റിട്ടേൺ ഓഫ് എ കിങ്

വില്യം ഡാൽറിമ്പിൾ എഴുതിയ പുസ്തകം

1839 - 42 കാലഘട്ടത്തിൽ നടന്ന ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ പശ്ചാത്തലവും സംഭവഗതികളും വിവരിച്ചുകൊണ്ട് വില്യം ഡാൽറിമ്പിൾ രചിച്ച ചരിത്രപുസ്തകമാണ് റിട്ടേൺ ഓഫ് എ കിങ്: ദ ബാറ്റിൽ ഫോർ അഫ്ഗാനിസ്താൻ (ഇംഗ്ലീഷ്: Return of a King: The battle for Afghanistan).

Return of a King: The Battle for Afghanistan
First edition
രാജ്യംUnited Kingdom
ഭാഷEnglish
വിഷയംTravel writing/religion
പ്രസാധകർBloomsbury Publishing
പ്രസിദ്ധീകരിച്ച തിയതി
2012
മാധ്യമംPrint (Hardcover,)
ISBNISBN 978-1-4088-1830-5
മുമ്പത്തെ പുസ്തകംNine Lives: In Search of the Sacred in Modern India

കാബൂളിൽ ഭരണത്തിലിരുന്ന ദോസ്ത് മുഹമ്മദ് ഖാനെ പുറത്താക്കി മുൻ ഭരണാധികാരിയായിരുന്ന ഷാ ഷൂജയെ തൽസ്ഥാനത്ത് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പാവഭരണാധിപനായി അവരോധിക്കാനുള്ള നടപടിയായിരുന്നു ഈ യുദ്ധം. ദോസ്ത് മുഹമ്മദ് ഖാനുമായി സഖ്യം സ്ഥാപിക്കണമെന്ന അഫ്ഗാനിസ്താനിലെ പ്രതിനിധി അലക്സാണ്ടർ ബർണസിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞ് ക്യാപ്റ്റൻ ക്ലോഡ് മാർട്ടിൻ വേഡ്, വില്യം ഹേ മക്നാട്ടൻ എന്നിവരുടെ അപക്വമായ നിലപാടുകൾ പിന്തുടർന്നാണ് ഗവർണർ ജനറൽ ഓക്ലന്റ് പ്രഭു ഈ യുദ്ധത്തിലേക്ക് എത്തിച്ചേർന്നതെന്ന് പുസ്തകം സമർത്ഥിക്കുന്നു. യുദ്ധത്തിന്റെ പ്രധാന കാരണമായിരുന്ന അഫ്ഗാനിസ്താനിലെ പേർഷ്യൻ-റഷ്യൻ സ്വാധീനം യുദ്ധമാരംഭിക്കുമ്പോഴേക്കും ഇല്ലാതായതോടെ യുദ്ധം അനാവശ്യമായിരുന്നുവെന്നും പുസ്തകം വിലയിരുത്തുന്നു. ഇന്ന് പാശ്ചാത്യരാജ്യങ്ങൾ അഫ്ഗാനിസ്താനിൽ നടത്തുന്ന സൈനിക-ഭരണ ഇടപെടലുകളെ ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധകാലത്തേയും പിന്നീടുമുള്ള വിദേശ ഇടപെടലുകളുമായും സാദൃശ്യപ്പെടുത്തി, മുൻകാലങ്ങളിലെപ്പോലുള്ള പരിണാമം മാത്രമാണ് ഇന്നും സംഭവിക്കാനിടയാകുക എന്ന് പുസ്തകം കണക്കാക്കുന്നു.

അക്കാലത്തെ വിവിധ പേർഷ്യൻ ഗ്രന്ഥങ്ങളിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ യുദ്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ വീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയ പുസ്തകമാണ് ഇതെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം.

"https://ml.wikipedia.org/w/index.php?title=റിട്ടേൺ_ഓഫ്_എ_കിങ്&oldid=2289459" എന്ന താളിൽനിന്ന് ശേഖരിച്ചത്