രണ്ടാം പാഠപുസ്തകം
1900-കളിൽ മലബാർ ഭാഗത്ത് രണ്ടാം ക്ലാസ്സിലെ പഠനത്തിനായി ഉപയോഗിച്ചിരുന്ന പാഠ പുസ്തകമാണ് രണ്ടാം പാഠപുസ്തകം. ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരത്തുനിന്നുമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ആറു പതിപ്പുകളോളം പുറത്തിറക്കിയിട്ടുണ്ട്. ഈ പുസ്തകം ആദ്യം നിർമ്മിച്ചത് മദ്രാസ്സ് ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് ട്യൂട്ടർ ആയിരുന്ന ജോസഫ് മൂളിയിൽ ആണ്. എന്നാൽ 1906-ൽ മദ്രാസ്സ് സർക്കാറിലെ ഔദ്യോഗിക മലയാളപരിഭാഷകൻ ആയ എം. കൃഷ്ണൻ ഈ പതിപ്പ് പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു.
കർത്താവ് | ജോസഫ് മൂളിയിൽ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | പാഠപുസ്തകം |
പ്രസിദ്ധീകരിച്ച തിയതി | 1900-കൾ |
ഏടുകൾ | 106 |
സന്മാർഗ്ഗസംബന്ധമായ പാഠങ്ങൾ, ജീവിവർഗ്ഗം, സസ്യവർഗ്ഗം, ഭൂമിശാസ്ത്രസംബന്ധം തുടങ്ങിയുള്ള വിഷയങ്ങളിലുള്ള രണ്ടാം ക്ലാസ്സ് കുട്ടികൾക്ക് അനുയോജ്യമായ ചെറു പാഠങ്ങൾ ആണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. കൂടാതെ അഞ്ചോളം ചെറു പദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ പാഠശേഷവും പ്രസ്തുത പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനവും രണ്ടാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് പുതിയതുമായ വാക്കുകൾ എടുത്ത് എഴുതിയിരിക്കുന്നു.
അക്കാലത്ത് മദ്രാസ് പാഠപുസ്തക കമ്മിറ്റി അംഗീകരിച്ച പുസ്തകം മദ്രാസ് സംസ്ഥാനത്തിനു കീഴിൽ മലയാളം സംസാരിക്കുന്ന ഇടങ്ങളിൽ (പ്രധാനമായും ഇപ്പൊഴത്തെ മലബാർ) ഉപയോഗിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ഇതിന്റെ 6-ആം പതിപ്പിന്റെ യഥാർഥ ഗ്രന്ഥം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നു.