രാമ വർമ്മ രാജാ
രാമ വർമ്മ രാജാ 1879 സെപ്റ്റംബർ 29 ന് രാജാ രവി വർമ്മയുടെയും മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ പൂരുരുട്ടാതിനാൾ ഭഗീരഥിയമ്മ തമ്പുരാട്ടിയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പ്രാരംഭത്തിൽ തന്റെ പ്രതിഭാധനനായ പിതാവിൽ നിന്ന് ചിത്രകലയുടെ പാഠങ്ങൾ അഭ്യസിച്ചെങ്കിലും രാമ വർമ്മ രാജാ ഔപചാരികമായി ബോംബെയിലെ സർ ജെ ജെ. സ്കൂൾ ഓഫ് ആർട്ടിൽ (1897 - 1903) നിന്ന് ആദ്യവും പിന്നീട് ഹ്രസ്വകാലം മദ്രാസിലെ സ്കൂൾ ഓഫ് ആർട്സിൽ (1904) നിന്നും പാശ്ചാത്യ അക്കാദമിക ശൈലിയിലുള്ള ചിതകലാ രീതി പഠിക്കുകയുണ്ടായി. കേരളത്തിലേക്ക് മടങ്ങി വന്ന രാമവർമ്മ 1905 ൽ ഗൗരി കുഞ്ഞമ്മയുമായുള്ള വിവാഹത്തിന് ശേഷം കലാപഠനത്തിൽ നിന്ന് ആർജിച്ച രീതിയും രവി വർമ്മയുടെ ശൈലിയും കോർത്തിണക്കി തന്റെ ചിത്രകലാ സപര്യ തുടരുകയും രവി വർമ്മയുടെ സഹായിയായി 1906 ൽ അദ്ദേഹത്തിന്റെ മരണം വരെ പ്രവർത്തിക്കുകയും ചെയ്തു.
രാമ വർമ്മ രാജാ 1915 ൽ രാജാ രവി വർമ്മ സ്കൂൾ ഓഫ് പെയിന്റിംഗ് (രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര) ലോകപ്രശസ്തനായ ചിത്രകാരനും തന്റെ പിതാവുമായ രാജാ രവി വർമ്മയുടെ സ്മരണാർത്ഥം സ്ഥാപിച്ചു. (ആർട്ടിസ്റ്റ് തമ്പുരാൻ എന്ന് സ്നേഹാദരവോടെ വിളിക്കപ്പെട്ടിരുന്ന അദ്ദേഹം രവിവർമ്മയുടെ ചിത്രകലാ പാരമ്പര്യം ജനങ്ങളിൽ വ്യാപിപ്പിക്കുവാനും ചിത്രണ രീതികൾ അഭ്യസിപ്പിക്കുവാനുമാണ് ഇങ്ങനെ ഒരു സ്ഥാപനം ആരംഭിച്ചത്.തന്റെ അച്ഛന്റെ ഓർമ്മയ്ക്ക് സ്ഥാപിച്ച സ്കൂൾ ഓഫ് പെയിന്റിംഗ് രാമ വർമ്മ വർഷങ്ങളോളം ശിക്ഷണം നടത്തി സ്വന്തമായി നയിക്കുകയാണ് ചെയ്തത്. അതിനിടയിൽ അദ്ദേഹം യൂറോപ്പിലും ഇംഗ്ലണ്ടിലും വ്യാപകമായി യാത്രചെയ്ത് അവിടത്തെ ചിത്രകലാ സ്ഥാപനങ്ങളും വിവിധ ഗാലറികളും സന്ദർശിച്ച് പാശ്ചാത്യ ചിത്രകലാ രീതികൾ മനസ്സിലാക്കി പുതിയ അറിവുകളുടെ മുതൽക്കൂട്ടുമായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. രാമ വർമ്മയുടെ താല്പര്യവും കഴിവും ചിത്രകലയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മറിച്ച് നാടകം, സംഗീതം, ഫോട്ടോഗ്രാഫി എന്നിവയിലും വ്യാപിതമായിരുന്നു. നാടകക്കളരികളും, റിഹേഴ്സലും, നാടകാവതരണങ്ങളും മറ്റും ഈ ചിത്രകലാ സ്ഥാപനത്തിൽ നടത്തിയിരുന്നു. മാത്രവുമല്ല ഫോട്ടോഗ്രാഫി എന്ന പുതിയ സങ്കേതം പഠിപ്പിക്കുകയും അത് പഠിച്ചെടുക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തു. പിന്നീട് വളരെ പ്രസിദ്ധരായി മാറിയ പല വ്യക്തിത്വങ്ങളും ഈ മാവേലിക്കര സ്കൂളിൽ നിന്ന് രാമവർമ്മയുടെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയവരാണ്. ഷെവലിയാർ പി.ജെ. ചെറിയാൻ, എൻ.എൻ. നമ്പ്യാർ, കാർട്ടൂണിസ്റ്റ് ശങ്കർ, സി.വി. ബാലൻ നമ്പ്യാർ, സി.കെ. രാമകൃഷ്ണൻ സി. കെ.രാ), അബു എബ്രഹാം, സി.എൽ. പൊറിഞ്ചുകുട്ടി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ ചിലർ മാത്രം. വളരെ എളിമയോടെ സ്ഥാപിച്ച ഈ സ്കൂൾ ഓഫ് പെയിന്റിംഗ് ദീർഘനാൾ രാമ വർമ്മയുടെ നേത്യത്വത്തിലും വിശിഷ്ട ശിഷ്യരുടെ സ്രകിയ മാർഗ്ഗങ്ങളിലൂടെയും വേരോടി വളർന്ന് പന്തലിച്ച് ഇന്നത്തെ രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്ന രാജ്യത്തെ ഒന്നാന്തരം ഫൈൻ ആർട്സ് പഠന കേന്ദ്രമായി രൂപാന്തരപ്പെട്ടു.
രാമ വർമ്മ രാജാ രചിച്ച് ചിത്രങ്ങൾ തിരുവന്തപുരത്തെ ശ്രീ ചിത്ര ആർട്ട് ഗാലറി, കൊച്ചി ഇടപ്പള്ളിയിലെ മാധവൻ നായർ ഫൗണ്ടേഷൻ ലൂസിയം, മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നീ പ്രധാനപ്പെട്ട പൊതു ശേഖരങ്ങളിൽ കാണാവുന്നതാണ്. കേരളത്തിലും കേരളത്തിന് വെളിയിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരവധി സ്വകാര്യ ശേഖരങ്ങളിലും ഇന്നുണ്ട്. അദ്ദേഹം രചിച്ച പ്രസിദ്ധങ്ങളായ ചിത്രങ്ങളിൽ ബാലിവധം, ക്രോധാലയം, രാവണനും ജടായുവും, മുള്ള് നീക്കം ചെയ്യുന്ന ശകുന്തള, കൊയ്ത്ത് രാജാ രവി വർമ്മ, ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്, പരുമല തിരുമേനി എന്നിവരുടെ ചായാചിത്രങ്ങളും ശ്രദ്ധേയമായ രചനകളാണ്.
രാമ വർമ്മ കലയിൽ മാത്രമല്ല സാമൂഹ്യക്ഷേമപ്രവർത്തികളിലും വ്യാപൃതനായിരുന്നു. സമൂഹത്തിൽ മുൻഗണന ലഭിക്കാത്ത മനുഷ്യരുടെ ഉന്നമനത്തിനായി മാവേലിക്കരയിലെ ശ്രീ ശുഭാനന്ദാശ്രമവുമായി സഹകരിച്ച് പ്രതിബദ്ധതയുള്ള ഒരു സാമൂഹിക സേവകനായി പ്രവർത്തിച്ചു. 1924 ൽ മാവേലിക്കരയുടെ പ്രഥമ മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും 1935 വരെ ആ പദവിയിൽ തുടരുകയും ചെയ്തു. 1930 മുതൽ 1932 വരെ തിരുവിതാംകൂർ നിയമസഭയിൽ അദ്ദേഹം അംഗമായിരുന്നു. പിന്നീട് കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയർമാനായി 1962 മുതൽ 1963 വരെ പ്രവർത്തിക്കുകയുണ്ടായി. 1970- ഇൽ മരിക്കുന്നതുവരെ രാമ വർമ രാജാ തന്റെ എല്ലാ മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭയാണ്.