എം എസ്‌ സുബ്ബലക്ഷ്മി (സെപ്റ്റംബർ 16, 1916 - ഡിസംബ൪ 11, 2004) നിരന്തരമായ സംഗീത സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. വെങ്കിടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബ്ബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ പൊതുജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വനമ്പാടിയെ വിശേഷിപ്പിച്ചത്‌.