വിക്കിപീഡിയ:വിക്കിമീഡിയ ഇന്ത്യ ന്യൂസ്ലെറ്റർ/പതിപ്പ് 2
വിക്കിമീഡിയ ഇന്ത്യ ന്യൂസ്‌ലെറ്ററിൽ മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ കൊടുക്കാനുള്ള വിവരം ശേഖരിക്കാനുള്ള ഇടം. 2010 ആഗസ്റ്റ് മാസത്തിനു ശേഷം മലയാളം വിക്കിപീഡിയർ നടത്തിയ എല്ലാ പ്രധാനസംഗതികളുടേയും വിവരം ഇവിടെ കൊടുക്കുക. 2011 മെയ് അവസാനം വരെയുള്ള വിവരങ്ങളാണ് ഈ പതിപ്പിൽ വരേണ്ടത്.
പൊതുവായ വിവരങ്ങൾ
തിരുത്തുക- 2011 ജനുവരി 15-ന് വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും, അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും കേരളത്തിലെ കണ്ണൂരിൽ നടന്നു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കേരളാ ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു സ്വാഗതം പറഞ്ഞ് ചടങ്ങുകൾ ആരംഭിച്ചു. കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോ. ബി. ഇക്ബാൽ ഓൺലൈനിലൂടെ വാർഷികം ഉദ്ഘാടനം ചെയ്തു. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ. മഹേഷ് മംഗലാട്ട് മുഖ്യപ്രഭാഷണം നടത്തി. കൂടാതെ, വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും അതാത് വിഷയങ്ങളിൽ അവഗാഹമുള്ളവരും പൊതു ജനങ്ങൾക്കായി ചർച്ചയും ക്ലാസും നടത്തുകയുണ്ടായി. അതോടൊപ്പം മലയാളം വിക്കിയിലെ മറ്റു സംരംഭങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം എന്നതിനെക്കുറിച്ച് സദസ്യർക്ക് വ്യക്തമായ അറിവും ഇതോടൊപ്പം പകർന്ന് നൽകി.
- മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയുവാനും പ്രവർത്തിക്കുവാനും താല്പര്യമുള്ളവർക്കായി 2010 ഒക്ടോബർ മുതൽ 2011 എപ്രിൽ വരെയുള്ള കാലയളവിൽ കേരളത്തിലും സമീപസംസ്ഥാനങ്ങളിലുമായി പതിനാലോളം വിക്കിപഠനശിബിരങ്ങൾ നടത്തുകയുണ്ടായി. ഇതിൽ പന്ത്രണ്ട് പഠനശിബിരങ്ങളാണ് കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയത്. കൂടാതെ മധുര, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ഓരോ പഠനശിബിരങ്ങൾ വീതം നടന്നു. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർഗോഡ്, കൊല്ലം, മലപ്പുറം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലാണ് പഠനശിബിരം നടന്നത്.
- 2011 മാർച്ച് 27-ന് മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലെ സ്ഥലങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിൽ, ഉപയോഗിക്കാൻ തക്കതായ ഭൂപടങ്ങൾ നിർമ്മിക്കുക, ഭൂപടത്തെ സംബന്ധിച്ചുള്ള ലേഖനങ്ങൾ പരിപാലിക്കുക, ഭൂപടനിർമ്മാണത്തിൽ താല്പര്യമുള്ള ഉപയോക്താക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ വിക്കിപദ്ധതി/ഭൂപടനിർമ്മാണം എന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
- 2011 മാർച്ച് 24-ന് മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന നൽകുവാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 2011 ഏപ്രിൽ 2 മുതൽ 25 വരെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഈ പദ്ധതിയിലൂടെ മാത്രം 2155- ലധികം സ്വതന്ത്രപ്രമാണങ്ങൾ വിക്കിമീഡിയസംരംഭത്തിലേക്ക് സംഭാവന നൽകുവാൻ മലയാളം വിക്കിപീഡിയയ്ക്ക് സാധിച്ചു.
- വിക്കിപീഡിയയിലെ ഉപയോക്താവായ ജുനൈദ് ആദ്യം മലയാളത്തിനു വേണ്ടിയും പിന്നീട് ലോകഭാഷകൾക്കായും വിപുലീകരിച്ച നാരായം എന്ന മീഡിയാവിക്കി എക്സ്റ്റെൻഷൻ മലയാളം വിക്കിയിൽ ഇൻസ്റ്റാൾ ചെയ്യുകയുണ്ടായി. മിക്കവാറും എല്ലാ ടെക്സ്റ്റ് ബോക്സിലും മലയാളം ടൈപ്പ് ചെയ്യുവാനുള്ള സൗകര്യം ഇതിലൂടെ സാധ്യമായി. സമവായത്തിലൂടെയാണ് ഈ എക്സ്റ്റെൻഷൻ മലയാളം വിക്കിപീഡിയയിൽ പ്രവർത്തന സജ്ജമാക്കിയത്.
വിക്കിപീഡിയയെ സംബന്ധിച്ചുള്ള വിവരങ്ങൾ
തിരുത്തുക- 2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ അന്ന് തന്നെ 16,000 ലേഖനങ്ങൾ എന്ന കടമ്പ കടന്നു. 2011 മാർച്ച് 10-ന് ലേഖനങ്ങളുടെ എണ്ണം 17,000 കവിഞ്ഞു.
- 2011 ജനുവരി 22-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. ഇതോടെ പത്തു ലക്ഷം തിരുത്തലുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യൻ ഭാഷാ വിക്കിപീഡിയ ആയി മലയാളം വിക്കിപീഡിയ മാറി.
വിക്കിഗ്രന്ഥശാലയെ സംബന്ധിച്ചുള്ള വിവരങ്ങൾ
തിരുത്തുക- കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട് ഗ്രന്ഥശാലയിൽ ചേർത്തു.
- മലയാളഗ്രന്ഥലോകത്ത് ഇപ്പോഴും നല്ല വിപണിയുള്ള കേരളത്തിന്റെ ‘കഥാസരിത് സാഗരം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ വിക്കിഗ്രന്ഥശാലയിൽ ചേർത്തു.
- ചട്ടമ്പിസ്വാമികളുടെ സമ്പൂർണ്ണകൃതികൾ ഗ്രന്ഥശാലയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
- ഈസോപ്പ് കഥകൾ കൂടുതൽ ചേർത്തു. നിലവിൽ 38 കഥകളായിട്ടുണ്ട്. പലതും സചിത്ര കഥകളാണ്. ഏറ്റവും ലളിതമായ ഈ സംരംഭത്തിൽ കൂടുതൽ പങ്കാളിത്തമുണ്ടാവേണ്ടതാണ്.
വിക്കിനിഘണ്ടുവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ
തിരുത്തുകവിക്കിചൊല്ലുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ
തിരുത്തുകഏറ്റവും പങ്കാളിത്തം കുറഞ്ഞ വിക്കിമീഡിയ മലയാളം പദ്ധതി വിക്കിചൊല്ലുകൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! പഴഞ്ചൊല്ലുകൾ, കടം കഥകൾ , ചലച്ചിത്രസംഭാഷണ ശകലങ്ങൾ , വിഷയാധിഷ്ഠിതചൊല്ലുകൾ ,മഹദ്വചനങ്ങൾ , ശൈലികൾ, ഭാഷാ ന്യായങ്ങൾ , എന്നിവയൊക്കയാണ് പ്രധാന ഉപവിഭാഗങ്ങൾ. എന്നാൽ പഴഞ്ചൊല്ലുകൾ , പ്രശസ്തരുടെ മൊഴികൾ എന്നിവയിൽ മാത്രമേ നാമമാത്രമായതെങ്കിലും സംഭാവനകൾ ഉണ്ടായിട്ടുള്ളൂ. വിക്കിചൊല്ലുകളില്ലാതെ വേറൊരിടത്തും ഇന്റർനെറ്റിൽ ഇത്ര വിപുലമായി പഴഞ്ചൊൽശേഖരമുണ്ടാവാൻ ഇടയില്ല.