റാബിയ അൽ അദവിയ്യ

(റാബിയ അൽ അദാവിയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാബിയ അൽ അദവിയ്യ എട്ടാം നൂറ്റാണ്ടിലെ (717-801) ഒരു സൂഫി വിശുദ്ധവനിതയായിരുന്നു. ഇറാഖിലെ ബസ്രയിൽ ജനിച്ച അവർ, റാബിയ അൽ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു(അറബിക്:رابعة العدوية القيسية‎). നരകഭയത്തിന്റേയും മോക്ഷകാമത്തിന്റേയും പ്രേരണമൂലമല്ലാതെയുള്ള നിസ്സ്വാർത്ഥ ദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രബിന്ദു ...

ധാന്യം പൊടിക്കുന്ന റാബിയ അൽ അദവിയ്യ: എട്ടാം നൂറ്റാണ്ടിലെ ഈ സൂഫി വിശുദ്ധ, ഒരിക്കൽ കർക്കശനായ ഒരു യജമാനന്റെ അടിമയായിരുന്നു.

റാബിയയുടെ ജീവിതത്തെക്കുറിച്ച് വിവരം നൽകുന്ന പ്രധാനരേഖ, അവരുടെ കാലത്തിന് നാലു നൂറ്റാണ്ടിലേറെ ശേഷം, സൂഫി വിശുദ്ധനും കവിയുമായിരുന്ന ഫരിദ് അദ്ദീൻ അത്തർ (1145-1221) രചിച്ച തദ്കിറത്ത് എ ഔലിയ (ദൈവപ്രീതരുടെ ചരിത്രം) ആണ്.[1] തന്റെ രചനക്ക് അദ്ദേഹം മുൻകാലരേഖകളെ ആശ്രയിച്ചിരിക്കുമെന്ന് കരുതപ്പെടുന്നു. റാബിയ സ്വയം ഒന്നും എഴുതിയിട്ടില്ല. റാബിയയുടെ ജീവിതത്തേയും ചിന്തയേയും സംബന്ധിച്ച ഏറ്റവും സമഗ്രമായ ആധുനിക രചന ബ്രിട്ടീഷ് അക്കാദമിക് മാർഗരറ്റ് സ്മിത്ത് ബിരുദാനന്തരബിരുദ ഗവേഷണത്തിന്റെ ഭാഗമായി 1928-ൽ എഴുതിയ ലഘുകൃതിയാണ്. "യോഗിനി റാബിയയും, ഇസ്ലാമിലെ അവരുടെ സഹവിശുദ്ധരും" (Rabia the Mystics and Her Fellow Saints in Islam) എന്നാണ് ആ കൃതിയുടെ പേര്. [2]

മാതാപിതാക്കളുടെ നാലു പെണ്മക്കളിൽ ഏറ്റവും ഇളയവളായിരുന്നു റാബിയ. റാബിയ എന്ന പേരിന് നാലാമത്തെ പെൺകുട്ടി എന്നാണ് അർത്ഥം. പാവപ്പെട്ടതെങ്കിലും ബഹുമാന്യത കല്പിക്കപ്പെട്ടിരുന്ന ഒരു കുടുംബത്തിലാണ് അവൾ ജനിച്ചത്.

കുട്ടി ജനിച്ച സമയത്ത് വീട്ടിൽ വിളക്കിനുള്ള എണ്ണയോ പിള്ളക്കച്ചയോ പോലും ഇല്ലാതിരിക്കാൻ മാത്രം പാവപ്പെട്ടവരായിരുന്നു റാബിയയുടെ മാതാപിതാക്കൾ എന്നാണ് ഫരീദ് അൽ ദിൻ അത്തർ രേഖപ്പെടുത്തിയിരിക്കുന്നത്. അയലത്തെ വീട്ടിൽ നിന്ന് ഇത്തിരി എണ്ണ കടം വാങ്ങാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സ്രഷ്ടാവായ ദൈവത്തോടല്ലാത്തെ മറ്റാരോടും ഒന്നും ആവശ്യപ്പെടുകയില്ല എന്ന് തീരുമാനിച്ചിരുന്ന റബിയയുടെ പിതാവിന് അതിന് മനസ്സുണ്ടായില്ല. അയൽവീട്ടിൽ പോയതായി ഭാവിച്ച് അദ്ദേഹം വെറും കയ്യോടെ മടങ്ങിവന്നു. ആ രാത്രി പ്രവാചകൻ റാബിയയുയുടെ പിതാവിന് പത്യക്ഷപ്പെട്ടു. അന്നു ജനിച്ച കുട്ടി ദൈവത്തിനു പ്രിയപ്പെട്ടവളും അനേകർക്ക് സന്മാർഗ്ഗം കാണിച്ചുകൊടുക്കാനുള്ളവളും ആണെന്ന് അദ്ദേഹം പിതാവിന് വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രികളിൽ പതിവുള്ള ദുരൂദ് ജപം ഒരിക്കൽ മുടക്കിയതിന് പിഴയായി 400 ദിനാർ കൊടുക്കാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശവുമായി ബസ്രായിലെ അമീറിനടുത്തേക്ക് പോകാൻ പ്രവാചകൻ റാബിയയുടെ പിതാവിനോടാവശ്യപ്പെട്ടെന്നും, സന്ദേശം കിട്ടിയപ്പോൾ ദൈവം തന്നെ സ്മരിച്ചതോർത്ത് സന്തോഷിച്ച അമീർ ആയിരം ദിനാർ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും സന്ദേശവാഹകന് 400 ദിനാർ കൊടുക്കുകയും ചെയ്തു എന്നും കഥയിലുണ്ട്.

അടിമത്തം, മോചനം

തിരുത്തുക

പിതാവിന്റെ മരണശേഷം ബസ്രായിൽ വലിയ ക്ഷാമമുണ്ടായപ്പോൾ സഹോദരിമാരിൽ നിന്ന് വേർപെട്ടുപോയ റാബിയ ഒരു സാർത്ഥവാഹകസംഘത്തോടൊപ്പം യാത്ര ചെയ്യവേ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടു. അവരുടെ പ്രമുഖൻ റാബിയയെ പിടിച്ച് അടിമയാക്കി, കർക്കശക്കാരനായ ഒരു യജമാനന് വിറ്റു. പകൽ അടിമത്തത്തിലെ കഠിനാധ്വാനത്തിനു ശേഷം രാത്രി മുഴുവൻ പ്രാർത്ഥിക്കുന്നതും ഉപവസിക്കുന്നതും അവൾ പതിവാക്കി. ഒരിക്കൾ അർത്ഥരാത്രി ഉണർന്ന യജമാനൻ റാബിയ ഇങ്ങനെ പ്രാർത്ഥിക്കുന്നത് കേട്ടു:

ഇത്രയേറെ വിശുദ്ധയായി ഒരാളെ അടിമയായി വച്ചുകൊണ്ടിരിക്കുന്നത് ദൈവനിന്ദയാകുമെന്ന് ഭയന്ന യജമാനൻ പ്രഭാതത്തിൽ റാബിയയെ മോചിപ്പിച്ചു. അധികാരങ്ങളോടെ ആ വീട്ടിൽ തന്നെ കഴിയുന്നതോ മറ്റെവിടെയെങ്കിലും പോയി ജീവിക്കുന്നതോ തെരഞ്ഞെടുക്കാനും അദ്ദേഹം അവളെ അനുവദിച്ചു. വീടുവിട്ട് മറ്റെവിടെയെങ്കിലും പോയി ഏകാന്തപ്രാർത്ഥനയിൽ മുഴുകാനാണ് റാബിയ തീരുമാനിച്ചത്.

തപസ്വിനി

തിരുത്തുക

ജീവിതകാലമത്രയും നിസ്സ്വാർത്ഥമായ ദൈവസ്നേഹത്തിലും, ആത്മപരിത്യാഗത്തിലും റാബിയ ഉറച്ചുനിന്നു. തന്റേതെന്നുപറയാൻ, പൊട്ടിയ ഒരു മൺപാത്രവും, പരുക്കൻ പായും, തലയിണയായി ഒരിഷ്ടികയും ആണ് അവർക്കുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. രാത്രിമുഴുവൻ അവർ പ്രാർത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു. ഉറങ്ങേണ്ടിവരുന്നത് അവർക്ക് മനസ്താപമുണ്ടാക്കി.

റാബിയയുടെ പ്രശസ്തി പരന്നതോടെ ധാരാളം ശിഷ്യന്മാർ അവർക്കുണ്ടായി. അക്കാലത്തെ പ്രമുഖ ധാർമ്മിക ചിന്തകന്മാരിൽ പലരും അവരുമായി ചർച്ചകളിൽ ഏറെപ്പെട്ടു. ബസ്രായിലെ അമീർ ഉൾപ്പെടെ പലരിൽ നിന്നും അവർക്ക് വിവാഹാഭ്യർത്ഥനകൾ ലഭിച്ചതായി പറയപ്പെടുന്നു. എന്നാൽ അവയൊക്കെ റാബിയ നിരസിക്കുകയാണുണ്ടായത്. എന്തുകൊണ്ട് ഒരു ഭർത്താവിനെ കണ്ടെത്തുന്നില്ല എന്നു ചോദിച്ചവർക്ക് റാബിയ കൊടുത്ത മറുപടി ഇതാണ്:

ദൈവപ്രേമവും ദൈവതൃഷ്ണയും റാബിയയിൽ ജ്വലിച്ചിരുന്നെന്നും ജനങ്ങൾ, യേശുവിന്റെ മാതാവ് മറിയത്തോട് ഉപമിക്കാവുന്ന കറയില്ലാത്ത രണ്ടാം മറിയമായ അവരെ കണക്കാക്കിയെന്നും അവരുടെ ജീവചരിത്രകാരൻ ഫരീദ് അൽ ദിൻ അത്തർ പറയുന്നു.[3]

ദൈവയോഗത്തിന്റെ വഴി അവസാനം വരെ പിന്തുടർന്ന റാബിയ മരിച്ചത് എണ്പത്തിയഞ്ചിനടുത്ത് വയസ്സുള്ളപ്പോഴാണ്.[4] ദൈവബോധം അവരെ എപ്പോഴും പിന്തുടർന്നു. "എന്റെ നാഥൻ എപ്പോഴും എന്നോടൊപ്പമുണ്ട്" എന്ന് അവർ തന്റെ സൂഫി സുഹൃത്തുക്കളോട് പറഞ്ഞു. യെരുശലേമിലായിരുന്നു മരണം എന്ന് പറയപ്പെടുന്നു.

റാബിയയുടെ പരിത്യാഗപരിപൂർണ്ണതയേക്കാൾ ശ്രദ്ധേയമായത് ദൈവപ്രേമത്തെക്കുറിച്ച് അവർ അവതരിപ്പിച്ച വീക്ഷണമാണ്. നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിക്കാതെയുള്ള നിസ്സ്വാർത്ഥദൈവപ്രേമമെന്ന ആശയത്തിന് പ്രാധന്യം കൊടുത്ത ആദ്യത്തെ സൂഫി പുണ്യാത്മാവ് റാബിയ ആണ് .

അവർ ഇങ്ങനെ പ്രാർത്ഥിച്ചു:

ദൈവപ്രേമത്തെക്കുറിച്ചുള്ള റാബിയയുടെ ചിന്ത വ്യക്തമാക്കുന്ന ഒരു കഥ പ്രസിദ്ധമാണ്. ഒരു ദിവസം ഒരിക്കൽ അവർ‍, ബസ്രായിലെ തെരുവുകളിലൂടെ ഒരു കയ്യിൽ ഒരു തൊട്ടി വെള്ളവും മറ്റേക്കയ്യിൽ ഒരു തീപ്പന്തവും പിടിച്ച് ഓടി. എന്താണ് ചെയ്യുന്നതെന്നു ചോദിച്ചവർക്ക് റാബിയ കൊടുത്ത മറുപടി ഇതായിരുന്നു:

സാത്താനെ വെറുക്കുന്നോ എന്ന ചോദ്യത്തിന് റാബിയ കൊടുത്ത മറുപടി, തന്നെ ഗ്രസിച്ചിരിക്കുന്ന ദൈവസ്നേഹം ദൈവത്തോടല്ലാതെ മാറ്റോരോടുമുള്ള സ്നേഹത്തിനോ ദ്വേഷത്തിനോ ഇടം അനുവദിക്കുന്നില്ല എന്നാണ്.[6]

നുറുങ്ങുകൾ

തിരുത്തുക
  • ഒരിക്കൽ ഹസൻ ബസ്രി, റാബിയയെ ഒരു ജലാശയത്തിനടുത്ത് കണ്ടുമുട്ടി. തന്റെ നമസ്കാരത്തടുക്ക് വെള്ളത്തിനുമേൽ വിരിച്ചിട്ട് അദ്ദേഹം റാബിയയോട് പറഞ്ഞു:"റാബിയ! വരുക, നമുക്കിവിടെ രണ്ടു റക‌അത്തുകൾ നിസ്കരിക്കാം." റാബിയ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: "ഹസ്സൻ, ആത്മീയധനം ഭൗതികകമ്പോളത്തിൽ പ്രദർശിപ്പിക്കണമെന്നാണെങ്കിൽ, അവ മറ്റുള്ളവരുടെ കൈവശം ഇല്ലാത്തവ ആയിരിക്കണം." പിന്നെ അവർ തന്റെ നമസ്കാരത്തടുക്ക് വായുവിലെറിഞ്ഞിട്ട് അതിൽ കയറി ഇരുന്നശേഷം ഇങ്ങനെ പറഞ്ഞു: "ഇവിടെ വന്നിരിക്കൂ ഹസ്സൻ. ഇവിടെയാകുമ്പോൾ ആളുകൾക്ക് നമ്മെ കാണാനുമാകും." തുടർന്ന് അവർ കൂട്ടിച്ചേർത്തു: "ഹസ്സൻ താങ്കൾ ചെയ്തത് മത്സ്യങ്ങൾക്ക് ചെയ്യാനാകം. ഞാൻ ചെയ്തത് ചെയ്യാൻ പക്ഷികൾക്കും കഴിയും. യഥാർത്ഥ കാര്യം ഈ കൗശലങ്ങൾക്കൊക്കെ അപ്പുറത്താണ്. അതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്."
  • സദാ ദൈവചിന്തയിൽ കഴിഞ്ഞിരുന്ന റാബിയയെ പറ്റി ഒരു കഥ ഇങ്ങനെയാണ്. ഒരിക്കൽ നടന്നു വരികയായിരുന്ന റാബിയയോട് ഒരു പരിചയക്കാരൻ കുശലമന്വേഷിച്ചു."അല്ലാ, എവിടെ നിന്നും വരുന്നു? എങ്ങോട്ടേക്കാണ്?" റാബിയയുടെ മറുപടി അവരുടെ ദൈവബോധം കാണിക്കുന്നു. റാബിയ പറഞ്ഞു "ദൈവത്തിൽ നിന്നാണ് നാം വരുന്നത്. അവനിലേക്കാണ് നാം മടങ്ങുന്നത്."
  • തിരച്ചിൽ ഒരിക്കൽ റബിയ തന്റെ വീടിനു മുന്നിൽ ചപ്പു ചവറുകൾക്കിടയി എന്തോ തിരയുന്നതായി അയൽ വാസികളുടെ ശ്രദ്ധയിൽ പെട്ടു. ആളുകളും അവരുടെ കൂടെ തിരയാൻ തുടങ്ങി. കുറേ നേരം തിരഞ്ഞ ശേഷം കൂട്ടത്തിലൊരാൾ ചോദിച്ചു. റാബിയ നമ്മളെന്താണ് തെരയുന്നത്?. അവർ പറഞ്ഞു ഞാൻ എന്റെ സൂചിയാണ് തിരയുന്നത്. അവർ പറഞ്ഞു വളരെ ചെറിയ സാധനം അതെവിടെയാണ് പോയതെന്ന് അറിഞ്ഞിരുന്നെങ്കിൽ എളുപ്പമായിരുന്നു. അവർ പറഞ്ഞു ഞാൻ വീട്ടിനകത്ത് തുന്നിക്കൊണ്ടിരിക്കുമ്പോളാണ് അവിടെയാണ് സൂചി പോയത്. ആളുകൾ അതിശത്തോടെ ചോദിച്ചു അകത്ത് പോയ സൂചി വീട്ടിന്റെ പുറത്ത് തെരഞ്ഞിട്ട് എന്താ കാര്യം?. അവർ പറഞ്ഞു നാം ഇതുതന്നെയല്ലേ ചെയ്യുന്നത്. നമ്മുടെ മനസ്സിനകത്തുള്ള ദൈവത്തെ നാം നമുക്ക് പുറത്ത് തിരയുന്നു....
  1. Rabi'a Basri - http://www.khamush.com/sufism/rabia.htm Archived 2009-11-14 at the Wayback Machine.
  2. AntiQbook.com - http://www.antiqbook.com/boox/alt/83488.shtml[പ്രവർത്തിക്കാത്ത കണ്ണി]
  3. Mythinglinks.org http://www.mythinglinks.org/NearEast~3monotheisms~Islam~Rabia.html
  4. "In her early to mid eighties when she died". Poetseers.org.
  5. "വിശ്വാസത്തിലേക്ക് വീണ്ടും" എസ്. രാധാകൃഷ്ണൻ പുറം 141
  6. എസ്. രാധാകൃഷ്ണൻ തന്റെ ഭഗവദ്ഗീതാ വ്യാഖ്യാനത്തിൽ റാബിയയുടെ ഈ മറുപടി ഉദ്ധരിക്കുന്നുണ്ട് - ഒൻപതാം അദ്ധ്യായം 22-ആം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിനു താഴെയുള്ള കുറിപ്പ് -The Bhagavadgita, S. Radhakrishnan - പുറം 247

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ റാബിയ അൽ ബിസിരി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=റാബിയ_അൽ_അദവിയ്യ&oldid=4140008" എന്ന താളിൽനിന്ന് ശേഖരിച്ചത്