ശാസ്താവ്, കരിവേടൻ തെയ്യങ്ങൾ

ശാസ്താവ്:

നരിക്കോട് നടുവലത്ത് ശ്രീശാസ്താക്ഷേത്രത്തിൽ മാത്രം കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ ശാസ്താവ്.വനശാസ്താവിന്റെ തെയ്യരൂപമാണ് ഇത്.ശാന്തഭാവത്തിലെങ്കിലും കാക്കയെപോലെ കറുത്തവനും പതുക്കെ നടക്കുന്നുവനും ഹരിതവർണ്ണത്താൽ അലങ്കരിക്കപ്പെട്ടവനും പീലിമുടി അണിഞ്ഞിരിക്കുന്നവനുമായ ശിവാംശ സംഭവനായ ദേവനെ ഇന്ദ്രദിദേവകൾക്ക് പോലും ഭയമായിരുന്നു എന്ന് പറയപ്പെടുന്നു... വൈദ്യനാഥനെന്നു അറിയപ്പെടുന്നു .ആകാരത്തിലും ചടങ്ങുകളിലും വേട്ടക്കൊരുമകനോട്‌ സാമ്യമുണ്ട്.കുടകിൽ ജോലിക്ക് പോയ കുന്നുമ്മൽ കാരണവരുടെ കൂടെ അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് എഴുന്നെള്ളി എന്നാണു ഐതിഹ്യം.കയ്യിലുള്ള സമ്പാദ്യവുമായി നാട്ടിലേക്ക് തിരിച്ച കുന്നുമ്മൽ കാരണവരെ കള്ളന്മാർ ആക്രമിക്കാൻ വന്നുവെന്നും ഓടി ചെന്നത് ഒരു ഭയങ്കരമായ ഒഴുക്കുള്ള നദിക്കരയിലാണ് എന്നും ഒരു വശത്ത് ഒഴുക്കുള്ള പുഴയും മറുവശത്ത് കള്ളന്മാരുമായി രക്ഷപെടാൻ ഒരു മാർഗവുമില്ലത്തപ്പോൾ അദ്ദേഹം കുടകില് വച്ച് ആരാധിച്ചു കൊണ്ടിരുന്ന വനശാസ്താവിനെ വിളിച്ചു കരഞ്ഞപ്പോൾ കുതിരപ്പുറത്തെറി യോദ്ധാവിന്റെ ഭാവത്തിൽ വന്നു ശാസ്താവ് അദ്ദേഹത്തെ രക്ഷിച്ചുവെന്നും ഐതിഹ്യം പറയുന്നു.അദ്ദേഹത്തിന്റെ വെള്ളോലമേൽക്കുട ആധാരമായി കൂടെയുണ്ടായിരുന്ന തോഴനായ കരിവേടനോപ്പം നടുവലത്ത് തറവാട്ടിന്റെ കന്നികൊട്ടിലിൽ ദൈവം സ്ഥാനമുറപ്പിച്ചു.പിന്നീട് ക്ഷേത്രം നിർമ്മിക്കപ്പെടുകയും തെയ്യം കെട്ടി ആരാധിക്കപ്പെടുകയും ചെയ്തു.

കരിവേടൻ:

"ആദിചെറുത്തണ്ടർ വാഴുന്ന കാലത്ത് അൻപിനാൽ വന്നൊരു ചെട്ടിയ വീടെക്ക് കീർത്തിയിൽ നല്ലൊരു പള്ളക്കീൽ ഇല്ലത്ത് നിശ്ചയമായുറപ്പിച്ചാൻ കാലിയാനവിടെയും കാലിയും മേച്ചു വനത്തിൽ നടക്കുമ്പോൾ ആലിൻ തണൽ കണ്ടിരുന്നാന പൊൻമകൻ ആക്കം പെരുതായി അടിച്ചകാറ്റിന്നു ആൽകൊമ്പ് പൊട്ടിമരിച്ചാനല്ലോ മകൻ ആജ്ഞയുന്നിട്ടവർ പാടിനല്ലമായ്ക്കുന്നിൽ മേവും ആത്മപാരിതിൽ പുകൾപെറ്റ കരിവേടൻ ദൈവമെന്നു തൊഴുന്നേൻ" എന്ന് തോറ്റം പാട്ടിൽ വിവരിക്കുന്ന ദേവനാണ് കരിവേടൻ. വൈഷ്ണവാംശ സങ്കൽപ്പമൂർത്തിയായ കരിവേടൻ (മുച്ചിലോട്ടു കാവുകളിലും മറ്റും കരിവേടൻ എന്ന പേരിൽ മറ്റൊരു ശൈവംശമൂർത്തിയും ആരാധിക്കപ്പെടുന്നുണ്ട്) ശാസ്താവിന്റെ ഉറ്റ തോഴനാണെന്നു വിശ്വസിക്കപ്പെടുന്നു.ഒന്ന് കിട്ടിയാൽ രണ്ടെന്നും രണ്ടുകിട്ടിയാൽ ഓരോന്നെന്നും വീതിച്ചുകൊള്ളാമെന്നുള്ള തെയ്യത്തിന്റെ തിരുമൊഴി ശാസ്താവുമായുള്ള സുഹൃത്ത്‌ ബന്ധത്തിന്റെ ആഴത്തെ വ്യക്തമാക്കുന്നു .

തണ്ണിനമൃത് എന്നറിയപ്പെടുന്ന(കാരയപ്പം) നൈവേദ്യമാണ് രണ്ടു ദൈവങ്ങൾക്കുമുള്ള ഇഷ്ടവഴിപാട്.വർഷത്തിൽ നടക്കുന്ന കളിയാട്ടം കൂടാതെ ഒറ്റതിറവെള്ളാട്ടഉത്സവത്തിൽ ഉച്ചവെള്ളാട്ടം കരിവേടനും (വെള്ളാട്ടം മാത്രം കെട്ടിയാടും.തെയ്യമില്ല)തിറ(തെയ്യം മാത്രം.വെള്ളാട്ടമില്ല) ശാസ്താവിനുമായി വീതിക്കപ്പെടുന്നു.ശൈവവൈഷ്ണവ സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾ ആണെങ്കിലും നൈവേദ്യവും പൂജയും ഒന്നെന്നഭാവത്തിൽ ചെയ്യുന്നു.'