ലോക മണ്ണ് ദിനം
ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം (World Soil Day) ആചരിക്കുന്നു. 2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു വരുന്നു.[1]
ദിനാചരണ പ്രഖ്യാപനം
തിരുത്തുകമണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. തായ്‌ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന (FAO ) ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സംരംഭത്തിന് ഔദ്യോഗികമായി അനുമതി നൽകിയ തായ്ലൻഡ് രാജാവായിരുന്ന ഭൂമിബൊൽ അതുല്ല്യതെജിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 5 ഈ ദിനാചരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.[2]