വീരരായൻ
ബ്രിട്ടീഷ് ഭരണകാലത്തിനു മുൻപ് മലബാറിൽ നിലവിലിരുന്ന നാണയമാണ് വീരരായൻ അല്ലെങ്കിൽ വീരായൻ. സ്വർണ്ണത്തിലായിരുന്നു ഈ നാണയങ്ങൾ അച്ചടിച്ചിരുന്നത്. പഴയതെന്നും പുതിയതെന്നും രണ്ടുതരം വീരരായൻ പണം നിലവുണ്ടായിരുന്നതായി രേഖകളിൽ കാണാം. [1] കോഴിക്കോട്ട് സാമൂതിരിയുടെ നാണയമായിരുന്നു ഇത്.[2]
ചരിത്രം
തിരുത്തുകഈ നാണയങ്ങൾ നിലവിൽ വന്നതെന്നാണെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ 1761-ൽ ഹൈദരാലി മലബാറിനെ ആക്രമിക്കുന്നതിനും വളരെ മുൻപുമുതൽ തന്നെ ഈ നാണയങ്ങൾ നിലവിലുണ്ടായിരുന്നതായി തെളിവുകൾ ലഭ്യമാണ്. കോഴിക്കോട് സാമൂതിരിമാർ അവരുടെ അധികാരത്തിന്റെ കീഴിൽ കമ്മട്ടത്തിലായിരുന്നു ഈ നാണയങ്ങൾ അടിച്ചിരുന്നത്. മലബാറിലെ നികുതി പിരിവിനുള്ള മാധ്യമവും ഇതായിരുന്നു. [1] സാമൂതിരി 1667-നു ശേഷം കമ്മട്ടങ്ങൾ ഉപയോഗിച്ചതിനുള്ള തെളിവുകൾ ലഭ്യമായതുകൊണ്ട് ഇവയും ആ കാലഘട്ടത്തിൽ ഉപയോഗത്തിലിരുന്നതാകാനാണ് സാധ്യത. വീരരായൻ തട്ടാൻ എന്നാണ് കമ്മട്ടം ഉപയോഗിച്ച് നാണയം ഉണ്ടാക്കുന്നയാളിനെ അറിയപ്പെട്ടിരുന്നത്.[3] ഹൈദരാലി മലബാറിൽ വീരരായൻ പണത്തിനു പകരമായി, അതിൽ തന്നെ ചെറിയ മാറ്റങ്ങളോടു കൂടിയ ഹൈദരിയെന്ന നാണയം കൊണ്ടുവരാൻ ശ്രമിച്ചു.[4]
രൂപവിവരണം
തിരുത്തുകഖനനങ്ങളിൽ കണ്ടെത്തപ്പെട്ട 17-ആം നൂറ്റാണ്ടിൽ ഉപയോഗത്തിലിരുന്ന ചില നാണയങ്ങളുടെ വിവരണം ഇപ്രകാരമാണ്. ഒരു പുറത്ത് വൈഷ്ണവർ ധരിക്കുന്നതുപോലെയുള്ള ഒരു 'നാമ'ക്കുറിയും, നടുക്ക് സൂര്യനെപ്പോലെയുള്ള ഒരടയാളവും, അതിനു താഴെയായി സിംഹത്തിന്റെ ചിത്രീകരണവും കാണപ്പെട്ടിരുന്നു. മറുപുറത്ത് 12 കുത്തുകളും അതിന്റെ താഴെയായി 2 കൈ-കാലുകളും അടയാളപ്പെടുത്തിയിരുന്നു. ഈ സ്വർണ്ണനാണയത്തിന് 1cm വ്യാസവും, 1mm കനവും, 300g തൂക്കവും ഉണ്ടായിരുന്നു. [5]
വിനിമയ നിരക്കുകൾ
തിരുത്തുക1802-ൽ മാക്ലോയിഡിന്റെ ഭരണകാലഘട്ടത്തിൽ ഈ നാണയങ്ങളുടെ വിനിമയ മൂല്യം സംബന്ധിച്ച കണക്കുകൾ ഇപ്രകാരമായിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ അന്നത്തെ രൂപയുടെ മൂല്യത്തിന് മൂന്നര (3½)പുതിയ വീരരായൻ സ്വർണ്ണനാണയം നൽകേണ്ടിയിരുന്നു. പഴയ വീരരായൻ നാണയങ്ങളിൽ നാല് (4) പണം നൽകേണ്ടിയിരുന്നു.[1]
16-ആം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിൽ(1786) ഒരു വീരായൻ ലഭിക്കാൻ 22 കാശ് കൊടുക്കണമായിരുന്നു. അതേസമയം അക്കാലത്തെ മറ്റൊരു പണമായ സുൽത്താൻ പണം കിട്ടാൻ 26 മുതൽ 28 കാശുവരെ നൽകണമായിരുന്നു.[4]
പുറം കണ്ണികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 അഡ്വ. ടി.ബി.സെലുരാജ്. "വീരരായൻ പണം". മാതൃഭൂമി. Archived from the original on 2014-12-03. Retrieved 2014-12-04.
- ↑ "സ്വാതന്ത്യലബ്ധി വരെ തിരുവിതാംകൂർ, കൊച്ചി, മലബാർ". dutchinkerala.com. Archived from the original on 2021-06-03. Retrieved 2021-09-02.
- ↑ "കേരളനാട് (തദ്ദേശീയ നാണയങ്ങൾ)". vikaspedia.in. Archived from the original on 2020-12-03. Retrieved 2021-09-02.
- ↑ 4.0 4.1 ആർ. ശശിശേഖർ (2018-11-14). "പാലക്കാട് കോട്ട: മൈസൂർ ആക്രമണങ്ങളുടെ സ്മാരകം". manoramaonline.com. Archived from the original on 2020-09-23. Retrieved 2021-09-02.
- ↑ T.K. Rohit (2020-06-17). "Gold coin dating to 17th Century A.D. found in Agaram" (in ഇംഗ്ലീഷ്). thehindu.com. Archived from the original on 2020-07-20. Retrieved 2021-09-02.