ഷൈനി വിൽസൺ (വിവാഹപൂർവ്വനാമം:ഷൈനി എബ്രഹാം, ജ. മെയ് 8, 1965, തൊടുപുഴ, ഇടുക്കി ജില്ല) കേരളത്തിൽ നിന്നുള്ള മധ്യദൂര ഓട്ടക്കാരിയായിരുന്നു. ഒളിമ്പിക്സിൽ ഏതെങ്കിലും ഇനത്തിൽ ആദ്യമായി സെമിഫൈനലിലെത്തിയ വനിതാ താരമെന്ന അപൂർവനേട്ടത്തിനുടമയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ കായികതാരങ്ങളിലൊരാളായ ഷൈനിയാണ് രണ്ടുമിനിറ്റിൽ താഴെ ആദ്യമായി 800 മീറ്റർ ഓടിത്തീർത്ത ഇന്ത്യൻ വനിത. ഈ വിഭാഗത്തിൽ തുടർച്ചയായ 14 വർഷം ദേശീയ ജേതാവായിരുന്നു. തുടർച്ചയായി നാല് ഒളിമ്പിക്സുകളിലും നാല് ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. ഏഷ്യൻ ഗെയിംസ് നേട്ടം വെള്ളി മെഡലിലൊതുങ്ങി. 1986ലെ സോൾ (സൗത്ത് കൊറിയ) ഏഷ്യൻ ഗെയിംസിലെ 800 മീറ്റർ ഓട്ടത്തിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ട്രാക്ക് തെറ്റി ഓടിയതിന്റെ പേരിൽ മത്സരശേഷം അയോഗ്യയാക്കപ്പെട്ടു. എഴുപത്തഞ്ചിലേറെ രാജ്യാന്തര മെഡലുകൾ നേടി. ഭർത്താവ് വിൽസൺ ചെറിയാൻ രാജ്യാന്തര നീന്തൽ താരമായിരുന്നു.