യൂനികോഡിലുള്ള എഴുത്തിൽ മലയാളത്തിലെ ചില്ലുകൾ രണ്ടു രീതിയിൽ പ്രതിനിധീകരിക്കപ്പെടുന്നുണ്ട്.

  1. ചില്ലുകളെ യൂനികോഡ് നിർവചിക്കുന്നതിന് മുൻപ് വ്യാപകമായി ഉപയോഗിച്ചിരുന്ന സംയുക്തശൈലിയാണ് അതിലൊന്ന്. മൂന്ന് യൂനികോഡ് അക്ഷരഘടകങ്ങൾ കൂട്ടിച്ചേർത്തായിരുന്നു ഈ രീതിയിൽ ഓരോ ചില്ലും നിർമ്മിക്കപ്പെടുന്നത്. (ഉദാഹരണമായി, ല + ചന്ദ്രക്കല + സീറോ വിഡ്ത്ത് ജോയിനർ എന്നീ മൂന്നു ഘടകങ്ങൾ കൂട്ടിച്ചേർത്താണ് ല്‍ എന്ന ചില്ല് ഉണ്ടാകുന്നത്). ഇത്തരത്തിലുള്ള ചില്ലുകൾ ഉപയോഗിച്ചെഴുതിയ വൻതോതിലുള്ള മലയാളം ഉള്ളടക്കം വെബിലുണ്ട്.
  2. യൂനികോഡ് 5.1 പതിപ്പ് മുതൽ ചില്ലുകളെ പ്രതിനിധീകരിക്കുന്നതിന് പ്രത്യേകം കോഡ് പോയിന്റുകൾ മലയാളത്തിനുവേണ്ടി ഉൾപ്പെടുത്തി. ഒറ്റ യൂനികോഡ് ഘടകമാണ് ഓരോ ചില്ലിനും ഇവിടെ ഉപയോഗിക്കുന്നത്.[1] ഇത്തരത്തിലുള്ള ചില്ലുകളാണ് ആണവച്ചില്ലുകൾ. ഇത്തരത്തിലുള്ള ചില്ലിലെഴുതിയ ഉള്ളടക്കവും വെബിൽ ധാരാളമുണ്ട്.

രണ്ടു രീതിയിലുള്ള ചില്ലുകൾ ഉപയോഗിച്ചെഴുതിയ ഉള്ളടക്കം മൂലം വിക്കിപീഡിയയിൽ മലയാളം ഉള്ളടക്കം തിരയാനും മറ്റും വളരെ ബുദ്ധിമുട്ടനുഭവിച്ചതിനെത്തുടർന്ന്, വിക്കിപീഡിയ യൂനികോഡ് നിർദ്ദേശിച്ചിരിക്കുന്ന രീതിയിലുള്ള ആണവച്ചില്ലുകളെ പൂർണ്ണമായി സ്വീകരിച്ചു. അതായത് ഏതെങ്കിലും ഉപയോക്താവ് സംയുക്തശൈലിയിലുള്ള ചില്ലുപയോഗിച്ച് എഴുതുകയാണെങ്കിൽ, അത് സേവ് ചെയ്യുമ്പോൾ സ്വയം ആണവശൈലിയിലേക്ക് മാറ്റപ്പെടും. കൂടാതെ സംയുക്തശൈലിയിലും ആണവശൈലിയിലുമുള്ള അക്ഷരങ്ങൾ ഒന്നുതന്നെയാണെന്ന് കണക്കാക്കുന്നവിധത്തിൽ വിക്കിപീഡിയയിലെ തിരച്ചിൽ സംവിധാനം പരിഷ്കരിക്കുകയും ചെയ്തു. അതായത് ആരെങ്കിലും സംയുക്തശൈലിയിലുള്ള ചില്ലുപയോഗിച്ച് ലേഖനങ്ങൾ തിരഞ്ഞാലും ഫലത്തിൽ ആണവശൈലിയിൽ നിന്നുള്ള ഉള്ളടക്കം പ്രദർശിപ്പിക്കപ്പെടും. അതേസമയം ഗൂഗിൾ ഒഴികെയുള്ള ചില സെർച്ച് എൻജിനുകൾ, രണ്ടു തരം ചില്ലുകളേയും വെവ്വേറെയായി കണക്കാക്കുന്നതുകൊണ്ട്, സംയുക്തശൈലിയിലുള്ള ചില്ലുപയോഗിച്ചു് എന്തെങ്കിലും തിരഞ്ഞാൽ വിക്കിയിലെ ലേഖനത്തിലെത്താൻ സാധ്യത കുറവാണു്.

കോമൺസ് ചിത്രങ്ങൾ തിരുത്തുക

മലയാളഭാഷയിലെ വിക്കിപീഡിയയിലും മറ്റും പദ്ധതികളിലും മേൽപ്പറഞ്ഞരീതിയിലുള്ള ചില്ല് ഏകീകരണം നടത്തിയിട്ടുണ്ടെങ്കിലും കോമൺസ് പോലുള്ള മറ്റു ബന്ധപ്പെട്ട പദ്ധതികളിൽ രണ്ടുരീതിയിലുള്ള ചില്ലുകളും ഇപ്പോഴും ഉപയോഗിക്കാം. അതുകൊണ്ട് കോമൺസിൽ സംയുക്തശൈലിയിലുള്ള ചില്ല് പേരിലടങ്ങിയിട്ടുള്ള പ്രമാണം, മലയാളം വിക്കികളിലേക്ക് ചേർക്കുമ്പോൾ ലഭിക്കുകയില്ല. മലയാളം വിക്കികൾ ചില്ലിനെ ആണവശൈലിയിലാക്കി മാറ്റുന്നതാണ് ഇതിനു കാരണം. പേരിൽ സംയുക്തശൈലിയിൽ ചില്ലുള്ള പ്രമാണങ്ങളിലേക്ക് ആണവശൈലിയിലുള്ള ചില്ലുപയോഗിച്ചുകൊണ്ടുള്ള ഒരു തിരിച്ചുവിടൽ നടത്തി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

  1. "യൂനികോഡ് 6.0 മലയാളം പട്ടിക" (PDF). യൂനികൊഡ് കൺസോർഷ്യം. Retrieved 24 സെപ്റ്റംബർ 2011.