യിൻ യാങ്
ചൈനീസ് തത്ത്വചിന്തയിൽ, വിപരീത ശക്തികൾ തമ്മിലുള്ള പരസ്പര ബന്ധവും പരസ്പരാശ്രയത്വവും വിശദീകരിക്കുന്ന ഒരു ആശയമാണ് യിൻ യാങ്. പല ചൈനീസ് ശാസ്ത്ര-തത്വചിന്താ ശാഖകളുടേയും അടിസ്ഥാനം ഈ ആശയമാണ്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന മാർഗ്ഗരേഖകളിലൊന്നായ യിൻ യാങ് ബഗ്വാസാങ്, തയ്ജിക്വാൻ, ക്വിഗോങ് തുടങ്ങിയ ആയോധനകലകളുടെ കേന്ദ്ര തത്ത്വങ്ങളിലൊന്നാണ്.
ഏതൊന്നിനും യിൻ പ്രകൃതവും യാങ് പ്രകൃതവുമുണ്ട്. അവ എല്ലായ്പ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒന്നും പൂർണമായി സന്തുലിതാവസ്ഥയിലല്ല. തയ്ജിതുവിന്റെ പല രൂപങ്ങളുപയോഗിച്ചാണ് യിൻ യാങിനെ ചിത്രീകരിക്കുന്നത്. പ്രപഞ്ചത്തിന്റെ കർമോത്സുകശക്തിയുടെയും അനുത്സുകശക്തിയുടെയും രണ്ടു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു. യിൻ സൂചിപ്പിക്കുന്നത് ഭൂമി, സ്ത്രീ, നിഷ്ക്രിയത്വം, ഇരുട്ട്, സ്വീകരണ സന്നദ്ധത എന്നിവയെയും യാങ് സൂചിപ്പിക്കുന്നത് സ്വർഗം, പുരുഷൻ, സജീവത്വം, പ്രകാശം, പ്രത്യുത്പാദനശക്തി എന്നിവയെയുമാണ്. ഇരുശക്തികളുടെയും പ്രതിപ്രവർത്തനം എല്ലാറ്റിന്റെയും നിലനില്പിനു കാരണമാകുന്നു. ഒരു വൃത്തം നടുവേ ഭാഗിച്ച് ഒരുവശം ഇരുണ്ടും മറുവശം തെളിഞ്ഞും കാണപ്പെടുന്നതാണ് യിൻ-യാങ്ങിന്റെ മുദ്ര.