ശ്രീ പോരിട്ടിക്കാവ് ദേവി ക്ഷേത്രം -വെണ്ണിക്കുളം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വെണ്ണിക്കുളം ഗ്രാമത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് പോരിട്ടിക്കാവ് ദേവീക്ഷത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയാണ് പ്രതിഷ്ഠ. യുദ്ധസമയത്ത് മരണഭീതിയാൽ പാതാളകുണ്ടിൽ പോയി ഒളിച്ച ദാരികൻ എന്ന ഘോരഅസുരനെ കടന്നുപിടിച്ച് മടിയിൽ കിടത്തി ശൂലം കുത്തിയിറക്കി വധിക്കുന്ന അപൂർവ്വവിധത്തിലാണ് ഇവിടുത്തെ ബിംബസങ്കല്പം.

ക്ഷേത്രം

തിരുത്തുക

ഏകദേശം എല്ലാ വലിയ ക്ഷേത്രലക്ഷണങ്ങളും ഈ ക്ഷേത്രത്തിനും ഉണ്ട്. അതിവിശാലമായ പാർക്കിങ് ഗ്രൗണ്ട് കടന്ന് വേണം ക്ഷേത്രത്തിൽ എത്താൻ. ആദ്യംതന്നെ കാണുന്നത് സാമാന്യം വലിയ ഒരു ആനക്കൊട്ടിൽ. ശേഷം കൊടിമരം. ശ്രീഭദ്രകാളിയുടെ വാഹനമായ വേതാളത്തെ ശിരസ്സിലേറ്റിക്കൊണ്ട് കൊടിമരം നിലകൊള്ളുന്നു. 22 പറയുടെ ചെമ്പുകൊടിമരം ആണ്. പിന്നെ ബലിക്കൽ പുരയും നാലമ്പലവും. പഴയ ക്ഷേത്രം ജീര്ണിച്ചതിനാൽ നാലമ്പലം 2016ൽ പൂർണമായും പുനര്നിര്മിച്ചു.നമസ്‌കാരമണ്ഡപം ഉണ്ട് അകത്ത്.ശ്രീകോവിൽ ചതുര ആകൃതിയിലാണ്.ശ്രീകോവിലിന് അകത്ത് സർവഭീഷ്ടയായ പോരിട്ടികാവിലമ്മ ഐശ്വര്യാദായിനിയായി വാഴുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം വരും.ഇരിക്കുന്ന ഭാവത്തിലാണ്.


ഐതിഹ്യം

തിരുത്തുക

ക്ഷേത്രത്തെ കുറിച്ച് പഴമക്കാർ പറയുന്ന ഐതിഹ്യം ഇതാണ്. പോരിട്ടിക്കാവ് ഭഗവതിയുടെ സഹോദരിയാണ് കല്ലൂപ്പാറ ഭഗവതി. ഒരു ദിവസം യാത്രാമധ്യേ രണ്ടുപേരുടെ ഈ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തി വിശ്രമിച്ചു. വൃക്ഷനിബിഢവും പുഴയും ഒക്കെ കൊണ്ട് പ്രകൃതിഭംഗിയാർന്ന ഈ സ്ഥലം ഒരു ദേവിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പോകാൻ പുറപ്പെടുന്ന വേളയിൽ ജ്യേഷ്ഠത്തിയായ ഭഗവതി അനുജത്തിയോട് "പോര് ഇട്ടി" എന്ന് പറഞ്ഞുവത്രെ. പണ്ടുകാലത്ത് സ്നേഹത്തോടെയും വാത്സല്യത്തോടെയും വിളിക്കുന്ന വിളിപേരുകൾ ആയിരുന്നു ഇട്ടി,കുഞ്ഞി എന്നൊക്കെ. എന്നാൽ ആ ഭഗവതി പോകാതെ ഈ സ്ഥലത്ത് ഇരിക്കാനാണ് നമുക്കിഷ്ടമെന്ന് ഉണർത്തിച്ചു. തുടർന്ന് ജ്യേഷ്ഠത്തിയായ ഭഗവതി ഈ സ്ഥലത്തുനിന്ന് അല്പം പടിഞ്ഞാറോട്ട് മാറി കല്ലൂപ്പാറ എന്ന സ്ഥലത്തേക്ക് പോകുകയും അവിടെ ഇരിക്കുകയും ചെയ്തു. ഇന്ന് കല്ലൂപ്പാറ ഭഗവതി ക്ഷേത്രം വളരെ പ്രസിദ്ധി ആർജിച്ച ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ്. അന്ന് കല്ലൂപ്പാറയമ്മ പോര് ഇട്ടി എന്ന് പറഞ്ഞതിനാലാണ് ഇന്ന് ക്ഷേത്രത്തിന് പോരിട്ടിക്കാവ് എന്ന നാമം സിദ്ധിച്ചത്.

ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം കുംഭത്തിലെ പൂയം നക്ഷത്രത്തിലായിരുന്നു.അതിനാൽ തിരുവുത്സവം പണ്ടുകാലം മുതൽക്കേ കുംഭമാസത്തിലെ പൂയം ആറാട്ട് വരത്തക്ക രീതിയിൽ 10 ദിവസം ആയിരുന്നു. എന്നാൽ 2022ൽ നടത്തിയ ദേവപ്രശ്നത്തിന്റെ പരിഹാരമായി ഉത്സവം പുനഃക്രമീകരിച്ചു. തിരുവുത്സവം മീനത്തിലെ പൂയം കൊടികയറി തുടർന്നുള്ള 10 ദിവസം ആറാട്ടുത്സവവും ആയി നിശ്ചയിച്ചു. ഇവിടെ ഉത്സവതിനെക്കാൾ നാട്ടുകാർക്ക് കമ്പവും അമ്മയ്ക്ക് പ്രധാനവും ആയ മഹോത്സവം പടയണിയാണ്. മീനമാസത്തിലാണ് പടയണി നടക്കുന്നത്. ദാരികവധാനന്തരം ഉഗ്രകോപം കൊണ്ട് കലിതുള്ളിയ ഭദ്രകാളിയെ ശാന്തയാക്കുവാൻ വേണ്ടി ശിവനും ദേവന്മാരും ഭൂതഗണങ്ങളും കൂടി വേഷവിധാനങ്ങൾ വരച്ച് കെട്ടിയാടിയത്തിന്റെ ഓര്മപുതുക്കലാണ് പടയണി. അങ്ങനെ പോർക്കലിയുടെ കോപം ശമിച്ചുവെന്നാണ് ഐതിഹ്യം.മീനഭരണി,മീനകാർത്തിക ദിവസങ്ങളിലാണ് ഇവിടെ ഭഗവതിക്ക് അതിപ്രധാനം. അന്നേ ദിവസങ്ങളിൽ വലിയ പടയണി നടക്കുന്നു. 6 കരകളുടെ നാഥയായി ഭഗവതിക്ക് 3 കരകൾ വീതം ഊഴമിട്ട് വലിയ പടയണി നടത്തുന്നു. മീനഭരണി നാളിൽ അമ്പാട്ടുഭാഗം, കവുങ്ങുംപ്രയാർ,വെണ്ണിക്കുളം കരകളും കാർത്തിക നാളിൽ വാലാങ്കര, തുരുത്തിക്കാട്, ചെറുകാപ്പൂര് കരകളും ആണ് വലിയ പടയണി നടത്തുക. നേരം പുലരുന്നതോടെ കാപ്പൊലിക്കുന്ന മംഗള ഭൈരവി തുള്ളി ഒഴിയുന്നതോടെ ശേഷം രോഹിണി എതിരേൽപ്പോടെ ക്ഷേത്രത്തിലെ ഒരു വർഷത്തെ ഉത്സവ അടിയന്തിരങ്ങൾക്ക് സമാപനം ആകുന്നു.

ക്ഷേത്രത്തിൽ നടക്കുന്ന ഏറ്റവും പ്രധാനമായ ചടങ്ങാണ് പടയണി. മീനമാസത്തിലാണ് പടയണി നടക്കുക. ദാരിക വധാനന്തരം ഉഗ്രകോപാകുലയായ ഭഗവതിയുടെ കോപം ശമിപ്പിക്കുന്നതിന് ശിവനും ദേവഗണങ്ങളും കോലങ്ങൾ വരച്ച് കെട്ടിയാടി. അങ്ങനെ ദേവിയുടെ കോപം ശാന്തമായി എന്നാണ് ഐതിഹ്യം. ഇതാണ് പടയണിയുടെ ഇതിവൃത്തം

പോരിട്ടിക്കാവിലമ്മയുടെ തിരുനാളായ മീനഭരണി, മീനകാർത്തിക ദിവസങ്ങളിലാണ് വലിയപടയണി. അതിന് ഏതാണ്ട് ഒരു മാസം മുൻപ് മുതലേ തന്നെ പടയാണി ചടങ്ങുകൾ ആരംഭിക്കുന്നു. നാട്ടുകാരും കരക്കാരും ഉത്സവതിനെക്കാൾ പ്രാധാന്യം പടയണിക്ക് കൊടുക്കുന്നു. ഉത്സവമുറ വരുന്നതിനും വളരെ പണ്ട് തന്നെ ഇവിടെ പടയണി അരങ്ങേറുന്നതിനാലാകാം കാരണം. അഭീഷ്ടകാര്യ സിദ്ധിക്കും, രോഗദുരിതശമനത്തിനുമായി ഭക്തർ ഓരോ കോലങ്ങൾ വഴിപാടായി നടത്തുന്നു.


തന്ത്രം

തിരുത്തുക

ക്ഷേത്രത്തിൽ താന്ത്രിക കർമങ്ങൾ നടത്തുന്നതിന് അവകാശം തിരുവല്ല തെക്കേടത്ത് കുഴിക്കാട്ടില്ലത്തിനാണ്.