ശ്രീ മുടപ്പത്തൂർ ശിവക്ഷേത്രം

കണ്ണൂർ ജില്ലയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മുടപ്പത്തൂർ ശ്രീ മഹാദേവ ക്ഷേത്രം. പഴക്കം കൊണ്ടും, പ്രൗഡി കൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്കർഷത കൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് ഈ  ക്ഷേത്രം. തലശ്ശേരി - ബാവലി അന്തർ സംസ്ഥാന പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികം ചരിത്രത്താളുകളിൽ ഇടം നേടാൻ മുടപ്പത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനായിട്ടില്ലെങ്കിലും ആയിരം വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ എഴുതി ചേർക്കാൻ കഴിയുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ആയിത്തറ പുതിയേടത്ത് നാടുവാഴികളുടെ ഊരായ്മയിൽ വരുന്ന പരമ പ്രധാനമായ ക്ഷേത്രമാണിത്. ആയിത്തറ നാടുവാഴികളുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം പിന്നീട് അവർ, കേരള ഗാന്ധി ശ്രീ കെ കേളപ്പനാൽ സ്ഥാപിതമായതും ആചാര്യനായ ശ്രീ പി മാധവ്ജിയാൽ വികാസം പ്രാപിച്ചതുമായ കേരള ക്ഷേത്ര സംരക്ഷണ സമിതിയെ ഏല്പിച്ചു. തത് ഫലമായി മുടപ്പത്തൂർ ദേശത്തിന്റെ അധീനതയിൽ വരുന്ന നാട്ടുകാരുടെ ഒരു ക്ഷേത്ര ഭരണ സമിതി നിലവിൽ വന്നു.

അതിബൃഹത്തായ വട്ട ശ്രീകോവിലിൽ പ്രധാന മൂർത്തിയായി ശ്രീ മഹാദേവൻ വൈദ്യനാഥ ഭാവത്തിൽ കിഴക്ക് ദർശനമായി കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലിയും ഗാംഭീരവും ക്ഷേത്രത്തിനു കിട്ടിയിട്ടുണ്ട്. ഉത്തര മലബാറിലെ കളിയാട്ട കാവുകളിൽ മുഴങ്ങി കേൾക്കുന്ന തോറ്റം പാട്ടുകളിൽ പരാമർശിക്കപ്പെടുന്ന "മുടപ്പത്തൂരപ്പൻ" ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തിയാണ്. അതിമനോഹരമാണിവിടുത്തെ ക്ഷേത്ര നിർമ്മിതി. വളരെ വിശാലമാണ് ഇവിടുത്തെ വട്ട ശ്രീകോവിൽ. വൃത്താകൃതിയിൽ നല്ല ഉയരത്തിൽ ഒറ്റ നിലയിൽ കിഴക്കു ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ശ്രീകോവിലിനു കിഴക്കു വശത്ത് വലിയ നമസ്കാര മണ്ഡപം നിർമ്മിച്ചിട്ടുണ്ട്. ഈ രണ്ടു നിർമ്മിതികളും നാലമ്പലവും വളരെ പഴക്കമേറിയതാണ്. തെക്ക് വശത്തു മാത്രമെ നാലമ്പലം പൂർണ്ണമായി നിർമ്മിച്ചിട്ടുള്ളു. നാലമ്പലത്തിനു പുറത്തായി വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ തന്നെ തിടപ്പള്ളിയും കാണാം.

നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റി നിർത്തുന്നു. സാധാരണയായി ക്ഷേത്രങ്ങൾ എല്ലാം തന്നെ നഗര സാമീപ്യത്തിലുള്ളതാവുമ്പോൾ മുടപ്പത്തൂർ ശ്രീ മഹാദേവ ക്ഷേത്രം ഗ്രാമീണ ഭംഗി ഒട്ടു ചോരാതെ ഇവിടെ നെടുനായകത്വം വഹിക്കുന്നു.

മുടപ്പത്തൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷമാണ് ക്ഷേത്രത്തിന്റെ നാലു ഭാഗത്തും കാണാൻ കഴിയുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ കുന്നിനു മുകളിലാണ്.  കുന്നിൻ മുകളിലായിട്ടു കൂടി ക്ഷേത്രത്തിൽ വെള്ളത്തിനു ബുദ്ധിമുട്ടൊന്നും വരാത്തവണ്ണം നിത്യ നിദാന കാര്യങ്ങൾക്കായി ക്ഷേത്രത്തിൽ കിണർ പണി തീർത്തിട്ടുണ്ട്. എത്ര വരൾച്ചക്കാലത്തും ജലസമൃദ്ധിയുള്ളവയാണിത്.

ക്ഷേത്രത്തിന്റെ ഒരു ഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് മതിൽക്കെട്ടിന് നല്ല ഉയരമുണ്ട്. ചെങ്കല്ലുകൊണ്ട് ഉയർത്തിക്കെട്ടിയതാണ് ഈ ഭാഗം മുഴുവൻ. ഇവിടെനിന്ന് ഏതാനും പടികൾ താഴേയ്ക്കിറങ്ങിയാൽ പ്രധാന റോഡിലെത്താം.

ക്ഷേത്ര നിർമ്മിതി

മതിലകം

മൂന്ന് ഏക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് മുടപ്പത്തൂർ ശിവക്ഷേത്രത്തിനുള്ളത്. കിഴക്കേ നടയ്ക്ക് മുന്നിലായി  വലിയ ഒരു ആൽമരമുണ്ട്. ക്ഷേത്ര മതിലകത്തും ധാരാളം ആൽമരങ്ങളുണ്ട്. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള പുണ്യ വൃക്ഷമായി അരയാലിനെ കണ്ടു വരുന്നു. അതിൻ പ്രകാരം, അരയാലിന്റെ മുകളിൽ ശിവനും, നടുക്ക് വിഷ്ണുവും, താഴെ ബ്രഹ്മാവും സ്ഥിതി ചെയ്യുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു.

ശ്രീകോവിൽ

കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലേതും പോലെ ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഒറ്റനിലയേയുള്ളൂ. വെള്ളപൂശിയ ഭിത്തിയാണ് ശ്രീകോവിലിന്റേത്. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. ഇത് ചെമ്പു മേയുന്ന പ്രവർത്തികൾ പുരോഗമിച്ചു വരികയാണ്. ശ്രീകോവിലിന് മുകളിൽ ചെമ്പിൽ പണിതീർത്ത താഴികക്കുടം ഉണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചു കൊണ്ട് മുടപ്പത്തൂരപ്പൻ, ശിവലിംഗമായി ശ്രീലകത്ത് വാഴുന്നു. ശ്രീകോവിലിന്റെ വടക്കു ഭാഗത്ത് മനോഹരമായി ഓവ് പണിതിട്ടുണ്ട്. അഭിഷേക ജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണ പ്രദക്ഷിണം പാടില്ല.

വട്ടശ്രീകോവിലുള്ള മിക്ക ക്ഷേത്രങ്ങളിലേതും പോലെ മുടപ്പത്തൂരിലും പ്രതിഷ്ഠ തറനിരപ്പിൽ നിന്ന് വളരെ പൊങ്ങിയാണ് കാണപ്പെടുന്നത്. അതിനാൽ, പ്രതിഷ്ഠ കാണണമെങ്കിൽ ശ്രീകോവിലിന് നേരെ മുന്നിൽ തന്നെ നിൽക്കണം. പ്രകൃതി രമണീയമായ മുടപ്പത്തൂർ പുഴയുടെ കരവലയങ്ങളിലമർന്ന് കുന്നുകളും ചെരിവുകളും നെൽവയലുകളും ചിറകളും കൊണ്ട് സമൃദ്ധമായ മുടപ്പത്തൂർ ദേശത്തിന്റെ ദേശനാഥനായി മുടപ്പത്തൂരപ്പൻ ഇവിടെ നിലകൊള്ളുന്നു.

നമസ്കാരമണ്ഡപം

പ്രധാന ശ്രീകോവിലിന്റെ കിഴക്കു വശത്ത് അതിവിശാലമായ നമസ്കാര മണ്ഡപം സ്ഥിതി ചെയ്യുന്നു. നാല് കാലുകളാണ് ഇവിടെ മണ്ഡപത്തിനുള്ളത്. ഇതിലിരുന്നാണ് ബ്രാഹ്മണർ ശ്രീരുദ്ര മന്ത്രവും ശിവസഹസ്രനാമവും വേദ മന്ത്രങ്ങളും ജപിയ്ക്കുന്നത്. മണ്ഡപത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാണ്. ഇവിടെയും ചെമ്പിൽ പണിതീർത്ത താഴികക്കുടം കാണാം.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഈ നാലമ്പലം. ഓടുമേഞ്ഞ നാലമ്പലത്തിന് സാധാരണയിലധികം വിസ്തീർണ്ണമുണ്ട്. ഇതിന്റെ പുറം ചുവരുകൾ വിളക്കുമാടമായി ഉപയോഗിച്ചു വന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ നാടൻ കുമ്മായം കൊണ്ട് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ തെക്കു വശം മാത്രമേ പൂർണ്ണമായി പണിതീർത്തിട്ടുള്ളു. മറ്റു ദിക്കുകളിൽ  ഇപ്പോഴും പണിതീരാത്ത നാലമ്പലത്തിന്റെ അടിത്തറ നമുക്ക് കാണുവാൻ സാധിക്കും. കിഴക്കേ നടയിലൂടെ നാലമ്പലത്തിനകത്ത് കടക്കുമ്പോൾ ഇരുവശത്തുമായി വാതിൽ മാടങ്ങൾ കാണാം. ഭക്തർ നാമ ജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. നാലമ്പലത്തിനകത്ത് തെക്കു കിഴക്കേ മൂലയിൽ പതിവു പോലെ തിടപ്പള്ളി കാണാം. ഇവിടെ ക്ഷേത്രത്തിൽ കിണറില്ല. അതിനാൽ, പുറത്തെ കിണറിൽ നിന്നാണ് അഭിഷേകത്തിനും നിവേദ്യത്തിനും വെള്ളമെടുക്കുന്നത്.

വലിയ ബലിക്കല്ല് നാലമ്പലത്തിനു വെളിയിലായി കിഴക്കു വശത്തു സ്ഥിതി ചെയ്യുന്നു. ബലിക്കല്ല് സാമാന്യം വലിയതാണെങ്കിലും, ബലിക്കൽപ്പുര ഇവിടെ നിർമ്മിച്ചിട്ടില്ല എന്നുള്ളതു എടുത്തു പറയാം. സാധാരണ ഒരു ഗ്രാമീണ ക്ഷേത്രത്തിന്റെ കെട്ടും മട്ടുമാണ് പൊതുവേ മുടപ്പത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനുള്ളത്. കാര്യമായ ആർഭാടങ്ങളൊന്നും തന്നെ ഇവിടെയില്ല. കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരവുമില്ല.

ശ്രീകോവിലിനു ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കു പടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കു കിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കു കിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കു പടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലി സമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാര ഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, ഇവയിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.

പ്രതിഷ്ഠ്കൾ

           മുടപ്പത്തൂരപ്പൻ

           മുടപ്പത്തൂർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ മഹാദേവനാണ്. വൈദ്യനാഥനായാണ് ഇവിടെ പ്രതിഷ്ഠാ സങ്കല്പം. ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ രാവണൻ തന്റെ പത്തു തലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു. കാമ , ക്രോധ വികാരങ്ങൾക്ക് അടിമയായ് ദുഃഖത്തിലും, അശാന്തിയിലും കഴിയുന്ന മനുഷ്യാത്മാക്കൾക്ക് ജ്ഞാനാമൃതം കൊടുത്ത് അവരെ നിരോഗിയായും അമരന്മാരായും ഈശ്വരൻ മാറ്റിയതു കൊണ്ട് വൈദ്യനാഥൻ എന്ന പേരിൽ സ്മരിക്കുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായി വിളങ്ങുന്ന ഭഗവാൻ ഭക്തരെ മരണ ഭയത്തിൽ നിന്നും രോഗാവശതകളിൽ നിന്നും രക്ഷിച്ചു കൊണ്ട് വൈദ്യനാഥനായി, കാലകാലനായി, മൃത്യുഞ്ജയനായി ക്ഷേത്രത്തിൽ വാഴുന്നു.

      മഹാഗണപതി

           പ്രധാന ശ്രീകോവിലിന്റെ തെക്ക് ഭാഗത്തായി പ്രത്യേക ശ്രീകോവിലിൽ മഹാഗണപതി വാണരുളുന്നു. ഹിന്ദുമത പ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു.

           കുട്ടിശാസ്തപ്പൻ

           നാലമ്പലത്തിന്റെ തെക്ക് - പടിഞ്ഞാറേ മൂലയിൽ കാര്യസ്ഥ ഭാവത്തിൽ കുട്ടിശാസ്തപ്പൻ കുടികൊള്ളുന്നു. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ്‌ കുട്ടിച്ചാത്തൻ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ കുടുംബമാണ്‌ കാളകാട്ട്  ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട അവതാരമാണ്  കുട്ടിച്ചാത്തൻ. ഈ സ്വരൂപത്തെ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും വിളിക്കാറുണ്ട്.

           വനശാസ്താവ്

           നാലമ്പലത്തിന് പുറത്ത്  തെക്കു ഭാഗത്ത് വനശാസ്താവ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പ്രഭാ സാത്യക സമേതനായ വനശാസ്താവായാണ് സങ്കൽപം. വിഗ്രഹ രൂപത്തിനു പകരം ശിവലിംഗ തുല്യമായ മൂന്ന് രൂപങ്ങളാണ് ശാസ്താവിനെയും പ്രഭാ സാത്യകനേയും പ്രതിനിധീകരിയ്ക്കുന്നത്. വനശാസ്താ സങ്കല്പത്തിലുള്ള പ്രതിഷ്ഠ് ആയതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.

നിത്യപൂജകളും വഴിപാടുകളും

           ക്ഷേത്രത്തിലെ തന്ത്രാധികാരം തളിപ്പറമ്പ് ഏരുവേശ്ശി പുടയൂർ പരമ്പരയ്ക്കാണ്. ഇവരുടെ നേതൃത്വത്തിലാണ് വിശേഷാൽ ദിവസങ്ങളിലെ പൂജകൾ നടത്തി വരുന്നത്.  രാവിലെ ആറു മണിയ്ക്ക് നട തുറന്നു കഴിഞ്ഞാൽ ആദ്യം നിർമ്മാല്യ ദർശനമാണ്. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞ് ശിവലിംഗം അലങ്കരിയ്ക്കുന്നു. തുടർന്ന് മലർ നിവേദ്യവും നടയടച്ച് പൂജയും നടത്തുന്നു.

           വിശേഷ ദിവസങ്ങളിലും സംക്രമ ദിവസങ്ങളിലും വൈകീട്ട് അഞ്ചു മണിയോടെ വീണ്ടും നട തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ദീപാരാധനയ്ക്കു ശേഷം ഏഴരയ്ക്ക് അത്താഴപൂജ നടത്തുന്നു. അതിനു ശേഷം രാത്രി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

           ഉത്സവ ദിവസങ്ങളിൽ ശീവേലി പതിവുണ്ട്. തന്റെ ഭൂത ഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടു കാണുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണിത്. മുന്നിൽ ഹവിസ്സുമായി മേൽശാന്തിയും പിന്നിൽ ശീവേലി വിഗ്രഹ സങ്കല്പവുമായി കീഴ്ശാന്തിയും ഇറങ്ങി അകത്തെ ബലിക്കല്ലുകളിൽ ബലിതൂകി ഒരു പ്രദക്ഷിണം പൂർത്തിയാക്കുകയും പിന്നീട് പുറത്തു കടന്ന് മൂന്നുവലം വച്ച് വലിയ ബലിക്കല്ലിലും ബലിതൂകി അകത്തേയ്ക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

           പൂജാവിധികൾ മറ്റ് ക്ഷേത്രങ്ങളിലേതു പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം ജലധാര, ക്ഷീരധാര, ഇളനീർ അഭിഷേകം, നെയ്യമൃത് എന്നിവയ്ക്കാണ്. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് മഹാമൃത്യുഞ്ജയ ഹോമമാണ്. കാലാന്തകനായ ഭഗവാൻ കുടികൊള്ളുന്ന ഈ ശ്രീലകത്തെ മഹാമൃത്യുഞ്ജയ ഹോമത്തിന്, അതിനാൽത്തന്നെ കൂടുതൽ പ്രാധാന്യം കല്പിച്ചു വരുന്നു. 'ഓം ത്രയംബകം യജാമഹേ' എന്നു തുടങ്ങുന്ന മൃത്യുഞ്ജയ മന്ത്രം ജപിച്ചു കൊണ്ടാണ് ഇത് നടത്തുന്നത്. ദീർഘായുസ്സും ആരോഗ്യവുമാണ് ഇതിന്റെ ഫലം.

           നാലമ്പലത്തിന്റെ കിഴക്കു ഭാഗത്തു വലിയ ബലിക്കല്ലിനോട് ചേർന്ന്  ഒരു കൂവള മരമുണ്ട്. ശിവന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷമാണ് കൂവളമെന്ന് വിശ്വസിച്ചു വരുന്നു. കൂവളത്തില കൊണ്ട് ശിവന് പുഷ്പാഞ്ജലി നടത്തുന്നത് വിശേഷമാണ്. ഈ കൂവള മരത്തിലെ ഇലകളാണ് ഭഗവാന് പുഷ്പാഞ്ജലിയ്ക്ക് ഉപയോഗിയ്ക്കാറുള്ളത്. എല്ലാ കാലത്തും ഇലകളോട് കൂടിയ ഈ കൂവളമരം കാലങ്ങളായി ഇങ്ങനെതന്നെ നിൽക്കുന്നത് ഒരു അത്ഭുതമാണ്.

           ശിവലിംഗത്തിൽ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വ പ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചു കൊണ്ട് മുടപ്പത്തൂരപ്പൻ വൈദ്യനാഥനായി ശ്രീലകത്തു കുടികൊള്ളുന്നു.

വിശേഷങ്ങൾ

           ശിവരാത്രി

           കുംഭ മാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രധാന ഉത്സവമാണിത്. കാളകൂടം കുടിച്ച് അപകടാവസ്ഥയിലായ ശിവനു വേണ്ടി ദേവകൾ ഉണർന്നിരുന്ന ദിവസമായാണ് ശിവരാതി കണക്കാക്കുന്നത്. ഇതിനോടനുബന്ധിച്ച് വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. ശിവരാത്രി നാളിൽ വലിയൊരു ഭക്തജന പ്രവാഹം തന്നെ ക്ഷേത്രത്തിലുണ്ടാകും.

           ധനു തിരുവാതിര

           ധനു മാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനു മാസത്തിലെ തിരുവാതിര നാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപു തന്നെ വ്രതമെടുത്തു തുടങ്ങി അന്നേ ദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹ ബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു. തുടർന്ന് അവരുടെ വക തിരുവാതിരക്കളിയുമുണ്ടാകും. മുടപ്പത്തൂർ ക്ഷേത്രത്തിൽ തിരുവാതിര ദിവസം വിശേഷാൽ പൂജകളുണ്ടാകും.

           സപരിവാര സർപ്പബലി

           കുംഭ മാസത്തിലെ ആയില്യത്തിനാണ് ക്ഷേത്രത്തിൽ സപരിവാര സർപ്പബലി നടത്തി വരുന്നത്. സർപ്പബലി അഷ്ട നാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്. സർപ്പങ്ങൾക്കുള്ള സമർപ്പണമായാണ് ഈ ചടങ്ങു കണക്കാക്കുന്നത്.

           നവരാത്രി

           കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ഒമ്പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. കേരളത്തിലും എല്ലാ ദിവസങ്ങളും ആചരിച്ചു വരാറുണ്ടെങ്കിലും അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. മുടപ്പത്തൂർ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ നാലമ്പലത്തിനകത്ത് പ്രത്യേകം തീർത്ത മണ്ഡപത്തിൽ സരസ്വതീ ദേവിയുടെ വിഗ്രഹം വച്ച് പൂജിയ്ക്കുന്നു. ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യയ്ക്ക് പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി നാളിൽ അടച്ചു പൂജയാണ്. വിജയദശമി നാളിൽ രാവിലെ പൂജ കഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചെടുക്കുന്നു. അന്നേ ദിവസം, അനവധി കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം നുകരുന്നു.

           രാമായണമാസം

           കർക്കിടക മാസം മുഴുവൻ ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിച്ചു വരുന്നു. ഈ ദിവസങ്ങളിൽ രാവിലെ ക്ഷേത്രത്തിൽ രാമായണ പാരായണമുണ്ടാകും. ഇതോടൊപ്പം ക്ഷേത്രത്തിൽ ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്താറുണ്ട്.

           മണ്ഡലകാലം

           വൃശ്ചികം 1 മുതൽ ധനു 11 വരെ നീണ്ടുനിൽക്കുന്ന 41 ദിവസത്തെ ആഘോഷമാണ് മണ്ഡലകാലം. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഈ സമയത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും. ശബരിമലയ്ക്കു പോകുന്ന തീർത്ഥാടകരാണ് ഭക്തരിൽ പ്രധാനികൾ. ഇവിടത്തെ ശാസ്താവിന് തിരുമുന്നിലാണ് ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.

           വിഷു

           മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു ആഘോഷിയ്ക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ വിളവിറക്കൽ ഉത്സവമായിരുന്നു വിഷു. ഇപ്പോൾ കൃഷിയൊക്കെ പോയെങ്കിലും വിഷുവിന്റെ പ്രൗഢിയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. മുടപ്പത്തൂരിൽ വിഷു ദിവസം രാവിലെ ഒരു മണിക്കൂർ നേരത്തെ നടതുറക്കും. താലത്തിൽ അഷ്ടമംഗല്യം, കണിക്കൊന്ന തുടങ്ങിയവ അലങ്കരിച്ച് മണ്ഡപത്തിൽ വച്ചശേഷം ആദ്യം ഭഗവാനെ കണി കാണിയ്ക്കുന്നു. തുടർന്ന് കണ്ണുപൊത്തി കടന്നു വരുന്ന ഭക്തർ ശിവലിംഗം കണികണ്ട് നിർവൃതി നേടുന്നു. ആദ്യം ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകുന്നു.

ക്ഷേത്രത്തിൽ എത്തിച്ചേരുവാനുള്ള വഴി

ഏറ്റവും അടുത്തുള്ള പട്ടണം : കൂത്തുപറമ്പ് - 10 കിലോമീറ്റർ അകലെ

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി - 24 കിലോമീറ്റർ അകലെ

ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - 20 കിലോമീറ്റർ അകലെ

ക്ഷേത്ര വെബ്സൈറ്റ് : https://mudappathur.webs.com/