ലിസിഡാസ്

(ലൈസിഡാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ രചിച്ച പ്രസിദ്ധമായൊരു കവിതയാണ്‌ ലിസിഡാസ്(Lycidas). ഇടയവിലാപത്തിന്റെ (Pastoral Elegy) രൂപത്തിൽ എഴുതിയിരിക്കുന്ന ഈ കൃതിയുടെ പിറവി 1637-ലായിരുന്നു. 193 വരികളുള്ള ലിസിഡാസിൽ കവി, അനിയതപ്രാസം(irregular rhyme) പിന്തുടരുന്നു‌. കേംബിഡ്ജിൽ മിൽട്ടന്റെ സതീർത്ഥ്യനായിരുന്ന എഡ്‌വേഡ് കിങ്ങ് എന്ന യുവപ്രതിഭ 1637 ആഗസ്റ്റ് മാസം വെയിൽസിന്റെ തീരത്ത് ഐറിഷ് കടലിൽ കപ്പൽ മുങ്ങി മരിച്ചതിൽ വിലപിച്ച് എഴുതിയ ഈ കൃതി ആദ്യം വെളിച്ചം കണ്ടത്, കിങ്ങിന്റെ സ്മരണയ്ക്ക് സമർപ്പിക്കപ്പെട്ട വിലാപകാവ്യങ്ങളുടെ 1638-ലെ ഒരു സമാഹാരത്തിലായിരുന്നു. ഗ്രീക്ക്, ലത്തീൻ ഭാഷകളിലെ കവിതകൾ ഉൾപ്പെട്ടിരുന്ന ആ സമാഹാരത്തിലെ ഇംഗ്ലീഷ് കവിതകളിൽ ഒന്നായിരുന്നു ലിസിഡാസ്. [1]

പതിനേഴാം നൂറ്റാണ്ടിലെ ആംഗല കവി ജോൺ മിൽട്ടന്റെ രചനയാണ്‌ ലിസിഡാസ്


ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും തികവുറ്റ കവിതകളിൽ ഒന്നായി പേരെടുത്ത ഈ കൃതിയെ പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാതവിമർശകൻ സാമുവൽ ജോൺസൺ കൃത്രിമത്വത്തിന്റേയും അനാവശ്യമായ സങ്കീർണ്ണതയുടേയും പേരിൽ വിമർശിച്ചിട്ടുണ്ട്.[2]

ഉള്ളടക്കംതിരുത്തുക

യവനപശ്ചാത്തലമുള്ള സിസിലിയിൽ പിറന്ന്, റോമിന്റേയും, യൂറോപ്പിലെ മദ്ധ്യകാലക്രിസ്തീയതയുടേയും, നവോത്ഥാനാരംഭകാലത്തേയും സംസ്കാരങ്ങളിലൂടെ കൈമാറപ്പെട്ടു വന്ന ഒരു കാവ്യപാരമ്പര്യമാണ്‌ "ഇടയഗാനങ്ങൾ". ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിലെ യവനകവി തിയോക്രിറ്റസിന്റെ ഏഴാം ഗ്രാമീണകാവ്യത്തിൽ(Idyll), ഇറ്റലിയിലേയ്ക്കുള്ള ഒരു സന്ദർശനത്തിൽ കവി കണ്ടുമുട്ടിയതായി ചിത്രീകരിച്ചിരിക്കുന്ന ഇടയകവിയാണ്‌ ലിസിഡാസ്. കേംബ്രിഡ്ജ് സർ‌വകലാശാലയുടെ മേച്ചിൽ പുറങ്ങളിൽ ദീർഘകാലം ഒന്നിച്ചു കഴിഞ്ഞ ഇടയമിത്രങ്ങളായി മിൽട്ടൻ തന്നേയും കവിതയ്ക്കു വിഷയമായ സുഹൃത്തിനേയും സങ്കല്പിക്കുന്നു.

തുടക്കംതിരുത്തുക

കവിത്വപക്വത നേടുന്നതിനു മുൻപ് കവിതരചിക്കാൻ മുതിരുന്നതിൽ മാപ്പു ചോദിച്ചുകൊണ്ടാണ്‌ മിൽട്ടൺ ലിസിഡാസ് തുടങ്ങുന്നത്. കാലമെത്തുന്നതിനു മുൻപേ കാവ്യഫലങ്ങൾ ശേഖരിക്കാൻ ചെന്നതിന്‌ കാവ്യോദ്യാനത്തിലെ ലതാദികളോട് അദ്ദേഹം ക്ഷമചോദിക്കുന്നു. അകാലമൃത്യുവായ പ്രിയസുഹൃത്ത് ഒരുതുള്ളി കണ്ണുനീരിന്റെ ആശ്വാസം പോലുമില്ലാതെ വിടവാങ്ങരുത് എന്ന ചിന്തയാണ്‌ ആ സാഹസത്തിന്‌ തന്നെ നിർബ്ബന്ധിച്ചതെന്ന് കവി സമാധാനം പറയുന്നു. തുടർന്ന് സുഹൃത്തൊരുമിച്ച് താൻ ചെലവഴിച്ച ഉല്ലാസകരമായ രാപകലുകളിലെ അനുഭവങ്ങൾ കവി ഓർക്കുന്നു. ഇടയന്മാരുടെ ജീവിതത്തിലേയും ഗ്രാമീണപശ്ചാത്തലത്തിലേയും ബിംബങ്ങളുടെ സമൃദ്ധിയുള്ളതാണ്‌ ഈ അനുസ്മരണം. ആ സുഹൃത്തുക്കൾക്കൊപ്പം ചുറ്റുമുള്ള പ്രകൃതിയും അപ്പോൾ ആനന്ദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലിസിഡാസ് മരിച്ചതോടെ പകൃതിയേയും വിഷാദഛായ ബാധിച്ചിരിക്കുന്നു.

കരുണാരഹിതമായ അഗാധത(remorseless deep) തന്റെ സുഹൃത്തിനെ വിഴുങ്ങിയപ്പോൾ അവർ എവിടെയായിരുന്നെന്ന് കവി ജലകന്യകകളോട് ചോദിക്കുന്നു. കാവ്യദേവതയെ ഉപാസിച്ച് യശസ്സ് നേടാനായി മറ്റെല്ലാം ഉപേക്ഷിച്ചുള്ള ഇടയന്റെ ജീവിതം നിഷ്ഫലമാണെന്ന് കവി വിലപിക്കുന്നു. അവരുടെ യശോമോഹത്തെ വിധിയുടെ കൊയ്ത്തരിവാൾ വിഫലമാക്കുന്നു.

ഫീബസും മറ്റുംതിരുത്തുക

ഇടയകവികളുടെ യശോമോഹത്തിന്റെ വ്യർത്ഥതയെക്കുറിച്ചുള്ള പരിതാപം കവിതയിൽ, ആഖ്യാതാവിന്റെ വാക്കുകളുടെ ധാര മുറിക്കുന്ന ഒരിടപെടലിന്‌ അവസരമൊരുക്കുന്നു. "യശസ്സ് മർത്ത്യതയുടെ മണ്ണിൽ വളരുന്ന മരമല്ല"[൧] എന്നു തുടങ്ങുന്ന ആ ഇടപെടൽ നടത്തിയത് ഈ കവിതയിലെ ദൈവരൂപമായ സൂര്യദേവൻ ഫീബസ്(അപ്പോളോ) ആയിരുന്നു. കവിയുടെ ചെവികളെ സ്പർശിച്ച ആ ദൈവസ്വരം പിന്നെയും തുടർന്നു: "കേട്ടുകേൾ‌വിയിലല്ല യശസ്സ് നിലകൊള്ളുന്നത്. എല്ലാത്തിനേയും ശരിയായി കാണുന്ന ദൈവത്തിന്റെ ശുദ്ധനേത്രത്തിന്റെ സാക്ഷ്യമാണ്‌ യശസ്. എല്ലാ കർമ്മങ്ങളുടേയും അവസാന വിധികർത്താവ് ദൈവമായിരിക്കയാൾ സ്വർഗ്ഗത്തിൽ വിധിച്ചുകിട്ടുന്ന പ്രശസ്തിയെ മാത്രം പ്രതിഫലമായി കാണുക."

ഫീബസിന്റെ ഇടപെടൽ അവസാനിച്ചപ്പോൾ കവി സമുദ്രത്തിന്റെ സാക്ഷ്യത്തിനു ചെവികൊടുക്കുന്നു. സമുദ്രദേവന്റെ ദൂതൻ സാമുദ്രികശക്തികളായ തിരയോടും കാറ്റിനോടും എല്ലാം, പാവപ്പെട്ട ഈ ഇടയന്റെ മരണത്തിൽ അവർക്കു പങ്കുണ്ടോ എന്നന്വേഷിക്കുന്നത് കവി കേട്ടു. സമുദ്രശക്തികൾ ശാന്തമായിരുന്നപ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചതെന്നും ഗ്രഹണദിനത്തിൽ നിർമ്മിതമായ ആ ശപിക്കപ്പെട്ട നൗകക്കല്ലാതെ മറ്റൊന്നിനും അതിൽ പങ്കില്ലെന്നും അതോടെ വ്യക്തമായി.

തുടർന്ന്, ഇടയന്റെ മേച്ചിൽ പുറമായിരുന്ന കേംബ്രിഡ്ജ് സർ‌വകലാശാലയും(Camus) കവിതയിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഇഷ്ടപുത്രന്റെ മരണത്തിൽ വിലപിക്കുന്നു.

ഗലീലാക്കായൽ മൂപ്പൻതിരുത്തുക

തന്റെ കവിതകളുടെ 1645-ലെ പരിഷ്കരിച്ച പതിപ്പിൽ ലിസിഡാസ് ഉൾപ്പെടുത്തിയപ്പോൾ മിൽട്ടൺ തുടക്കത്തിൽ ഇങ്ങനെ എഴുതിച്ചേത്തു:

കവിതയുടെ തുടർന്നു വരുന്ന ഭാഗത്താണ്‌, ആഗ്ലിക്കൻ സഭയിലെ പരമ്പരാഗത പൗരോഹിത്യത്തിനു നേരെയുള്ള മേൽസൂചിപ്പിച്ച വിമർശനം കവി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ മിൽട്ടന്റെ വക്താവായിരിക്കുന്നത് ഗലീലാക്കായൽ മൂപ്പൻ(Pilot of the Galilean Lake) ആണ്‌. യേശുവിന്റെ മുഖ്യശിഷ്യനായ പത്രോസിനെയാണ്‌ ഈ വിശേഷണം സൂചിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു. അദ്ദേഹം രണ്ടു താക്കോലുകൾ വഹിച്ചിരുന്നു. അവയിൽ തുറക്കാനുള്ള താക്കോൽ സ്വർണ്ണം കൊണ്ടുള്ളതും അടയ്ക്കാനുള്ള താക്കോൾ ഇരുമ്പിന്റേതും ആയിരുന്നു. അകാലമൃത്യുവായ ഇടയയുവാവിനു പകരം, ആടുകളെ ശ്രദ്ധിക്കാത്ത ഇടയന്മാർ എത്ര വേണമെങ്കിലും നശിക്കുകയായിരുന്നു ഭേദമെന്ന് മൂപ്പൻ വിലപിക്കുന്നു. സ്വാർത്ഥന്മാരായ ആ ഇടയന്മാരുടെ അവഗണനയിൽ രോഗങ്ങളും ചെന്നായും[൨] ആടുകളെ നശിപ്പിക്കുന്നു.

തുടർന്ന് കവി, സുഹൃത്തിന്റെ സ്മരണയിൽ പുഷ്പവൃഷ്ടി നടത്താനും അയാളുടെ ഭൗതികശരീരത്തോട് സൗമ്യമായി പെരുമാറാനും പ്രകൃതിശക്തികളോടപേക്ഷിക്കുന്നു.

സമാപനംതിരുത്തുക

ലിസിഡാസ് സമാപിക്കുന്നത് ക്രിസ്തീയമായ പുനരുദ്ധാന പ്രതീക്ഷയിലാണ്‌. സമുദ്രത്തിന്റെ അടിത്തട്ടിൽ വീണുപോയാലും, രാത്രിയിൽ കടലിൽ അപ്രത്യക്ഷനായ ശേഷം പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യനേപ്പോലെ തന്റെ സുഹൃത്ത്, തിരകൾക്കു മീതേ നടന്ന യേശുവിന്റെ ശക്തിയാൽ ഉയർന്നുല്ലസിക്കുമെന്ന് കവി ആശ്വസിക്കുന്നു. ലിസിഡാസിനു വേണ്ടി കരയാതിരിക്കാനും കടലിൽ മരിച്ച അയാളെ കടലുകൾ തരണം ചെയ്യുന്നവരുടെ കാവൽ മാലാഖയായി കരുതാനും കവി അയാളുടെ സുഹൃത്തുക്കളായ മറ്റിടയന്മാരെ ഉപദേശിക്കുന്നു. അടുത്ത പ്രഭാതത്തിന്റെ വാഗ്ദാനമായ പുത്തൻ കാനനങ്ങളുടേയും പുതിയ മേച്ചിൽ പുറങ്ങളുടേയും(fresh Woods and Pastures) സൂചനയാണ്‌ ലിസിഡാസിലെ അവസാന വരികളിലുള്ളത്.

വിലയിരുത്തൽതിരുത്തുക

ആദ്യകാല കവിതകളിൽ ഇലിസബത്തൻ സാഹിത്യ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനായി കാണപ്പെട്ട മിൽട്ടൻ ഒരു പുത്തൻ യുഗത്തിന്റെ പ്രവാചകനായി സ്വയം അവതരിപ്പിക്കുന്നത് 29 വയസ്സുള്ളപ്പോൾ എഴുതിയ ലിസിഡാസിലാണ്‌‌. ക്രിസ്തീയവും പേഗനും ആയ ബിംബങ്ങൾ സമൃദ്ധമായി കാണപ്പെടുന്ന ഈ കവിത, ശില്പഭംഗിയിലും ബിംബസമൃദ്ധിയിലും ഇംഗ്ലീഷ് ഭാഷയിലെ പേഗൻ നവോത്ഥാനത്തിന്റെ മാതൃകകളായ കവിതകളുടെ മുൻ‌നിരയിൽ നിൽക്കുന്നു.[3]


ഏറെ പ്രകീർത്തിക്കപ്പെട്ട ഈ കവിതയുടെ ഏറ്റവും വലിയ വിമർശകൻ പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത നിരൂപകൻ സാമുവൽ ജോൺസൺ ആയിരുന്നു. ദുർഗ്രഹമായ ഭാഷ, അനിശ്ചിതമായ പ്രാസം, അസുഖകരമായ വൃത്തം എന്നീ ദോഷങ്ങൾ ഇതിൽ കണ്ടെത്തിയ അദ്ദേഹം, ഇതിന്റെ രചനയ്ക്ക് അവസരമൊരുക്കിയതായി പറയപ്പെടുന്ന ദുഃഖത്തെ പോലും അയഥാർത്ഥവും കൃത്രിമവുമെന്നു വിശേഷിപ്പിച്ചു. ദുഃഖം കൃത്രിമമായിരുന്നതു കൊണ്ടാണ്‌ അതു പ്രകടിപ്പിക്കാൻ കവിയ്ക്ക് വിദൂരമായ സൂചിതാർത്ഥങ്ങളെ (remote allusions) ആശ്രയിക്കേണ്ടി വന്നതെന്ന് ജോൺസൺ കുറ്റപ്പെടുത്തുന്നു. "കെട്ടുകഥയുണ്ടാക്കാൻ സാവകാശം കിട്ടുന്നിടത്ത് ദുഃഖമില്ല."[൩] "ഇങ്ങനെ ദുഖിക്കുന്നവരോട് ആർക്കും സഹതാപം തോന്നുകയില്ല. ഇങ്ങനെ പുകഴ്ത്തുന്നവർ ആരേയും ബഹുമാനിക്കുന്നുമില്ല"[൪] എന്നാണ്‌ ജോൺസന്റെ നിലപാട്. സത്യമില്ലാത്തതു കൊണ്ട് പ്രകൃതിയും, പുത്തനായി ഒന്നുമില്ലാത്തതു കൊണ്ട് കലയും ലിസിഡാസിൽ കാണാനില്ലെന്ന് ജോൺസൻ കരുതി. ഈ കവിത നേടിയെടുത്ത പുകഴ്ച, മിൽട്ടന്റെ പേരിനെ മാത്രം ആശ്രയിച്ചാണെന്നും, കവി ആരെന്നറിയാതെ വായിക്കുന്നവർക്ക് അതിന്റെ വായന യാതൊരാനന്ദവും പകരുകയില്ലെന്നും നിരീക്ഷിച്ചാണ്‌ ജോൺസൺ തന്റെ വിമർശനം ഉപസംഹരിക്കുന്നത്.[2]

കുറിപ്പുകൾതിരുത്തുക

^ "Fame is no plant that grows on mortal soil,//Nor in the glistering foil"[4]

^ ചെന്നായ(the grim Wolf with Privy Paw) എന്നത്, കത്തോലിക്കാസഭയെ സൂചിപ്പിക്കുന്നു എന്നു കരുതുന്നവരുണ്ട്.

^ "Where there is leisure for fiction there is little grief."

^ "He who thus grieves will excite no sympathy; he who thus praises will confer no honour."

അവലംബംതിരുത്തുക

  1. Womack, Mark. "On the Value of Lycidas." Studies in English Literature, 1500-1900 1997: [119-136]. JSTOR. 3 Nov 2008 <http://www.jstor.org/stable/450776>
  2. 2.0 2.1 സാമുവൽ ജോൺസൻ, മിൽട്ടന്റെ ജീവിതം
  3. William J. Long, English Literature, Its History and Its Significance for the Life of the English Speaking World(പുറങ്ങൾ 209-211)
  4. The John Milton Reading Room Lycidas
"https://ml.wikipedia.org/w/index.php?title=ലിസിഡാസ്&oldid=2439643" എന്ന താളിൽനിന്ന് ശേഖരിച്ചത്