ലിക്വിഡ് മിറർ ടെലിസ്കോപ്പ്
ഒരു റിഫ്രാക്ടീവ് ദ്രാവകം കൊണ്ട് നിർമ്മിച്ച ദർപ്പണങ്ങളുള്ള ടെലസ്കോപ്പാണ് ദ്രാവക ദർപ്പണ ടെലിസ്കോപ്പ്. സാധാരണയായി മെർക്കുറിയാണ് ദ്രാവകമായി ഉപയോഗിക്കുന്നത്. എന്നാൽ ഗാലിയത്തിന്റെ ലോ മെൽറ്റിഗ് അലോയ്കളും ഉപയോഗിക്കാറുണ്ട്. സ്ഥിരമായ വേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പാത്രത്തിൽ ദ്രാവകം നിറയ്ക്കുന്നു. കറങ്ങുന്ന സംവിധാനത്തിന്റ ലംബ ആക്സിസ് സ്ഥിരമായിരിക്കും. ഇതുമൂലം കറങ്ങുന്ന ദ്രാവകത്തിന്റെ ഉപരിതലം ഒരു പരാബോള രൂപത്തിൽ ആകുന്നു. ഈ പ്രതലം ഒരു പ്രതിഫലന ടെലിസ്കോപ്പിന്റെ പ്രധാന ദർപ്പണമായി ഉപയോഗിക്കാൻ സാധിക്കും. പാത്രത്തിന്റെ രൂപം എന്തുതന്നെയായിരുന്നാലും ദ്രാവകത്തിന്റെ ഉപരിതലത്തിന്റെ രൂപം ഒന്നുതന്നെയായിരിക്കും. സാധാരണയായുള്ള വലിയ ടെലിസ്കോപ്പുകളെ അപേക്ഷിച്ച് ദ്രാവക ദർപ്പണ ടെലിസ്കോപ്പുകൾക്ക് ചെലവ് വളരെ കുറവാണ്. കൂടാതെ ഇത് നിർമ്മിക്കാനെടുക്കുന്ന സമയവും വളരെ കുറവാണ്.
കറങ്ങുന്ന ഒരു ദ്രാവകത്തിന്റെ ഉപരിതലം ഒരു പരാബോളോയ്ഡായിരിക്കുമെന്ന് ഐസക് ന്യൂട്ടൺ കണ്ടെത്തിയിരുന്നു. ഇത് ഒരു ടെലിസ്കോപ്പായി ഉപയോഗിക്കാമെന്ന് അദ്ദേഹം കരുതി. എന്നാൽ സ്ഥിരമായ വേഗതയിൽ പ്രതലം കറക്കാനുള്ള ഉപകരണങ്ങളുടെ അഭാവം മൂലം യഥാർത്ഥത്തിൽ ഒരെണ്ണം നിർമ്മിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഈ ആശയം നേപ്പിൾസ് നിരീക്ഷണാലയത്തിലെ ഏണസ്റ്റോ കാപ്പോക്കി വികസിപ്പിക്കുകയുണ്ടായി. എന്നാൽ 1872 ൽ ന്യൂസിലാന്റിലെ ഹെൻറി സ്കെ ഓഫ് ഡ്യൂനെഡിൻ ആണ് ആദ്യത്തെ ദ്രാവക ദർപ്പണ ടെലിസ്ക്കോപ്പ് നിർമ്മിച്ചത്.