ഷാ ജഹാൻ ബീഗം

ഭോപ്പാലിലെ ബീഗം

ഷാ ജഹാൻ ബീഗം (ജീവിതകാലം: 29 ജൂലൈ 1838 - ജൂൺ 16, 1901) 1844 മുതൽ–60 വരെയും (മാതാവ് റീജന്റായി പ്രവർത്തിച്ചു) 1868 മുതൽ1901 വരെയുമുള്ള രണ്ടു കാലഘട്ടങ്ങളിലായി ഭോപ്പാലിലെ ബീഗം (മധ്യേന്ത്യയിലെ ഭോപ്പാൽ നാട്ടുരാജ്യത്തിന്റെ ഭരണാധികാരി) ആയിരുന്ന വനിതയായിരുന്നു.

സുൽത്താൻ ഷാ ജഹാൻ ബീഗം
Nawab Begum of Bhopal
ഭരണകാലം 30 October 1868 – 16 June 1901
മുൻഗാമി Sikandar Begum I
പിൻഗാമി Sultan Jahan I
ജീവിതപങ്കാളി Baqi Muhammad Khan
Siddiq Hasan Khan
മക്കൾ
Sultan Jahan I, Nawab Begum of Bhopal
പിതാവ് Jahangir Mohammed Khan
മാതാവ് Sikandar Begum I, Nawab Begum of Bhopal
മതം Sunni Muslim

ജീവിതരേഖ

തിരുത്തുക

ഭോപ്പാലിനടുത്തുള്ള ഇസ്ലാംനഗറിൽ ജനിച്ച ഷാജഹാൻബീഗം, ഭോപ്പാലിലെ സിക്കന്ദർ ബീഗത്തിന്റേയും (ശരിയായ തലക്കെട്ടിൽ, ഭോപ്പാലിലെ നവാബ്) അവരുടെ ഭർത്താവ് ജഹാംഗീർ മുഹമ്മദ് ഖാന്റേയും ബാല്യകാലത്തെ അതിജീവിച്ച ഏക പുത്രിയായിരുന്നു. 1844 ൽ ആറാമത്തെ വയസ്സിൽ ഭോപ്പാലിന്റെ ഭരണാധികാരിയായി അവർ അംഗീകരിക്കപ്പെട്ടു (പ്രായപൂർത്തിയാകാതിരുന്നതിനാൽ മാതാവ്  റീജന്റായി അധികാരം പ്രയോഗിച്ചു). എന്നിരുന്നാലും, 1860-ൽ ഷാജഹാൻ ബീഗത്തെ ഒഴിച്ചുനിർത്തിക്കൊണ്ട് മാതാവ് സിക്കന്ദർ ബീഗത്തെ ഭോപ്പാലിന്റെ ഭരണാധികാരിയായി ബ്രിട്ടീഷുകാർ അംഗീകരിച്ചിരുന്നു. 1868-ൽ മാതാവിന്റെ മരണത്തോടെ ഷാജഹാൻ ബീഗം ഭോപ്പാലിലെ ബീഗമായി അവരോധിതയായി.

സംസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുക്കുവാനായി നിയോഗിക്കപ്പെട്ട ഷാജഹാൻ ബീഗം നികുതി വരുമാന സമ്പ്രദായം മെച്ചപ്പെടുത്തുകയും സംസ്ഥാന ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്തു. അവർ സൈനികരുടെ ശമ്പളം ഉയർത്തുകയും സൈന്യത്തിന്റെ ആയുധങ്ങൾ നവീകരിക്കുകയും ഒരു അണക്കെട്ടും കൃത്രിമ തടാകവും നിർമ്മിക്കുകയും പോലീസ് സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും സംസ്ഥാനത്തെ രണ്ട് പ്ലേഗ് ബാധകൾ നേരിട്ടതിന് ശേഷമുള്ള (ജനസംഖ്യ 744,000 ആയി കുറഞ്ഞിരുന്നു) ആദ്യ സെൻസസ് നടപ്പിലാക്കുകയും ചെയ്തു. ബജറ്റ് കമ്മി പരിഹരിക്കുന്നതിന് അവർ കറുപ്പ് കൃഷി ആരംഭിച്ചു.[1] ഫലപ്രദമായി ഭരണം നടപ്പിലാക്കിയ ഒരു ജനപ്രിയ ഭരണാധികാരിയായി അവർ കണക്കാക്കപ്പെട്ടു.

ഉറുദു ഭാഷയിലെ നിരവധി പുസ്തകങ്ങളുടെ കർത്തൃത്വത്തിന്റെ ബഹുമതി അവർക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ ഭരണത്തിന്റെ 1 മുതൽ 7 വരെയുള്ള വർഷങ്ങൾക്കിടയിലെ  പ്രധാന സംഭവങ്ങളും അക്കാലത്തെ ഭോപ്പാലിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും വിവരിക്കുന്ന ഗൌഹാർ-ഇ-ഇക്ബാൽ ആണ്  അതിലൊന്ന്. സുൽത്താൻ ജഹാൻ ബീഗത്തിന്റെ ആത്മകഥയായ ഗൌഹാർ-ഇ-ഇക്ബാലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ‘ആൻ അക്കൌണ്ട് ഓഫ് മൈ ലൈഫ്’ എന്ന കൃതി. ബീഗത്തിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന സി. എച്ച്. പെയ്ൻ ആണ് ഇത് രചിച്ചത്. ഗൌഹാർ-ഇ-ഇക്ബാലിന്റെ രണ്ടാം ഭാഗമായ അക്തർ-ഇ-ഇക്ബാലും അവർ രചിച്ചു. 1918-ൽ അവർ ഇഫത്ത്-ഉൽ-മുസ്‌ലിമാത്ത് എഴുതുകയും അതിൽ യൂറോപ്പ്, ഏഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ആചാരങ്ങളിൽ പർദയുടെയും ഹിജാബിന്റെയും ആശയങ്ങളെക്കുറിച്ചു വിവരിക്കുകയും ചെയ്തു.

ഭോപ്പാലിൽ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ താജ്-ഉൽ-മസാജിദ് നിർമ്മാണത്തിന്  തുടക്കം കുറിക്കുന്നതിന് അവർ കാരണഭൂതയായി. അവരുടെ മരണസമയത്ത് അപൂർണ്ണമായിരുന്ന ഇതിന്റെ നിർമ്മാണം പിന്നീട് ഉപേക്ഷിക്കപ്പെട്ടുവെങ്കിലും 1971 ൽ മാത്രമാണ് പണി പുനരാരംഭിച്ചത്. ഭോപ്പാലിൽ താജ്മഹൽ കൊട്ടാരവും അവർ നിർമ്മിച്ചു. മക്കയിലേക്ക് തീർത്ഥാടനം നടത്താൻ അവർ ആഗ്രഹിച്ചിരുന്നെങ്കിലും, ദുർബലമായ കപ്പൽഛേദത്തെക്കുറിച്ചുള്ള ഭീതിയും അവരുടെ ഉൾപ്രേരണയെ എല്ലായ്പ്പോഴും പിന്നോട്ടുവലിച്ചു.[2]

യുകെയിലെ സർറേയിലെ വോക്കിംഗിൽ ഒരു പള്ളി പണിയുന്നതിനായി ഷാജഹാൻ ബീഗം ഗണ്യമായ സംഭാവനകൾ നൽകി. പിന്നീട് അലിഗഡ് മുസ്ലീം സർവകലാശാലയായി വികസിച്ച അലിഗഡിലെ മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജ് സ്ഥാപിക്കുന്നതിലും അവർ ഉദാരമായി സംഭാവന നൽകിയിരുന്നു. ഹോഷംഗാബാദിനും ഭോപ്പാലിനും ഇടയിൽ ഒരു റെയിൽ‌വേയുടെ നിർമ്മാണച്ചെലവിനും അവർ സഹായദ്രവ്യംനൽകി.[3]

1855 ൽ ഷാജഹാൻ ബീഗം ഭോപ്പാലിലെ മധ്യനിരയിലെ കുലീനനായ ബാക്വി മുഹമ്മദ് ഖാന്റെ മൂന്നാമത്തെ ഭാര്യയായി വിവാഹിതയായി. 1867-ൽ അദ്ദേഹം അന്തരിക്കുകയും നാല് വർഷത്തിന് ശേഷം ഷാജഹാൻ ബീഗം അന്നത്തെ യുണൈറ്റഡ് പ്രവിശ്യകളിലുൾപ്പെട്ടിരുന്ന കനൌജിലെ സിദ്ദിഖ് ഹസൻ ഖാനെ വിവാഹം കഴിച്ചു. രണ്ടാമത്തെ വിവാഹത്തിൽ കുട്ടികളില്ലായിരുന്നു. രണ്ട് ഭർത്താക്കന്മാരുടെ മരണത്തിന് പുറമെ രണ്ട് പേരക്കുട്ടികളുടെ മരണവും അവരുടെ ജീവിതകാലത്തുണ്ടായി.

ഷാജഹാൻ ബീഗം തന്റെ ഭരണത്തിന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചത് ന്യായമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു നേതൃത്വത്തിലായിരുന്നു.[4] 1901-ൽ അവൾക്ക് വായിൽ അർബുദം ബാധിക്കുകയും താമസിയാതെ, ഭോപ്പാലിലെ പ്രജകളുടെമേൽ ഷാജഹാൻ ബീഗം തന്റെ ഏതെങ്കിലും വിഷയത്തിൽ അന്യായം ചെയ്തിട്ടുണ്ടോ എന്ന് ക്ഷമ ചോദിച്ചുകൊണ്ട് ഒരു സന്ദേശം പ്രസിദ്ധീകരിച്ചതോടെ ഒരു ജനപ്രിയ ഭരണാധികാരിയുടെ അസുഖത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ദുഃഖം ഖനീഭവിച്ചു. തന്റെ ആദ്യത്തെ ചെറുമകളുടെ മരണത്തിന് മകളെ കുറ്റപ്പെടുത്തിയിരുന്ന ഷാജഹാൻ ബീഗം  പതിമൂന്ന് വർഷങളായി സംസാരിക്കാതെയിരുന്ന മകളായ സുൽത്താൻ ജെഹാനെ അവസാനമായി സന്ദർശിച്ചു.  ഈ അന്തിമ സന്ദർശനസമയത്തുപോലും, മകളോട് ക്ഷമിക്കാൻ ഷാജഹാൻ ബീഗം വിസമ്മതിച്ചിരുന്നു. 1901 ജൂൺ 6-ന് ഷാജഹാൻ അന്തരിക്കുകയും സുൽത്താൻ ജെഹാൻ സിംഹാസനം ഏറ്റെടുക്കുകയും ചെയ്തു.[5]

തപാൽ സേവനങ്ങൾ

തിരുത്തുക

അവളുടെ ഭരണകാലത്ത് ഭോപ്പാൽ സംസ്ഥാനത്തിന്റെ ആദ്യത്തെ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. 1876 ലും 1878 ലും അര, കാൽ അണ സ്റ്റാമ്പുകളുടെ ലക്കങ്ങൾ നിലവിലുണ്ടായിരുന്നു. 1876 ലെ സ്റ്റാമ്പുകളിൽ “HH നവാബ് ഷാജഹാൻ ബീഗം” എന്ന വാചകം അഷ്‌ടകോൺ രൂപത്തിലുള്ള ഫ്രെയിമിലും; 1878 ൽ അതേ വാചകം ഒരു വൃത്തരൂപത്തിലുള്ള ഫ്രെയിമിൽ  ഉറുദു രൂപത്തിലുള്ള ബീഗത്തിന്റെ  സ്ഥാനപ്പേരോടെയും ആലേഖനം ചെയ്തിരുന്നു. 1902-ൽ " HH നവാബ് സുൽത്താൻ ജഹാൻ ബീഗം" എന്ന ലിഖിതത്തോടെ അവളുടെ പേര് ഉൾക്കൊള്ളുന്ന അവസാന സ്റ്റാമ്പുകൾ പുറത്തിറക്കി.[6]  (ഭോപ്പാലിലെ സംസ്ഥാന തപാൽ സേവനവിഭാഗം 1949 വരെ സ്വന്തം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി; 1908 ൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ രണ്ടാമത്തെ ലക്കം മുതൽ 1945 വരെ "ഭോപ്പാൽ സ്റ്റേറ്റ്" അല്ലെങ്കിൽ "ഭോപ്പാൽ ഗവൺമെന്റ്" എന്ന ലിഖിതങ്ങൾ അടങ്ങിയ  ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. 1949 ൽ ഭോപ്പാലിന്റെ സ്വന്തമായ അവസാന സ്റ്റാമ്പുകളായ രണ്ട് അധികവിലയുള്ള സ്റ്റാമ്പുകൾ പുറത്തിറക്കി).[7]

  1. Shaharyar Khan, The Begums of Bhopal: a history of the princely state of Bhopal, p. 120. London: I.B. Tauris, 2000. ISBN 1-86064-528-3
  2. Khan, pg. 143.
  3. The Begum of Bhopal, GCSI, Nov.1872. Archived 2021-10-23 at the Wayback Machine. British Library.
  4. Khan, pg. 143.
  5. Khan, pg. 146.
  6. Stanley Gibbons Ltd. Stanley Gibbons' Simplified Stamp Catalogue; 24th ed., 1959. London: Stanley Gibbons Ltd.' p. 153
  7. Stanley Gibbons Ltd. Stanley Gibbons' Simplified Stamp Catalogue; 24th ed., 1959. London: Stanley Gibbons Ltd.' pp. 154–55
"https://ml.wikipedia.org/w/index.php?title=ഷാ_ജഹാൻ_ബീഗം&oldid=3987715" എന്ന താളിൽനിന്ന് ശേഖരിച്ചത്