വിക്കിപീഡിയ:പത്രക്കുറിപ്പ്/മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ
മലയാളത്തിലെ ആദ്യ ഓൺലൈൻ വിജ്ഞാനകോശം 10,000 ലേഖനങ്ങൾ കടന്നു
തിരുത്തുകഇന്റർനെറ്റിൽ എറ്റവും കൂടുതൽ പേർ വിജ്ഞാന സമ്പാദനത്തിനു് ആശ്രയിക്കുന്നതും, ആർക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ, മലയാളം പതിപ്പ് (http://ml.wikipedia.org) 10,000 ലേഖനങ്ങൾ പിന്നിട്ടു.
2009 ജൂൺ 1-നാണ് മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ പൂർത്തീകരിച്ചത്. പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തിലേറെ വരുന്ന ഉപയോക്താക്കളുടെ നിർലോഭമായ സഹായസഹകരണങ്ങളാണ് വിക്കിപീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 10,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്,ഹിന്ദി, മറാഠി , ബംഗാളി , ബിഷ്ണുപ്രിയ മണിപ്പൂരി , തമിഴു് എന്നിവയാണ്2009 ജൂൺ 1-ലെ കണക്കനുസരിച്ച് 10,574 രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണുള്ളത്. ഇതിൽ 13 പേർ അഡ്മിനിസ്ട്രേറ്റർമാരും മൂന്ന് പേർ ബ്യൂറോക്രാറ്റുകളുമാണ്.
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്.
2002 ഡിസംബർ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ ആറര വർഷത്തിനുള്ളിൽ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റർ ചെയ്ത ഉപയോക്താക്കളിൽ നൂറോളം ഉപയോക്താക്കൾ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കിപീഡിയയുടെ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് തടസ്സമായി നിൽക്കാറുണ്ട്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങി വലിയൊരു ഉപയോക്തൃവൃന്ദം ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ വിക്കിപീഡിയയുടെ വളർച്ച ഇനിയും അതിവേഗത്തിലാകാൻ സാധ്യതയുണ്ടെന്ന് മലയാളം വിക്കിപീഡിയയുടെ സജീവ പ്രവർത്തകർ പറയുന്നു.
മലയാളം വിക്കിപീഡിയ മികച്ചുനിൽക്കുന്ന മേഖലകൾ
തിരുത്തുകമലയാളം വിക്കിപീഡിയയുടെ സന്നദ്ധ പ്രവർത്തകർ പടുത്തുയർത്തിയിരിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തിലൊഴിച്ചു് മറ്റു് പല മാനദണ്ഡങ്ങളിലും മലയാളം വിക്കിപീഡിയ ഇതര ഇന്ത്യൻ വിക്കികളേക്കാൾ വളരെയേറെ മുന്നിലാണു്.
- ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ,
- ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷാ വിക്കിപീഡിയ,
- ഒരു ലേഖനത്തിൽ ഏറ്റവും അധികം എഡിറ്റു് നടക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
- ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്കത്തിന്റെ കാര്യത്തിൽ,
തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു തുടങ്ങിയവ), ഇന്ത്യൻ ഭാഷകളിലെ മറ്റ് വിക്കിപീഡിഅയകളെ അപേക്ഷിച്ച് വളരെയധികം മുൻപിലാണ്. രജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തിൽ ഈയടുത്ത കാലത്തു് ഹിന്ദി വിക്കിപീഡിയ മലയാളം വിക്കിപീഡിയയെ മറികടക്കുന്നതു് വരെ, ഏറ്റവും കൂടുതൽ ഉപയോക്താക്കൾ രെജിറ്റർ ചെയ്ത ഇന്ത്യൻ ഭാഷാ വിക്കിപീഡിയയും മലയാളം വിക്കിപീഡിയ ആയിരുന്നു.
ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളിൽ എല്ലാം തന്നെ അത്യാവശ്യം ഗുണനിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കിപീഡിയയിലുള്ളത്. മലയാളം വിക്കിപീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യൻ ഭാഷകളിലെ വിക്കിപീഡിയപ്രവർത്തകർ മലയാളംവിക്കിപീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ മലയാളം വിക്കിപീഡിയയിലെ 10,000 ലേഖനങ്ങളിൽ വലിയൊരുഭാഗം ഭൂമിശാസ്ത്രസംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്രവിഭാഗത്തിൽ ജ്യോതിശാസ്ത്ര വിഭാഗത്തിൽ മാത്രമാണു് അടിസ്ഥാനവിഷയളിൽ എങ്കിലും ലേഖനങ്ങളുള്ളത്
കുറച്ചു നാളുകൾക്കു് മുൻപു് കേരളാ സർക്കാർ സ്ഥാപനമായ സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സർവ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസൻസോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസർക്കാർ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടുത്താനല്ലാതെ ഇതു് വരെ സർവ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. തുടർന്നുള്ള മാസങ്ങളിൽ വിക്കിയിൽ കൂടുതൽ സന്നദ്ധ പ്രവർത്തകർ എത്തുമ്പോൾ, സർവ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും.
സ്കൂൾ കുട്ടികൾ, അദ്ധ്യാപകർ, കർഷകർ, തൊഴിൽരഹിതർ, ഡോക്ടർമാർ, സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, കേന്ദ്ര-കേരളാ ഗവർമെന്റ് ഉദ്യോഗസ്ഥർ, പ്രവാസി മലയാളികൾ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി സന്നദ്ധസേവകരുടെ നിസ്വാർത്ഥമായ പ്രവർത്തനമാണു് മലയാളം വിക്കിപീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം.
മലയാളം വിക്കി സമൂഹത്തിന്റെ വിലാസം : https://lists.wikimedia.org/mailman/listinfo/wikiml-l