വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/8
കെ. ജെ. യേശുദാസ് അഥവാ കട്ടാശേരി ജോസഫ് യേശുദാസ് (ജനനം.ജനുവരി 10, 1940, ഫോർട്ട് കൊച്ചി, കേരളം) മലയാള സംഗീതരംഗത്തെ ഇതിഹാസമാണ്. ചലച്ചിത്ര പിന്നണിഗായകൻ എന്നനിലയിൽ പൊതുവേദിയിലെത്തിയ യേശുദാസ്, ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തോടു ചേർന്നിരിക്കുന്ന വ്യക്തിത്വമാണ്.
അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സമഗ്രാധിപത്യം സ്ഥാപിച്ച അദ്ദേഹം, ഹിന്ദി, തമിഴ് തുടങ്ങിയ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഒരു ഗായകൻ എന്നതിലേറെ യേശുദാസ് ഒരു സാംസ്കാരിക ചിഹ്നമാണ്. ജാതിമത ഭേദങ്ങളില്ലാതെ എല്ലാ കേരളീയരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശിനികനായിപ്പോലും കാണുന്നു. ജനപ്രിയ ഗാനങ്ങളാണ് ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ് ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്.