഴി നനയും എന്ന് മാത്രമേ ഒള്ളു, അതോടൊപ്പം വർഷത്തിൽ ആദ്യത്തെ മദപ്പാടിൽ മദജലം പൂർണ്ണമായും ഒലിച്ചു പോയില്ല എങ്കിൽ അത് ഈ സമയത്ത് ഒലിച്ചു പോകും, രണ്ടു മദപ്പാട് ഉള്ള ആനകൾക്ക് രണ്ടാമത് ഉണ്ടാകുന്ന മദപ്പാടിന് ഇടക്കോൾ എന്നാണ് പറയുന്നത്, ഇത് കാരണം ആണ് നാട്ടാനകൾ ചില സമയത്ത് എഴുന്നള്ളിച്ചു നിൽകുമ്പോൾ പോലും ചെറുതായി മദം ഒലിക്കുന്നത് കാണുന്നത്. ആനക്ക് മദപ്പാട് വരാതെ ഇരിക്കുകയോ, ഇടക്ക് വച്ചു എന്തെങ്കിലും കാരണത്താൽ ഒലിവ് നിൽക്കുകയോ, മദം പൂർണ്ണമായും ഒലിക്കാതെ ഇരിക്കുകയോ ചെയ്താൽ അത് ആനയുടെ ആരോഗ്യത്തിന് ദോഷം തന്നെയാണ്, അത് മാത്രമല്ല ആനയുടെ സ്വഭാവത്തിലും മാറ്റം വരാം കൂടുതൽ അക്രമകാരികൾ ആകാനും സാധ്യത ഉണ്ട്. നാട്ടാനയാണ് എങ്കിൽ മദപ്പാട് തുടങ്ങുന്നതിനു മുൻപ് തന്നെ ആനയെ കെട്ടി ഉറപ്പിക്കും, ആനക്ക് ഒലിവ് തുടങ്ങിയാൽ കൃത്യമായി ആനയുടെ ചങ്ങല ഇളക്കിയിടുകയും ഇടയ്ക്കിടെ ചങ്ങല മാറി കെട്ടുകയും വേണം കാരണം ആനയുടെ ശരീരത്തിൽ ചെറിയ ഒരു മുറിവ് ഉണ്ടായാൽ പോലും ആനക്ക് ഒന്ന് പനിക്കും അതോടെ ഒലിവ് നില്കും, അതിനാൽ ആനയെ ആ സമയത്ത് ഒരു തരത്തിലും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പാടില്ല. കാട്ടാന ആണെങ്കിൽ മദപ്പാടിൽ എന്തെങ്കിലും മുറിവുകളോ പരിക്കുകളോ ഉണ്ടായാലും ഒലിവ് നിൽക്കും, കൃത്യമായി ഒലിക്കാതെ ഇരുന്നാൽ അത് ആനയുടെ ആരോഗ്യത്തിന് ദോഷം തന്നെ ആണ്. മദപ്പാടിന് ആനയുടെ പ്രായം ഒരു പ്രശ്നം അല്ല, ആരോഗ്യം ഉണ്ട് എങ്കിൽ വയസ്സായാലും ഒലിക്കും, എന്നാൽ ആനയുടെ പ്രായം ആരോഗ്യം അതിനനുസരിച്ചു മദജലത്തിന്റെ ഗന്ധത്തിൽ വെത്യാസം വരും. ആനക്ക് മയക്കുവെടിയേറ്റാൽ ആനക്ക് മദം ഒലിക്കാനും അത് കൃത്യമായി ഒലിക്കാനും ബുദ്ധിമുട്ടാണ്, ഒരുപക്ഷേ മൂന്നോ നാലോ വർഷം വരെ ആനക്ക് ഒലിക്കാതെ ഇരിക്കാം പിന്നെ ഒലിച്ചു തുടങ്ങിയാലും അത് കൃത്യമായി കിട്ടാൻ ബുദ്ധിമുട്ടാണ് ഈ കാരണങ്ങൾ കൊണ്ട് തന്നെ ആനക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, ആനയുടെ മനസ്സും ശരീരവും അതിന്റെ പൂർണ്ണ ആരോഗ്യത്തിൽ എത്തിയാൽ മാത്രമേ ആനയുടെ മദക്കാലം കൃത്യമാവു. ഇനി മദപ്പാട് എങ്ങിനെ എന്ന് നോക്കാം... ആനയുടെ ഇരുവശത്തും കണ്ണിനും ചെവിക്കും ഇടയിൽ ഉള്ള രണ്ടു ധ്വാരങ്ങൾ ആണ് കന്നം അഥവാ കന്നക്കുഴി. ആൺ ആനകളുടെ ലൈംഗിക അവയവത്തിന് കണ എന്നും, പെൺ ആനകളുടെ ലൈംഗിക അവയവത്തിന് ഈറ്റം എന്നും പറയുന്നു. കോൾ, നീര്, മദപ്പാട് മദമിളകുക, മദം പൊട്ടുക, ഒലിവ്, ഇടക്കോൾ, വറ്റി നീര്, ബാല മൊട ഇതെല്ലാം കേരളത്തിൽ പൊതുവെ ആനകളുടെ മദപ്പാടിനെ പറ്റി പറയുന്ന വാക്കുകൾ ആണ്. കൗമാര പ്രായത്തിലേക്ക് കടക്കുന്ന ആനകൾക്ക് ആണ് ബാലമൊട ഉണ്ടാകുന്നത്, ഈ സമയത്ത് ആനക്ക് കന്നക്കുഴിയിൽ (കണ്ണിനും ചെവിക്കും ഇടയിൽ ഉള്ള ദ്വാരം) ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുന്നു, ആന ഏറ്റവും കൂടുതൽ അപകടകാരി ആകുന്ന സമയം ആണ് കുട്ടിയാനകളിൽ ഉണ്ടാകുന്ന ബാലമൊട. ആനക്കുട്ടികളിൽ ഉണ്ടാകുന്ന ബാലമൊട മൂന്നു ഘട്ടങ്ങളിൽ ആയി തരാം തിരിക്കാം.. ഒന്നാം ഘട്ടം 10 വയസ്സിനു ശേഷവും, രണ്ടാം ഘട്ടം 15 വയസ്സിനു ശേഷവും, മൂന്നാം ഘട്ടം 22 വയസ്സിനു ശേഷവും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, ഈ പറഞ്ഞതിൽ ആനക്കുട്ടിയുടെ ആരോഗ്യം, കാലാവസ്ഥ ഇതെല്ലാം അനുസരിച്ചു വ്യത്യാസം വരാം. ഏകദേശം ഈ പ്രായങ്ങളിൽ ആണ് ബാലമൊട മൂന്ന് ഘട്ടങ്ങളിൽ ആയി ഉണ്ടാകുക. ഇതിൽ രണ്ടാം ഘട്ടത്തിൽ ആനയുടെ കന്നക്കുഴി അഥവാ കണ്ണിനും ചെവിക്കും ഇടയിൽ ഉള്ള ചെറിയ ധ്വാരം അവിടെ തടിക്കുകയും, ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുകയും, ആൺ ആനയുടെ കണപ്പാട് അഥവാ ലൈംഗിക അവയവം അവിടെ തടിക്കുകയും കണ നിലത്തു കുത്തുന്ന തരത്തിൽ പുറത്തേക്ക് ഇറക്കുകയും ചെയ്യും. രണ്ടാം ഘട്ട ബാലമൊടയിൽ ആണ് ആന ഏറ്റവും അക്രമകാരികൾ ആകുക. ബാലമൊടയുടെ മൂന്നാം ഘട്ടത്തിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ ആനയുടെ കന്നക്കുഴി ചെറുതായ് നനഞ്ഞു തുടങ്ങുന്നു. മൂന്ന് ബാല മൊടകൾക്ക് ശേഷമാണ് സാധാരണയായി മദപ്പാട് തുടങ്ങുക. ഈ സമയത്ത് ആനകളുടെ ശരീരത്തിൽ ടെസ്റ്റോ സിറോൺ എന്ന ഹോർമോൺ സാധാരണയിലും 60 ഇരട്ടി കൂടുതൽ ആയി ഉണ്ടാകുന്നു അതുകൊണ്ട് തന്നെ മദപ്പാട് സമയത്ത് ആനകൾക്ക് ശരീരികമായും, മാനസികമായും, ലൈംഗികമായും ഉത്തേജനം കൂടുതൽ ആണ്, ഈ സമയത്ത് ഇണ ചേരുന്ന ആനകൾക്ക് ആരോഗ്യം ഉള്ള കുട്ടികൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. ബാലമൊടകൾക്ക് ശേഷമാണ് മദപ്പാട് തുടങ്ങുന്നത്, ആദ്യം ചെറുതായ് കന്നം നനഞ്ഞു ഒഴുകുന്നത് കാണാം അങ്ങനെ മൂന്നോ നാലോ വർഷം കൊണ്ട് ആന നല്ല ഒലിവിൽ എത്തും. ആന മദപ്പാടിൽ നിൽക്കുന്നത് ചിലപ്പോൾ മാസങ്ങൾ നീണ്ടു പോയേക്കാം ആനയുടെ പ്രായം ആരോഗ്യം ഇവ ഒക്കെ കണക്കിലെടുത്തു മാസങ്ങൾ ഒലിവിൽ നിൽക്കും, ഗുരുവായൂർ നന്ദൻ അത്തരത്തിൽ ഒരാനയാണ് നന്ദൻ 8 മാസത്തിൽ കൂടുതലാണ് മദപ്പാടിൽ നിൽക്കുക. മദപ്പാട് നമുക്ക് മൂന്നായി തരാം തിരിക്കാം.. കോൾ, മദക്കാലം, വറ്റിനീര് എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ആണ് മദപ്പാടിന്. മദപ്പാടിന്റെ തുടക്കം ആണ് കോൾ, ഈ സമയത്ത് ആനയുടെ കന്നക്കുഴിയിൽ ആനക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നു അതിനാൽ ആന കൂർത്ത കമ്പ് കൊണ്ടു കന്നം ചൊറിയാൻ ശ്രമിക്കും, തുടർന്നു കന്നം ചെറുതായി തടിക്കാൻ തുടങ്ങും, അതോടൊപ്പം ആനയുടെ ലൈംഗിക അവയവം ആയ കണ പൂർണ്ണമായും ആന വെളിയിലേക്ക് ഇറക്കും കണപ്പാടിൽ തടിപ്പ് നന്നായി കാണാൻ പറ്റും, മദപ്പാടിന്റെ ആരംഭത്തിൽ ആന കണ പൂർണ്ണമായും ഇറക്കി നിലത്തു കുത്തും, അതോടൊപ്പം ആനയുടെ ശരീരം മൊത്തത്തിൽ നന്നാവുകയും ആന ആക്രമണ മനോഭാവം കാണിക്കുകയും ചെയ്യും, ഇനി രണ്ടാമത്തെ കാലം ആണ് മദക്കാലം... കോൾ തുടങ്ങി ദിവസങ്ങൾക്കകം ആനയുടെ കന്നക്കുഴി ചെറുതായി നനഞ്ഞു തുടങ്ങും ഇതോടെ ആനക്ക് മൂത്ര വാർച്ചയും തുടങ്ങും (കണ ഇറക്കാതെ എപ്പോളും മൂത്രം ഒഴിക്കും), പിന്നീട് രണ്ടു സൈഡിലെ മദഗ്രന്ഥികളിൽ നിന്നും മദജലം നന്നായി ഒലിക്കാൻ തുടങ്ങും, ആനയുടെ പ്രായം ആരോഗ്യം കണക്കിലെടുത്തു മദജലത്തിന്റെ ഗന്ധത്തിൽ വെത്യാസം വരാം ഈ ഗന്ധം കിലോമിറ്ററുകൾ അകലെ വരെ നിൽക്കുന്ന ഇണയെ ആകർഷിക്കാൻ സഹായിക്കും. മദജലം ടാർ ഉരുകി ഒഴുകുമ്പോലെ കുറേശ്ശെ ആയി ഒഴുകി ഇരു കന്നക്കുഴിയിൽ നിന്നും ഒഴുകി അവസാനം താട മുട്ടുന്ന അവസ്ഥയിൽ എത്തും ഇതാണ് മദപ്പാടിന്റെ മൂർധന്യാവസ്ഥ. ചില സമയത്ത് ആനക്ക് കന്നക്കുഴിയുടെ ഭാഗത്തു നിന്നും അസഹനീയമായ വേദന അനുഭവപ്പെടുന്നു ഇതുകൊണ്ട് ആണ് മദപ്പാടിൽ ഉള്ള ആനകൾ കൊമ്പ് മണ്ണിൽ കുത്തി ഇറക്കുന്നത്. ഈ സമയം ആന അത്യധികം അക്രമകാരി ആയിരിക്കും. കരയിലെ ഏറ്റവും വലിയ ജീവി ആയ ആന തന്നെ ആണ് കരയിലെ ഏറ്റവും പേടിയുള്ള ജീവിയും എന്നാൽ മദസമയത്ത് ആനകൾ പേടി ഇല്ലാതെ തന്റെ ശക്തി പൂർണ്ണമായും തിരിച്ചറിഞ്ഞു ധൈര്യമായി ജീവിക്കുന്നു, ഇതിനാൽ ആണ് കൂട്ടാനകൾ ആയി കുത്ത് കൂടുന്നത് പോലും. മദപ്പാടിന്റെ അവസാന കാലമാണ് വറ്റി നീര് എന്ന് പറയുന്നത്. ആന കണ ഇറക്കി മൂത്രം ഒഴിക്കാൻ തുടങ്ങുകയും ആനയുടെ ഒലിവ് കുറഞ്ഞു വരികയും ആന പൂർണ്ണ ശാന്തതയിലേക്ക് വരികയും ചെയ്യുന്നു ഈ സമയത്ത് ആന മദപ്പാട് കഴിയുന്നതിന്റെ ഒരുതരം ആലസ്യത്തിലേക്ക് കൂപ്പു കുത്തുന്നു. എന്നാൽ ചില ആനകൾ അവരുടെ സ്വഭാവികതയിലേക്ക് ഘട്ടം ഘട്ടം ആയി മടങ്ങി വരുന്നു, ആന കണ ഇറക്കി മൂത്രമൊഴിക്കും, മദജലം ഒലിവ് നിൽക്കും നാട്ടാന ആണെങ്കിൽ ഒട്ടു മിക്ക ആനകളും തന്റെ ഒന്നാം പാപ്പാനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കും ഇതൊക്കെ മദപ്പാടിന്റെ അവസാന ഘട്ടം വറ്റി നീരിൽ എത്തുമ്പോൾ ഉള്ള മാറ്റങ്ങളാണ്. ചില ആനകൾക്ക് മദപ്പാട് കഴിഞ്ഞു കുറച്ചു മാസം കഴിയുമ്പോൾ കാലാവസ്ഥ അനുസരിച്ചു ഇടക്കോൾ വരുന്നു സാധാരണ ഈ സമയത്ത് കന്നം ചെറുതായി ഒന്ന് നനയും അത്രയേ ഒള്ളു എന്നാൽ കഴിഞ്ഞ മദപ്പാടിൽ മദജലം പൂർണ്ണമായും ഒലിച്ചു പോയില്ല എങ്കിൽ ആ ഒലിക്കാൻ ബാക്കി ഉള്ളത് ഇടക്കോൾ സമയത്ത് ഒലിച്ചു പോകും, ഇടക്കോൾ സമയത്തും ആന അപകടകാരികൾ ആകാൻ സാധ്യത ഉണ്ട്. മദപ്പാടിൽ നാട്ടാനകൾ പൂർണ്ണമായും കാട്ടാനാ ആയി മാറുന്നു. ചില നാട്ടാനകൾ മദക്കാലത്ത് സ്വന്തം പാപ്പാനെയും പാപ്പാൻ ഉപയോഗിക്കുന്ന ആയുധങ്ങളെയും എല്ലാം തന്നെ മറന്നു പോകുന്നു, അങ്ങനെ ഉള്ള ആനയെ മദപ്പാട് കഴിഞ്ഞ ശേഷം കെട്ടി അഴിക്കേണ്ടി വരുന്നു. എന്നാൽ ഒട്ടുമിക്ക നാട്ടാനകളും മദപ്പാടിൽ പാപ്പാനെ തിരിച്ചറിയുകയും ആനയോട് എപ്പോളും ചട്ടം അനുസരിച്ച് ഉച്ചത്തിൽ സംസാരിക്കുന്ന പാപ്പാനെ ഓടിച്ചു അകറ്റി വിടാൻ ശ്രമിക്കും, കാരണം ഈ സമയത്ത് ആനക്ക് സ്വസ്ഥത ആണ് അനിവാര്യം. എന്നാൽ ചില ആനകൾ ഒന്നാം പാപ്പാന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കും (അത്തരത്തിൽ ഉള്ള ആനകൾ ആണ് ഗുരുവായൂർ നന്ദൻ പല്ലാട്ട് ബ്രഹ്മദത്തൻ ഒക്കെ. പാപ്പാനെ പൂർണ്ണമായും മറന്നു പോകുന്ന ആനകളിൽ ഒന്നാണ് ഗുരുവായൂർ സിദ്ധാർത്ഥൻ അങ്ങനെ ഉള്ള ആനയെ നീരിൽ നിന്നും അഴിക്കാൻ കെട്ടിയഴിക്കൽ തന്നെ വേണ്ടി വരും. മദപ്പാടിലും ശാന്തനായ ആനകൾ ഉണ്ട് അത്തരത്തിൽ ഉള്ള ആനയാണ് മൂന്നാർ പടയപ്പ എന്ന കാട്ടാന. നാട്ടാനകളിൽ ചില ആനകൾ ഏതെങ്കിലും ഒരു വ്യക്തിയോട് താല്പര്യം കാണിക്കുന്ന ആനകളും ഉണ്ട് അതിനു ഉത്തമ ഉദാഹരണം ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ഗോപാൽജിയും തമ്മിൽ ഉള്ള ആത്മ ബന്ധം, താട മുട്ടി ഒലിക്കുമ്പോളും ഗോപാൽജിക്ക് രാമന്റെ അടുത്ത് പൂർണ്ണ സ്വാതന്ത്ര്യം ആണ് ഉള്ളത് അത് തല്ലിയും മെരുക്കിയും ഉണ്ടാക്കിയതല്ല മറിച്ച് അതിനു നുണ ചട്ടം എന്നാണ് പറയുക, ആനക്ക് ഭക്ഷണം നൽകുകയും ഒരു സ്നേഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു, പാപ്പാന്മാരെ പോലും ഓടിക്കുന്ന ആ സമയത്തും ഈ വ്യക്തിക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കും ചില ആനകൾ. ആനകളിൽ ഏറ്റവും ശ്രേഷ്ഠൻ എന്ന് പറയാവുന്നത് മോഴയാനകൾ (കൊമ്പ് ഇല്ലാത്ത ആൺ ആനകൾ) ആണ്, പഴമക്കാർ പറയും നാല് കൊമ്പന്മാർ കൂടുന്നതാണ് ഒരു മോഴയെന്നു പറയുന്നതെന്ന്, മാറ്റനകളെക്കാൾ അത്രയേറെ ശക്തനും ആരോഗ്യം ഉള്ളവനും വീറും വാശിയും കൂടുതൽ ഉള്ളവനും ആണ് മോഴയാനകൾ, ഇണ ചേരാനും മോഴ ആനകൾ തന്നെ ആണ് ഉത്തമം അതും മോഴ മദപ്പാടിൽ ആണെങ്കിൽ അത്യുതമം. ചില കാര്യങ്ങൾ ഒഴികെ ആനകളുടെ മദപ്പാടിനെ പറ്റി ഈ പറഞ്ഞിരിക്കുന്നത് കാട്ടാനകൾക്കും നാട്ടാനകൾക്കും ഒരുപോലെ ബാധകമാണ്. ആനകളുടെ മദപ്പാടിനെ പറ്റി ജനങ്ങൾക്ക് ഉള്ള തെറ്റിദ്ധാരണ മാറുന്നതിനു വേണ്ടിയാണ് ഈ ആർട്ടിക്കിൽ എഴുതുന്നത്. കാട്ടാന ആയാലും നാട്ടാന ആയാലും മദപ്പാടിൽ വേണ്ടത് സ്വസ്ഥത തന്നെയാണ്.... അത് മനസിലാക്കി ആനകളുടെ അടുത്ത് പെരുമാറുക....

സസ്നേഹം... K.R 117.230.91.133 07:27, 8 ഓഗസ്റ്റ് 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ത്യൻ_ആന&oldid=3953326" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്ത്യൻ ആന" താളിലേക്ക് മടങ്ങുക.