കർണ്ണന്റെ ഏറ്റവും ഇളയ പുത്രനാണ് വൃഷകേതു.

ജനനം തിരുത്തുക

മഹാരാജാവായ കർണ്ണനു ഒന്പത് പുത്രന്മാരുണ്ടായിരുന്നു . അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു" .വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല . [1]

വൃഷകേതുവും പാണ്ഡവരും തിരുത്തുക

ഭാരതയുദ്ധാനന്തരം , കർണ്ണന്റെ നിജസ്ഥിതിയറിഞ്ഞു പാണ്ഡവർക്ക് വളരെയേറെ വിഷമവും കുറ്റബോധവുമുണ്ടായി. അപ്പോഴാണ്‌ കർണ്ണന്റെ അന്തിമപുത്രൻ വൃഷകേതു ജീവിച്ചിരിപ്പുണ്ടെന്നും, അടുത്ത കിരീടാവകാശിയായി അദ്ദേഹം മാത്രമേയുള്ളൂവെന്നും പാണ്ഡവർ മനസ്സിലാക്കുന്നത് . അതോടെ പിന്നീടുള്ള അവരുടെ ശ്രമം വൃഷകേതുവിനെ കണ്ടെത്തുകയെന്നതായി. കൃഷ്ണന്റെ നേതൃത്വത്തിൽ , അർജ്ജുനനും സംഘവും വൃഷകേതുവിനെ തേടി ചംബാപുരിയിലെത്തി. വൃഷകേതുവിനെ അസ്ത്രവിദ്യ പഠിപ്പിക്കാനായി അര്ജ്ജുനനും കൃഷ്ണനും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അർജ്ജുനന്റെ മുഖം കാണുമ്പോൾ, അവനു തന്റെ പിതാവിന്റെ മുഖം ഓർമ്മയിൽ വരും. അതോടെ അർജ്ജുനനോട് വിരോധം ജനിക്കും. എന്നാലും ആയുധാഭ്യാസ സമയത്ത് അവൻ അര്ജ്ജുനനോട് ഗുരുത്വത്തോടെ പെരുമാറിയിരുന്നു. കൃഷ്ണൻ വൃഷകേതുവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലര്ത്തിയിരുന്നു. അർജ്ജുനനുമായിട്ടു ഇണങ്ങിചേരാൻ അവനു കൂടുതൽ സമയമെടുത്തു. എങ്കിലും ഒടുവിൽ അർജ്ജുനനെ അംഗീകരിക്കാനും, ഗുരുവായി സ്വീകരിക്കാനും അവൻ തയ്യാറായി.

അർജ്ജുനന്റെ കീഴിൽ സർവ്വവിധ അസ്ത്രങ്ങളും അവൻ അഭ്യസിച്ചു .[1]

വൃഷകേതുവും പാണ്ഡവരുടെ അശ്വമേധവും തിരുത്തുക

പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അർജ്ജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു. അർജ്ജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോദ്ധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ഠിരന് കീഴിലാക്കി . അതോടെ അർജ്ജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി . [1]

മരണവും, പുനര്ജീവനവും തിരുത്തുക

വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലെത്തി. അവിടെ അര്ജ്ജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അര്ജ്ജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു. ആ യുദ്ധത്തിൽ ബഭ്രുവാഹനൻ അര്ജ്ജുനനെയും വൃഷകേതുവിനെയും വധിക്കുന്നു .

ശേഷം ബഭ്രുവാഹനൻ ഉലൂപിയുടെ(അര്ജ്ജുനന്റെ ഒരു ഭാര്യ) നിര്ദ്ദേശമനുസരിച്ച് പാതാളത്തിൽ പോവുകയും . നാഗങ്ങളുടെ പക്കലുള്ള മൃതസഞ്ജീവനീ മണി കൊണ്ട് വരികയും ,അതുകൊണ്ട് അര്ജ്ജുനനെയും , വൃഷകേതുവിനെയും ജീവിപ്പിക്കുകയും ചെയ്തു.[1]

മറ്റു വിവരങ്ങൾ തിരുത്തുക

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനു ശേഷം വൃഷകേതു തന്റെ പിതാവിന്റെ രാജ്യത്തേക്ക് തിരിച്ചു പോവുകയും മാലിനിയുടെയും, ചംബാപുരിയുടെയും, അംഗരാജ്യത്തിന്റെയും രാജാവായിത്തീരുകയും ചെയ്തു . പ്രഭദ്ര ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ .

ഭഗവാൻ കൃഷ്ണന്റെ വലിയൊരു ഭക്തനും , സുഭദ്രയുടെ കണ്ണിലുണ്ണിയുമായിരുന്നു വൃഷകേതു . ഭീമന്റെ തന്ത്രപരമായ ചില ചോദ്യങ്ങൾക്കു വൃഷകേതു ഉത്തരം നൽകുകയും ആ മറുപടി കേട്ട് ഭീമസേനൻ വൃഷകേതുവിനെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു . പാണ്ഡവർ പരീക്ഷിത്തിനെപ്പോലെയാണ് വൃഷകേതുവിനെ കണ്ടിരുന്നത് . പിതാവിനെ അർജ്ജുനൻ വധിച്ചതിൽ വൃഷകേതുവിന്‌ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല . കർണ്ണനു കൃഷ്ണാർജ്ജുനനമാരുടെ പ്രസാദത്താൽ മുക്തി ലഭിച്ചതായി വൃഷകേതുവിന്‌ അറിയാമായിരുന്നു . [1]

ഇതിനൊക്കെ പുറമെ കുരുക്കളുടെ അനുബന്ധ വംശമായ രജപുത്ര-ക്ഷത്രിയരുടെ വംശം നിലനിറുത്തുവാൻ വൃഷകേതുവാണ്‌ ബാക്കിയുണ്ടായത് . വൃഷകേതു പിതാവായ കർണ്ണന്റെ രാജ്യമായ അംഗം , മാലിനീ പുരം , ചംബ പുരി എന്നിവ ഭരിക്കുകയും അദ്ദേഹത്തിന് ധർമ്മരാജ രുദ്രൻ എന്ന പുത്രനുണ്ടാവുകയും ചെയ്തു . ആനകളോട് മല്പിടുത്തം നടത്തുവാൻ ശക്തനായ ഇദ്ദേഹത്തെ ജനങ്ങൾ ധിലു എന്ന് വിളിച്ചു . ധിലുവിന്റെ വംശക്കാരായ ധില്ലൻമാർ(Dhillons) എന്ന ക്ഷത്രിയർ കലിയുഗത്തിന്റെ ആരംഭത്തിൽ വർണ്ണസങ്കരം വന്നു ദുഷിച്ചുപോയതായി ഭവിഷ്യപുരാണത്തിലും , ജാട്ട് -കളുടെ ചരിത്രത്തിലും കാണാനുണ്ട് . ആ ദുഷിച്ച വംശത്തെ ജാട്ടന്മാർ എന്ന് വിളിക്കുന്നുവത്രെ . എന്നിരുന്നാലും വർണ്ണസങ്കരം ബാധിക്കാത്ത ശേഷിച്ച ധില്ലൻമാർ ഇന്നും ഹൈന്ദവ - ക്ഷത്രിയരായി തന്നെ നിലനിൽക്കുന്നു . ജാട്ടന്മാർ എന്ന വിഭാഗത്തോട് കലർന്നുപോയ ധില്ലൻമാരുടെ അന്തരവിഭാഗം ഹൂണദേശത്തു പോയി ഹൂണന്മാരായും , കുറേപ്പേർ യൂറോപ്പിലും , കുറേപ്പേർ ബ്രിട്ടണിലും, കുറേപ്പേർ ചൈനയിലുമായി ചിതറിക്കിടക്കുന്നു . എന്നിരുന്നാലും സൂര്യനാരായണൻ കുലദേവതയായ തനി ധില്ലൻമാർ ഇന്നും ഭാരതത്തിലെ ഒരു പ്രബല വംശമായിട്ടുണ്ട് .[2] [3] [4] [5] [6] [7]

അടിക്കുറിപ്പ് തിരുത്തുക

വ്യാസശിഷ്യനായ ജൈമിനീ മഹർഷിയുടെ മഹാഭാരതത്തിലാണ് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് . ജൈമിനീ ഭാരതത്തിന്റെ " അശ്വമേധപര്വ്വം " മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അതിനാൽ " ജൈമിനീ അശ്വമേധം " എന്ന നാമധേയത്തിൽ ഈ കൃതി പ്രസിദ്ധമാണ് .

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 [ജൈമിനീയാശ്വമേധം by തേമ്പാട്ട് ശങ്കരൻ നായര് , സാഹിതി ബുക്സ് , തൃശൂര് ] .
  2. Read history of Dhillons read history of dhillons.
  3. Read history of Dhillons 2 read history of dhillons2
  4. History of Jats and DhillonsHistory of Jats and dhillons
  5. History of Dhillons and Jats History of dhillons and Jats
  6. [ഭവിഷ്യപുരാണം പ്രതിസർഗ്ഗപർവ്വം ]
  7. [Origins and History Jats and Other Allied Namodic Tribes in India; by B.S. Nijjar (Author)]
"https://ml.wikipedia.org/w/index.php?title=വൃഷകേതു&oldid=3418136" എന്ന താളിൽനിന്ന് ശേഖരിച്ചത്