യുക്തിവാദി (മാസിക)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളഭാഷയിലെ ആദ്യ യുക്തിവാദ/നിരീശ്വരവാദ ആനുകാലികമായിരുന്നു യുക്തിവാദി. കേരളീയനവോത്ഥാനത്തിന് യുക്തിവാദി നൽകിയ സംഭാവനകൾ അത്ഭുതാവഹമാണ്. യുക്തിവാദിയുടെ പ്രസിദ്ധികരണം എം. രാമവർമ്മ തമ്പുരാൻ, സി. കൃഷ്ണൻ, സി. വി. കുഞ്ഞിരാമൻ, സഹോദരൻ അയ്യപ്പൻ, എം. സി. ജോസഫ് എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ കീഴിൽ അഗസ്റ്റ് 1929-ന് ഏറണാകുളത്തുനിന്നും ആരംഭിച്ചു. യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയിൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെ എഴുതി:
- യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനായിരിക്കും 'യുക്തിവാദി' യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂർണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട് ഒരിക്കൽ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാൽ തെറ്റെന്നും മുൻപ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാൽ ശരിയെന്നും സമ്മതിക്കുവാൻ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ് യുക്തിയുക്തമായിരിക്കണമെന്നതിൽ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.
പത്രാധിപസമിതിയംഗങ്ങളെല്ലാം അറിയപ്പെട്ടിരുന്ന സാമൂഹികപ്രവർത്തകരായിരുന്നിട്ടും യാഥാസ്ഥിതിക കേരളസമൂഹം യുക്തിവാദിയുടെ പ്രസിദ്ധീകരണത്തെ പരിഹാസത്തോടുകൂടിയാണ് സ്വീകരിച്ചത്. മൂർക്കോത്ത് കുമാരനെ പോലുള്ള വ്യക്തിത്വങ്ങൾ പോലും പ്രസാധകരെ അഹവേളിച്ച് കവിതയെഴുതി.
അഗസ്റ്റ് 1931-ൽ എം. സി. ജോസഫ് യുക്തിവാദിയുടെ ഏകപത്രാധിപ/പ്രസാധകൻ ആയി, പ്രസാധനം ഇരിഞ്ഞാലക്കുടയ്ക്ക് മാറ്റി. തുടർന്ന നാൽപ്പതിയഞ്ചുവർഷം, ജൂൺ 1974 വരെ, അദ്ദേഹം ഈ പ്രസിദ്ധികരണം തുടർന്നു. ജൂലായ് 1974-ൽ തൻറെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹം മാസികയെ ഉണ്ണി കാക്കനാടിന് കൈമാറി. ഉണ്ണി കാക്കനാട് ഒരു ദാശാബ്ദം കൂടി യുക്തിവാദി പ്രസിദ്ധീകരിച്ചു.