float
float

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നറിയപ്പെടുന്നത്‌. കേന്ദ്ര ഭരണ പ്രദേശമാണിത്. വെറും 8923 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപുസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞർക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌.

കാലാപാനി എന്നാണ് ഒരിക്കൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്.