രാജീവ് ആവാസ് യോജന
ചേരിരഹിത വികസനം എന്ന ലക്ഷ്യത്തോടെ ഭാരതീയ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് രാജീവ് ആവാസ് യോജന (റേ). നഗരങ്ങളിലെ ചേരി വികസനത്തിന് 1000 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കി വച്ചിരിക്കുന്നത്.സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ യോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തെ 250 നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. 12-ാം പദ്ധതികാലത്തു തന്നെ ആദ്യഘട്ടം പൂർത്തിയാക്കും. മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കുമ്പോൾ 50 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. ചേരികൾ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാതിരിക്കുകയാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ലക്ഷ്യം
തിരുത്തുക- ചേരികളിലെ വീടുകൾ പുനരുദ്ധരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ആവാസ് യോജന ലക്ഷ്യമിടുന്നു
- ചേരികൾ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കാതിരിക്കുക[1]
- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ തെരഞ്ഞെടുത്ത മുഴുവൻ ചേരികളെയും നഗരവത്കരിക്കാനാണു ലക്ഷ്യമിടുന്നത്.
കേരളത്തിൽ
തിരുത്തുകസംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിലും കണ്ണൂർ മുനിസിപ്പാലിറ്റിയിലുമാണ് റേ പദ്ധതി നടപ്പാക്കുന്നത്. കൊല്ലത്ത് 21 കോടിയുടെ പൈലറ്റ് പ്രൊജക്റ്റിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എസ്എംപി പാലസ് ചേരിയാണ് പൈലറ്റ് പ്രൊജക്റ്റിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
കേരളത്തിൽ നടപ്പാക്കുന്ന മുഴുവൻ റേ പദ്ധതികളുടെയും മോഡലായിരിക്കും കൊല്ലത്തെ പൈലറ്റ് പ്രൊജക്റ്റ്. ലാൻഡ് പൂളിങ്ങിലൂടെയാണ് ഇവിടെ ചേരി നവീകരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞമാണ് പൈലറ്റ് പ്രൊജക്റ്റിനു തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ സർവെ പൂർത്തിയായിട്ടുണ്ട്. ടെൻഡറിങ് നടപടികൾ നടന്നു വരുന്നു. 71.86 കോടി രൂപയാണ് വിഴിഞ്ഞം പ്രൊജക്റ്റിനു നീക്കിവച്ചിരിക്കുന്നത്. 1032 കുടുംബങ്ങളാണ് പൈലറ്റ് പ്രൊജക്റ്റിൽ വരുന്നത്.
തൃശൂരിൽ 40 ഓളം ചേരികളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. മറ്റ് സ്ഥലങ്ങളിൽ സർവെകൾ നടന്നു വരുന്നതേയുള്ളൂ. പദ്ധതിക്കുള്ള തുകയിൽ 50% കേന്ദ്ര സർക്കാർ സബ്സിഡിയും 30% സംസ്ഥാന സർക്കാർ സബ്സിഡിയുമാണ്. ബാക്കി 20% അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത ചേരികളിൽ കുടുംബശ്രീയും നഗരസഭയും സംയുക്തമായാണ് വിശദമായ സർവെകൾ നടത്തുന്നത്. കുടുബശ്രീ തയ്യാറാക്കുന്ന സാമൂഹ്യ-സാമ്പത്തിക സർവെയുടെ അടിസ്ഥാനത്തിൽ അതത് തദ്ദേശഭരണ സ്ഥാപനമാണ് അന്തിമ പദ്ധതി തയ്യാറാക്കുന്നത്.
കേന്ദ്ര മാർഗനിർദ്ദേശമനുസരിച്ചാണു കർമ പദ്ധതി തയ്യാറാക്കുന്നത്. ചുരുങ്ങിയത് 25 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുക. വൈദ്യുതി, കുടിവെള്ളം, കക്കൂസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയവയാണിത്. ആംഗൻവാടികൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ- ആരോഗ്യ സർവെകളും നടത്തുന്നുണ്ട്
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- വെബ്സൈറ്റ് Archived 2013-10-06 at the Wayback Machine.