വെയിൽസിലെ റെക്സം ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബാണ് റെക്സം അസോസിയേഷൻ ഫുട്ബോൾ ക്ലബ് (Welsh Clwb Pél-droed Wrecsam). വെയിൽസിലെ ഏറ്റവും പഴയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴയതുമായ പ്രൊഫഷണൽ അസോസിയേഷൻ ഫുട്ബോൾ ടീമാണ് 1864 ൽ രൂപീകരിക്കപ്പെട്ട റെക്സം എ.എഫ്.സി.[2][3] ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സമ്പ്രദായത്തിലെ മൂന്നാം തലമായ ഇഎഫ്എൽ ലീഗ് വണ്ണിലാണ് അവർ മത്സരിക്കുന്നത്.

റെക്സം
Wrexham_A.F.C._Logo.svg
പൂർണ്ണനാമം റെക്സം അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ്
വിളിപ്പേരുകൾ ദ റെഡ് ഡ്രാഗൺസ്, ദ റോബിൻസ്, ദ ടൗൺ
ചുരുക്കരൂപം Wrexham AFC
CPD Wrecsam  (Welsh)
സ്ഥാപിതം October 1864; 160 വർഷങ്ങൾക്ക് മുമ്പ് (October 1864)[1]
മാനേജർ ഫിൽ പാർക്കിൻസൺ
ലീഗ് National League
2018–19 National League, 4th of 24
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

തുടക്കത്തിൽ സൌഹൃദ മത്സരങ്ങളിലും കപ്പ് മത്സരങ്ങളിലും പങ്കെടുത്ത റെക്സം ക്ലബ്ബ് 1890 ൽ ദി കോമ്പിനേഷനിൽ ചേർന്ന് ആദ്യമായി ഒരു ലീഗിൽ പ്രവേശിച്ചു. കോമ്പിനേഷനിൽ 13 സീസണുകളും വെൽഷ് സീനിയർ ലീഗിൽ രണ്ടു സീസണുകളും ചെലവഴിച്ച റെക്സം, നാല് കോമ്പിനേഷൻ കിരീടങ്ങളും രണ്ട് വെൽഷ് സീനിയർ ലീഗ് കിരീടങ്ങളും നേടി. 1905-ൽ ബിർമിംഗ്ഹാം ജില്ലാ ലീഗിൽ പ്രവേശിച്ച ക്ലബ്ബ്, 1921-ൽ ഫുട്ബോൾ ലീഗിന്റെ 'മൂന്നാം ഡിവിഷൻ നോർത്തി'ന്റെ ആദ്യ സീസണിൽ അംഗമാകുന്നതു വരെ അവിടെ തുടർന്നു. 1958ൽ പുനഃസംഘടിപ്പിക്കപ്പെട്ട മൂന്നാം ഡിവിഷനിൽ ഉൾപ്പെടുത്തപ്പെടുന്നതിനു മുമ്പ് 37 വർഷം വടക്കൻ വിഭാഗത്തിലായിരുന്നു റെക്സം എ.എഫ്.സി. പക്ഷേ രണ്ടു വർഷത്തിനു ശേഷം ക്ലബ്ബ് തരംതാഴ്ത്തപ്പെട്ടു. നാലാം ഡിവിഷനിൽ നിന്ന് ടീമിന് 1961-62-ൽ സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും രണ്ടു വർഷത്തിനു ശേഷം വീണ്ടും തരംതാഴ്ത്തപ്പെട്ടു. 1969-70 ൽ മറ്റൊരു സ്ഥാനക്കയറ്റം ലഭിച്ചു. 1977-78 ൽ, മൂന്നാം ഡിവിഷൻ കിരീട നേട്ടത്തോടെ റെക്സം ആദ്യമായി രണ്ടാം ഡിവിഷനിൽ പ്രവേശിച്ചു. തുടർച്ചയായ രണ്ട് തരംഴ്ത്തലുകൾക്കൊടുവിൽ, 1983ൽ നാലാം ഡിവിഷനിലേക്ക് ക്ലബ്ബ് തിരിച്ചെത്തി. 1992-93 വരെ മറ്റു സ്ഥാനക്കയറ്റങ്ങൾ ഒന്നും ലഭിക്കാതെ അവിടെത്തന്നെ തുടരുകയും ചെയ്തു. 2002-ൽ വീണ്ടും തരംതാഴ്ത്തപ്പെട്ട ക്ലബ്ബ് 2002-03-ൽ വീണ്ടും സ്ഥാനക്കയറ്റം നേടി. സാമ്പത്തിക പ്രശ്നങ്ങൾ വഷളായതിനെത്തുടർന്ന് മറ്റൊരു തരംതാഴ്ത്തലിലേയ്ക്കും, 2004 ഡിസംബറിൽ അഡ്മിനിസ്ട്രേഷനിലേയ്ക്കും (പാപ്പരത്തം പ്രഖ്യാപിക്കുന്നതിനു സമാനമായി ബ്രിട്ടനിലെ ഫുട്ബോൾ ക്ലബ്ബുകൾക്കുള്ള സംവിധാനം) ടീം നയിക്കപ്പെട്ടു. ക്ലബ്ബിന് അഡ്മിനിസ്ട്രേഷനിൽ നിന്ന് പുറത്തുകടക്കാൻ 18 മാസങ്ങളെടുത്തു. കളിയിൽ ക്ലബ്ബിന്റെ നിർഭാഗ്യം പിന്നെയും തുടർന്നു. 2008 ൽ ഫുട്ബോൾ ലീഗിൽ നിന്നു തന്നെ പുറത്താവുകയും ചെയ്തു.

2020 നവംബറിൽ ഹോളിവുഡ് നടന്മാരായ റയാൻ റെയ്നോൾഡ്സ്, റോബ് മാക്കൽഹെന്നി എന്നിവർ റെക്സം എ.എഫ്.സിയെ വാങ്ങിയതോടെ പ്രശസ്തി നേടിയ ക്ലബ്ബിനെക്കുറിച്ച്, 'വെൽക്കം റ്റു റെക്സം' എന്ന പേരിൽ ഡിസ്നി പ്ലസ് ഡോക്യുമെന്ററി സീരീസ് പുറത്തിറങ്ങിയിരുന്നു. നിലവിൽ മൂന്നു സീസണുകൾ ഉള്ള സീരീസ് പുറത്തിറങ്ങിയതോടെ പ്രീമിയർ ലീഗ് ടീമുകൾക്ക് ലഭിക്കുന്ന നിലയിലുള്ള അന്താരാഷ്ട്ര ശ്രദ്ധ ക്ലബ്ബിന് ലഭിച്ചു. അഞ്ചാം ഡിവിഷനിലെ ഒരു ടീമിന് മുമ്പെങ്ങുമില്ലാത്ത വണ്ണം ഒരു ആഗോള ആരാധകവൃന്ദം നേടിക്കൊടുക്കുന്നതിലേക്കും ഇത് നയിച്ചു.[4]

സ്ഥാനക്കയറ്റമില്ലാതെ തുടർച്ചയായ പതിനഞ്ചു സീസണുകൾ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സമ്പ്രദായത്തിന്റെ അഞ്ചാം നിരയിൽ (നാഷണൽ ലീഗ്) കുടുങ്ങിക്കിടക്കുകയും, അതിൽ അഞ്ചുവട്ടം പ്ലേ-ഓഫ് കളിച്ച് പരാജയപ്പെടുകയും ചെയ്ത റെക്സം എ.എഫ്.സി, 2022-23 സീസണിൽ നാഷണൽ ലീഗ് ചാമ്പ്യന്മാരായി ഇ.എഫ്.എൽ ലീഗ് 2ൽ പ്രവേശിച്ചു. ലീഗ് 2ൽ പ്രവേശിച്ച സീസണിൽ തന്നെ വീണ്ടും സ്ഥാനക്കയറ്റം നേടിക്കൊണ്ട്, 2024 ഏപ്രിൽ 13ന് റെക്സം ഇ. എഫ്. എൽ ലീഗ് 1ലേയ്ക്ക് കടന്നു. നാഷണൽ ലീഗിൽ നിന്ന് തുടർച്ചയായ രണ്ട് സ്ഥാനക്കയറ്റങ്ങൾ നേടുന്ന അപൂർവം ടീമുകളിൽ ഒന്നായി റെക്സം മാറി.

  1. Randall, Liam. "Wrexham FC Fans To Vote To Accept 1864 Date Change". Wrexham.com. Archived from the original on 20 August 2018. Retrieved 28 June 2012.
  2. Randall, Liam. "Wrexham FC Fans To Vote To Accept 1864 Date Change". Wrexham.com. Archived from the original on 20 August 2018. Retrieved 14 October 2014.
  3. Jones, Peter. "Wrexham AFC History". Archived from the original on 15 December 2012. Retrieved 21 December 2015.
  4. Scudder, Jake (September 26, 2022). "Wrexham AFC: The fastest growing club in the world". Soccer Scene.com. Archived from the original on November 20, 2022. Retrieved April 23, 2023.
"https://ml.wikipedia.org/w/index.php?title=റെക്സം_എ._എഫ്._സി.&oldid=4094810" എന്ന താളിൽനിന്ന് ശേഖരിച്ചത്