ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉൾപ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. 1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിൻറെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത്.[1], [2]