തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ് ശ്രീഭദ്രകാളിക്ഷേത്രം. വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന വാഴാലിക്കാവു ഭഗവതിയും പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും ആണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തികൾ. ഇരുവർക്കും തുല്യപ്രാധാന്യമാണ് നൽകിയിരിയ്ക്കുന്നത്. പ്രത്യേകമായി കൊടിമരങ്ങളും ഇരുവർക്കുണ്ട്. കുംഭമാസത്തിലെ അശ്വതി നാളിൽ നടത്തുന്ന വേല, മീനമാസത്തിലെ രേവതി നാളിൽ നടത്തുന്ന പ്രതിഷ്ഠാദിനം എന്നിവയാണു പ്രധാന ആഘോഷങ്ങൾ. കൂടാതെ, ദേവീ പ്രീതിയ്ക്കായി എല്ലാ ദിവസവും നടത്തിവരുന്ന ദാരികവധം പാട്ടും മണ്ഡലക്കാലത്തു നടത്തിവരുന്ന കളമെഴുത്തു പാട്ടും ഇവിടുത്തെ പ്രത്യേകതകളാണ്.

"https://ml.wikipedia.org/w/index.php?title=വാഴാലിക്കാവ്_ക്ഷേത്രം&oldid=4095729" എന്ന താളിൽനിന്ന് ശേഖരിച്ചത്