വി.വി. വേലുക്കുട്ടി അരയൻ
ആയുർവ്വേദം, അലോപ്പതി, ഹോമിയോ എന്നീ വ്യത്യസ്ത തുറകളിലൂടെ വൈദ്യശാസ്ത്രവും, സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങി മറ്റു വിജ്ഞാനമേഖലകളും സ്വായത്തമാക്കി കവി, സാഹിത്യകാരൻ, വിമർശകൻ, സാമൂഹ്യപരിഷ്കർത്താവ്, ശാസ്ത്രജ്ഞൻ, ചരിത്രപണ്ഡിതൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ഡോ. വി.വി. വേലുക്കുട്ടി അരയൻ (11 മാർച്ച് 1894- 31 മേയ് 1969).
ജനനം
തിരുത്തുക1894 മാർച്ച് 11നു് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്ത ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ആലപ്പാട് എന്ന കടൽത്തീരഗ്രാമത്തിലാണു് വേലുക്കുട്ടി അരയൻ ജനിച്ചതു്[1]. പിതാവ് വേലായുധൻ വൈദ്യൻ; മാതാവ് വെളുത്തകുഞ്ഞമ്മ. [2]
വിദ്യാഭ്യാസം
തിരുത്തുകചെറുപ്രായത്തിൽ തന്നെ പിതാവിൽ നിന്നും ആയുർവ്വേദവും സംസ്കൃതവും പഠിച്ചുതുടങ്ങിയ വേലുക്കുട്ടി 18 വയസ്സാവുമ്പോഴേക്കും ആയുർവ്വേദത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും ആഴമേറിയ പാണ്ഡിത്യം സമ്പാദിച്ചു. തുടർന്നു് മദിരാശിയിൽ അലോപ്പതി വൈദ്യത്തിൽ പഠനം തുടർന്നു. അതോടൊപ്പം സ്വന്തം താല്പര്യത്തിനനുസരിച്ചു് സമുദ്രവിജ്ഞാനീയം, നിയമം തുടങ്ങിയ വിഷയങ്ങളും പഠിച്ചെടുത്തു. അലോപ്പതി ബിരുദത്തിനു ശേഷം കൽക്കത്തയിലെ ഹോമിയോപ്പതിൿ മെഡിക്കൽ കോളേജിൽനിന്നും ഹോമിയോ ചികിത്സയിലും ഒന്നാം റാങ്കോടെ ബിരുദം നേടി.
സാമൂഹ്യപ്രവർത്തനം
തിരുത്തുകവിദ്യാഭ്യാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ വേലുക്കുട്ടി അരയൻ സ്വഗ്രാമത്തിൽ തന്നെ ഡോക്ടർ ആയി പ്രാക്റ്റീസ് ആരംഭിച്ചു. പക്ഷേ അധികനാൾ കഴിയും മുമ്പേ അദ്ദേഹത്തിന്റെ ശ്രദ്ധ താൻ ഉൾപ്പെടുന്ന അരയസമുദായത്തിന്റെ സാമൂഹ്യപ്രശ്നങ്ങളിലേക്കു് തിരിഞ്ഞു.
1908-ൽ അദ്ദേഹം സ്വന്തം ഗ്രാമത്തിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു വായനശാല തുടങ്ങിവെച്ചു. സ്വസമുദായത്തിലെ കുട്ടികൾക്കു പഠിക്കാൻ കൂടുതൽ സൗകര്യമായ വിധത്തിൽ 1936-ൽ ഗ്രാമത്തിൽ തന്നെ ഒരു സ്കൂളും സ്ഥാപിച്ചു. അരയവംശപരിപാലനയോഗം, സമസ്തകേരളീയ അരയമഹാജനയോഗം, അരയ സർവീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ തൊഴിലാളി യൂണിയൻ, തുറമുഖ തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി സംഘടനകളും പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു.[2]
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കർമ്മധീരനായ ഒരു പോരാളി കൂടിയായിരുന്നു അരയൻ. വൈക്കം സത്യാഗ്രഹത്തിന്റെ മുൻനിരയിൽ തന്നെ അദ്ദേഹം പങ്കെടുത്തു. 1920-ൽ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭയിലെയും നേതൃത്വത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയപ്രസ്ഥാനമായിരുന്നു ഇത്. 1924-ൽ സ്ഥാപിക്കപ്പെട്ട അവർണ ഹിന്ദു മഹാസഭയുടെ ജനറൽ സെക്രട്ടറിയായിരുന്നു.[2] 1948-ലെ പൊതുതിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഇദ്ദേഹം പരാജയപ്പെട്ടു.[2]
1917-ൽ അദ്ദേഹം തുടങ്ങിയ 'അരയൻ'[1] എന്ന പത്രം പൊതുവേ കേരളസമൂഹത്തിന്റേയും വിശിഷ്യ അരയസമുദായത്തിന്റേയും ഒരു ജിഹ്വ ആയി നിലകൊണ്ടു. തിരുവിതാംകൂർ മഹാരാജാസ് കോളേജിൽ നടന്ന വിദ്യാർത്ഥിസമരത്തെ അമർച്ച ചെയ്യാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എഴുതിയ ‘വിദ്യാർത്ഥികൾക്ക് ഒരു അനുസ്മരണം‘[3] എന്ന മുഖപ്രസംഗത്തെത്തുടർന്ന് 1921-ൽ അരയൻ പത്രം കണ്ടുകെട്ടി. ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യാനിരുന്നുവെങ്കിലും അത് ഇക്കാരണത്താൽ ഒഴിവാക്കപ്പെട്ടു.[3] 1938-ൽ വീണ്ടും ദിവാൻ ഭരണത്തെ ചോദ്യം ചെയ്തു എന്ന പേരിൽ പ്രസ് കണ്ടുകെട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. [2] അവർണ ജനവിഭാഗങ്ങലെ അനീതിക്കെതിരേ നിലകൊള്ളാൻ പ്രേരിപ്പിച്ച സഹോദരസംഘത്തിന്റെ ‘കാവുകളിൽ പോകരുത്‘ എന്ന ലഘുലേഖ അരയൻ പത്രത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മറ്റുപത്രങ്ങൾ ഇത് പ്രസിദ്ധീകരിക്കാൻ മടികാണിച്ചിരുന്നു.[3]
സ്ത്രീകൾക്കുവേണ്ടി അരയസ്ത്രീജനമാസിക എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.[2]
ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും വേലുക്കുട്ടി അരയൻ തന്റെ നാടിനു് ഉപകാരപ്രദമായ പല പദ്ധതികളും ആവിഷ്കരിച്ചു. തീരദേശം അലിഞ്ഞുപോകുന്നതു് ഒഴിവാക്കാനും കടൽത്തീരം കൂടുതൽ ഫലസമ്പുഷ്ടമാക്കാനും ഉതകുന്ന പ്രൊജക്റ്റുകൾ രൂപകൽപ്പന ചെയ്തു.[2] സമുദ്രോൽപ്പന്നങ്ങളുടേയും കേരോൽപ്പന്നങ്ങളുടേയും വൈവിദ്ധ്യവികാസങ്ങൾക്കും അദ്ദേഹത്തിന്റെ ആശയങ്ങൾ ഏറെ സഹായകമായി. പ്രാദേശികമായി ലഭ്യമായ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പത്രക്കടലാസ് നിർമ്മാണരീതി, വ്യത്യസ്ത വൈദ്യശാസ്ത്രവിധികൾ സമ്മേളിപ്പിച്ച മരുന്നുകളുടെ ഉൽപ്പാദനം തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.
സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ചൂഷണം ഉറപ്പാക്കൽ, സമുദ്രതീരസംരക്ഷണം, മത്സ്യബന്ധനോപാധികളുടെ മെച്ചപ്പെടുത്തൽ, മീൻ പിടിച്ചു ജീവിക്കുന്ന സമുദായങ്ങളുടെ ഉന്നമനം എന്നിവ ലാക്കാക്കി 1949-ൽ ആദ്യമായി സംഘടിപ്പിച്ച ഫിഷറീസ് കോൺഫറൻസിന്റെ സംഘാടകനും സൂത്രധാരനും ഡോ. വേലുക്കുട്ടി അരയൻ ആയിരുന്നു.
തീരം തിരിച്ചുപിടിക്കൽ പദ്ധതി
തിരുത്തുകകടൽഭിത്തികൾക്ക് പകരം തീരത്തിനടുത്തുനിന്ന് മണലെടുത്ത് തീരത്ത് നിക്ഷേപിച്ച് തിരമാലകളുടെ ശക്തി കുറച്ച് തീരസംരക്ഷണം നടത്തുവാനുള്ള ‘ലാൻഡ് റീക്ലമേഷൻ സ്കീം‘ ഇദ്ദേഹം 1952-ൽ ഗവണ്മെന്റിന് സമർപ്പിച്ചിരുന്നു.[2]
സാഹിത്യപ്രവർത്തനം
തിരുത്തുകമറ്റു തുറകളിലെപ്പോലെത്തന്നെ, സാഹിത്യരംഗത്തും വേലുക്കുട്ടി അരയൻ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ചെമ്മീൻ എന്ന നോവലിനെ നിശിതമായി വിമർശിച്ചുകൊണ്ടു് അദ്ദേഹം 'ചെമ്മീൻ - ഒരു നിരൂപണം'എന്ന പേരിൽ എഴുതിയ വിമർശനഗ്രന്ഥം അക്കാലത്തെ മലയാളസാഹിത്യചർച്ചകളിൽ വലിയ അലകളിളക്കി.
സാഹിത്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും അദ്ദേഹം തന്റെ സുശിക്ഷിതമായ കൈയൊപ്പു ചാർത്തി. ത്രിവിക്രമൻ, വജ്രസൂചി, ബാലൻ, ആലപ്പാട്ടു ബാലൻ, കുംഭാണ്ഡൻ, മണി, മായാവി, ചക്ഷുശ്രവണൻ, ചെമ്മാന്ത്രം തുടങ്ങി വിഷയവും മേഖലയും അനുസരിച്ച് പല തൂലികാനാമങ്ങളിലും അദ്ദേഹം സർഗ്ഗരചന നടത്തി.
കൃതികൾ
തിരുത്തുകപദ്യകൃതികൾ
തിരുത്തുക- കിരാതാർജ്ജുനീയം (തുള്ളൽ)
- ഓണം ഡേ
- ദീനയായ ദമയന്തി
- പദ്യകുസുമാഞ്ജലി
- ശ്രീചൈത്രബുദ്ധൻ
- അച്ചനും കുട്ടിയാനും (വടക്കൻ പാട്ട്)
- സത്യഗീത
- മാതംഗി
- ക്ലാവുദീയ
- ചിരിക്കുന്ന കവിതകൾ (ആക്ഷേപഹാസ്യം)
- കേരളഗീതം (ഗീതങ്ങൾ)
- തീക്കുടുക്ക
- സ്വർഗ്ഗസോപാനം
- സൂക്തമുത്തുമാല (പ്രസിദ്ധ സൂക്തങ്ങളുടെ കവ്യാവിഷ്കരണം)
- ചിന്തിപ്പിക്കുന്ന കവിതകൾ
ഗദ്യകൃതികൾ
തിരുത്തുക- നിരൂപണം
- മാധവി
- ശാകുന്തളവും തർജ്ജമകളും
- തകഴിയുടെ ചെമ്മീൻ - ഒരു നിരൂപണം
- സൗന്ദര്യം
- ബാലസാഹിത്യം
- കുറുക്കൻ കഥകൾ
- ബാലസാഹിത്യകഥകൾ
- കഥകൾ
- ലഘുകഥാകൗമുദി
- തെരഞ്ഞെടുത്ത കഥകൾ
- മാറ്റങ്ങൾ (നീണ്ടകഥ)
- നോവൽ
- ഭാഗ്യപരീക്ഷകൾ
- തിരുവിതാംകൂർ അരയമഹാജനയോഗം (ആക്ഷേപഹാസ്യം)
- തർജ്ജമ
- ശർമ്മദ (ഇംഗ്ലീഷ് നോവലിന്റെ സ്വതന്ത്ര പരിഭാഷ)
- ലേഖനങ്ങൾ
- മത്സ്യവും മതവും
- അദ്ധ്യക്ഷപ്രസംഗം
- മുഖപ്രസംഗങ്ങൾ (അരയൻ പത്രത്തിലെ മുഖപ്രസംഗങ്ങൾ)
- തെരഞ്ഞെടുത്ത ലേഖനങ്ങൾ
- തിരുവിതാംകൂറിലെ മത്സ്യവ്യവസായം
- കടലാക്രമണത്തെ തടയാൻ
- ഡോ. അരയന്റെ നർമ്മലേഖനങ്ങൾ
- ആത്മകഥ
- പിന്തിരിഞ്ഞു നോക്കുമ്പോൾ
- നാടകം
- ബലേ ഭേഷ്
- ആൾമാറാട്ടം
- ലോകദാസൻ
- നന്ദകുമാരൻ
- ഇരുട്ടടി
- മാടൻ സൈമൺ
- പാഠപുസ്തകങ്ങൾ
- സംസ്കൃതബാലപാഠം ( പല ഭാഗങ്ങൾ)
- ഇംഗ്ലീഷ് പാഠാവലി
- മലയാളസാഹിത്യത്തിൽ ഭാഷാപരമായി വരുത്തേണ്ട മാറ്റങ്ങൾ
- സൂക്തമുത്തുമാല
- ലഘുകഥാകൗമുദി
കൂടാതെ അപ്രകാശിതമായതും, പത്രപംക്തികളിലും മറ്റുമായി പ്രസിദ്ധീകരിക്കപ്പെട്ടതുമായ മറ്റനേകം കൃതികളും പല തൂലികാനാമങ്ങളിൽ എഴുതിയിരുന്ന വേലുക്കുട്ടി അരയന്റേതായി ഉണ്ടു്.
പ്രസിദ്ധീകരണങ്ങൾ
തിരുത്തുകഅദ്ദേഹം ആരംഭിച്ച ചില പ്രസിദ്ധീകരണങ്ങൾ.[2][3]
- അരയൻ പത്രം
- അരയ സ്ത്രീജന മാസിക (വനിതാ മാസിക)
- ഫിലിം ഫാൻ (സിനിമാ മാസിക)
- ഫിഷറീസ് മാഗസിൻ (ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു)
- ധർമപോഷിണി
- സമാധാനം
- കലാകേരളം
- രാജ്യാഭിമാനി
- ചിരി
സ്മാരകം
തിരുത്തുകഡോ. വി. വി. വേലുക്കുട്ടി അരയൻ ഫൗണ്ടേഷൻ എന്ന പേരിൽ കരുനാഗപ്പള്ളി ചെറിയഴീക്കൽ രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണു് അദ്ദേഹത്തിന്റെ സ്മാരകങ്ങളിൽ പ്രമുഖമായതു്. അദ്ദേഹത്തിന്റെ കൃതികൾ കണ്ടെടുത്തു് പുനഃപ്രസിദ്ധീകരിക്കുക എന്നതാണു് ഫൗണ്ടേഷന്റെ മുഖ്യലക്ഷ്യം. വിലാസം: "ഡോ. വി. വി. വേലുക്കുട്ടി അരയൻ ഫൗണ്ടേഷൻ, ചെറിയഴീക്കൽ, കരുനാഗപ്പള്ളി പി. ഒ.; കൊല്ലം - 690 573, ഫോൺ: 04762826388"
അവലംബം
തിരുത്തുക- ↑ 1.0 1.1 ആലപ്പാട് Archived 2015-04-04 at the Wayback Machine. ചരിത്രം
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 ഇലങ്കത്ത്, ജയചന്ദ്രൻ (19 മാർച്ച് 2019). "മാറ്റത്തിന്റെ തിരയേറ്റം; ജ്വലിക്കുന്ന ഓർമയായി വേലുക്കുട്ടി അരയൻ". https://www.manoramaonline.com/. Retrieved 17 ഓഗസ്റ്റ് 2020.
{{cite news}}
: External link in
(help)|publisher=
- ↑ 3.0 3.1 3.2 3.3 ഡോ. മോഹൻദാസ്, വള്ളിക്കാവ് (11 മാർച്ച് 2019). "അരയൻ - നവോദ്ധാനത്തിലെ വേറിട്ട ചരിത്രം". keralakaumudi.com. Retrieved 17 ഓഗസ്റ്റ് 2020.