വാചസ്പതി ടി.സി. പരമേശ്വരൻ മൂസ്സത് (1862-1938) ഏറനാട് താലൂക്കിൽ കോട്ടക്കൽ സമീപം പൊന്മളയിൽ തോട്ടത്തിൽ ചേലക്കര ഇല്ലത്ത് വാസുദേവൻ മൂസ്സതിന്റെ പുത്രനായി കൊല്ലവർഷം 1042 മേടത്തിൽ ജനിച്ചു. ആദ്യം കൃഷ്ണനമ്പിയുടെയും പിന്നീട് പണ്ഡിതരാജൻ പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ കീഴിൽ സിദ്ധാന്തകൗമുദി, ലീലാവതി, അഷ്ടാംഗഹൃദയം എന്നിവ പഠിച്ചു. ശർമ്മ സ്ഥാപിച്ച വിജ്ഞാന ചിന്താമണിയിൽ സംസ്കൃതത്തിലും മലയാളത്തിലും ലേഖനമെഴുതുമായിരുന്നു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ 'ധന്വന്തരി' മാസികയുടെ സഹപത്രാധിപരായിരുന്നു.

വാചസ്പതി ടി സി പരമേശ്വരൻ മൂസ്സത്

വരയ്ക്കൽ പാറമഠത്തിൽ കൃഷ്ണനമ്പിയുടെ ശിഷ്യനായി മൂസ്സത് ആദ്യകാല വിദ്യാഭ്യാസം നിർവ്വഹിച്ചു. ഇദ്ദേഹം ഏഴു വർഷക്കാലം പുന്നശ്ശേരി നീലകണ്ഠ ശർമ്മയുടെ അന്തേവാസിയായിരുന്നു. അതിനിടയിൽ ശർമ്മ സ്ഥാപിച്ച വിജ്ഞാന ചിന്താമണി അച്ചടിശാലയുടെ നടത്തിപ്പിൽ മൂസ്സത് വലിയ പങ്കു വഹിക്കുകയുണ്ടായി. പുന്നശ്ശേരി നമ്പിയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച വിജ്ഞാന ചിന്താമണി പത്രത്തിൽ ഇദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുകയുണ്ടായി. 1078-ൽ പി. എസ്. വാര്യരുടെ നേതൃത്ത്വത്തിൽ കോട്ടയ്ക്കലിൽ നിന്നും പ്രസിദ്ധപ്പെടുത്തിയ ധന്വന്തരി മാസികയുടെ സഹ പത്രാധിപരായിരുന്നു മൂസ്സത്. കെ.എം-ന്റെ ഭഗവൽഗീത തൃശ്ശൂരു നിന്നും 1079 ഇൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയപ്പോൾ ഇദ്ദേഹം അതിന്റെ പ്രസിദ്ധീകരണ ചുമതലയിൽ പങ്കു കൊണ്ടിരുന്നു. 1080-ൽ ആരംഭിച്ച ഭാരത വിലാസം അച്ചുകൂടത്തിനു വേണ്ടിയും 1094-ഇൽ ആരംഭിച്ച വാണീകളേബരം അച്ചുകൂടത്തിനു വേണ്ടിയും മൂസ്സത് ധാരാളം ഗ്രന്ഥങ്ങൾ എഴുതി. 1109-ൽ ഇദ്ദേഹം ഏറ്റുമാനൂരിൽ ഭജിച്ച് താമസ്സിച്ചപ്പോഴും ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

ഓർമിക്കപ്പെടുന്നത് പാരമേശ്വരി വ്യാഖ്യാനത്തോടെയാണെങ്കിലും വിപുലമായ ഒരു ഗ്രന്ധാവലി ഇദ്ദേഹത്തിന്റേതായുണ്ട്

  1. അമരകോശം പാരമേശ്വരി വ്യാഖ്യാനം
  2. അമരകോശംസംക്ഷിപ്ത പാരമേശ്വരി
  3. അമരകോശം പദാർത്ഥദീപികാവ്യാഖ്യാനം
  4. അമരകോശം ത്രിവേണി വ്യാഖ്യാനം
  5. ഏറ്റുമാനൂർ ക്ഷേത്രവ്യാഖ്യാനം
  6. ചരകസംഹിതാ വ്യാഖ്യാനം
  7. ഗീതാരഹസ്യം തർജ്ജമ
  8. കാളികല്പം മാർഗ്ഗദർശി വ്യാഖ്യാനം
  9. കേരളാചാരം
  10. ഗുരുവായുപുരമാഹാത്മ്യം (മൂലം)
  11. ഗുരുവായുപുരമാഹാത്മ്യം കിളിപ്പാട്ട്
  12. ദേവീസൂക്തം വ്യാഖ്യാനം
  13. ദൃക് ദൃശ്യവിവേകം
  14. നാരാായണീയം ശ്യാമസുന്ദരം വ്യാഖ്യാനം
  15. പരശുരാമന്റെ ജീവചരിത്രം

ഈശ്വരാനന്ദസരസ്വതി എന്ന പേരിൽ

  1. കഠോപനിഷത് ഭാഷാസാരം

വാചസ്പതിയുടെ കൃതികളിൽ പ്രഥമസ്ഥാനം അമരം പാരമേശ്വരിക്കാണ്. ഈ ഗ്രന്ഥം മാസികയായി 1086 മേടം മുതൽ 1090 കന്നി വരെ ഉള്ള കാലത്തിനിടയ്ക്ക് പ്രസിദ്ധപ്പെടുത്തി. ഈ കൃതി കണ്ട് സന്തോഷിച്ച് , 1090 ഇൽ വിദ്വാൻ മാനവിക്രമസാമൂതിരിപ്പാട്മൂസ്സതിനു നൽകിയതാണ് അഭിനവ വാചസ്പതി എന്ന സ്ഥാനം.