ലഹോറി
ചെറിയ റബ്ബർ പന്തുപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു തരം കളിയാണ് ലഹോറി. ഡപ്പാൻ അല്ലെങ്കിൽ ടപ്പാൻ എന്ന പേരിലും ഇതറിയപ്പെടുന്നു. കളിക്കുന്ന കുട്ടികൾ രണ്ടു വിഭാഗങ്ങളായി തിരിയുന്നു. കളിസ്ഥലത്ത് ഏഴു ചില്ലുകൾ (ഓട്ടിൻ കഷണങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്) ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെയ്ക്കുന്നു. പന്തുമായി ഒരു വിഭാഗത്തിലെ ഏതെങ്കിലും ഒരാൾ അടുക്കിവെച്ചിരിക്കുന്ന ചില്ലുകൾക്ക് അൽപം അകലെയായി ഒരു നിർദ്ദിഷ്ട ദൂരത്തു നിൽക്കുന്നു. മറുവിഭാഗത്തിലെ ഒരാൾ അതിനു നേർവിപരീതമായി ചില്ലുകൾക്കപ്പുറം നിലയുറപ്പിക്കുന്നു. ക്രിക്കറ്റുകളിയിലെ വിക്കറ്റ് കീപ്പർ നിൽക്കുന്നതുപോലെയാണിത്. ഇരു വിഭാഗങ്ങളിലേയും മറ്റു കളിക്കാർ കളിസ്ഥലത്ത് പല ഭാഗങ്ങളിലായി നിലയുറപ്പിക്കുന്നു. പന്തിനെ അടുക്കിവെച്ചിരിക്കുന്ന ചില്ലിൽ എറിഞ്ഞു കൊള്ളിക്കുന്നതാണ് കളിയുടെ തുടക്കം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരാൾക്ക് മൂന്ന് തവണ എറിയാൻ സാധിക്കും. എറിഞ്ഞ പന്തു കുത്തിപൊന്തുമ്പോൾ പിടിക്കാനായി എതിർവിഭാഗത്തിലെ കളിക്കാരൻ ശ്രമിക്കുന്നു. കുത്തിപൊന്തുന്ന പന്ത് പിടിച്ചെടുക്കുകയാണെങ്കിൽ എറിഞ്ഞയാളുടെ അവസരം അവസാനിക്കുന്നു. പന്ത് ചില്ലിൽ കൊള്ളുന്നപക്ഷം ചിതറിത്തെറിച്ചു പോകുന്ന ചില്ലുകൾ പഴയതുപോലെ അടുക്കിവെയ്ക്കണം. ഈ സമയം മറുഭാഗത്തുള്ള കളിക്കാർ പന്തു പിടിച്ചെടുത്ത് എതിരാളികളിൽ ആരുടെയെങ്കിലും ദേഹത്ത് എറിഞ്ഞു കൊള്ളിക്കാൻ ശ്രമിക്കുന്നു. ഏറു കൊള്ളുന്നതിനു മുമ്പ് ചില്ലുകൾ അടുക്കിവെയ്ക്കാൻ സാധിക്കുകയാണെങ്കിൽ അവർ ജയിക്കുന്നു. ജയിക്കുന്നപക്ഷം വീണ്ടും മൂന്ന് തവണ കൂടി എറിയുവാനുള്ള അവസരം ലഭിക്കുന്നതാണ്. അല്ലാത്ത പക്ഷം ആ ഭാഗത്തിലെ അടുത്തയാളുടെ ഊഴം വരുന്നു.