രാം ദുലാരി സിൻഹ

കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണർ

മുൻ കേരള ഗവർണറാണ് റാം ദുലാരി സിൻഹ(1922 - 1994). കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Ram Dulari Sinha
Ram Dulari Sinha
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-12-08)ഡിസംബർ 8, 1922
Gopalganj, Bihar
മരണം31 August 1994
New Delhi
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിThakur Jugal Kishore Sinha
കുട്ടികൾDr.Madhurendra Kumar Singh

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബീഹാർ സംസ്ഥാന മന്ത്രിസഭയിൽ അംഗവുമായിരുന്നു രാം ദുലാരി സിൻഹ. [1]വിദ്യാർത്ഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1947 മുതൽ 1948 വരെ ബീഹാർ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ്സ് ഓർഗനൈസിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1951ൽ രാം ദുലാരി സിൻഹ ബിഹാറിലെ മജോർ ഗഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭാ അംഗമായി. 1969ലും 1972ലും നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഗോപാൽഗഞ്ച് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തി. 1971 മുതൽ 1977 വരെ തൊഴിൽ, വിനോദ സഞ്ചാരം, കരിമ്പ് കൃഷി, സാമൂഹിക ക്ഷേമം, പാർലമെന്ററികാര്യം തുടങ്ങിയ വകുപ്പുകളുമായി കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1984ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഹാറിലെ ഷിയോഹർ മണ്ഡലത്തിൽ നിന്നും വിജയിച്ച ദുലാരി 1984 മുതൽ 1988 വരെ രാജീവ് മന്ത്രിസഭയിലുണ്ടായിരുന്നു. [2]

കേരള ഗവർണർ ആയി നിയമനം

തിരുത്തുക

സംസ്ഥാനത്തിന്റെ ഒമ്പതാമത്തെ ഗവർണറായി രാം ദുലാരി സിൻഹ ചുമതലയേറ്റത് 1988ലായിരുന്നു. [3]കേരളത്തിലെ രണ്ടാമത്തെ വനിത ഗവർണർ എന്ന വിശേഷത്തോടെയായിരുന്നു രാം ദുലാരി സിൻഹയുടെ വരവ്. നായനാർ ആണ് അന്ന് മുഖ്യമന്ത്രി. കെ കരുണാകരൻ പ്രതിപക്ഷ നേതാവും. ദേശീയ തലത്തിൽ തന്നെ വിവാദമുണ്ടായ ഗവർണർ നിയമനങ്ങളിലൊന്നായിരുന്നു രാം ദുലാരി സിൻഹയുടേത്. 1988ൽ കോൺഗ്രസ് സർക്കാർ ആറ് സംസ്ഥാനങ്ങളിലേക്കാണ് ഗവർണർമാരെ നിയമിച്ചത്. ഇതിൽ മൂന്ന് കോൺഗ്രസ് ഇതര സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെട്ടത് മുൻ കോൺഗ്രസ് അല്ലെങ്കിൽ പാർട്ടി ചായ്‌വുള്ള വ്യക്തികളെ ആയിരുന്നു. കേരളത്തിൽ രാം ദുലാരി സിൻഹയും ഹരിയാനയിൽ എച്ച് എൻ ബരാരിയെയും കർണാടകയിൽ പി വെങ്കിടസുബ്ബയ്യയും. [4]രാം ദുലാരി സിൻഹയുടെ നിയമനത്തിനെതിരേ സംസ്ഥാന സിപിഎം അന്ന് തന്നെ പ്രതിഷേധിച്ചിരുന്നു. ഇത്തരം നിയമനങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾക്കോ ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കോ സഹായകമല്ലെന്ന് സിപിഎം പിബിയും പ്രസ്താവനയിറക്കി. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങൾക്കെതിരേ പ്രതിഷേധങ്ങളുണ്ടായി.[5]

ഗവർണർ-മുഖ്യമന്ത്രി ഏറ്റുമുട്ടൽ

തിരുത്തുക

ഗവർണർ പദവിയിലേറി ഒറ്റമാസം കഴിഞ്ഞപ്പോൾ തന്നെ രാം ദുലാരി സിൻഹയും നായനാർ സർക്കാരും തമ്മിലുള്ള യുദ്ധമുഖം തുറന്നു. [6]സംസ്ഥാനത്ത് ഇടതുമുന്നണിയുടെ സഹകരണത്തോടെ അഖിലേന്ത്യ ബന്ദ് നടന്നിരുന്നു. ആ ദിവസം നടന്ന ആക്രമസംഭവങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ക്രമസമാധാനം നിലനിർത്താൻ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ ആവശ്യപ്പെടുകയും ചെയ്ത കാര്യം രാം ദുലാരി സിൻഹ പത്രലേഖകരെ അറിയിച്ചു. ഗവർണർമാർ നേരിട്ട് മാധ്യമ പ്രവർത്തകരെ കാണുകയെന്ന അസാധാരണമായ നടപടി കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചയായി. ഇതോടെ രാം ദുലാരി സിൻഹ-നായനാർ സർക്കാർ ഏറ്റുമുട്ടലിന് തുടക്കവുമായി. [7][8]

കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്ന് മനസിലാക്കിയ ഇ കെ നായനാർ വിഷയത്തിൽ നിയമസഭയിൽ മറുപടി നൽകി, [9]നായനാരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു- "ഭരണഘടനയുടെ 123(1) ഖണ്ഡിക ആർട്ടിക്കിൾ 163(1) പ്രകാരം ഗവർണർ മുഖ്യമന്ത്രി തലവനായിട്ടുള്ള മന്ത്രിസഭയുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്. ഗവർണർക്ക് സ്വയം വിവേചനാധികാരമുള്ള കാര്യങ്ങളിൽ സ്വയം പ്രവർത്തിക്കാവുന്നതാണ്. 174ാം ഖണ്ഡികപ്രകാരം നിയമസഭ വിളിച്ചുകൂട്ടൽ, 175ാം ഖണ്ഡിക പ്രകാരം ഗവർണറുടെ നിയമസഭയിലെ പ്രസംഗം, 213ാം ഖണ്ഡിക പ്രകാരം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം കൂടാതെ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം കൂടാതെ അതേപോലുള്ള ചില ഖണ്ഡികകളിൽ ഉള്ള വകുപ്പുകൾ പ്രകാരം ഗവർണറിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം മന്ത്രിസഭയുടെ തീരുമാനമെന്ന നിലയിൽ മുഖ്യമന്ത്രി നിർദേശിക്കപ്പെടുമ്പോൾ മാത്രമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ വിവേചനാധികാരം പ്രകാരമുള്ള ഖണ്ഡികകൾ ഏതാണെന്ന് ഭരണഘടനയിൽ എടുത്തുപറഞ്ഞിട്ടില്ല. പക്ഷെ ഭരണഘടനാ പണ്ഡിതൻമാർ രണ്ട് ഖണ്ഡികകളുടെ കാര്യത്തില് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 200ാം ഖണ്ഡിക പ്രകാരം നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി കൊടുക്കുക, അല്ലാത്ത പക്ഷം വീണ്ടും നിയമസഭയിലേക്ക് തിരിച്ചയക്കുക, 358ാം ഖണ്ഡിക പ്രകാരം സംസ്ഥാന സർക്കാരിന് എതിരായി രാഷ്ട്രപതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യം, ഈ രണ്ടിലും ഗവർണർക്ക് വിവേചനാധികാരമുണ്ട്. സർക്കാരിന്റെ ദൈനം ദിനകാര്യങ്ങളിൽ ഒരു ഗവർണർക്ക് ഇടപെടാൻ യഥാർത്ഥത്തിൽ ഇടപെടാൻ അധികാരമോ അവകാശമോ ഇല്ല. ക്രമസമാധാനം പാലിക്കുക എന്നത് സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പെട്ടത് മാത്രമാണ്. ഗവർണർ വിഷയം ഫോണിൽ എന്നോട് സംസാരിച്ചപ്പോൾ സൗഹൃദഭാഷണം സൗഹൃദഭാഷണം നടത്തിയെന്ന് മാത്രമാണ് കരുതിയത്. അതിൽ ഒരപാകതയും എനിക്ക് അപ്പോഴും തോന്നിയില്ല. പക്ഷെ ഒരു പൊതു പ്രസ്താവന ചെയ്തത് ശരിയല്ല എന്നാണ് എന്റെയും സർക്കാരിന്റെയും അഭിപ്രായം". [10]

നായനാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്‌സഭയിലും ഇക്കാര്യം ചർച്ചാ വിഷയമായി. സിപിഎമ്മിലെ സുരേഷ് കുറുപ്പാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. എന്നാൽ സർക്കാരുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ രാം ദുലാരി തയ്യാറായില്ല. നായനാർ സർക്കാർ ആവട്ടേ കിട്ടിയ അവസരത്തിലെല്ലാം തിരിച്ചടിച്ചുകൊണ്ടും ഇരുന്നു. [11]

ഓർഡിനൻസുകൾ ഒപ്പിടാതെ ഗവർണർ, രാഷ്ട്രപതിയ്ക്ക് പരാതി നൽകി മുഖ്യമന്ത്രി

തിരുത്തുക

കാലിക്കറ്റ് സർവകലാശാല നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടാൻ രാം ദുലാരി സിൻഹ വിസമ്മതിച്ചതോടെയാണ് നായനാർ സർക്കാരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നത്. മന്ത്രിസഭയുടെ ഉപദേശവും തീരുമാനവും മറികടക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി വിധികൾ ഉദ്ധരിച്ച് കൊണ്ടും അല്ലാതെയും നിയമപണ്ഡിതരും സർക്കാരും ചൂണ്ടികാട്ടിയെങ്കിലും രാം ദുലാരി സിൻഹ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു.[12] [13] [14] മുഖ്യമന്ത്രി തന്നെ രാജ്ഭവനിലെത്തി നേരിട്ട് സംസാരിച്ചു. എന്നിട്ടും ഒപ്പിടാൻ അവർ തയ്യാറായില്ല. മാത്രമല്ല ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. കേരള-കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലേക്കുള്ള സർക്കാർ നോമിനുകളുടെ പ്രശ്‌നം ഇതിനിടെയാണ് ഉണ്ടാവുന്നത്. നോമിനുകളുടെലിസ്റ്റ് സർക്കാർ അയച്ച് കൊടുത്തെങ്കിലും ഗവർണർ അതിലും ഒപ്പ് വച്ചില്ല. [15] കേരള സർവകലാശാലയുടെ പ്രതിനിധികളായി ലിസ്റ്റിൽ പെടാത്ത രണ്ടുപേരെ ഗവർണർ സ്വമേധയാ നോമിനേറ്റ് ചെയ്യുകയും ചെയ്തതതോടെ പ്രശ്‌നം വഷളായി. ഈ വിദ്യാർത്ഥികളാവട്ടെ കെഎസ് യുക്കാർ ആണെന്നും വാർത്ത വന്നു. [16] മന്ത്രിസഭ തയ്യാറാക്കി സമർപ്പിച്ച ഓർഡിനൻസ് ഗവർണർ തിരസ്‌കരിച്ച അനുഭവം കേരളത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലായിരുന്നു. [17][18]

കാലിക്കറ്റ് സർവകലാശാല നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടാതെ മാസങ്ങളോളം പിടിച്ച് വച്ചത്, സർവകലാശാല സെനറ്റുകളിലേക്ക് കെഎസ് യുക്കാരെ നിയമിച്ചു എന്നീ വിഷയങ്ങളിൽ രാം ദുലാരി സിൻഹയ്‌ക്കെതിരേ രാഷ്ട്രപതിയ്ക്ക് പരാതി നൽകി കൊണ്ടായിരുന്നു നായനാർ സർക്കാർ വിഷയത്തിൽ പ്രതികരിച്ചത്. ഇതിനിടെ രാജ്ഭവൻ ചെലവുകൾക്കുള്ള സംഖ്യയും യാത്ര ചെലവിനുള്ള തുകയും വർധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് രാജ്ഭവൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.രാം ദുലാരി സിൻഹയ്ക്ക് 35000 രൂപയാണ് യാത്രാപടിയായി ബജറ്റിൽ കൊള്ളിച്ചിരുന്നത്. ശേഷം അരലക്ഷം കൂടി സർക്കാർ അനുവദിച്ച് നൽകി. ഇതിനും പുറമേ ഒരു ലക്ഷം കിട്ടണമെന്നാണ് ഗവർണരുടെ ആവശ്യം. ഓഫിസ് ചെലവുകൾക്കായി ഒന്നര ലക്ഷത്തോളം അധികമായും കൊടുക്കണം. മുൻ ഗവർണർമാരുടെ ചെലവുകൾ പരിശോധിച്ച ശേഷമെ സിൻഹയുടെ ആവശ്യം പരിഗണിക്കു എന്ന് നായനാർ വ്യക്തമാക്കി. ഗവർണർ സർക്കാർ കടലാസുകൾ വച്ച് താമസിപ്പിച്ച് പ്രയാസപ്പെടുത്തി. [19]പകരം സർക്കാർ ഗവർണറുടെ ആവശ്യങ്ങളും തീരുമാനമെടുക്കാതെ രാജ്ഭവനെ വിഷമിപ്പിക്കുന്നു. ഇതിനൊക്കെ ഇടയിലാണ് രാം ദുലാരി സിൻഹ ബീഹാറിൽ നിന്ന് എൽഡി ക്ലർക്ക് യോഗ്യതമാത്രമേയുള്ളുവെന്ന് പറയപ്പെടുന്ന ഒരാളെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അയാൾക്ക് 35000 രൂപ ശബളം നൽകണമെന്ന് സർക്കാരിനോട് പറഞ്ഞു. വിഷയം വലിയ വാർത്തയാവുകയും സർക്കാർ ഗവർണർ പറഞ്ഞ സാലറി തള്ളുകയും ചെയ്തു. പിന്നാലെ കേരള-കാലിക്കറ്റ് സർവകലാശാലകളിലേ സെനറ്റിലേക്ക് വീണ്ടും നാല് പേരെ കൂടി ഗവർണർ നോമിനേറ്റ് ചെയതു. അവരും സർക്കാർ സമർപ്പിച്ച പട്ടികയ്‌ക്ക്‌ പുറത്തുള്ളവരായിരുന്നു.[20]

ഗവർണർക്കെതിരെ നിയമസഭയിൽ പ്രമേയം

തിരുത്തുക

1989 ഫെബ്രുവരി 2നാണ് രാം ദുലാരി സിൻഹയ്‌ക്കെതിരേ ഭരണപക്ഷം നിയമസഭയിൽ ശാസനാ പ്രമേയം പാസാക്കുന്നത്. റൂൾ 130 പ്രകാരം നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് അന്നത്തെ സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ഒ ഭരതനായിരുന്നു. [21] സ്പീക്കർ വർക്കല രാധാകൃഷ്ണൻ പ്രമേയത്തിന് അവതരണ അനുമതിയും നൽകി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ കരുണാകരന്റെ പിന്തുണയും ഗവർണർക്കുണ്ടായിരുന്നു. [22] സഭയിൽ പ്രമേയത്തെ പ്രതിപക്ഷം എതിർത്തു. [23] തുടർന്ന് കെ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഗവർണർക്കെതിരായ പ്രമേയം നിയമസഭാ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്തതും, മോശം കീഴ്വഴക്കം സൃഷ്ടിക്കുന്നതെന്നുമായിരുന്നു കെ കരുണാകരൻ സഭയിൽ അന്ന് നടത്തിയ പ്രസ്താവന. [24] ഗവർണർ പദവി തന്നെ നിർത്തലാക്കണമെന്നായിരുന്നു എം വി രാഘവന്റെ നിലപാട്. [25] ശാസനാപ്രമേയമൊക്കെ നിയമസഭ പാസാക്കിയെങ്കിലും സിൻഹ താൻകൊടുത്ത പട്ടികയിൽ മാറ്റമൊന്നും വരുത്തിയില്ല.[26][27]

ഗവർണറെ തിരിച്ചുവിളിച്ച് വിപി സിങ് സർക്കാർ

തിരുത്തുക

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയ ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടതുമുന്നണിയുടെ പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഗവർണർ പദവിയിൽ ഒരുവർഷം പൂർത്തിയാകുന്ന സമയത്താണ് സിൻഹയ്‌ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാൻ തീരുമാനമായത്. സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ തെരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. രാജ്ഭവനിലേക്കും പ്രക്ഷോഭ പരിപാടികൾ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഒപ്പം ഇടത് എംപിമാർ ഗവർണറെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് നിവേദനവും നൽകി. ആ വർഷം റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടന്ന ചായസൽക്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ വിട്ടുനിന്നു. 1989 ലെ പൊതു തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായി. ഇടത് പിന്തുണയോടെ വി.പി സിങ്ങ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് രാം ദുലാരിയും നായനാർ സർക്കാരും തമ്മിലുള്ള സംഘർഷങ്ങളുടെ മൂർച്ച കുറഞ്ഞത്. 1990 ഫെബ്രുവരിയിൽ വിപി സിങ്ങ് സർക്കാരിന്റെ ശുപാർശയെത്തുടർന്ന് രാഷ്ട്രപതി ഗവർണർ രാം ദുലാരിയോട് ഗവർണ്ണർ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുകയും അവർ രാജി സമർപ്പിക്കുകയും ചെയ്തു.[28]

കേരള സംസ്ഥാന ഗവർണർ പദവി ഒഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം രാം ദുലാരി സിൻഹ 1994ൽ അന്തരിച്ചു. [29]

വഹിച്ച സ്ഥാനങ്ങൾ

തിരുത്തുക
  • 1952,ബീഹാർ നിയമസഭാംഗം
  • 1962, പാറ്റ്നയിൽ നിന്നുള്ള ലോക്‌സഭാംഗം
  • 1969, ബീഹാർ നിയമസഭാംഗം
  • 1971-1977, ബീഹാറിലെ ക്യാബിനറ്റ് മന്ത്രി (തൊഴിൽ, ടൂറിസം,സാമൂഹ്യക്ഷേമ, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി)S
  • 1980, ഷിയോഹാറിൽ നിന്നുള്ള ലോക്‌സഭാംഗം
  • 1980-1984, കേന്ദ്ര സഹ മന്ത്രി, വാർത്താ വിതരണ വകുപ്പ്, തൊഴിൽ,വാണിജ്യ, സ്റ്റീൽ,ഖനി വകുപ്പുകൾ
  • 1984, ഷിയോഹാറിൽ നിന്നുള്ള ലോക്‌സഭാംഗം
  • 1984-1988, കേന്ദ്ര സഹ മന്ത്രി
  • 1988-1990, കേരള ഗവർണർ
  1. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  2. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  3. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  4. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  5. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  6. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  7. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  8. https://www.samakalikamalayalam.com/malayalam-vaarika/essays/2022/nov/10/who-is-the-culprit-governor-or-government-163393.html
  9. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  10. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  11. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  12. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  13. https://www.deccanchronicle.com/nation/politics/180120/governor-cm-spats-not-new-to-kerala-but-this-one-is-really-bitter.html
  14. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  15. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  16. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  17. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  18. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  19. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  20. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  21. https://www.manoramaonline.com/news/kerala/2022/09/19/governor-arif-mohammad-khan-vs-chief-minister-pinarayi-vijayan-war-of-words.html
  22. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  23. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  24. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  25. https://www.newindianexpress.com/states/kerala/2020/jan/29/a-curious-case-of-role-reversal-2095855.html
  26. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  27. https://www.samakalikamalayalam.com/malayalam-vaarika/essays/2022/nov/10/who-is-the-culprit-governor-or-government-163393.html
  28. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008
  29. https://www.mathrubhumi.com/social/news/governor-chief-minister-controversy-ram-dulari-sinha-has-crossed-swords-with-the-then-cm-nayanar-1.8020008

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാം_ദുലാരി_സിൻഹ&oldid=3905552" എന്ന താളിൽനിന്ന് ശേഖരിച്ചത്