ലിൻഷോട്ടൻ
16-ആം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഡച്ച് സഞ്ചാരിയാണ് യാൻ ഹൈഗൻ വാൻ ലിൻഷോട്ടൻ (Jan Huygen van Linschoten). 1563-ൽ ജനിച്ച ഇദ്ദേഹം പ്രമുഖനായ സഞ്ചാരിയും എഴുത്തുകാരനും വ്യാപാരിയുമായിരുന്നു.1583-ൽ ലിൻഷോട്ടൻ ഗോവയിലെത്തി. അഞ്ച് വർഷത്തോളം പോർച്ചുഗീസ് ആർച്ചുബിഷപ്പിന്റെ സെക്രട്ടറിയായിരുന്നു ഇന്ത്യയിൽ ചിലവഴിച്ചു.
പോർച്ചുഗീസുകാർ ഒരു നൂറ്റാണ്ടോളം രഹസ്യമാക്കിവെച്ചിരുന്ന സുപ്രധാനമായ ധാരാളം ഭൂപടങ്ങളും സമുദ്രയാത്രയെയും കച്ചവടത്തേയും സംബന്ധിക്കുന്ന വിവരങ്ങളും ലിൻഷോട്ടന്റെ കൈയ്യിലെത്തി. അദ്ദേഹം ആ വിവരങ്ങൾ അതീവരഹസ്യമായി പകർത്തിയെടുത്തു. ചിത്രം വരയ്ക്കുവാനുള്ള കഴിവ് പ്രയോജനപ്പെടുത്തി അദ്ദേഹം ഭൂപടങ്ങൾ പകർത്തിവരക്കുകയും പുതിയവ വരക്കുകയും ചെയ്തു. ആർച്ബിഷപ്പിന്റെ മരണശേഷം ലിൻഷോട്ടൻ 1589-ൽ പോർച്ചുഗലിലേക്ക് തിരിച്ചുപോയി. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ തങ്ങിയതിനാൽ 1592-ലാണ് അദ്ദേഹം ലിസ്ബണിലെത്തിയത്.
ഈ യാത്രക്കുശേഷം പിന്നീട് വില്ലെം ബാരെന്റ്സ് എന്ന ഡച്ച് സഞ്ചാരിക്കൊപ്പം രണ്ട് യാത്രകൾ നടത്തി. സ്വന്തം നാടായ ഹോളണ്ടിലേക്ക് മടങ്ങിയ ലിൻഷോട്ടൻ താൻ തന്റെ യാത്രകളിലൂടെ ശേഖരിച്ച വിവരങ്ങളെല്ലാം ചേർത്ത് 1596-ൽ 'ഇറ്റിനെരാരിയോ' എന്ന പുസ്തകം രചിച്ചു. ഈ കൃതിയിലെ വിലപ്പെട്ട വിവരങ്ങൾ പിൽകാലത്തു ഡച്ചുകാർക്കും ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും ഇന്ത്യയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ പോർച്ചുഗീസ് ആധിപത്യം ഇല്ലാതാക്കാൻ സഹായകമായി.
1606-ൽ ലിൻഷോട്ടൻ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. അദ്ദേഹം ശേഖരിച്ച വിവരങ്ങളാണ് ഡച്ചുകാരെ ഇന്ത്യയിലേക്ക് വരാൻ പ്രാപ്തരാക്കിയത്. ഭൂപടങ്ങൾ മാത്രമല്ല ഏതു വഴിയിലൂടെ പോയാൽ പോർച്ചുഗീസുകാരുടെ കണ്ണിൽ പെടാതിരിക്കാം എന്നതടക്കം നിർണായകമായ സംഭാവനകൾ നെതർലൻഡിനു നൽകി.1611 ഫെബ്രുവരി 8-ന് ലിൻഷോട്ടൻ അന്തരിച്ചു.