ദ്വന്ദ്വനക്ഷത്രം

രണ്ട് നക്ഷത്രങ്ങൾ പൊതുവായ കേന്ദ്രത്തിന്‌ ചുറ്റും പ്രദക്ഷിണം ചെയ്യുന്ന നക്ഷത്ര വ്യൂഹം
(യുഗ്മനക്ഷത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ട് നക്ഷത്രങ്ങൾ അവയുടെ പൊതുവായ പിണ്ഡകേന്ദ്രത്തിന്‌ ചുറ്റും പ്രദക്ഷിണം ചെയ്യുന്ന നക്ഷത്ര വ്യൂഹമാണ്‌ ദ്വന്ദ്വനക്ഷത്രം (Binary star). തിളക്കം കൂടിയ നക്ഷത്രത്തെ പ്രാഥമിക നക്ഷത്രം (primary star) എന്നും രണ്ടാമത്തെ നക്ഷത്രത്തെ സഹാചാരി നക്ഷത്രം എന്നോ ആനുഷംഗിക നക്ഷത്രം എന്നോ പറയുന്നു (companion star or secondary star).1800 കൾ മുതൽ വർത്തമാന കാലം വരെയുള്ള പഠനങ്ങൾ വളരെയധികം നക്ഷത്രങ്ങൾ ദ്വന്ദനക്ഷത്രവ്യൂഹത്തിന്റെയോ രണ്ടിൽ കൂടുതൽ നക്ഷത്രങ്ങളുള്ള ബഹു നക്ഷത്രവ്യൂഹത്തിന്റെയോ ഭാഗമാണെന്നാണ്‌ തെളിയിച്ചു.

സിറിയസ് ദ്വന്ദ വ്യൂഹത്തിന്റെ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള ചിത്രം. സിറിയസ് എ യ്ക്ക് താഴെ ഇടതുവശത്തായി സിറിയസ് ബി യെ വ്യക്തമായി കാണാവുന്നതാണ്.

ഇരട്ടനക്ഷത്രം (double stars) എന്ന വേറൊരു തരം നക്ഷത്ര തരം കൂടിയുണ്ടു്. പക്ഷെ ഇരട്ട നക്ഷത്രങ്ങൾ ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ഒരുമിച്ചു കാണപ്പെടുന്നവയുമാകാം. താരതമ്യേനയുള്ള ചലനങ്ങൾ നിരീക്ഷിച്ചും പാരല്ലാക്സ് വഴിയോ രണ്ടു് നക്ഷത്രങ്ങൾ വ്യത്യസ്ത ദൂരങ്ങളിൽ സ്ഥിതിചെയ്യുന്നതാണോ അതോ ദ്വന്ദ്വമാണോ എന്ന് തിരിച്ചറിയാവുന്നതാണ്‌. നിരീക്ഷിക്കപ്പെട്ട ഇരട്ട നക്ഷത്രങ്ങങ്ങളിൽ ഭൂരിഭാഗവും ദ്വന്ദ്വങ്ങളാണോ അതോ കാഴ്ച്ചയിൽ മാത്രമുള്ള ഇരട്ടയാണോ എന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല.

ദ്വന്ദ്വനക്ഷത്രവ്യൂഹങ്ങളുടെ പ്രദക്ഷിണ പഥത്തിന്റെ അളവുകൾ ഉപയോഗിച്ചുള്ള ഗണിതക്രിയകൾ വഴി അവയിലെ അംഗനക്ഷത്രങ്ങളുടെ പിണ്ഡങ്ങൾ നേരിട്ട് ഗണിച്ചെടുക്കുവാൻ കഴിയും എന്നതു് കൊണ്ടു് ദ്വന്ദ്വനക്ഷത്രങ്ങൾ ജ്യോതിർഭൗതികത്തിൽ വളരെ പ്രധാന്യമുള്ളവയാണ്‌. ഇതുവഴി അവയുടെ വ്യാസാർദ്ധം, സാന്ദ്രത തുടങ്ങിയ നക്ഷത്രഗുണങ്ങൾ പരോക്ഷമായും ഗണിച്ചെടുക്കാം. ഇവ അവയുടെ ആനുഭാവിക പിണ്ഡവും പ്രഭയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിലും സഹായിക്കുന്നു.

കൂടുതൽ ദ്വന്ദ്വങ്ങളെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്, ഇത്തരം ദ്വന്ദ്വങ്ങളെ ദൃശ്യദ്വന്ദ്വങ്ങൾ (visual binaries) എന്നു പറയുന്നു. നല്ലൊരുഭാഗം ദൃശ്യദ്വന്ദ്വങ്ങളുടേയും പ്രദക്ഷിണകാലം നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആണ്‌ അതിനാൽ തന്നെ അവയുടെ പ്രദക്ഷിണപഥങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതുമല്ല. സ്പെക്ട്രോസ്കോപ്പി (spectroscopic binaries), ആസ്ട്രോമെട്രി (astrometric binaries) എന്നീ വിദ്യകൾ ഉപയോഗിച്ച് പരോക്ഷമായും അവയുടെ പ്രദക്ഷിണപഥം കണ്ടുപിടിക്കാവുന്നതാണ്‌. നമ്മുടെ നിരീക്ഷണ രേഖയിലൂടെയുള്ള ഒരു തലത്തിലാണ്‌ ദ്വന്ദങ്ങളുടെ പ്രദക്ഷിണമെങ്കിൽ, അവ പരസ്പരം ഗ്രഹണം ചെയ്തുകൊണ്ടിരിക്കും ഇത്തരം ജോഡികളെ ഗ്രഹണദ്വന്ദ്വങ്ങൾ എന്ന് വിളിക്കുന്നു മറ്റൊരുവിധത്തിൽ അവയിലെ ഒന്ന് മറ്റൊന്നിനെ ഗ്രഹണം ചെയ്യുന്ന സമയത്തുണ്ടാകുന്ന തെളിച്ചത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഫോട്ടോമെട്രിക്ക് ദ്വന്ദ്വങ്ങൾ (photometric binaries) എന്നു വിളിക്കുന്നു.

ദ്വന്ദ്വനക്ഷത്രവ്യൂഹങ്ങളിലെ അംഗങ്ങൾ വളരെ അടുത്തായാണ്‌ പ്രദക്ഷിണം ചെയ്യുന്നതെങ്കിൽ അവയുടെ നക്ഷത്രാന്തരീക്ഷങ്ങളെ വികലമാക്കുവാൻ അതു കാരണമാകും. ചില അവസരങ്ങളിൽ ഇത്തരം ദ്വന്ദ്വങ്ങൾക്കിടയിൽ പിണ്ഡത്തിന്റെ കൈമാറ്റം നടന്നേക്കും, ഇത് അവയെ ഏക നക്ഷത്രങ്ങൾക്കുണ്ടാകാത്ത പരിണാമങ്ങളിലേക്കും നയിച്ചേക്കാം. ദ്വന്ദ്വങ്ങൾക്ക് ഏതാനും ഉദാഹരണങ്ങൾ ഇവയാണ്‌: അൽഗോൾ (ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദം), സിറിയസ്, സിഗ്നസ് X-1 (ഇതിലെ ഒരംഗം മിക്കാവറും തമോദ്വാരമായിരിക്കണം). പല ഗ്രഹനീഹാരികളുടെയും കേന്ദ്രമായി ദ്വന്ദ്വങ്ങളുണ്ട്, നോവകളുടെയും തരം Ia ൽ പ്പെട്ട സൂപ്പർനോവകളുടെയും കാരണക്കാർ ഇവയാണ്‌.

കണ്ടെത്തൽ

തിരുത്തുക

ആധുനിക നിർവ്വചനമനുസരിച്ച് ദ്വന്ദ്വനക്ഷത്രം എന്ന് ഉപയോഗം പൊതുവായ പിണ്ഡകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ദൂരദർശിനിയിൽ കൂടിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ നിരീക്ഷിക്കുമ്പോൾ ഒരുമിച്ചു കാണപ്പെടുന്നവയ്ക്ക് ദൃശ്യദ്വന്ദ്വങ്ങൾ (visual binaries) എന്നാണ് പറയുക.[1][2][3] അറിവിൽപ്പെട്ട ഭൂരിഭാഗം ദൃശ്യദ്വന്ദ്വങ്ങളും പൂർണ്ണമായ ഒരു പ്രദക്ഷിണം പൂർത്തിയാക്കിയിട്ടില്ല, പക്ഷെ ഭാഗിക വൃത്തഖണ്ഡത്തിലൂടെ സഞ്ചരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.[4]

 

ആകാശത്തിൽ ഒരുമിച്ചു കാണപ്പെടുന്ന ജോഡി നക്ഷത്രങ്ങൾളെ സൂചിപ്പിക്കുവാൻ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഇരട്ടനക്ഷത്രങ്ങൾ എന്നാണ് ഉപയോഗിക്കപ്പെടുക.[5] ഇരട്ടനക്ഷത്രങ്ങൾ ചിലപ്പോൾ ദ്വന്ദങ്ങളായിരിക്കാം അല്ലെങ്കിൽ പരസ്പരം വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന രണ്ട് വ്യത്യസ്ത നക്ഷത്രങ്ങളാകാം. രണ്ടാമത് പറഞ്ഞവയെ വീക്ഷണപരമായ ഇരട്ടകൾ അല്ലെങ്കിൽ വീക്ഷണപരമായ ജോഡികൾ എന്നു പറയുന്നു (optical doubles or optical pairs).[6]

  1. Heintz, W. D. (1978). Double Stars. Dordrecht: D. Reidel Publishing Company. p. 1–2. ISBN 9027708851.
  2. "Visual Binaries". University of Tennessee.
  3. "Binary and Variable Stars". Journey Through the Galaxy.
  4. Heintz, W. D. (1978). Double Stars. Dordrecht: D. Reidel Publishing Company. p. 5. ISBN 9027708851.
  5. The Binary Stars, Robert Grant Aitken, New York: Dover, 1964, p. ix.
  6. The Binary Stars, Robert Grant Aitken, New York: Dover, 1964, p. 1.
"https://ml.wikipedia.org/w/index.php?title=ദ്വന്ദ്വനക്ഷത്രം&oldid=2894124" എന്ന താളിൽനിന്ന് ശേഖരിച്ചത്