വടക്കേ അമേരിക്കയിലെ റഷ്യൻ കോളനിവൽക്കരണം
വടക്കേ അമേരിക്കയിലെ റഷ്യൻ കോളനിവൽക്കരണം അമേരിക്കയിലെ വടക്കൻ പസഫിക് തീരപ്രദേശങ്ങളിൽ റഷ്യൻ സാമ്രാജ്യം അവകാശവാദമുന്നയിച്ച 1732 മുതൽ 1867 വരെയുള്ള ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. അമേരിക്കയിലെ റഷ്യൻ കൊളോണിയൽ സ്വത്തുക്കൾ മൊത്തത്തിൽ റഷ്യൻ അമേരിക്ക എന്നറിയപ്പെടുന്നു. 1552-ൽ റഷ്യയുടെ കിഴക്കോട്ടുള്ള വ്യാപനം ആരംഭിച്ചതോടെ 1639-ൽ റഷ്യൻ പര്യവേക്ഷകർ പസഫിക് സമുദ്രത്തിലെത്തിച്ചേർന്നു. 1725-ൽ, മഹാനായ പീറ്റർ ചക്രവർത്തി വിറ്റസ് ബെറിംഗ് എന്ന നാവികനോട് കോളനിവൽക്കരണ സാധ്യതയുള്ള വടക്കൻ പസഫിക്കിൻറെ പര്യവേക്ഷണത്തിന് ഉത്തരവിട്ടു. സൈബീരിയയിലെ അനിയന്ത്രിത വേട്ടയാടൽ മൂലം അസംസ്കൃത രോമ ശേഖരം ക്ഷയിച്ചതോടെ, റഷ്യക്കാർ പ്രാഥമികമായി അലാസ്കൻ തീരപ്രദേശത്തെ രോമ വാഹകരായ സസ്തനികളുടെ സമൃദ്ധിയിൽ ആകൃഷ്ടരായി. ബെറിംഗിന്റെ ആദ്യ സമുദ്ര യാത്ര കനത്ത മൂടൽമഞ്ഞും മഞ്ഞുകട്ടികളും കാരണം പരാജയപ്പെട്ടുവെങ്കിലും 1741-ൽ ബെറിംഗും അലക്‌സി ചിരിക്കോവും നടത്തിയ രണ്ടാമത്തെ സമുദ്രയാത്ര വടക്കേ അമേരിക്കൻ വൻകരയിലെ റഷ്യൻ കോളനിവത്കരണത്തിന്റെ ആരംഭം കുറിച്ചു.
റഷ്യൻ പ്രോമിഷ്ലെനിക്കി (കെണിക്കാരും വേട്ടക്കാരും) സമുദ്രത്തിലൂടെയുള്ള രോമ വ്യാപാരം വേഗത്തിൽ വികസിപ്പിച്ചെടുത്തതോടെ 1760 കളിൽ അലൂട്ടുകളും റഷ്യക്കാരും തമ്മിൽ നിരവധി സംഘട്ടനങ്ങൾക്ക് കാരണമായി. രോമവ്യാപാരം ലാഭകരമായ ഒരു സംരംഭമായി മാറിയതോടെ ഇത് മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേയും ശ്രദ്ധ പിടിച്ചുപറ്റി. തങ്ങളുടെ വ്യാപാര സാധ്യതകൾക്ക് ഭീഷണിയാകുവാൻ സാധ്യതയുള്ള എതിരാളികൾക്ക് ഒരു മറുപടിയെന്ന നിലയിൽ, റഷ്യക്കാർ തങ്ങളുടെ പ്രാദേശിക അവകാശവാദങ്ങൾ കിഴക്കോട്ട് കമാൻഡർ ദ്വീപുകളിൽ നിന്ന് അലാസ്കയുടെ തീരത്തേക്ക് വ്യാപിപ്പിച്ചു. 1784-ൽ, കാതറിൻ ദി ഗ്രേറ്റ് ചക്രവർത്തിനിയുടെ അനുഗ്രാഹശിസുകളോടെ, പര്യവേക്ഷകനായ ഗ്രിഗറി ഷെലെഖോവ് അലാസ്കയിലെ ത്രീ സെയിന്റ്സ് ബേയിൽ റഷ്യയുടെ ആദ്യത്തെ സ്ഥിരവാസ കേന്ദ്രം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം, ഓർത്തഡോക്സ് ക്രിസ്ത്യൻ മിഷനറിമാരുടെ ആദ്യ സംഘം എത്തിച്ചേരാൻ തുടങ്ങിയതോടെ, ആയിരക്കണക്കിന് തദ്ദേശീയരായ അമേരിക്കക്കാർക്ക് സുവിശേഷം നൽകുകയും, അവരുടെ പിൻഗാമികളിൽ പലരും മതം നിലനിർത്തുന്നത് തുടരുകയും ചെയ്തു. 1780-കളുടെ അവസാനത്തോടെ, ടിലിംഗിറ്റുകളുമായി വ്യാപാരബന്ധം ആരംഭിക്കുകയും രോമവ്യാപാരം കുത്തകയാക്കുകയെന്ന ലക്ഷ്യത്തോടെ 1799-ൽ സ്ഥാപിക്കപ്പെട്ട റഷ്യൻ-അമേരിക്കൻ കമ്പനി (RAC) അലാസ്ക സ്വദേശികളുടെ റഷ്യൻവൽക്കരണത്തിൽ ഒരു സാമ്രാജ്യത്വ ചട്ടുകമായി പ്രവർത്തിച്ചു.
ഭൂമിയുടെ കയ്യേറ്റം, മറ്റ് പീഢകൾ എന്നിവയാൽ രോഷാകുലരായ തദ്ദേശീയ ജനതയും, റഷ്യക്കാരുമായുള്ള ബന്ധം വഷളായിത്തീർന്നു. 1802-ൽ, റ്റ്ലിംഗിറ്റ് യോദ്ധാക്കൾ റെഡൗബ്റ്റ് സെന്റ് മൈക്കൽ (ഓൾഡ് സിറ്റ്ക) കുടിയേറ്റകേന്ദ്രം ഉൾപ്പെടെയുള്ള നിരവധി റഷ്യൻ വാസസ്ഥലങ്ങൾ, നശിപ്പിച്ചതോടെ, ന്യൂ റഷ്യ അലാസ്കയുടെ പ്രധാന ഭൂപ്രദേശത്ത് അവശേഷിക്കുന്ന ഒരേയൊരു ഔട്ട്‌പോസ്‌റ്റായി മാറി. സിറ്റ്ക യുദ്ധത്തെത്തുടർന്ന് രണ്ട് വർഷത്തിന് ശേഷം തങ്ങളുടെ സാന്നിധ്യം പുനഃസ്ഥാപിച്ച റഷ്യക്കാരെ പുറത്താക്കുകയെന്ന ലക്ഷ്യം പരാജയത്തിൽ കലാശിച്ചു. റഷ്യക്കാരും തദ്ദേശീയ അമേരിന്ത്യക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ പിന്നീട് ഒരു മോഡസ് വിവെണ്ടി (വൈരുദ്ധ്യമുള്ള കക്ഷികളെ അനിശ്ചിതകാലത്തേക്ക് അല്ലെങ്കിൽ അന്തിമ ഒത്തുതീർപ്പിലെത്തുന്നത് വരെ സമാധാനപരമായി സഹവസിക്കാൻ അനുവദിക്കുന്ന ഒരു ക്രമീകരണം) പ്രകാരം കുറച്ച് വിഘ്നങ്ങളോടെ, അലാസ്കയിൽ റഷ്യൻ സാന്നിധ്യം നീണ്ടുനിൽക്കുന്ന ഒരു സാഹചര്യത്തിലേയ്ക്ക് നയിച്ചു. മുൻ കൊളോണിയൽ ആസ്ഥാനം കൊഡിയാക്കിൽ നിന്ന് മാറ്റിയതിന് ശേഷം 1808-ൽ, റെഡൗബ്റ്റ് സെന്റ് മൈക്കിൾ ന്യൂ ആർക്കാഞ്ചൽ എന്ന പേരിൽ പുനർനിർമ്മിക്കപ്പെടുകയും റഷ്യൻ അമേരിക്കയുടെ തലസ്ഥാനമായി മാറുകയും ചെയ്തു. ഒരു വർഷത്തിനുശേഷം, 1812-ൽ ഫോർട്ട് റോസ് നിർമ്മിച്ചുകൊണ്ട് വടക്കൻ കാലിഫോർണിയയിലെ കൂടുതൽ സമൃദ്ധമായ സീ ഓട്ടർ സമൃദ്ധ പ്രദേശങ്ങളിലേയ്ക്ക് RAC അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ തുടങ്ങി.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ റഷ്യയുടെ വടക്കേ അമേരിക്കൻ കോളനികളിൽ നിന്നുള്ള ലാഭം കുത്തനെ ഇടിഞ്ഞു. ബ്രിട്ടീഷ് ഹഡ്സൺസ് ബേ കമ്പനിയുമായുള്ള മത്സരത്തിൽ സീ ഒട്ടറിനെ ഏതാണ്ട് വംശനാശത്തിലേക്ക് നയിച്ചു, കരടി, ചെന്നായ്ക്കൾ, കുറുക്കൻ എന്നിവയുടെ കരയിലെ എണ്ണം ശോഷണത്തിലേക്ക് അടുക്കുകയും ചെയ്തു. കാലാനുസൃതമായ തദ്ദേശീയ അമേരിന്ത്യൻ കലാപങ്ങൾ, ക്രിമിയൻ യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ, തൃപ്തികരമായി അമേരിക്കയെ പൂർണ്ണമായും കോളനിവത്കരിക്കാൻ കഴിയാത്ത സാഹചര്യം, തുടങ്ങിയ കാരണങ്ങളാൽ, റഷ്യക്കാർ അവരുടെ വടക്കേ അമേരിക്കൻ കോളനികൾ നിലനിർത്തുകയെന്ന ത് വളരെ ചെലവേറിയതാണെന്ന് നിഗമനം ചെയ്തു. റഷ്യക്കാർ 1842-ൽ ആദ്യം ഫോർട്ട് റോസ് യു.എസിന് വിൽപ്പന നടത്തി. 1867-ൽ, ഒരു മാസത്തിൽ താഴെയുള്ള ചർച്ചകൾക്ക് ശേഷം, അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയുടെ അലാസ്ക വിൽക്കാനുള്ള വാഗ്ദാനം അമേരിക്ക സ്വീകരിച്ചു. 7.2 മില്യൺ ഡോളറിന് അലാസ്ക വാങ്ങിയതോടെ അമേരിക്കകളിലെ സാമ്രാജ്യത്വ റഷ്യയുടെ കൊളോണിയൽ സാന്നിധ്യം എന്നെന്നേയ്ക്കുമായി അവസാനിപ്പിച്ചു.
പര്യവേക്ഷണം
തിരുത്തുകഅലാസ്കയിലെത്തിയ ആദ്യ യൂറോപ്യന്മാർ റഷ്യക്കാരെന്ന് ആദ്യകാല ലിഖിത വിവരണങ്ങൾ സൂചിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന് വളരെ മുമ്പുതന്നെ സ്ലാവോണിക് നാവിഗേറ്റർമാർ അലാസ്ക തീരത്ത് എത്തിയതായി അനൗദ്യോഗിക അനുമാനമുണ്ട്.