ശ്രീ മഹാവിഷ്ണു ക്ഷേത്രം പള്ളിക്കുറുപ്
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പള്ളിക്കുറുപ് ഗ്രാമത്തിലാണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഏകദേശം 5250വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഇവിടെ പ്രധാന പ്രതിഷ്ഠയായി മഹാവിഷ്ണുവും, ചുറ്റമ്പലത്തിന്റെ തെക്ക് ഭാഗത്തു വട്ട ശ്രീ കോവിലിൽ പ്രതിഷ്ഠിച്ച നരസിംഹ മൂർത്തിയും പ്രാധാന്യമർഹിക്കുന്നു. വേട്ടക്കാരൻ, അയ്യപ്പൻ, നാഗങ്ങൾ, ഗണപതി, എന്നി ഉപദേവന്മാരും ഉണ്ട്. വനവാസ കാലത്തു ഭഗവാൻ ശ്രീരാമൻ പള്ളിക്കുറുപ് കൊണ്ടതിനാൽ ആണ് ഈ സ്ഥലം പള്ളിക്കുറുപ് എന്ന് പേര് വന്നത് എന്ന് ഐതിഹ്യം പറയുന്നു. ക്ഷേത്രത്തിന്റെ പഴക്കത്തെ കുറിച്ചോ, ഉത്പത്തിയെ കുറിച്ചോ വ്യക്തമായ രേഖകൾ ഇല്ല. പ്രതിഷ്ഠ മുഹൂർത്ത സമയത്തു മയിലിന്റെ സാനിധ്യം ഉണ്ടാവും എന്നായിരുന്നു ജോൽസ്യ പ്രവചനം, പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയാക്കി മയിലിന്റെ വരവ് പ്രതീക്ഷിക്കുന്ന സമയത്തു ഒരു സന്യാസി കയ്യിൽ മയിൽ പീലി കെട്ടുമായി എത്തിച്ചേരുകയും മയിലിനു പകരം മയിൽ പീലി കെട്ടു വന്നത് നല്ല ലക്ഷണമായി കരുതി തന്ത്രിമാർ പടിഞ്ഞാട്ടു മുഖമായി മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ആദ്യത്തെ പ്രതിഷ്ഠയുടെ തെക്കുഭാഗത്തു മയിൽ വട്ടം ചുറ്റി പറക്കുകയും ചെയ്തു. ആ സമയം തന്ത്രിമാർ നരസിംഹ ഭാവത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. അതാണ് ഇന്നു കാണുന്ന തെക്കൻ തേവർ എന്ന മൂർത്തി. നരസിംഹത്തിന്റെ രൗദ്രം ശമിപ്പിക്കാൻ വേണ്ടി ആണ് പ്രതിഷ്ഠക്കു നേരെ എതിരായി പടിഞ്ഞാറു ഭാഗത്തു കിഴക്കോട്ടു മുഖമായി അയ്യപ്പ സ്വാമിയേ പ്രതിഷ്ഠിച്ചത്. വെയിലും, മഴയും കൊള്ളുന്ന രീതിയിലാണ് പൂർണ്ണ, പുഷ്കല ദമ്പതി സമേതം അയ്യപ്പൻറെ പ്ലാവ് മരത്തിന്റെ ചുവട്ടിൽ ഉള്ള പ്രതിഷ്ഠ. ഗണപതി, നാഗങ്ങൾ കൂടി ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ പ്ലാവ് പടർന്നു പന്തലിച്ചു ഇപ്പോഴും കാണാം.
ശ്രീരാമൻ പള്ളിക്കുറുപ് കൊണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തു പടിഞ്ഞാറു മുഖമായി ഒരു പ്രതിഷ്ഠ ഉണ്ട്. അതാണ് അനന്തശയനം. പുരാതനമായ ചുമരിൽ വരച്ച അനന്തശയനം ചുമർ ചിത്രം ഇപ്പോഴും കാണാം. മരത്തിൽ കൊത്തിയ ദശാവതാര രൂപങ്ങൾ പ്രധാന അമ്പലത്തിലെ മുഖ മണ്ഡപത്തിൽ കാണാം. 9ദിവസം ഗംഭീര ഉത്സവം ഇവിടെ നടന്നിരുന്നു. കൂത്ത്, കഥകളി, കൂടിയാട്ടം, സംഗീത കച്ചേരി മുതലായ ക്ഷേത്ര കലകൾ നടന്നിരുന്നു. കലാരംഗത്തെ പ്രതിഭകൾ ഇവിടെ നിത്യ അതിഥികൾ ആയിരുന്നു. ചെമ്പൈ ഭാഗവതർ, കഥകളി ആചാര്യൻ പട്ടിക്കാം തൊടി രാവുണ്ണി മേനോൻ, ഗുരു കുഞ്ചു കുറുപ്പ്, കവള പാറ നാരായണൻ നായർ, വെങ്കിട കൃഷ്ണ ഭാഗവതർ, മൂത്തമന നമ്പൂതിരി, വെങ്കിടച്ച സ്വാമി, പൈങ്കുളം രാമചാക്യാർ, എന്നി പ്രമുഖർ നിത്യ അരങ്ങു തന്നെ ആയിരുന്നു. ഇതിനെല്ലാം വേണ്ടിയുള്ള വലിയ ഊട്ടുപുര ഇപ്പോഴും നിലനിൽക്കുന്നു. പഴയ പ്രതാപം വിളിച്ചു പറഞ്ഞു മതിലകത്തു കൂത്ത് തറ ഇപ്പോഴും ഉണ്ട്. മലബാർ ലഹള എന്നറിയപ്പെടുന്ന ടിപ്പുവിന്റ പടയോട്ട കാലത്ത് ഇവിടെ ഉണ്ടായിരുന്ന നമ്പൂതിരി കുടുംബങ്ങളും, മറ്റുള്ളവരും ഭീതിമൂലം നാടുവിട്ടു പോയി. ഇവർ പോയതോടെ ക്ഷേത്ര കാര്യങ്ങൾ നോക്കാൻ ആളില്ലാത്ത അവസ്ഥയായി. ക്രമേണ ക്ഷേത്രത്തിന്റെ ഉടമാവസ്ഥ അവകാശം ഇവുടുത്തെ പ്രമുഖ ജന്മി കുടുംബമായ ഒളപ്പമണ്ണ മനക്കാർക്കു ലഭിച്ചു. ഇവിടെ ഉണ്ടായിട്ടുള്ള പള്ളിക്കുറുപ് പട എന്നറിയപൊടുന്ന കലാപത്തിന്റെ ഫലമായി ക്ഷേത്ര ബിംബത്തിനു സാരമായി കേടുപാടുകൾ സംഭവിക്കുകയും ഇത് പിന്നീട് പുനർ നിർമ്മിക്കുകയും ചെയ്തു. ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പത്തായ പുരയിൽ കലാപകാരികൾ തമ്പടിച്ചു അക്രമം നടത്തുകയും, ഗൂർക്കാ പട്ടാളം പീരങ്കി പടയുമായി വന്നു ഇവരെ കീഴടങ്ങി. അന്ന് പീരങ്കി പ്രയോഗിച്ച അടയാളം ഇന്നും കാണാം.ഇതിന് ചേല കലാപം എന്നറിയപെടുന്നു. ടിപ്പുവിന്റ പടയോട്ടത്തിന് തെളിവാണ് ഇന്ന് ക്ഷേത്രത്തിന്റ മുൻപിലൂടെ പോകുന്ന ടിപ്പു സുൽത്താൻ റോഡ്. 1921ലെ മാപ്പിള കലാപത്തിലും ക്ഷേത്രത്തിനു കേടുപാടുകൾ വന്നിട്ടുണ്ട്. ഈ ക്ഷേത്രത്തിനു 16000പറ നെല്ല് മിച്ചവാരം പിരിഞ്ഞിരുന്നു. അതോടനുബന്ധിച്ചു ക്ഷേത്രം വളരെ അറിയപ്പെട്ടിരുന്നതായും സുമാർ 1940മുതൽ ഭൂപരിഷ്കരണ നിയമം വരുന്ന അടുത്ത കാലം വരെ ഗംഭീര ഉത്സവം നടന്നിരുന്നു.ഈ കാലത്തു 2ആനകളും ക്ഷേത്രത്തിനു സ്വന്തമായി ഉണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നതോടെ ക്ഷേത്ര സ്വത്തുക്കൾ അന്യാധീന പെടുകയും, വരുമാനം പൂർണമായി നിലക്കുകയും ചെയ്തു. 1940മുതൽ hr&se വകുപ്പിന്റെ കീഴിൽ പ്രത്യേകം തയ്യാറാക്കിയ സ്കീം പ്രകാരം ഭരണം നടക്കുന്നു. 1997ൽ ക്ഷേത്രത്തിൽ 2 ധ്വജപ്രതിഷ്ഠയും, നവീകരണ കലശവും നടത്തി. മഹാവിഷ്ണുവിന് കൊടിമരം നിർമ്മിക്കാൻ മുറിച്ച തേക്ക് 50വർഷം പൂർത്തിയാക്കാൻ കഴിയാതെ കിടന്നു. നരസിംഹ മൂർത്തിക്കും, മഹാവിഷ്ണുവിനും തുല്യം പ്രാധന്യമുള്ള കാരണം 2കൊടിമരം വേണം എന്നാണ് ദേവപ്രശ്നത്തിൽ കണ്ടത്. ഇവിടെ ഉത്സവം 2സ്ഥലത്തും ഒപ്പം നടക്കുന്നു.. ധനു മാസത്തിൽ പുണർതം നാളിൽ കെടിയേറ്റം. ഇടവ മാസത്തിൽ അത്തം നാളിൽ പ്രതിഷ്ഠ ദിനം. മകരത്തിലെ അവസാന ശനി അയ്യപ്പന് താലപ്പൊലി. പഴയ സ്ഥാനപേരായ റാവു ബഹദൂർ ഒ. എം നാരായണൻ നമ്പൂതിരിപ്പാട് ആണ് ഇന്ന് കാണുന്ന പുതിയ പത്തായ പുര, ഗോപുരങ്ങൾ നിർമ്മിച്ചത്. ഒ. എം വാസുദേവൻ നമ്പൂതിരിപ്പാട്, മഹാകവി ഒളപ്പമണ്ണ, ഒ എം സി നാരായണൻ നമ്പൂതിരിപ്പാട്, ഒ എം ശങ്കരൻ നമ്പൂതിരിപ്പാട്, ഒ എം കുഞ്ഞൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ ഭരണ സാരഥ്യം ഏറ്റെടുത്തിട്ടുള്ള ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത മഹാരഥന്മാർ ആണ്. ക്ഷേതത്തിനു ഇപ്പോൾ 20ഏക്കർ ഭൂമി നിലവിലുണ്ട്.http://sreemahavishnutemplepallikurup.blogspot.com/?m=1