ലാൽ ബിഹാരി ഡേ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു ലാൽ ബിഹാരി ഡേ. 1824-ലായിരുന്നു ജനനം. ഇടയ്ക്ക് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തു. മതപ്രചാരകൻ, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചു.
കൃതികൾ
തിരുത്തുകഗോവിന്ദസമന്ത: ബംഗാൾ പെസന്റ് ലൈഫ് (1874), ഫോക്-ടെയ്ൽസ് ഒഫ് ബംഗാൾ (1883), റിക്കളക്ഷൻസ് ഒഫ് മൈ സ്കൂൾ ഡെയ്സ് (അപൂർണം) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഈ കൃതികളെല്ലാം 1969-ൽ മഹാദേവ പ്രസാദ് 'സാഹ' എഡിഷൻസ് ഇന്ത്യനുവേണ്ടി കൊൽക്കത്തയിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
ഗോവിന്ദസമന്ത
തിരുത്തുകഒരു ബംഗാളി കർഷകന്റെ ജനനം മുതൽ മരണം വരെയുള്ള കഥയാണ് ഗോവിന്ദസമന്ത എന്ന നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണരുടെ മോഹങ്ങളും മോഹഭംഗങ്ങളും, പണം കടം കൊടുപ്പുകാരുടെ അത്യാർത്തി, സെമിന്ദാർമാരുടെ താന്തോന്നിത്തം, ക്ഷാമത്തിന്റേയും വരൾച്ചയുടേയും ദുരന്താത്മകത തുടങ്ങി ഒരു ബംഗാളി ഗ്രാമത്തിലെ ജനജീവിതത്തിന്റെ പല മുഖങ്ങളും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. ഈ കൃതി യഥാർഥത്തിൽ ഒരു നോവലെന്നതിലുപരി ഗ്രാമീണജീവിതചിത്രങ്ങളുടെ ഒരു സമാഹാരമാണെന്ന് കെ.ആർ. ശ്രീനിവാസ അയ്യങ്കാർ (ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ളീഷ് എന്ന ഗ്രന്ഥത്തിൽ) അഭിപ്രായപ്പെടുന്നു. തന്റെ കൃതി ആധികാരിക ചരിത്രം (authentic history) ആണെന്നാണ് നോവലിസ്റ്റിന്റെ പക്ഷം. ചോസർ, ക്രാബ്, കൂപ്പർ, ഗ്രേ, ഗോൾഡ്സ് മിത്ത്, വേഡ്സ്വർത്ത്, ഹോമർ, ലോങ്ഫെലോ തുടങ്ങിയ മഹാകവികളുടെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ അധ്യായങ്ങളുടെ ആദ്യം ഔചിത്യപൂർവം ചേർത്തിരിക്കുന്നത് ഈ കൃതിയുടെ ഒരു സവിശേഷതയായി കാണാം. ഗ്രാമക്കുളത്തിന്റെ കരയിലുള്ള വനിതാസംഗമം കെ.എസ്. വെങ്കടരമണിയുടെ മുരുഗൻ ദ് ടില്ലർ എന്ന നോവലിൽ ചിത്രീകരിക്കപ്പെടുന്ന അളവന്തിയിലെ നദീരംഗങ്ങളെ അനുസ്മരിപ്പിക്കുന്നു. പലപ്പോഴും ആഖ്യാതാവായ നോവലിസ്റ്റ് വ്യാഖ്യാതാവായും പ്രത്യക്ഷപ്പെടാറുണ്ട്. പ്രാചീന ഭാരതത്തിലെ വിധവകളെപ്പറ്റിയുള്ള അഭിപ്രായപ്രകടനവും ആയുധപൂജാവർണനയ്ക്കുശേഷം പൗരസ്ത്യരുടെ മതാഭിനിവേശവും പാശ്ചാത്യരുടെ വിരസമായ മതേതരത്വവും തമ്മിൽ താരതമ്യം ചെയ്യുന്നതും ഉദാഹരണങ്ങളാണ്. കർഷകനെന്ന നിലവിട്ട് വാടകത്തൊഴിലാളിയായി മാറേണ്ടിവന്ന് അവസാനം ഹൃദയംപൊട്ടി മരിക്കുന്ന ഗോവിന്ദന്റെ കഥ ഹൃദയാവർജകമായി ഡേ ചിത്രീകരിച്ചിരിക്കുന്നു.
പ്രഖ്യാതമായ ഇംഗ്ലീഷ് നോവലുകളുടെ അനുകരണം ആദ്യ കാലത്തെ പല ഇന്ത്യൻ-ഇംഗ്ലീഷ് നോവലുകളുടേയും ഒരു സവിശേഷതയാണ്. ഗോവിന്ദസമന്തയും ഇതിന് അപവാദമല്ല. ഹെന്റി ഫീൽഡിങ്ങിന്റെ ടോം ജോൺസ് എന്ന നോവലിന്റെ ആദ്യ ഭാഗത്തിനും ഡേയുടെ കൃതിയുടെ പ്രാരംഭവാക്യങ്ങൾക്കും തമ്മിലുള്ള സാദൃശ്യം ആരുടേയും ശ്രദ്ധയാകർഷിക്കും. ഗ്രാമീണ-കർഷക ജീവിതത്തിന്റെ ചിത്രീകരണത്തിൽ ഈ കൃതി അദ്വിതീയമാണെന്നു പറയാം. ഭാരതീയ സാഹിത്യത്തിലാകെത്തന്നെ ഇത്തരമൊരു കൃതിക്ക് മറ്റൊരു മാതൃക കണ്ടെത്താനാവില്ല. ഗ്രാമീണ ജനത അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെപ്പറ്റി ഒറിയാ നോവലിസ്റ്റായ ഫക്കീർ മോഹൻ സേനാപതി രചിച്ച ചാ മനാ അഥാ ഗുന്ഥാ എന്ന നോവൽ ദശകങ്ങൾക്കുശേഷം 1902-ൽ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1936-ൽ പ്രസിദ്ധീകരിച്ച പ്രേംചന്ദിന്റെ ഗോദാൻ എന്ന നോവലിന്റെ മുന്നോടിയാണ് ഡേയുടെ നോവലെന്നു പറയാവുന്നതാണ്.
ഫോക് ടെയ്ൽസ് ഒഫ് ബംഗാൾ
തിരുത്തുകബംഗാളിൽ പ്രചാരത്തിലുള്ള ഇരുപത്തിരണ്ടു നാടോടിക്കഥകളാണ് ഫോക് ടെയ്ൽസ് ഒഫ് ബംഗാളിലുള്ളത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ പ്രചരിക്കുന്ന കഥകളുമായി ഇവയ്ക്ക് ശ്രദ്ധേയമായ സാദൃശ്യം കാണുന്നു. പ്രകൃതിയും ദൈവവുമായി എല്ലാക്കാലത്തും എല്ലാദേശത്തും മനുഷ്യൻ പുലർത്തിവരുന്ന അഭേദ്യബന്ധം ഈ കഥകളിൽ തെളിഞ്ഞു കാണാം. രണ്ടോ അതിലധികമോ ഭാര്യമാരുള്ള ഭർത്താവ് ഈ സമാഹാരത്തിലെ പല കഥകളിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ്. 'ദി ഈവിൾ ഐ ഓഫ് ശനി' എന്ന കഥയിൽ ലക്ഷ്മിയും ശനിയും തങ്ങളിലാർക്കാണു കേമത്തം എന്നു തീരുമാനിക്കാൻ ശ്രീവത്സനെ സമീപിക്കുന്നു. ലക്ഷ്മിക്കനുകൂലമായി വിധിയുണ്ടാവുകയും ശനി കോപാകുലയാവുകയും ചെയ്യുന്നു. എന്നാൽ മൂന്നു വർഷത്തെ കഷ്ടകാലത്തിനുശേഷം ശനി വീണ്ടും ഭാഗ്യദേവതയായി മാറുന്നതോടെ കഥ ശുഭമായി പര്യവസാനിക്കുന്നു.
റിക്കളക്ഷൻസ് ഒഫ് മൈ സ്കൂൾ ഡെയ്സ്
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യയിൽ രചിക്കപ്പെട്ട ആത്മകഥകളുടെ ആദ്യകാലമാതൃകകളിൽ ഒന്ന് എന്ന നിലയിൽ ഡേയുടെ റിക്കളക്ഷൻസ് ഒഫ് മൈ സ്കൂൾ ഡെയ്സിന് ഗണ്യമായ പ്രാധാന്യമുണ്ട്. 19-ാം ശ.-ത്തിൽ ബംഗാളിൽ നിലവിലിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സൂക്ഷ്മചിത്രം ഇതിൽ കാണാം. സാമാന്യ ജനതയ്ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്ന് സംസ്കൃതത്തിലൂടേയും അറബിയിലൂടേയുമുള്ള വിദ്യാഭ്യാസത്തിലേക്കും അവിടെ നിന്നു മുമ്പോട്ടു പോയി ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള വിജ്ഞാന വ്യാപനത്തിലേക്കുമുള്ള ക്രമാനുഗതമായ വികാസം കൗതുകജനകമായി ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു.