വിക്കിപീഡിയ:പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ

(വിക്കിപീഡിയ:Wikipedia is not for things made up one day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിക്കിപീഡിയ എന്തൊക്കെയല്ല (താങ്കളോ സുഹൃത്തുക്കളോ ഉണ്ടാക്കിയെടുത്ത കാര്യങ്ങളെ സംബന്ധിച്ച്)[1] . താങ്കൾ സ്കൂളിലോ കലാശാലാ ലാബിലോ ഗ്യാരേജിലോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് എന്തെങ്കിലും ഉണ്ടാക്കിയെടുത്തുവെങ്കിൽ അതിന് വിശ്വസനീയമായ സ്രോതസ്സുകൾ അവലംബമായില്ല എങ്കിൽ അതെപ്പറ്റി ദയവായി വിക്കിപീഡിയയിൽ എഴുതാതിരിക്കുക. ഇതെപ്പറ്റി താങ്കളുടെ വെബ്‌സൈറ്റിലോ ബ്ലോഗിലോ എഴുതിക്കൊള്ളൂ. ഇത്തരമൊരു കാര്യത്തെപ്പറ്റി താങ്കൾ എഴുതുന്നുണ്ടെങ്കിൽ അത് താങ്കളുടെ സുഹൃത്തിന്റെ വെബ് സൈറ്റ് അവലംബമാക്കിക്കൊണ്ടുമാവരുത്.

പ്രലോഭനത്തിൽ വീഴാതിരിക്കുക

തിരുത്തുക

പുതിയ എഡിറ്റർമാർക്ക് അവരുടെയോ സുഹൃത്തുക്കളുടെയോ ആശയങ്ങളെപ്പറ്റി എഴുതുവാൻ ആവേശം തോന്നിയേക്കാം. തങ്ങൾ കണ്ടുപിടിച്ച പുതിയ കളിയെപ്പറ്റിയോ, സുഹൃദ് വലയത്തിനുള്ളിൽ തങ്ങൾ ഉണ്ടാക്കിയെടുത്ത പുതിയ വാക്കിനെപ്പറ്റിയോ, സുഹൃത്തുക്കൾ ചേർന്ന് ഉണ്ടാക്കി യൂ-ട്യൂബിൽ അപ്‌ലോഡ് ചെയ്ത ചലച്ചിത്രത്തെപ്പറ്റിയോ, പുതുതായുണ്ടാക്കിയ ഒരു രഹസ്യഭാഷയെപ്പറ്റിയോ, ഒരു കൂട്ടായ്മയിൽ രുപം കൊടുത്ത മദ്യപാനക്കളിയെയോ സംബന്ധിച്ച് പുതിയ ലോകത്തെ അറിയിക്കണമെന്ന തോന്നൽ ലേഖകർക്കുണ്ടായേക്കാം. ലോകത്തെ ഇതറിയ്ക്കാൻ വിക്കിപീഡിയ നല്ലൊരു മാദ്ധ്യമമാണെന്നും തോന്നലുണ്ടാകാൻ സാദ്ധ്യതയുണ്ട് – നിങ്ങൾക്ക് ഇത് രസിച്ചതിനാൽ മറ്റുള്ളവർക്കും അത് രസകരമായിരിക്കില്ലേ?

ഇത്തരം ലേഖനങ്ങളെഴുതുന്നതിൽ പല പ്രശ്നങ്ങളുണ്ട്:

  • വിക്കിപീഡിയയിലെ ഉള്ളടക്കം പരിശോധനായോഗ്യമായിരിക്കണം. താങ്കളുടെ സുഹൃത്ത് ഒരുദിവസം ചെയ്തത് എന്താണെന്ന് മറ്റുള്ളവർക്ക് പരിശോധിച്ച് ഉറപ്പുവരുത്താൻ മാർഗ്ഗമൊന്നുമില്ല. ഇതിന് സാക്ഷ്യരേഖകളോ പ്രമാണങ്ങളൊ ഇല്ല. താങ്കളുടെ സുഹൃത്ത് എന്നൊരാൾ ഉണ്ടെന്നുതന്നെ ലോകത്തിന് പരിശോധിച്ചുറപ്പുവരുത്താൻ വഴികളില്ല. പരിശോധനായോഗ്യത ആധുനികോത്തര ചർച്ചകളിലൂടെ തീരുമാനിക്കേണ്ട ഒന്നല്ല; മറിച്ച് ഒരു നിയത മാനദണ്ഡമാണ്. എല്ലാ ലേഖനങ്ങളും വിശ്വസനീയമായ സ്രോത‌സ്സുകൾ സൈറ്റ് ചെയ്യുന്നുണ്ടാവണം. താങ്കളുടെ കണ്ടുപിടുത്തം സംബന്ധിച്ച് ഇത്തരം സ്രോതസ്സുകൾ ഉദ്ധരിക്കാനില്ലെങ്കിൽ താങ്കളുടെ കണ്ടുപിടുത്തം പരിശോധനായോഗ്യമല്ല. അതിനാൽ അത് വിക്കിപീഡിയയിൽ ചേർക്കുവാൻ പറ്റിയതല്ല.
  • കണ്ടുപിടുത്തങ്ങൾ വിക്കിപീഡിയയിൽ അനുവദനീയമല്ല. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. ഇതിനു മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട അറിവുകളുടെ സംക്ഷേപമാണ് ഒരു വിജ്ഞാനകോശം. പുതിയ വിവരങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്ന ഒരിടമാകാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. ഇതിന് നമുക്ക് പത്രമാദ്ധ്യമങ്ങൾ, അക്കാദമിക ജേണലുകൾ, പുസ്തകപ്രസാധകർ എന്നീ മാർഗ്ഗങ്ങളുണ്ട്. വിക്കിപീഡിയ പുതിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനോ പുതിയ അറിവുകളെ പ്രചരിപ്പിക്കാനോ ഉള്ള ഇടമല്ല. താങ്കളുടെ കണ്ടുപിടുത്തത്തെപ്പറ്റി മറ്റാരും എഴുതിയിട്ടില്ലാത്തതിനാൽ അത് വിക്കിപീഡിയയിലെ ലേഖനത്തിലുൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നാണ് താങ്കളുടെ വാദമെങ്കിൽ താങ്കൾ വിക്കിപീഡിയയുടെ ഉദ്ദേശലക്ഷ്യങ്ങൾ തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത്.
  • വിക്കിപീഡിയയ്ക്ക് അതീന്ദ്രിയജ്ഞാനമില്ല. ഒരാൾ എഴുതിയ താളിലെ ഉള്ളടക്കം അടുത്തുതന്നെ നാലാളറിയുമെന്നും എന്തുകൊണ്ട് അതെപ്പറ്റി ഇപ്പൊൾ ലേഖനമെഴുതിക്കൂടാ എന്നും (താൾ നീക്കം ചെയ്യുന്നതിൽ പ്രതിക്ഷേധിച്ചുകൊണ്ട് ലേഖകർ വാദിച്ചേക്കാം. ചിലപ്പോൾ അവർ പറയുന്നതിൽ വസ്തുതയുണ്ടാവാം. ചിലപ്പോൾ അത് പൊള്ളയായ വാദമായിരിക്കാം. വായനക്കാരന് ഈ ആശയം അടുത്തുതന്നെ പ്രചാരത്തിലെത്തുമെന്ന് പരിശോധിച്ചറിയാനുള്ള മാർഗ്ഗമൊന്നുമില്ല. നിലവിൽ ശ്രദ്ധേയത ഉള്ളതും സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടതുമായ വിഷയ‌ങ്ങളെയാണ് വിക്കിപീഡിയ കൈകാര്യം ചെയ്യുന്നത്. ഭാവിയിൽ എന്തിനൊക്കെ പ്രശസ്തിയുണ്ടാകും എന്ന് ഊഹിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
  • വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. ഒരു ചെറിയ സംഘം സുഹൃത്തുക്കൾ ഉണ്ടാക്കിയെടുത്ത വാക്കുകളാവും ഇത്തരം പല ലേഖനങ്ങളും വിസ്തരിക്കുന്നത്. പക്ഷേ വിക്കിപീഡിയ ഒരു നിഘണ്ടുവല്ല, ഇതൊരു വിജ്ഞാനകോശമാണ്. വാക്കുകളുടെയും പ്രയോഗങ്ങളുടെയും അർത്ഥം വിക്കിനിഘണ്ടു പോലെയുള്ള ഒരു നിഘണ്ടുവിലാണ് ഉൾക്കൊള്ളിക്കേണ്ടത്. പക്ഷേ താങ്കളുടെ പുതിയ വാക്ക് വിക്കിനിഘണ്ടുവിൽ ഉൾക്കൊള്ളിക്കുന്നതും സ്വീകാര്യമല്ല. വിക്കിനിഘണ്ടുവിന് പുതിയ വാക്കുൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഒരു പുതിയ വാക്ക് ഒരു കൂട്ടം ആൾക്കാർ രൂപപ്പെടുത്തിയെടുക്കുകയും അതിന് പ്രചാരം നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പദസൃഷ്ടിയാണ്. ഇത് വിക്കിനിഘണ്ടുവിൽ സ്വീകരിക്കപ്പെട്ടേക്കില്ല. അർബൻ ഡിക്ഷണറി പരീക്ഷിച്ചുനോക്കൂ.
  • താങ്കളുടെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കാനുള്ള ഒരു വെബ്സ്പേസ് ദാതാവല്ല വിക്കിപീഡിയ. ഇതൊരു വിജ്ഞാനകോശമാണ്. നമ്മുടെ പ്രാ‌ഥമിക ലക്ഷ്യം ഒരു വിജ്ഞാനകോശം എഴുതുക എന്നതാണ്, സൗജന്യമായി വെബ് ഹോസ്റ്റിംഗ് നടത്തുക എന്നതല്ല. താങ്കളുടെ ലേഖനം എത്ര ചെറുതാണെങ്കിലും താങ്കൾ വിക്കിപീഡിയ ദുരുപയോഗം ചെയ്യുകയാണ്. താങ്കളുടെ താൾ നീക്കം ചെയ്യാൻ വിനിയോഗിക്കുന്ന സമയവും അദ്ധ്വാനവും വിക്കിപീഡിയ മെച്ചപ്പെടുത്താനായി വിക്കി സമൂഹത്തിന് ഉപയോഗിക്കാവുന്നതായിരുന്നു എന്ന് മനസ്സിലാക്കുക. താങ്കൾക്ക് സ്വന്തം വിക്കി വേണമെന്നുണ്ടെങ്കിൽ വിക്കിയ പരീക്ഷിച്ചുനോക്കൂ.

താങ്കളോ താങ്കളുടെ സുഹൃത്തുക്കളോ ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ വിക്കിപീഡിയയിലെത്തിക്കാനുള്ള ശരിയായ രീതി

തിരുത്തുക

വിക്കിപീഡിയയിൽ ഉള്ള എല്ലാ കാര്യങ്ങളും ആരെങ്കിലും ഒരിക്കൽ കണ്ടുപിടിച്ചതോ ഉണ്ടാക്കിയെടുത്തതോ ആണ്. താങ്കളുടെ ആശയത്തിന് എങ്ങനെ വിക്കിപീഡിയയിൽ സ്ഥാനം പിടിക്കാം? ഇതിന് പ്രാധാന്യമുണ്ട് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റുള്ളവർ താങ്കളുടെ കണ്ടുപിടുത്തം ഒരു പുസ്തകത്തിൽ ഉൾപ്പെ‌ടുത്താനോ പത്രമാദ്ധ്യമങ്ങ‌ളിൽ വാർത്തയായി പ്രസിദ്ധീകരിക്കാനോ അക്കാദമിക പ്രബന്ധത്തിൽ ഉൾപ്പെടുത്താനോ യോഗ്യമാണെന്ന് ആദ്യം തീരുമാനിക്കണം. ഇത്തരം സ്രോതസ്സുകൾ വിശ്വസനീയമാണെന്ന് കണക്കാക്കാവുന്നതാണ്, അതിനാൽ വിഷയം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോഗ്യമാണെന്ന് വരും. പുതിയ ആശയത്തിന്റെ ഉപജ്ഞാതാവല്ലാതെ മറ്റൊരാൾ ഇതിനെപ്പറ്റി എഴുതണെന്നത് പ്രാധാന്യമുള്ള സംഗതിയാണ്. ശ്രദ്ധേയത ലഭിക്കുന്നത് സ്വതന്ത്രമായ പ്രവൃത്തികളിലൂടെയാണ്. വിക്കിപീഡിയ:ശ്രദ്ധേയത കാണുക. ഇത്തരം സ്വതന്ത്ര സ്രോതസ്സുകൾ എങ്ങനെയുണ്ടാക്കാം എന്നത് സംബന്ധിച്ച ഉപദേശം നൽകുന്നത് വിക്കിപീഡിയയുടെ ജോലിയല്ല. ശ്രദ്ധേയത നേടിയെടുക്കേണ്ടത് വ്യക്തികളാണ്.

സ്വന്തം പുസ്തകമോ അക്കാദമിക പ്രബന്ധമോ അവലംബമായി ഉപയോഗിക്കുന്നത് ഇത്തരം സ്വതന്ത്ര സ്രോതസ്സുകളുടെ ശ്രദ്ധയാകർഷിച്ചതിനു ശേഷം വേണമെങ്കിൽ ചെയ്യാവുന്നതാണ്. പക്ഷപാതരഹി‌തമായ രീതിയിലാവണം ഇത് ചെയ്യേണ്ട‌ത്. താങ്കൾ പൊങ്ങച്ചം തോന്നിപ്പിക്കുന്ന രീതിയിലാവരുത് ഇത്തരം അവലംബങ്ങൾ നൽകാൻ.

ഉദാഹരണത്തിന് സ്ക്രാബിൾ എന്ന കളിയുടെ കാര്യമെടുക്കാം. 1938-ൽ ആൽഫ്രഡ് മോഷർ ബട്ട്സ് എന്നയാളാണ് ഇത് കണ്ടുപിടിച്ചത്. സുഹൃത്തുക്കൾക്ക് നൽകാനും വിൽക്കാനുമായി ഈ കളിക്കോപ്പിന്റെ കുറച്ചു കോപ്പികൾ മാത്രമേ ഇദ്ദേഹം ഉണ്ടാക്കിയുള്ളൂ. ഇദ്ദേഹം പല കളിക്കോപ്പ് നിർമാതാക്കളെയും ഈ കണ്ടുപിടുത്തവുമായി സമീപിച്ചുവെങ്കിലും അവരെല്ലാം ഇദ്ദേഹത്തെ തഴഞ്ഞു. 1938-ൽ വിക്കിപീഡിയ ഉണ്ടായിരുന്നുവെങ്കിൽ സ്ക്രാബിളിനെപ്പറ്റി ഒരു ലേഖനം വിക്കിപീഡിയയിൽ ഉണ്ടാകുമായിരുന്നില്ല. ഇദ്ദേഹം കണ്ടുപിടിച്ച കളി നന്നായിരുന്നുവെന്നതും ഭാവിയിൽ ഇത് വളരെ പ്രശസ്തി നേടി എന്നതും ശരിതന്നെ. പക്ഷേ ആദ്യകാലത്ത് ഈ കളി വളരെക്കുറച്ചു പേർക്കുമാത്രമേ അറിയുമായിരുന്നുള്ളൂ എന്നതും അക്കാലത്ത് ഇതെപ്പറ്റി ഒന്നും എഴുതപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതുമാണ് വസ്തുത. അദ്ദേഹം മനസ്സുമടുക്കാതെ തന്റെ കണ്ടുപിടുത്തം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പല വർഷങ്ങൾക്കുശേഷം ഇത് ഒരു കളിപ്പാട്ട നിർമാതാവ് വാങ്ങുകയുണ്ടായി. അതിനു ശേഷം ഇത് ധാരാളമായി വിൽക്കപ്പെടാൻ തുടങ്ങി. ഇതെപ്പറ്റി പലരും എഴുതുവാനും തുടങ്ങി. ഈ അവസരത്തിൽ ഈ കളിയെപ്പറ്റി വിക്കിപീഡിയയിൽ ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നത് സ്വീകാര്യമാണ്.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

തിരുത്തുക

ശ്രദ്ധേയവും പരിശോധനായോഗ്യവും ആയ വിശ്വസനീയ സ്രോതസ്സുകൾ ഉദ്ധരിക്കാൻ സാധിക്കുന്നില്ലെങ്കിൽ താങ്കളുടെ കണ്ടുപിടുത്തങ്ങളെപ്പറ്റിയോ ആശയങ്ങളെ‌പ്പറ്റിയോ വിക്കിപീഡിയയിൽ എ‌ഴുതാതിരിക്കുക. വിശ്വസനീയതയെപ്പറ്റി കൂടുതൽ വായിക്കുവാൻ വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ എ‌ങ്ങനെ കണ്ടെത്താം നോക്കുക. ബ്ലോഗുകൾ എഴുതുന്നവരും ചർച്ചാ വേദികളിൽ അഭിപ്രായം പറയുന്നവരും വിശ്വസനീയതയുള്ളവരായി കണക്കാക്കാനാവില്ല എന്നത് എടുത്തുപറയാവുന്നതാണ്.

താങ്കളുടെ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ശ്രദ്ധേയമാണെന്നതും നല്ല സ്രോതസ്സുകൾ അവലംബങ്ങളായുണ്ടെന്നതും വസ്തുതയാണെങ്കിലും താങ്കളെപ്പറ്റിത്തന്നെ എഴുതുന്നത് ഒരു നല്ല ആശയമല്ല. എന്തുകൊണ്ട്? താങ്കൾക്ക് താത്പര്യവ്യത്യാസം (COI) ഉണ്ട് എന്നതുതന്നെയാണ് വിഷയം. COI നയം താങ്കൾക്ക് ബാധകമാണ്. താങ്കളെപ്പറ്റി നല്ലതല്ലാത്ത എന്തെങ്കിലും മറ്റുള്ളവർ ആധികാരിക സ്രോതസ്സുകളുടെ പിൻബലത്തോടെ പിന്നീട് ചേർത്താൽ അത് നീക്കം ചെയ്യുവാൻ താങ്കൾക്കുള്ള സ്വാതന്ത്ര്യം ഈ കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് പരിമിതപ്പെടുത്തും. "മനഃപൂർവമല്ലാതെ സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയയുടെ നിയമം" താങ്കൾക്ക് ബാധകമാകും. ഇത് ശ്രദ്ധാപൂർവ്വം വായിക്കുക. ഇതിനെ അവഗണിക്കുന്നത് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ജീവനോപാധിക്കും ഭാവി ജീവിതത്തിനും ദോഷകരമായ ഫലങ്ങളുണ്ടാക്കിയേക്കാം. വിക്കിപീഡിയയിൽ തിരുത്തുന്നത് ഒരു കളിയല്ല. അതിനാൽ തിരുത്തലുകൾ ശ്രദ്ധാപൂർവ്വം ചെയ്യുക. വിക്കിപീഡിയ സൗജന്യ വെബ് ഹോസ്റ്റിംഗ് സേവനദാതാവല്ല. താങ്കൾ ഇവിടെ രേഖപ്പെടുത്തുന്നതെ‌ല്ലാം എന്നെന്നേയ്ക്കും പൊതുജനത്തിന് ലഭ്യമായിരിക്കും.

താങ്കൾക്ക് വിശ്വസനീയമായ സ്രോതസ്സുകൾ നൽകാൻ സാധിക്കുന്നില്ലെങ്കിൽ താങ്കളുടെ കണ്ടുപിടുത്തത്തെപ്പറ്റി മറ്റെവിടെയെങ്കിലും എഴുതുക. താങ്കളുടെ വെബ് സൈറ്റോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളോ ഇതിനായി ഉപയോഗിക്കാം. വിക്കിയയിലെ പല വിക്കികളും താങ്കൾക്ക് ഉപയോഗിക്കുകയുമാവാം. എന്ത് ഉള്ളടക്കമാണ് ഉപയോഗിക്കാവുന്നത് എന്നവിഷയത്തിൽ വിക്കിപീഡിയയേക്കാൾ അയഞ്ഞ നിലപാടുകളുള്ള സൈറ്റുകൾ ധാരാളമുണ്ട്.

ഇവയും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം)". പെട്ടെന്നൊരു ദിവസം തട്ടിക്കൂട്ടുന്ന കാര്യങ്ങൾ. വിക്കിപീഡിയ. Retrieved 4 ഏപ്രിൽ 2013.