മുഗൾ ചക്രവർത്തിയായ അക്ബറിന്റെ കൊട്ടാരത്തിൽ താമസിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു ലേഡി ജൂലിയാന.[1] 1500-കളുടെ മധ്യത്തിലായിരുന്നു ജനനം. അക്ബറിന്റെ അന്തപ്പുരത്തിന്റെ ചുമതലയുള്ള ഭിഷഗ്വരയായിരുന്നു അവർ.[2][3] ബർബൺ രാജകുമാരനായ ജീൻ-ഫിലിപ്പ് ഡി ബർബൺ-നവാറെയെ വിവാഹം കഴിച്ചതായും അക്ബറിന്റെ ഭാര്യമാരിൽ ഒരാളുടെ സഹോദരിയാണെന്നും പറയപ്പെടുന്നു. ആഗ്രയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി പണി കഴിപ്പിച്ചത് ലേഡി ജൂലിയാന ആണ്.

ലേഡി ജൂലിയാന
ജനനം
ജൂലിയാന മസ്കരേനസ്
തൊഴിൽഅക്ബർ ചക്രവർത്തിയുടെ കൊട്ടാരം ഭിഷഗ്വര
സജീവ കാലം15-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ
അറിയപ്പെടുന്നത്ആഗ്രയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി നിർമ്മിച്ചു

ചരിത്രം തിരുത്തുക

 
അക്ബർ ചക്രവർത്തി

ജൂലിയാനയും അവളുടെ സഹോദരിയും അക്ബറിന്റെ മുഖ്യ ന്യായാധിപനായിരുന്ന അബ്ദുൾ ഹായിയുടെ പെൺമക്കളായിരുന്നുവെന്നും അവർ പടിഞ്ഞാറൻ അർമേനിയയിലെ സിലിസിയയിൽ നിന്നുള്ളവരാണെന്നുമാണ് ഒരു അനുമാനം.[4] ആഗ്രയിലെ ഒരു ഇൻഡോ-അർമേനിയൻ കുടുംബത്തിൽ ജനിച്ച ചരിത്രകാരനും പണ്ഡിതനും പത്രപ്രവർത്തകനുമായ റവ. തോമസ് സ്മിത്ത് അഭിപ്രായപ്പെടുന്നത് ലേഡി ജൂലിയാന അർമേനിയൻ ആണെന്നും അവരെ അക്ബർ ചക്രവർത്തി അക്ബർ ജീൻ-ഫിലിപ്പിന് വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു എന്നുമാണ്.[5][6]

"പോർച്ചുഗീസ് ഇന്ത്യയും മുഗൾ ബന്ധങ്ങളും 1510-1735" എന്ന തലക്കെട്ടിലുള്ള പുസ്തകത്തിൽ പറയുന്നത്, 1500-കളുടെ മധ്യത്തിൽ അറബിക്കടലിലൂടെ പോർച്ചുഗീസ് അർമാഡയിൽ സഞ്ചരിക്കുമ്പോൾ ഡോണ മരിയ മസ്‌കരേനസ് അവളുടെ സഹോദരി ജൂലിയാനയ്‌ക്കൊപ്പം പിടിക്കപ്പെടുകയും പിന്നീട് ഗുജറാത്തിലെ സുൽത്താൻ ബഹാദൂർ ഷാ അന്നത്തെ യുവചക്രവർത്തിയായിരുന്ന അക്ബറിന് ഈ യുവതികളെ സമ്മാനമായി നൽകുകയും ചെയ്തിരിക്കാം എന്നുമാണ്.[7]

ഗ്രീസിലെ രാജകുമാരനും ചരിത്രകാരനുമായ പ്രിൻസ് മൈക്കിൾ, ജീൻ-ഫിലിപ്പ് ഡി ബർബന്റെ പിൻഗാമികളെക്കുറിച്ചു നടത്തിയ ഗവേഷണത്തിൽ പറയുന്നത് പ്രകാരം, ഫ്രാൻസിലെ കോൺസ്റ്റബിളായ ചാൾസ് മൂന്നാമന്റെ മകനാണ് ,ജീൻ-ഫിലിപ്പ്. അദ്ദേഹം ആ കുടുംബത്തിലെ ഏറ്റവും ധനികനും പ്രശസ്തനും പ്രബലനും ആയിരുന്നു.[8] പ്രിൻസ് മൈക്കിൾ രചിച്ച “ലെ രാജാ ഡി ബർബൺ“ എന്ന പുസ്തകത്തിൽ ജീൻ-ഫിലിപ്പ് അക്ബറിന്റെ ക്രിസ്ത്യൻ ഭാര്യയുടെ പോർച്ചുഗീസ് സഹോദരിയെ വിവാഹം കഴിച്ചുവെന്നും കൂടാതെ ചക്രവർത്തി അദ്ദേഹത്തിന് ധാരാളം ഭൂമി നൽകുകയും ഇന്ത്യയിൽ രാജാ (രാജാവ്) ആയിത്തീരുകയും ചെയ്തു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യത്തെ ബർബൺ ഫ്രഞ്ച് രാജാവായ ഹെൻറി നാലാമന്റെ അനന്തരവൻ ആണ് ജീൻ ഫിലിപ്പ് എന്നും 1560-ന് മുമ്പ്, അക്ബറിന്റെ സാമ്രാജ്യത്തിൽ എത്തുന്നതിനു മുമ്പ് ജീൻ-ഫിലിപ്പ് വിവിധരാജ്യങ്ങളിലൂടെ ഒരു സാഹസിക യാത്ര നടത്തിയ കാര്യവും ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.[8][9] രോഗഗ്രസ്തനായ അദ്ദേഹത്തെ ലേഡി ജൂലിയാന പരിചരിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. തുടർന്ന് അക്ബർ അദ്ദേഹത്തിന് പുരസ്കാരങ്ങൾ നൽകി. കൂടാതെ അക്ബർ ജൂലിയാനയെ ജീൻ ഫിലിപ്പിനു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഇന്ത്യയിലെ ഭോപ്പാൽ ആസ്ഥാനമായുള്ള ബർബണുകളുടെ വംശപരമ്പരയുടെ തുടക്കം ഇതായിരുന്നു.[8][9][10]

മറ്റു പല ചരിത്രകാരന്മാരും ജൂലിയാന പോർച്ചുഗീസുകാരിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[11] അക്ബറിന്റെ ഒരു ഭാര്യയും അവരുടെ സഹോദരിയും പോർച്ചുഗീസുകാരായിരുന്നുവെന്നാണ് പോർച്ചുഗീസ് പണ്ഡിതനായ ജെ.എ.ഇസ്മയിൽ ഗ്രേഷ്യസിന്റെ വിശ്വാസം.എന്നാൽ 2012-ൽ പ്രൊഫസ്സർ തായ്മിയ സമാൻ പ്രസിദ്ധീകരിച്ച ഗവേഷണം ഈ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നു. ജൂലിയാന എന്ന പേരിൽ മറ്റു പല സ്ത്രീകളും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് അവർ വാദിക്കുന്നു. ലേഡി ജൂലിയാന ഡയസ് ഡാ കോസ്റ്റ എന്ന പേരിൽ ഒരു പോർച്ചുഗീസ് വനിത പിൽക്കാലത്തും മുഗൾ ചരിത്രത്തിലേക്ക് കടന്നുവന്നിരുന്നു. ഈ സ്ത്രീയെ കുറിച്ചുള്ള വിവരണങ്ങൾ ലേഡി ജൂലിയാന മസ്കരേനസ് എന്ന സ്ത്രീയുടെ വസ്തുതകളുമായി ആശയക്കുഴപ്പത്തിന് കാരണമായേക്കാം എന്നവർ കരുതുന്നു. അക്ബറിന്റെ ഭാര്യ മറിയം മകാനി ആണ് മരിയ മസ്‌കരേനാസ് എന്നും മറിയയുടെ സഹോദരിയാണ് ലേഡി ജൂലിയാന എന്നും ഗ്രേഷ്യസ് വിവരിക്കുന്നുണ്ട്. എന്നാൽ തായ്മിയ സമാന്റെ അഭിപ്രായത്തിൽ ഇതും തെറ്റാണ്. അക്ബറിന്റെ അമ്മ ഹമീദ ബാനു ബീഗത്തിന്റെ പേരാണ് മറിയം എന്ന് അവർ വാദിക്കുന്നു.[12]

ഇംഗ്ലീഷ് ചരിത്രകാരനായ ഫ്രെഡറിക് ഫാന്തോം 1895-ൽ പ്രസിദ്ധീകരിച്ച “റിമിനിസെൻസസ് ഓഫ് ആഗ്ര“ എന്ന കൃതിയിൽ അക്ബറിന് മേരി എന്ന ഒരു ക്രിസ്ത്യൻ ഭാര്യയുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നു. മറ്റ് ചരിത്രകാരന്മാർ മേരിക്ക് അക്ബറിലുള്ള സ്വാധീനത്തെ അവഗണിക്കുന്നതായും അദ്ദേഹം കരുതി. ഫ്രെഡറിക് ഫാന്തോം ജീൻ-ഫിലിപ്പിന്റെ കഥ വിവരിക്കുകയും അതുവഴി അക്ബറിന്റെ ക്രിസ്തുമതത്തോടുള്ള ചായ്‌വിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. യൂറോപ്യൻ സ്ത്രീകൾ മുഖേനയുള്ള ക്രിസ്ത്യൻ സ്വാധീനം മുഗൾ സാമ്രാജ്യത്തിന്റെ അവസാന നാളുകളിൽ യൂറോപ്യൻ ചരിത്രകാരന്മാരായ ഫ്രെഡറിക് ഫാന്തോമിനും ജെ.എ.ഇസ്മയിൽ ഗ്രേഷ്യസിനും സ്വാഭാവികമായും ആകർഷകമായി തോന്നിയിരിക്കാമെന്നും അതിനാൽ തന്നെ മറിയ, ജൂലിയാന തുടങ്ങിയ സ്ത്രീകളെ കുറിച്ചുള്ള മുൻ വിവരണങ്ങൾ ഭാഗികമായി വസ്തുതകളും ഭാഗികമായി കഥകളും ആണെന്ന് സമാൻ തന്റെ പ്രബന്ധത്തിൽ ഉപസംഹരിക്കുന്നു.[12]

മരണം തിരുത്തുക

ആഗ്ര മിഷൻ ആർക്കൈവ്സ് പറയുന്നതനുസരിച്ച്, 1562-ൽ മരിച്ച ജൂലിയാനയെ അവർ സ്ഥാപിച്ച പള്ളിയിൽ ഭർത്താവിനൊപ്പം അടക്കം ചെയ്തു. എന്നിരുന്നാലും അവരുടെ അവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെത്തിയിട്ടില്ല. മുഗൾ ചക്രവർത്തി ഷാജഹാൻ 1636-ൽ ഈ പള്ളി തകർത്തു. സെന്റ് പീറ്റേഴ്‌സ് റോമൻ കാത്തലിക് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് ദി നേറ്റീവ് ചാപ്പൽ എന്ന പേരിൽ ഒരു കപ്പേള പുനർനിർമ്മിക്കപ്പെട്ടു.

ലേഡി ജൂലിയാനയുടെയും ജീൻ-ഫിലിപ്പിന്റെയും പിൻഗാമികൾ "ബർബൺ" എന്ന കുടുംബപ്പേരിൽ ഭോപ്പാലിൽ താമസിക്കുന്നു.[13]


അവലംബം തിരുത്തുക

  1. The Illustrated Weekly of India (in ഇംഗ്ലീഷ്). Published for the proprietors, Bennett, Coleman & Company, Limited, at the Times of India Press. January 1972.
  2. "The India-Armenia connection - The Statesman". The Statesman (in അമേരിക്കൻ ഇംഗ്ലീഷ്). 26 September 2015. Retrieved 22 October 2018.
  3. Seth, Mesrovb Jacob (1983). Armenians in India, from the Earliest Times to the Present Day: A Work of Original Research. Asian Educational Services. pp. 92–93. ISBN 81-206-0812-7.
  4. Study, Centre for Research in Rural and Industrial Development Centre for Caucasian (2008). India-Eurasia, the way ahead: with special focus on Caucasus (in ഇംഗ്ലീഷ്). Centre for Research in Rural and Industrial Development. ISBN 9788185835532.
  5. Agra: Rambles and Recollections of Thomas Smith.
  6. Smith, Thomas; Kat julianahuria, Shailaja (2007). Agra: rambles and recollections of Thomas Smith (in ഇംഗ്ലീഷ്). Chronicles Books. ISBN 9788180280290.
  7. https://timesofindia.indiatimes.com/readersblog/positivity/who-was-jodha-bai-33334/
  8. 8.0 8.1 8.2 Prince Michael of Greece (29 March 2017). "The Emperor Akbar's Wives". www.princemichaelschronicles.com.
  9. 9.0 9.1 Chrisafis, Angelique (3 March 2007). "Found in India: the last king of France". the Guardian (in ഇംഗ്ലീഷ്). Retrieved 26 October 2018.
  10. Gréce, Michel de (2010). The Raja of Bourbon (in ഇംഗ്ലീഷ്). Roli Books Private Limited. ISBN 978-93-5194-018-0.
  11. Fernando, Leonard; Gispert-Sauch, G. (2004). Christianity in India: Two Thousand Years of Faith (in ഇംഗ്ലീഷ്). Penguin Books India. p. 142. ISBN 9780670057696.
  12. 12.0 12.1 Zaman, Taymiya R. (2012). "Visions of Juliana: A Portuguese Woman at the Court of the Mughals". Journal of World History. 23 (4): 761–791. doi:10.1353/jwh.2012.0136. S2CID 145722574.
  13. "Lost in France, found in India". www.telegraphindia.com (in ഇംഗ്ലീഷ്). Retrieved 24 October 2018.
"https://ml.wikipedia.org/w/index.php?title=ലേഡി_ജൂലിയാന&oldid=4073098" എന്ന താളിൽനിന്ന് ശേഖരിച്ചത്