ഷോക്ക് അബ്‌സോർബർ
മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അവയ്ക്കനുഭവപ്പെടുന്ന ആഘാതം കുറയ്ക്കുവാനായി ഉപയോഗിക്കുന്ന ഉപകരണമാണു് ഷോക്ക് അബ്‌സോർബർ.
വാഹനങ്ങളുടെ ചട്ടക്കൂട് ചക്രങ്ങളോട് ഘടിപ്പിച്ചിരിക്കുന്നത് സ്‌പ്രിങ്ങുകൾ വഴിയാണു്. വാഹനങ്ങൾ കുഴിയിൽ വീഴുകയോ കല്ലിൽ കയറുകയോ ചെയ്യുമ്പോൾ ഈ സ്‌പ്രിങ്ങുകൾ നീളുകയും ചുരുങ്ങുകയുംചെയ്തു് ഒരു പരിധിവരെ വാഹനത്തിന്റെ ആഘാതം കുറയ്ക്കുന്നു. എന്നാൽ സ്‌പ്രിങ്ങുകൾ ഒരിക്കൽ നീളുകയോ ചുരുങ്ങുകയോ ചെയ്താൽ പൂർവസ്ഥിതി പ്രാപിക്കുന്നതുവരെ പ്രകമ്പനം ചെയ്തുകൊണ്ടിരിക്കും. ഈ പ്രകമ്പനം മൂലം വാഹനം പൊങ്ങുകയും താഴുകയും ചെയ്യുന്നതിനാൽ യാത്രികർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ പ്രകമ്പനം കൊണ്ടുണ്ടാകുന്ന ആഘാതത്തെ ലഘൂകരിക്കാനുള്ള ഉപകരണമാണു് ഷോക്ക് അബ്‌സോർബർ. ചക്രങ്ങൾക്കും വാഹനത്തിന്റെ ചട്ടക്കൂടിനും ഇടയിൽ സ്‌പ്രിങ്ങുകൾക്കു സമാന്തരമായാണു ഇതു ഘടിപ്പിക്കുന്നതു്.