വെണ്ടയിലെ കുരുടിപ്പ് രോഗം
വെണ്ടയെ ആക്രമിക്കുന്ന ഒരു രോഗമാണ് കുരുടിപ്പ് അഥവാ മൊസൈക്ക് രോഗം. വൈറസുകളാണ് (Bhendi yellow vein mosaic virus) ഇതിന്റെ രോഗകാരി.[1] ഇലകളിലെ ഞരമ്പുകൾ മഞ്ഞ നിറമാകുന്നതും ചെടിയുടെ വളർച്ച മുരടിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. കുരുടിപ്പ് വന്ന ചെടികളിൽ ക്രമാതീതമായി വിളവ് കുറയുന്നതും വിളവ് തരാതെ ചെടി പൂർണ്ണമായും നശിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. ചെറിയ ചെടികളിൽ മുതൽ വിളവ് തരുന്ന ചെടികളിൽ വരെ ഈ രോഗബാധ കണ്ടു വരുന്നു. കുരുടിപ്പിന്റെ രോഗകാരി വൈറസുകളായതിനാൽ രോഗം വന്നതിനു ശേഷമുള്ള സമ്പൂർണ്ണ നിയന്ത്രണം സാധ്യമല്ല. രോഗത്തിന്റെ ചെറുക്കാനുള്ള മുൻകരുതലെന്നോണം കർഷകർ ചെയ്തു വരുന്ന നിയന്ത്രണ മാർഗങ്ങളും പലപ്പോഴും വേണ്ടത്ര ഗുണം ചെയ്യാറില്ല. കുരുടിപ്പ് രോഗം കൊണ്ടു മാത്രം പല വെണ്ടക്കർഷകർക്കും വലിയ വിളവ് നഷ്ടവും അതുവഴി സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ട്.
പ്രതിരോധശേഷിയുള്ള വെണ്ട ഇനം
തിരുത്തുകഇതിനു പ്രതിവിധിയായിക്കൊണ്ട് കേരള കാർഷിക സർവ്വകലാശാല, വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ഒളെരികൾച്ചർ വിഭാഗം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത കുരുടിപ്പ് രോഗ പ്രതിരോധ ശേഷിയുള്ള വെണ്ടയിനമാണ് 'സുസ്ഥിര'. പശ്ചിമ ആഫ്രിക്കൻ നാടുകളിൽ കണ്ടു വരുന്ന Abelmoschus caillei എന്ന ഇനത്തിൽ നിന്നും പ്രകൃതിദത്ത- ഉൽപ്പരിവർത്തനം ( natural mutation) വഴി ഒറ്റച്ചെടി-നിർധാരണം ( single plant selection ) ചെയ്തെടുത്തതാണ് ഈ ഇനം. കേരളത്തിലെ കാലാവസ്ഥയ്ക്കും വീട്ടുകൃഷി രീതിക്കും (homestead farming) ഈ ഇനം ഏറെ അനുയോജ്യമാണ്. നീണ്ട- പച്ച നിറത്തിലുള്ള കായ്കളുണ്ടാകുന്ന സുസ്ഥിര, കൊമ്പുകോതൽ പ്രക്രിയയിലൂടെ (stem pruning) ദീർഘ കാല വിളയായും (perennial crop) പരിപാലിക്കാം.3 വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവെടുക്കാവുന്നതാണ്. മറ്റു വെണ്ടയിനങ്ങളെ അപേക്ഷിച്ച് ഈ ഇനം പൂവിടാൻ കൂടുതൽ സമയമെടുക്കും. വിത്തു നട്ട് 50- 52 ദിവസമെടുക്കും പൂവിടാൻ. വിളദൈർഘ്യവും സുസ്ഥിരക്ക് താരതമ്യേന കൂടുതലാണ് (6 മാസം). കായ്കൾക്ക് ഏകദേശം 22 cm നീളവും 20-30 g തൂക്കവും വരും. ഒരു ഹെക്ടറിൽ നിന്നും ശരാശരി 18 ടൺ വിളവ് ലഭിക്കും.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-22. Retrieved 2016-10-15.